ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായുള്ള ദേശീയ ക്ഷീര വികസന ബോർഡ് പശുക്കളിലെ അകിടുവീക്കത്തിനെതിരേ നടത്തിയ പരീക്ഷണയജ്ഞം വൻവിജയം. ഗുജറാത്തിലെ സാംബർ ഡെയറിയുടെ പരിധിയിൽപ്പെട്ട 50 ഗ്രാമങ്ങളിലാണ് ബോധവൽക്കരണവും വിവര സാങ്കേതികവിദ്യയും ചികിത്സയും സംയോജിപ്പിച്ചുകൊണ്ടുള്ള പരീക്ഷണം നടത്തിയത്. ഇനാഫ് (ഇൻഫർമേഷൻ നെറ്റ്‌വർക്ക് ഫോർ അനിമൽ പ്രൊഡക്റ്റിവിറ്റി ആൻഡ് ഹെൽത്ത്) എന്ന പരിപാടിക്കു ചുക്കാൻ പിടിച്ചതു മലയാളിയായ ഡോ. എ. വി. ഹരികുമാർ.
ഇന്ത്യയിൽ അകിടുവീക്കം വഴി പ്രതിവർഷം ആറായിരം കോടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. അകിടുവീക്കത്തിനു മൂന്ന് അവസ്ഥയാണുള്ളത്. അതികഠിന അവസ്ഥ, മിതാവസ്ഥ, സബ് ക്ലിനിക്കൽ അവസ്ഥ. ആദ്യത്തെ രണ്ട് അവസ്ഥകളും കർഷകർക്കു പെട്ടെന്നു തിരിച്ചറിയാനും ഉടൻ ചികിത്സ നൽകാനും പറ്റും. എന്നാൽ രോഗലക്ഷണങ്ങൾ കാണിക്കാതെ, പാലുൽപാദനത്തെ ബാധിക്കുന്ന മൂന്നാമത്തെ അവസ്ഥ കർഷകരുടെ ശ്രദ്ധയിൽപെടാതെ പോകുന്നു. ഈ അവസ്ഥ വഴിയാണ് നഷ്ടത്തിൻറെ എഴുപതു ശതമാനവും സംഭവിക്കുന്നത്. ഇതാണ് പിന്നീട് തീവ്രാവസ്ഥയിലേക്കു മാറുന്നതെന്നു ഡോ. ഹരികുമാർ പറയുന്നു. സബ് ക്ലിനിക്കൽ അകിടുവീക്കം ചെറുകിട, വൻകിട ഫാമുകളിൽ ഒരുപോലെ കാണപ്പെടുന്നുണ്ട്.
സാബർ ഡെയറിയിലെ 1900 ക്ഷീരസംഘങ്ങളിലെ മൂന്നര ലക്ഷം കർഷകരുടെ പശുക്കൾക്കു തിരിച്ചറിയൽ കമ്മൽ പതിപ്പിച്ച് അവയുടെ വിവരങ്ങൾ കംപ്യൂട്ടറിൽ ശേഖരിച്ചിട്ടുണ്ടെന്നു മാനേജർ ഡോ. പി.എസ്. പട്ടേൽ പറഞ്ഞു. ഇതുവഴി പശുക്കളുടെ ഇൻഷുറൻസ്, സമഗ്ര വിരയിളക്കൽ, പ്രജനനം, തീറ്റ സന്തുലന പരിപാടി എന്നിവയെല്ലാം നിരീക്ഷിക്കാനും ഫലപ്രദമായി നടത്താനും കഴിയുന്നു.
ഗ്രാമീണതലത്തിലെ ക്ഷീരസംഘങ്ങളിലെ ജീവനക്കാർക്കും കർഷകർക്കും അകിടുവീക്കം, ശരിയായ പാലുൽപാദനം, പാൽ പരിശോധന എന്നിവ സംബന്ധിച്ചു ബോധവൽക്കരണം നടത്തുകയാണ് ഇനാഫ് പദ്ധതിയുടെ ആദ്യഘട്ടം. ഇതു ചെയ്യുന്നത് പരിശീലനം സിദ്ധിച്ച വില്ലേജ് റിസോഴ്സ് പേഴ്സൺ. ബോധവൽക്കരണത്തിൻറെ ഭാഗമായി തൊഴുത്തിൻറെ വൃത്തി, അകിടിൻറെ വൃത്തി, മുലക്കാമ്പു മുക്കൽ, വറ്റുകാല ചികിത്സ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ലഘുലേഖകളും വിഡിയോകളും മറ്റു മാധ്യമങ്ങളും വഴി കർഷകരിലെത്തിക്കുന്നു. കറവയന്ത്രങ്ങളുടെ ശുചിത്വം സംബന്ധിച്ചും ഉപദേശങ്ങൾ നൽകുന്നുണ്ട്.
