കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇസ്രയേലില്‍നിന്നു ചില പാഠങ്ങള്‍ ചൂണ്ടി ക്കാട്ടുന്നു അവിടെ പഠനയാത്ര നടത്തിയ പ്രഗല്ഭ മൃഗസംരക്ഷണ വിദഗ്ധര്‍. മരുഭൂമിയിൽ ഒത്തുകൂടിയ ഒരു വിഭാഗം ജനങ്ങൾ. സ്വന്തമായുണ്ടായിരുന്ന വിത്തിനങ്ങളും വളർത്തുമൃഗങ്ങളുമൊക്കെ നഷ്ടപ്പെട്ട അവർക്ക് എല്ലാം പൂജ്യത്തിൽനിന്നു തുടങ്ങണമായിരുന്നു.

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇസ്രയേലില്‍നിന്നു ചില പാഠങ്ങള്‍ ചൂണ്ടി ക്കാട്ടുന്നു അവിടെ പഠനയാത്ര നടത്തിയ പ്രഗല്ഭ മൃഗസംരക്ഷണ വിദഗ്ധര്‍. മരുഭൂമിയിൽ ഒത്തുകൂടിയ ഒരു വിഭാഗം ജനങ്ങൾ. സ്വന്തമായുണ്ടായിരുന്ന വിത്തിനങ്ങളും വളർത്തുമൃഗങ്ങളുമൊക്കെ നഷ്ടപ്പെട്ട അവർക്ക് എല്ലാം പൂജ്യത്തിൽനിന്നു തുടങ്ങണമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇസ്രയേലില്‍നിന്നു ചില പാഠങ്ങള്‍ ചൂണ്ടി ക്കാട്ടുന്നു അവിടെ പഠനയാത്ര നടത്തിയ പ്രഗല്ഭ മൃഗസംരക്ഷണ വിദഗ്ധര്‍. മരുഭൂമിയിൽ ഒത്തുകൂടിയ ഒരു വിഭാഗം ജനങ്ങൾ. സ്വന്തമായുണ്ടായിരുന്ന വിത്തിനങ്ങളും വളർത്തുമൃഗങ്ങളുമൊക്കെ നഷ്ടപ്പെട്ട അവർക്ക് എല്ലാം പൂജ്യത്തിൽനിന്നു തുടങ്ങണമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇസ്രയേലില്‍നിന്നു ചില പാഠങ്ങള്‍ ചൂണ്ടി ക്കാട്ടുന്നു അവിടെ പഠനയാത്ര നടത്തിയ പ്രഗല്ഭ മൃഗസംരക്ഷണ വിദഗ്ധര്‍.

മരുഭൂമിയിൽ ഒത്തുകൂടിയ ഒരു വിഭാഗം ജനങ്ങൾ. സ്വന്തമായുണ്ടായിരുന്ന വിത്തിനങ്ങളും വളർത്തുമൃഗങ്ങളുമൊക്കെ നഷ്ടപ്പെട്ട അവർക്ക് എല്ലാം പൂജ്യത്തിൽനിന്നു തുടങ്ങണമായിരുന്നു. ശാസ്ത്രത്തെ ആശ്രയിച്ചു ഭക്ഷ്യോൽപാദനം തുടങ്ങിയ  അവർ ഇന്ന്  പാലും പഴവും പച്ചക്കറികളും ധാരാളമായി ഉൽപാദിപ്പി ക്കുന്നു. സ്വന്താവശ്യത്തിനു ശേഷം വലിയ തോതിൽ കയറ്റുമതി ചെയ്യുന്നു! 

ADVERTISEMENT

ഇസ്രയേൽ എന്ന അദ്ഭുതരാജ്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്നു മനസ്സിലായിക്കാണും. കാരണം അവരെപ്പോലെ അവർ മാത്രമേയുള്ളൂ. അവർ വികസിപ്പിച്ച കൃഷിരീതികൾ കണ്ടുപഠിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ആളുകളെത്തുന്നു. കാർഷികമേഖലയിൽ പുതിയ പാതകൾ വെട്ടിത്തുറന്ന അവർക്കൊപ്പം സഞ്ചരിക്കാൻ  നിർബന്ധിതമാണിന്നു ലോകജനത. ഡെയറിമേഖലയിലെ പല പരിഷ്കാരങ്ങളുടെയും തുടക്കക്കാരെന്ന നിലയിൽ ഭാവിയിലെ മാറ്റങ്ങൾ മുൻകൂട്ടി അറിയാൻ  അവരെ കണ്ടുപഠിക്കുക തന്നെ വേണം. കേരളത്തിന്റെ അത്രയുംപോലും ഭൂവിസ്തൃതിയില്ലാത്ത ഇസ്രയേലിന്റെ പകുതിയിലേറെയും മരുഭൂമിയാണ്. കേരളത്തിൽ പെയ്യുന്നതിന്റെ ആറിലൊന്നു മാത്രമാണ് ഇവിടെ മഴ. പല വ്യവസായങ്ങളിലും സാങ്കേതികവിദ്യകളിലും  മുൻനിരക്കാരായ ഈ രാജ്യം സ്റ്റാർട്ടപ് സംരംഭങ്ങളുടെ പറുദീസയാണ്. മഴവെള്ളസംഭരണം, കൃത്യതാക്കൃഷി തുടങ്ങിയ ആശയങ്ങളുടെ തുടക്കവും ഇവിടെത്തന്നെ. 

