വർഷം മുഴുവൻ വരുമാനം ഉറപ്പ്

സ്ഥിരവരുമാനത്തിന് ഏറ്റവും ഉറപ്പുള്ള മാർഗമാണ് സമ്മിശ്ര മൃഗപരിപാലനം. പശു, ആട്, മുട്ടക്കോഴി, ഇറച്ചിക്കോഴി, പോത്ത് എന്നിവയെ നിയന്ത്രിത അളവിൽ വളർത്തുന്നതാണ് സമ്മിശ്ര മൃഗപരിപാലനം. ഇതുമൂലം വരുമാനം പല സ്രോതസ്സുകളിൽനിന്നും ലഭിക്കുന്നു.

അനുബന്ധമായി ബയോഗ്യാസ്, തീറ്റപ്പുൽകൃഷി തുടങ്ങിയവയും ചെയ്യാം. പശുവളർത്തൽ, മുട്ടക്കോഴി വളർത്തൽ എന്നിവയിൽനിന്നു ദിവസവരുമാനം ലഭിക്കുമ്പോൾ ഇറച്ചിക്കോഴി വളർത്തലിൽനിന്നു രണ്ടു മാസത്തിലൊരിക്കലും ആടുവളർത്തലിൽനിന്ന് ആറു മാസത്തിലൊരിക്കലും വരുമാനം ലഭിക്കും. വർഷത്തിലൊരിക്കൽ പോത്തുവളർത്തലിൽനിന്നു ലഭിക്കുന്ന വരുമാനം കൂടിയാവുമ്പോൾ കർഷകനു വർഷം മുഴുവൻ ആദായമെന്ന മെച്ചവും.

പശു വളർത്തൽ

നാലോ അഞ്ചോ പശുക്കളെ വളർത്താം. നല്ല ആരോഗ്യമുള്ള, ഉൽപാദനശേഷിയുള്ള പശുക്കളെ നേരിൽ കണ്ട് ബോധ്യപ്പെട്ടുവേണം വാങ്ങാൻ. നിർബന്ധമായും ഇൻഷുർ ചെയ്യണം. പ്രതിരോധ കുത്തിവയ്പ്, മറ്റു പരിപാലന രീതികൾ തുടങ്ങിയവയെക്കുറിച്ച് അടുത്തുള്ള വെറ്ററിനറി ഡോക്ടറിൽനിന്നു മനസ്സിലാക്കാം.

ഉൽപാദനച്ചെലവ് കുറയ്ക്കാനായി ലഭ്യമായ സ്ഥലത്ത് തീറ്റപ്പുൽകൃഷി ചെയ്യാം. പ്രാദേശികമായി ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ വസ്തുക്കളും കാലിത്തീറ്റയായി നൽകാം.

കന്നുകുട്ടി പരിപാലനം, ഗോവർധിനി എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി പകുതി വിലയ്ക്ക് സർക്കാർ കാലിത്തീറ്റ നൽകുന്നുണ്ട്.

ഇറച്ചിക്കോഴി

രണ്ടു മാസത്തിലൊരിക്കൽ വരുമാനം ലഭിക്കുന്നതാണ് ഇറച്ചിക്കോഴി വളർത്തൽ. ഒരു ദിവസം പ്രായമായ ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ 45 ദിവസം വളർത്തി വിൽക്കാം. 500 മുതൽ 1000 വരെ കോഴികളെ ചെറിയ യൂണിറ്റായി വളർത്താം. ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന കണക്കിൽ കൂടു പണിയണം.

മുട്ടക്കോഴി

ഉൽപാദനക്ഷമത കൂടിയ 50 മുതൽ 100 വരെ മുട്ടക്കോഴികളെയും സമ്മിശ്ര മൃഗപരിപാലന രീതിയുടെ ഭാഗമായി വളർത്താം. സാധാരണ രീതിയിലുള്ള കൂട് നിർമിച്ചു വളർത്തുകയോ വിപണിയിൽ ലഭ്യമായിട്ടുള്ള ഹൈടെക് കൂടുകൾ ഉപയോഗിക്കുകയോ ചെയ്യാം. 45 മുതൽ 60 ദിവസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങൾ മിക്കവാറും എല്ലാ മൃഗാശുപത്രികൾ വഴിയും 100 രൂപ നിരക്കിൽ വിതരണം നടത്തുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകാരമുള്ള എഗ്ഗർ നഴ്സറികളിലാണ് 45 മുതൽ 60 ദിവസം വരെ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വളരുന്നത്. ഏകദേശം ആറു മാസം പ്രായമാകുമ്പോൾ മുതൽ മുട്ട ലഭിച്ചുതുടങ്ങും.

ആടു വളർത്തൽ

സമ്മിശ്ര മൃഗപരിപാലനത്തിന്റെ ഭാഗമായി 10 മുതൽ 15 വരെ ആടുകളെയും ഉൾപ്പെടുത്തണം. താൽക്കാലികമായി പണിത ആട്ടിൻകൂടുകൾ മതിയാകും. കുറഞ്ഞ ഗർഭകാലവും ഒരു പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതും ആടുവളർത്തൽ ലാഭകരമാക്കുന്നു. ആറു മാസത്തിലൊരിക്കൽ ആട്ടിൻകുട്ടികളെ വിൽക്കാം.

പോത്തു വളർത്തൽ

ഹ്രസ്വകാല നിക്ഷേപമായി കണ്ടുകൊണ്ട് ചെയ്യാവുന്നതാണ് പോത്തു വളർത്തൽ. ആറു മാസം പ്രായമായ ആരോഗ്യമുള്ള പോത്തിൻകുട്ടികളെ വാങ്ങി വളർത്തണം. ഏകദേശം 18–20 മാസമാകുമ്പോൾ വിൽക്കാൻ കഴിയും. നല്ല പോത്തിന്റെ മാംസത്തിന് ആവശ്യക്കാർ ഏറെ. വർഷത്തിലൊരിക്കൽ ഉറപ്പു വരുമാനം.

തയാറാക്കിയത്: ഡോ. ഷാഹുൽ ഹമീദ്

ഫോൺ: 94462 90897