ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പുതിയ പതിപ്പിൽ കേരളത്തിൽനിന്നുള്ള ഒരു കുഞ്ഞുതാരം സ്ഥാനം പിടിച്ചിട്ടുണ്ട്; പേര് മാണിക്യം, ഉയരം രണ്ട് അടി 3.19 ഇഞ്ച്. ഏറ്റവും ഉയരം കുറഞ്ഞ പശുവിനുള്ള റെക്കോർഡ് ആണു മാണിക്യത്തിനു സ്വന്തമായത്. വെച്ചൂർ ഇനത്തിൽപെട്ട പശുവാണു മാണിക്യം. മാണിക്യത്തെപ്പോലുള്ള നാടൻപശുക്കളുടെ വിശേഷങ്ങൾ ഇതാ...
കേരളത്തിലെ നാടൻപശുക്കളിൽ പ്രധാനമാണു വെച്ചൂർ പശു. കോട്ടയത്തെ വെച്ചൂർ ഗ്രാമത്തിൽ നിന്നുള്ള ഈയിനം 91 സെന്റിമീറ്റർ വരെയേ ഉയരം വയ്ക്കുകയുള്ളൂ. ഇളംചുവപ്പ്, വെള്ള, കറുപ്പ്, ചാര നിറങ്ങളിൽ കാണപ്പെടുന്നു. കാസർകോട് ജില്ലയിൽ കാണുന്ന ഇനമാണ് ‘കാസർകോട് കുള്ളൻ’. 95.83 സെന്റിമീറ്റർ വരെയാണ് ഇത് ഉയരം വയ്ക്കുന്നത്. കറുപ്പു നിറത്തിലും ചുവപ്പിന്റെ വകഭേദങ്ങളിലുമാണ് ഈയിനം കാണപ്പെടുക. ഇതുമായി സാമ്യമുള്ളതാണു കർണാകടകയിൽ കാണുന്ന കപില. കുട്ടമ്പുഴ എന്ന പഞ്ചായത്തിലെ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ കാണുന്ന കാട്ടുപശുവാണു കുട്ടമ്പുഴ കുള്ളൻ. മുതുവാൻ വിഭാഗം ആദിവാസികൾ വളർത്തുന്ന ഇത് 105 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്നു. ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലും അവയുടെ ഷെയ്ഡുകളിലും അടയാളങ്ങളോടുകൂടിയും ഈ പശുക്കൾ കാണപ്പെടുന്നുണ്ട്. കോട്ടയത്തെ ചെറുവള്ളിയിലും പരിസരങ്ങളിലുമുള്ള ചെറുവള്ളി പശു, വയനാട്ടിൽ കാണുന്ന വയനാടൻ പശു, വടകരയിൽ കാണുന്ന വടകര കുള്ളൻ, ഇടുക്കിയിൽ കാണുന്ന ഹൈറേഞ്ച് ഡ്വാർഫ് എന്നിവയും കേരളത്തിലെ നാടൻ പശുവിനങ്ങളാണ്.
കരുത്തുള്ള നാടൻമാർ
വളർത്തുമൃഗങ്ങളിലെ നാടൻ ഇനങ്ങൾ രോഗപ്രതിരോധത്തിലും അതിജീവനത്തിലും മുന്നിലാണ്. വെച്ചൂരിനും കാസർകോടിനും കടുത്ത ചൂടിനെ ചെറുക്കാനാവും. ഇവയ്ക്ക് ഈ ശേഷി നൽകുന്നത് ‘തെർമോമീറ്റർ ജീനിന്റെ’ സാന്നിധ്യമാണെന്നു കേരളത്തിൽ നടന്ന പഠനം തെളിയിച്ചിട്ടുണ്ട്. കുട്ടമ്പുഴ കുള്ളൻ ദുർഘടമായ കാട്ടുപാതകളിലൂടെ സഞ്ചരിക്കാനും പുഴ നീന്തിക്കടക്കാനും കഴിവുള്ള ഇനമാണ്.
കാമധേനുക്കൾ
നാടനിനങ്ങളുടെ പാലും മാംസവും മുട്ടയുമൊക്കെ രുചിയിലും ഗുണത്തിലും ഔഷധമേൻമയിലും മികച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. വെച്ചൂർ പശുവിന്റെ പാലിൽ കാണുന്ന ബീറ്റാ കേസിൻ–2 എന്ന പ്രോട്ടീൻ പ്രമേഹത്തെയും ഹൃദ്രോഗത്തെയും അകറ്റുമെന്നു തെളിഞ്ഞു. സങ്കര ഇനം പശുവിന്റെ പാലിലുള്ള ലാക്ടോഫെറിൻ എന്ന പ്രോട്ടീനെ അപേക്ഷിച്ചു വെച്ചൂർ പശുവിന്റെ പാലിലുള്ളതിന് അണുനശീകരണശേഷി അധികമാണെന്നും വെളിപ്പെടുകയുണ്ടായി. നാടൻ പശുക്കളുടെ ചാണകം, മൂത്രം എന്നിവയിൽനിന്നു ജൈവവളങ്ങൾ മുതൽ ഔഷധങ്ങൾ വരെയുണ്ടാക്കുന്നുണ്ട്. നാടനിനങ്ങൾ അപൂർവമാകുന്നുവെന്നതാണ് ആശങ്കയുളവാക്കുന്ന വസ്തുത. നല്ല നാളേക്കുവേണ്ടി നമ്മൾ ഇവയെ സംരക്ഷിച്ചേ മതിയാവൂ.
കുഞ്ഞൻ എരുമ
കുട്ടനാട് പ്രദേശത്തു പണ്ടു വ്യാപകമായിരുന്ന എരുമയിനമാണ് ‘കുട്ടനാടൻ എരുമ’. കുള്ളൻ ഇനമായ ഇതിന്റെ ശരാശരി ഉയരം 110 സെന്റിമീറ്റർ മാത്രമാണ്. കറുപ്പും ചാരയും നിറത്തിൽ കാണപ്പെടുന്ന ഇവയ്ക്കു കുട്ടനാട്ടിലെ ചെളിനിറഞ്ഞ നെൽപാടങ്ങളിലും മറ്റും കഴിയാൻ ശേഷിയുണ്ട്. നിലമുഴാൻ ഈയിനം പോത്തുകളെ ഉപയോഗിച്ചിരുന്നു. പാലുൽപാദനം ഒന്നുമുതൽ രണ്ടു ലീറ്റർ വരെയേയുള്ളൂ. ‘കുട്ട’ എന്ന് അറിയപ്പെടുന്ന ‘അങ്കമാലി പന്നി’ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ വ്യാപകമായി കണ്ടിരുന്നു. 20 കിലോഗ്രാം മാത്രം ഭാരംവയ്ക്കുന്ന ഈ ചെറിയ ഇനത്തെ ഇറച്ചിക്കായാണു വളർത്തിയിരുന്നത്.
ചിത്രങ്ങളും എഴുത്തും: ജി.എസ്. ഉണ്ണിക്കൃഷ്ണൻ നായർ