ഇസ്രയേലിലെ ആകെ കാർഷികോൽപാദനത്തിന്റെ 40 ശതമാനം മൃഗസംരക്ഷണമേഖലയിൽനിന്നാണ്. അതിൽ പകുതിയോളം ക്ഷീരോൽപാദനത്തിലൂടെയും. കിബൂട്സ് എന്നറിയപ്പെടുന്ന കമ്യൂണിറ്റികളാണ് പൊതുവെ ഫാം നടത്തുന്നത്. പ്രവാസികളായിരുന്ന കാലത്ത് ജന്മനാട്ടിൽ തിരിച്ചെത്തി ജീവിക്കുന്നതിനെക്കുറിച്ചു യഹൂദർ കണ്ട സ്വപ്നമാണ് കിബൂട്സ് എന്ന ആശയമായി വളർന്നത്. തിരികെയത്തിയവരുടെ കൂട്ടായ്മകൾ പൊതുവായി സ്വന്തം മണ്ണിൽ ഒരുമിച്ച് അധ്വാനിച്ച്  സ്വയംപര്യാപ്തത നേടുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.  കിബൂട്സിന്റെ ഉടമസ്ഥതയില്‍ 163 ഡെയറി ഫാമുകളുണ്ട്. കുടുംബങ്ങളുടെ ഉടമ സ്ഥതയിലുള്ള  മൊർഷാവിലാകട്ടെ, അഞ്ഞൂറോളം ഫാമുകളും. എന്നാൽ ആകെ ഉൽപാദനത്തിന്റെ 60 ശതമാനവും കിബൂട്സിൽതന്നെ. കൃഷിസ്ഥലത്തിന്റെയും ജലത്തിന്റെയും ഉടമസ്ഥത സർക്കാരിനു മാത്രം. കൃഷിക്കു സർക്കാര്‍ അനുമതി ലഭിച്ചവര്‍ക്കേ ഫാം നടത്താനാവുകയുള്ളൂ. 

ക്ഷീരോൽപാദനരംഗത്ത് ഇസ്രയേലിന്റെ മുന്നേറ്റം കണ്ടു മനസ്സിലാക്കാനും നമ്മുടെ സാഹചര്യങ്ങൾക്കു പറ്റിയ മാതൃകകള്‍ അനുകരിക്കാനുമുള്ള ആഗ്രഹത്തോടെയാണ് ഡിസംബറിൽ ഞങ്ങൾ ഇസ്രയേലിനു പോയത്.  അങ്കമാലി നവ്യ ഫാം ഉടമകളായ ബിജു, ഭാര്യ ജിജി, ഒക്കൽ ഗ്രീൻലാൻഡ് ഫാം ഉടമ ജോജോ എന്നിവരും പഠനയാത്രയിൽ പങ്കാളികളായി. ഒരു വർഷം 11,772 കിലോ പാലാണ് ഒരു ഇസ്രയേലി പശുവിന്റെ ശരാശരി ഉൽപാദനക്ഷമത.  പ്രജനനം മുതൽ വിപണനത്തില്‍വരെ  സാമ്പ്രദായികരീതികള്‍ പൊളിച്ചെഴുതി അവർ നടത്തിയ പരിഷ്കാരങ്ങളാണ് പാലിന്റെ ഉൽപാദനക്ഷമതയിൽ ഒന്നാം സ്ഥാനക്കാരായിരുന്ന അമേരിക്കയെ മറികടക്കാൻ ഇസ്രയേലിനെ സഹായിച്ചതെന്ന് സന്ദർശനത്തില്‍ ബോധ്യപ്പെട്ടു. ആ മികവുകള്‍ ഇവിടെ പങ്കുവയ്ക്കുന്നു.