സംഘങ്ങളിൽ പതിവായി പാലളക്കുന്ന അംഗങ്ങളുടെ പാൽ സാമ്പിൾ മാസത്തിൽ ഒന്ന് എന്ന തോതിൽ പരിശോധിക്കുന്നു. മൂന്നു മില്ലി പരിശോധന ലായനി അത്രയും പാലുമായി കൂട്ടിയോജിപ്പിക്കുമ്പോൾ അതു കുഴമ്പുരൂപത്തിലായാൽ സബ് ക്ലിനിക്കൽ അകിടുവീക്കമുണ്ടെന്നു മനസ്സിലാക്കാം. രോഗമുള്ള പശുക്കൾക്കു ദിവസേന ട്രൈ സോഡിയം സിട്രേറ്റ് 10 ഗ്രാം വച്ച് പത്തു ദിവസത്തേക്കു നൽകുന്നു. തുടർന്നുള്ള പരിശോധനയിൽ ആവശ്യമെന്നു കണ്ടാൽ ഇത് ആവർത്തിക്കുന്നു. എന്നിട്ടും രോഗം ഭേദമായില്ലെങ്കിൽ വിദഗ്ധർ ഫാം സന്ദർശിച്ച് വിശദ പരിശോധന നടത്തി ഉചിതമായ ചികിത്സ നൽകുന്നു.
പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ഒരു മില്ലി പാലിൽ ശരാശരി ഒമ്പതു ലക്ഷം ജൈവകോശങ്ങൾ കണ്ടിരുന്ന സ്ഥാനത്ത് പദ്ധതി കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടതോടെ ജൈവകോശങ്ങളുടെ എണ്ണം മൂന്നു ലക്ഷത്തിലും കുറവായതായി കാണുന്നു. ഇന്ത്യൻ ഡെയറി ഫെഡറേഷൻ അനുവദിച്ചിട്ടുള്ള നിലവാരം ഒരു മില്ലി പാലിൽ പരമാവധി നാലു ലക്ഷം ജൈവകോശങ്ങളാണ്. പാലിൽ ഇവയുടെ അളവു കൂടുന്നത് അകിടിൻറെ അനാരോഗ്യത്തിൻറെ സൂചകമാണ്.
സാബിർ ഡെയറി പരിധിയിലുള്ള പശുക്കളിൽ ഇപ്പോൾ അകിടുവീക്കം പൊതുവേ കുറയുകയും പാലുൽപാദനം കൂടുകയും പാലിലെ ജൈവകോശങ്ങളുടെ എണ്ണം രാജ്യാന്തര തലത്തിലേതിനു തുല്യമാകുകയും ചെയ്തിട്ടുണ്ടെന്നു ഡോ. ഹരികുമാർ ചൂണ്ടിക്കാട്ടുന്നു. അകിടുവീക്ക സാധ്യത കുറഞ്ഞപ്പോൾ ആൻറിബയോട്ടിക്കുകളുടെ ഉപയോഗവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ആനന്ദിലെ ഈ ദൗത്യത്തിനു നേതൃത്വം നൽകിയതു മലയാളിയാണെങ്കിൽ ഈ പരീക്ഷണത്തിനു നിമിത്തമായതു മറ്റൊരു മലയാളിയുടെ പഠനമാണ്. പശുക്കൾക്കു ട്രൈ സോഡിയം സിട്രേറ്റ് നൽകുന്നതുവഴി അകിടുവീക്കം നിയന്ത്രിക്കാമെന്ന് ലുധിയാന വെറ്ററിനറി കോളജിൽ 1989ൽ ഡോ. ധില്ലൻറെ ഗവേഷണങ്ങൾ തെളിയിച്ചിരുന്നു. എറണാകുളം മിൽമയിലെ ഡോ. ജോർജ് തോമസ് 2005ൽ 2500 പശുക്കളിൽ ഇതു പരീക്ഷിച്ചു വിജയമെന്നു കാണുകയും ചെയ്തു. ഇപ്പോൾ ആനന്ദിലെ അനുഭവം ഇതു ശരിവയ്ക്കുന്നു.
വിലാസം:
∙ സീനിയർ വെറ്ററിനറി സർജൻ, മുളന്തുരുത്തി ഫോൺ: 9447399303
∙ സീനിയർ വെറ്ററിനറി സർജൻ, പള്ളുരുത്തി
∙ അസി. പ്രഫസർ, വെറ്ററിനറി കോളജ്, മണ്ണുത്തി.