പ്രജനനം

ADVERTISEMENT

തീവ്രമായ ചൂടും തണുപ്പുമൊക്കെ അനുഭവപ്പെടുന്ന രാജ്യമാണ് ഇസ്രയേൽ. കടൽത്തീരങ്ങളിൽ ഈർപ്പവും കൂടും.  ചൂടും ഈർപ്പവുമൊക്കെ കേരളത്തിലെ ഡെയറിമേഖലയുടെയും വെല്ലുവിളികളാണല്ലോ? ഇത്തരം സാഹചര്യങ്ങളിൽ ഇസ്രയേലുകാർ ഏത് ഇനത്തെയാണു വളർത്തുന്നതെന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു. തനതു പരമ്പരാഗത ഇനങ്ങൾ ഇല്ലാതിരുന്ന അവർ സ്വന്തമായി രാജ്യം രൂപീകരിക്കുന്നതിനു മുന്‍പുതന്നെ ഇറക്കുമതി ചെയ്ത ഉരുക്കളെ ഉപയോഗിച്ച് ബ്രീഡിങ് ആരംഭിച്ചു എന്നാണ് ചരിത്രം. 1910ൽ ഡഗാനിയ ഹലഫ് എന്ന കിബുട്സിലായിരുന്നു അത്. എന്നാൽ കഠിനമായ കാലാവസ്ഥയിൽ ആ പരീക്ഷണം പരാജയപ്പെട്ടു. പിന്നീട് രാജ്യം രൂപീകൃതമായ ശേഷം  അമേരിക്കൻ എച്ച്എഫ് ഇനത്തിന്റെ ബീജം കൊണ്ടുവന്നു നടത്തിയ പ്രജനനപദ്ധതിയാണ്  ഈ രംഗത്തെ ഇസ്രയേൽ മികവിന് അടിസ്ഥാനമിട്ടത്. ഇസ്രയേലിന്റെ സമാന സാഹചര്യങ്ങളിൽ വളരുന്ന ഡമാസ്കസ് പശുക്കളെയാണ് ഇതിന്  ഉപയോഗിച്ചത്. ഇപ്രകാരം മൂന്നു തലമുറകളെ സൃഷ്ടിച്ചശേഷം ഡ‍ച്ച് കാളകളെയും വർഗസങ്കരണത്തിനു പ്രയോജനപ്പെടുത്തി. തുടർച്ചയായ സങ്കരണപ്രക്രിയയിലൂടെ സ്വന്തം സാഹചര്യങ്ങളോടു പൊരുത്തപ്പെട്ട ഇസ്രയേൽ ഹോൾസ്റ്റിൻ പശുക്കളെ അവർ സൃഷ്ടിച്ചു. എന്നാല്‍ അത്ര ലളിതവും എളുപ്പവുമായിരുന്നില്ല ഈ പ്രജനന പ്രക്രിയ.  ഒട്ടേറെ വർഷങ്ങൾ നീളുന്ന തുടർനിരീക്ഷണവും തിരഞ്ഞെടുപ്പും വിവിധ ഗുണഗണങ്ങളുടെ യോജ്യമായ സങ്കലനവുമൊക്കെ  ചേർന്ന് ഏറെ സങ്കീര്‍ണമായിരുന്നു. എങ്കിലും താരതമ്യേന ചുരുങ്ങിയ കാലത്തിനുള്ളിൽ ലക്ഷ്യം കാണാൻ ഇസ്രയേലിനു സാധിച്ചത് വേറിട്ട പ്രജനനശൈലിയിലൂടെയാണ്. 

അമേരിക്കയിലും ഇന്ത്യയിലുമൊക്കെ പിന്തുടരുന്ന പ്രജനനശൈലിയല്ല ഇസ്രയേലുകാരുടേത്. കാളകളുടെ സന്തതിപരമ്പരകളുടെ മികവ് കണക്കിലെടുത്താണ് പൊതുവെ കൃത്രിമ ബീജാധാനത്തിനുള്ള ബീജം തിരഞ്ഞെടുക്കുക. എന്നാൽ ഇസ്രയേലിൽ സഹോദരികളുടെ ഉൽപാദനമികവാണ് ഇക്കാര്യത്തിൽ പരിഗണിക്കുക. കൃത്യത അൽപം കുറയുമെങ്കിലും വളരെ വേഗം ലക്ഷ്യത്തിലെത്താൻ ഈ രീതി സഹായകമാണ്. സന്തതികളുടെ മികവ് പരിഗണിക്കുന്ന പ്രജനന പദ്ധതികളില്‍ ഏഴു വർഷം വരെ കാത്തിരുന്നാലേ നല്ല ബീജം കണ്ടെത്താനാകൂ. എന്നാൽ ഇസ്രയേലുകാർ കേവലം 5 വർഷത്തിനകം ഇതു സാധിക്കുന്നു. സിയോൻ എന്ന കമ്പനിയാണ് ഇസ്രയേലിൽ കന്നുകാലിപ്രജനനത്തിനു മേൽനോട്ടം വഹിക്കുന്നത്– നമ്മുടെ കെഎൽഡി ബോർഡ്പോലെ. അമേരിക്കൻ എച്ച്എഫ് പശുക്കളിൽനിന്ന് ഉരുത്തിരിച്ചെടുത്ത ഇസ്രയേൽ ഹോൾസ്റ്റീൻ പശുക്കളാണ് ഇന്ന് ഇവിടുത്തെ ഡെയറിഫാമുകളിലേറെയും. 10 ശതമാനത്തോളം വിദേശ ഇനങ്ങളുടെ ഇറക്കുമതിയും അനുവദിച്ചിട്ടുണ്ട്.

ഇസ്രയേൽ ഹോൾസ്റ്റീൻ

സ്വന്തം  പ്രജനനപദ്ധതിയിലൂടെ വികസിപ്പിച്ച ഈ പശുക്കൾക്ക് ശരാശരി 800 കിലോ തൂക്കമുണ്ട്. 900 കിലോ തൂക്കമുള്ള പശുക്കളെ ഞങ്ങൾ കണ്ടു. ഒട്ടും തടിച്ചുകൊഴുക്കാത്ത, നല്ല ഉയരമുള്ള, നെഞ്ചളവ് കൂടുതലുള്ള, ദൃഢമായ കൈകാലുകളുള്ള, ഉയർന്ന ഉൽപാദനക്ഷമതയ്ക്ക് യോജിച്ച അകിടുള്ള ഇസ്രയേലി പശുക്കൾ ഏതൊരു ഡെയറി സംരംഭകന്റെയും മനം കവരും. ഇസ്രയേലുകാരുടെ ശാസ്ത്രീയ സമീപനത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണിവ. ഉൽപാദനം ഉയരും തോറും ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ് കുറയുമെന്ന്  ഇവിടുത്തെ ഡെയറി കർഷകർക്കറിയാം. ഉൽപാദനക്ഷമത കൂട്ടി പാൽവില നിയന്ത്രിക്കുകയാണ് അവർ ചെയ്യുന്നത്. ശാസ്ത്രീയമായി വളർത്തുന്ന കന്നുകുട്ടികൾ 24 മാസമാകുമ്പോഴേക്കും ഒന്നാം കറവ ആരംഭിക്കുന്ന രീതിയാണ് ഇവിടെ.  ഇതുവഴി  പരമാവധി ഉൽപാദനം ലഭിക്കുകയും ഉൽപാദനച്ചെലവ് കുറയുകയും ചെയ്യുന്നു.

ADVERTISEMENT

തീറ്റ

തീറ്റക്കാര്യത്തിൽ മറ്റാർക്കുമില്ലാത്ത വെല്ലുവിളിയാണ് ഇസ്രയേലിലെ ക്ഷീരകർഷകർ നേരിടുന്നത്. കുടിവെള്ളമോ പച്ചപ്പുല്ലോ ഇല്ലാത്ത നാട്ടിലെ പശുവളർത്തലിനു മുന്നിൽ നമ്മുടെ വെല്ലുവിളികൾ നിസ്സാരം. കടൽവെള്ളത്തിലെ ഉപ്പ് പൂർണമായി നീക്കി ശുദ്ധീകരിച്ച വെള്ളമാണ് ഇവിടെ മനുഷ്യരും മൃഗങ്ങളുമൊക്കെ കുടിക്കുക. കൃഷിയാവശ്യങ്ങൾക്ക് 80 ശതമാനം ശുദ്ധീകരിച്ച ജലവും ലഭിക്കും. കുഴലുകളിലൂടെ ഓരോ തൊഴുത്തിലുമെത്തുന്ന ജലത്തിന്റെ അളവിനു പരിധി നിശ്ചയിച്ചിട്ടുണ്ട്. നിശ്ചിത അളവ് വെള്ളം ഉപയോഗിച്ച് ഉരുക്കളെ കുടിപ്പിക്കുകയും കുളിപ്പിക്കുകയുമൊക്കെ വേണം. ഓരോ പശുവിന്റെയും പോഷകാവശ്യങ്ങൾ പരിഗണിച്ചു തയാറാക്കുന്ന തീറ്റമിശ്രിതമാണ് നൽകുക. അവ  പൂർണമായും ഇറക്കുമതി ചെയ്യുകയാണ്. ഇതിനായി രണ്ടു സ്വകാര്യകമ്പനികളുണ്ട്. പശുവിന്റെ ഉൽപാദനചക്രവുമായി ബന്ധപ്പെട്ട ഘട്ടങ്ങളിലെ ബോഡി കണ്ടീഷനിങ് സ്കോർ (ബിസിഎസ്) കൂടി കണക്കിലെടുത്താണ് ഇവർ തീറ്റമിശ്രിതത്തിന്റെ ഫോർമുല കംപ്യൂട്ടേഷൻ നടത്തുന്നത്.

എന്നാൽ പരുഷാഹാരം പ്രാദേശികമായി കണ്ടെത്തണം. ഇതിന് ഹേയും സൈലേജും വലിയ തോതിൽ ഉപയോഗിക്കുന്നതായി കാണാം. ഇസ്രയേലിൽ ധാന്യക്കൃഷി കുറവായതിനാൽ ഖരാഹാരത്തിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. എന്നാൽ സൈലേജുണ്ടാക്കാനായി ഗോതമ്പ് കൃഷി ചെയ്യുന്നുണ്ട്. അത് പൂവിടുമ്പോൾ വെട്ടി സംസ്കരിക്കും. എന്നാൽ ഡെയറി ഫാം ഉടമകളായിരിക്കില്ല സൈലേജ് നിർമാണം നടത്തുക.  ഇതോടൊപ്പം വയറു നിറയ്ക്കാനായി ഈന്തപ്പനയുടെ ഓല, ഒലിവില. വാഴപ്പിണ്ടി, വാഴയില എന്നിങ്ങനെ പ്രാദേശികമായി കിട്ടുന്ന എല്ലാ പച്ചപ്പുകളും പശുക്കൾക്ക് നൽകാറുണ്ട്. ഇവിടെ ആനയ്ക്കു നൽകുന്നതുപോലെ പനമ്പട്ട അപ്പാടെ നൽകുകയല്ല ചെയ്യുന്നത്. പകരം ചെറുതായി അരിഞ്ഞു സംസ്കരിച്ച് നൽകും. കാലിത്തീറ്റയിൽ പൗൾട്രി ലിറ്റർ ചേർക്കുന്നതാണ് ഇസ്രയേലിന്റെ ബദൽവഴികൾക്ക് മറ്റൊരു ഉദാഹരണം. കുറഞ്ഞ ചെലവിലുള്ള പോഷകലഭ്യത മാത്രമാണ് ഇവർ ഇക്കാര്യത്തിൽ പരിഗണിക്കുന്നത്. ഏഴു മാസം പ്രായമാകുമ്പോൾ 200 കിലോ ശരീരഭാരമെത്തുന്ന ഉരുക്കളാണ് ഇവിടെയുള്ള ത്. ഈ ഘട്ടം മുതൽ കോഴിക്കാഷ്ഠം ചേർത്ത കാലിത്തീറ്റ  നൽകുന്നു. 

സുഖതാമസം

തീവ്ര കാലാവസ്ഥയുള്ള നാട്ടിൽ എയർകണ്ടീഷൻഡ് തൊഴുത്തുകളും ടൈൽ വിരിച്ച തറയുമൊക്കെ പ്രതീക്ഷിച്ച ഞങ്ങള്‍ക്കു തെറ്റി. ഇസ്രയേലിലെ തൊഴുത്തുകളിൽ കോൺക്രീറ്റ് ചെയ്ത തറയിൽപോലുമല്ല പശുക്കൾ നിൽക്കുന്നത്.  കറവ ന‍ടക്കുന്ന മിൽക്കിങ് പാർലറുകൾക്കും വാഷ് ഏരിയയ്ക്കും മാത്രമാണ് കോൺക്രീറ്റ് തറയുള്ളത്. തൊഴുത്തിനുള്ളിലെ വായു പുറത്തേക്കു കളയാനും ശുദ്ധവായു ഉള്ളിലെത്താനും വിവിധ തരം  ഫാനുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. തൊഴുത്തിനു പുറത്ത് അമിതമായി കാറ്റു വീശുന്ന ദിവസങ്ങളിൽ സ്വയം പ്രവർത്തിക്കുന്ന വിൻഡ് കർട്ടനുകള്‍ ഉപയോഗിച്ച് പശുക്കളെ സംരക്ഷിക്കുകയും ചെയ്യും.

അന്തരീക്ഷവുമായി ഉരുക്കളെ പൊരുത്തപ്പെടുത്തുന്നതു സംബന്ധിച്ച ബയോ ക്ലൈമറ്റോളജി പഠനത്തിലെ മുന്നേറ്റമാണ് ഡെയറിമേഖലയിലെ ഇസ്രയേലിന്റെ മികവിന്റെ അടിസ്ഥാനം. ഉഷ്ണത്തിൽനിന്നു സംരക്ഷിക്കാന്‍ ( heat stress management) ഉരുക്കളുടെ ശരീരത്തിലേക്ക് ശക്തമായി ജലം ചീറ്റിക്കുന്ന സംവിധാനവും ഇവിടെയുണ്ട്. ചൂടിനെതിരെ ഇതുപയോഗിച്ച് ദിവസേന 5 തവണയെങ്കിലും പശുക്കളെ നനയ്ക്കുന്നു. കുളിപ്പിക്കുകയല്ല, തണുപ്പിക്കുകയാണ് ചെയ്യുന്നത്. കറവയ്ക്കു തൊട്ടു മുന്‍പ്  ശരീരം തണുപ്പിക്കുന്നതിനായി ഉരുക്കൾ കൂളിങ് റൂമിൽ  15–20 മിനിറ്റ് ചെലവഴിക്കും.

തൊഴുത്തിൽനിന്നു ചാണകം വാരി പുറത്തു കളയുന്ന സമ്പ്രദായം ഇവിടെയില്ല. രണ്ടു വരിയായി നിൽക്കുന്ന പശുക്കളുടെ നടുക്ക് ചാണകം കോരിയിടാനായി  നെടുനീളത്തിൽ സ്ഥലമുണ്ടാവും. അവിടെ കൂട്ടിയിടുന്ന ചാണകം തൊഴുത്തിലിട്ടുതന്നെ ഉണങ്ങുന്നു. ഇതിനായി വലിയ ഹെലികോപ്റ്റർ ഫാൻ സ്ഥാപിച്ചി ട്ടുണ്ട്. കൂടാതെ, ട്രാക്ടറിൽ ഘടിപ്പിച്ച പ്രത്യേക കൾട്ടിവേറ്റർ ഉപയോഗിച്ച് ഈ ചാണകത്തിന്റെ മേൽഭാഗം പതിവായി ഇളക്കുന്നതും കണ്ടു. ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത ചെറു കൾട്ടിവേറ്ററാണ് പല തൊഴുത്തുകളിലൂം കണ്ടത്. അതിവേഗം ഉണങ്ങിക്കിട്ടുന്ന ചാണകം ക്രമേണ ഒരു മെത്തപോലെയാകും. ഇതിലാണ് ഉരുക്കളെ നിർത്തുന്നത്. പശുക്കള്‍ക്കു നില്‍ക്കാന്‍ റബർമാറ്റ് ഇടാറില്ല. അതേസമയം ഇവയ്ക്കൊന്നും കാര്യമായ കുളമ്പുരോഗമുള്ളതായി  ശ്രദ്ധയിൽപെട്ടതുമില്ല.

ലളിതമായും കാര്യക്ഷമമായും നിർമിച്ചവയാണ്  തൊഴുത്തുകൾ. ദിവസം രണ്ടു നേരം തൊഴുത്ത് കഴുകുന്ന നമ്മുടെ രീതി ഇവിടെ തീരെയില്ല.  ഉപയോഗിച്ച ജലം പുനരുപയോഗിക്കാൻ  ഇസ്രയേലുകാർ ബദ്ധശ്രദ്ധരാണുതാനും.

സാങ്കേതികമികവ്

തൊഴുത്തുകളെല്ലാംതന്നെ കംപ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നതു കാണാം.  ഓരോ പശുവിനെയും സംബന്ധിച്ച സമഗ്രമായ വിവരശേഖരമാണ് ഇതിലൂടെ  ഇസ്രയേൽ സ്വന്തമാക്കുന്നത്. 1990കൾ മുതൽ അവർ ഇത് ആരംഭിച്ചതായി കാണാം. പ്രജനനത്തിലും രോഗനിർണയത്തിലുമൊക്കെ ഇത് കൃത്യമായി പ്രയോജനപ്പെടുന്നു. ഉദാഹരണമായി, പശുക്കൾക്ക് കൃത്രിമ ബീജാധാനം നടത്തുന്ന വിധം നോക്കൂ. മദിയാകാറായ ഉരുക്കളെ അവയുടെ കാലിൽ ഘടിപ്പിച്ച സെൻസറുകളുടെ (പോഡോ മീറ്റർ ) സഹായത്തോടെ  കണ്ടെത്തുന്നു.  ഈ വിവരം കംപ്യൂട്ടർ ശൃംഖലയിലൂടെ ബന്ധപ്പെട്ട ഏജൻസിക്കു ലഭിക്കുന്നു. ബന്ധപ്പെട്ട ഏജൻസിയിലെ വിദഗ്ധൻ തൊഴുത്തിലെത്തുമ്പോൾ മാത്രമായിരിക്കും ഉടമസ്ഥൻപോലും കാര്യമറിയുക. രോഗചികിത്സയും ഏറക്കുറെ ഇങ്ങനെതന്നെ. 

തൊഴുത്തുകളുടെ പ്രവർത്തനത്തിൽ റോബട്ടുകളും നിർമിതബുദ്ധിയും  ഓരോ വര്‍ഷവും കൂടുതലായി ഉപയോഗിക്കപ്പെടുന്നു. മിൽക്കിങ് പാർലറുകളിലേക്ക് ഉരുക്കളെ നയിക്കാനും ചിതറിപ്പോകുന്ന തീറ്റ വടിച്ചുകൂട്ടാനുമൊക്കെ റോബട്ടുകളുണ്ട്. പല തൊഴുത്തുകളിലും റോബോട്ടിക് കറവയും ആരംഭിച്ചിട്ടുണ്ട്. അകിടുനിറയുന്ന പശുക്കൾ നിശ്ചിത സ്റ്റാൻഡിൽ കയറി നിൽക്കും. അതിനായി അവയെ ശീലിപ്പിച്ചിട്ടുണ്ട്. നിശ്ചിത പാത്രത്തിൽനിന്ന് തീറ്റ ത‌ിന്നുതുടങ്ങുന്നതോടെ പശുവിന്റെ സ്ഥാനം കൃത്യമാകും. തുടർന്ന് തറയിൽനിന്നുയർന്നുവരുന്ന റോബട്ട് കൈകൾ കൃത്യമായി കറവയന്ത്രം അകിടിൽ ഘടിപ്പിച്ചു കറവയാരംഭിക്കുന്നു. പാലിന്റെ വരവ് തീരെ കുറയുന്നതോടെ കറവയന്ത്രം സ്വയം വിച്ഛേദിച്ചു പിന്മാറും. കറക്കുമ്പോൾതന്നെ പാലിന്റെ ഗുണനിലവാരവും നിർണയിക്കപ്പെടും. കൊഴുപ്പും കൊഴുപ്പിതര ഖരപദാർ ഥങ്ങളും മാത്രമല്ല, പാലിലെ സൂക്ഷ്മജീവികളുടെ എണ്ണം (microbial load), ശരീരകോശങ്ങളുടെ എണ്ണം (somatic cell count) എന്നിവയൊക്കെ ഇതോടൊപ്പം നിർണയിക്കും. ശരീരകോശങ്ങളുടെ വർധന  അണുബാധയുടെ സൂചനയാണ്. അകിടുവീക്കംപോലുള്ള പ്രശ്നങ്ങൾ മുൻകൂട്ടി ചികിത്സിക്കാൻ ഇതു സഹായിക്കുന്നു. ഇത്തരം പ്രശ്നങ്ങളുള്ള ഉരുക്കളുടെ പാൽ സംഭരിക്കില്ല.

വെള്ളം പൊന്നുപോലെ

ഇസ്രയേലിന്റെ ഏറ്റവും വലിയ സാങ്കേതിക മികവ് അവരുടെ ജലവിനിയോഗത്തിലാണ്. ഒരു തുള്ളി വെള്ളംപോലും പാഴാക്കാതെ  അവർ നടത്തിയിട്ടുള്ള ക്രമീകരണങ്ങൾ കണ്ടുപഠിക്കേണ്ടതു തന്നെ. മെക്കോ റോട്ട് എന്ന കമ്പനിക്കാണ് ജലശുദ്ധീകരണത്തിന്റെയും വിതരണത്തിന്റെയും ചുമതല. രാജ്യത്തിനാവശ്യമായ ശുദ്ധജലം ഉൽപാദിപ്പിക്കാനായി അവർ 5 പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ജലവിനിയോഗം കുറയ്ക്കാനാവണം തൊഴുത്ത് കഴുകുന്ന രീതി ഇവിടെയില്ല. അതുകൊണ്ടുതന്നെ ചാണകത്തിൽ ജലാംശം കുറവായിക്കും. അത് നേരത്തേ സൂചിപ്പിച്ചതുപോലെ ഉണക്കിയെടുത്ത് തൊഴുത്തിലെ മെത്തയായി മാറ്റുന്നു. നമ്മുടെ ബ്രോയിലർ ഷെഡ‍ുകളിലെ അറക്കപ്പൊടി ലിറ്റർപോലെ. എന്നാൽ ഇതിൽ ചാണകം മാത്രമേയുണ്ടാവൂ. മിൽക്കിങ് പാർലറിൽ അകിടു കഴുകുന്നതിനും വാഷ് ഏരിയയിൽ ശരീരം തണുപ്പിക്കുന്നതിനു മൊക്കെ ഉപയോഗിക്കുന്ന വെള്ളവും ഗോമൂത്രവും ചാണകവുമായി കലരാതെ സ്ലറി ടാങ്കിലേക്ക് പോകും. ഈ സ്ലറിയിലെ വെള്ളംപോലും വേർതിരിച്ചെടുത്ത് ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നു. നമ്മൾ സ്ലറിയുടെ പോഷകസാധ്യത പ്രയോജനപ്പെടുത്തുമ്പോൾ അവർക്കു വലുത് അതിലെ വെള്ളമാണ്. സ്ലറിയിലെ ഖര ഭാഗം വളമാക്കുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുന്നേയില്ല. 

ഓരോ ഡെയറി ഫാമിലും പശുക്കളെ പാർപ്പിക്കാനാവശ്യമായ ഷെഡിനുള്ള സ്ഥലം മാത്രമേ ആവശ്യമുള്ളൂ. തീറ്റപ്പുൽകൃഷിക്കും  പശുക്കളുടെ മേച്ചിലിനും ചാണകസംസ്കരണത്തിനുമൊന്നും സ്ഥലം കണ്ടെത്തേണ്ടതില്ല

സേവനത്തിനു സ്വകാര്യ ഏജന്‍സി

എല്ലാറ്റിലും സർക്കാർ ഇടപെടുന്ന രീതി ഇവിടെയില്ല. അന്തരീക്ഷ മലിനീകരണം, അമിതമായ ജലവിനിയോഗം എന്നിവ തടയാൻ മാത്രമാണ്  സർക്കാർ  ഇടപെടല്‍. ബാക്കി കാര്യങ്ങളിലെല്ലാം പ്രോത്സാഹനം മാത്രം. നമ്മുടെ മൃഗസംരക്ഷണവകുപ്പിന്റെ സ്ഥാനത്ത് ഹാച്ചാൽ ലൈറ്റ് എന്ന കമ്പനിയാണ് ഇവിടെ ചികിത്സ ഉൾപ്പെടെയുള്ള വെറ്ററിനറി സേവനങ്ങൾ നൽകുന്നത്. കൂടാതെ, അകിടുവീക്കം മുൻകൂട്ടി കണ്ടെത്തുന്നതിന്  നാഷനൽ സർവീസ് ഫോർ അഡർ ഹെൽത്ത്  ആൻഡ് മിൽക് ക്വാളിറ്റി എന്ന ഏജൻസിയുമുണ്ട്. പാലിന്റെ ഘടനയിൽ എന്തെങ്കിലും മാറ്റം കണ്ടാൽ ഉടൻ അവർ ഇടപെടും. കൂടാതെ, ക്ഷീരകർഷ കരുടെ സംഘടനയായ ഐസിബിഎ (Israel cattle breeders Association)യുണ്ട്. രാജ്യത്തെ 90 ശതമാനം പശുക്കളെക്കുറിച്ചും  വിശദമായ വിവരശേഖരം ഇവരുടെ പക്കലുണ്ട്. ആദ്യകാല കംപ്യൂട്ടറുകൾ വന്നപ്പോൾ മുതലുള്ള കാലിവളർത്തൽ വിവരങ്ങൾ ഇപ്രകാരം സൂക്ഷിച്ചിട്ടുണ്ടത്രെ. കൂടാതെ, പ്രജനനകാര്യങ്ങൾക്കും ജലവിതരണത്തിനും പാൽവിപണനത്തിനും പ്രത്യേക ഏജൻസിയുണ്ട്. പൊതു–സ്വകാര്യ പങ്കാളിത്തത്തിന്റെ സുന്ദരമായ മാതൃകകളാണിവ. ഈ കമ്പനികളെല്ലാം തീവ്രമായ ദേശീയ ബോധത്താൽ നയിക്കപ്പെടുന്നവയാണെന്നത്  എടുത്തുപറയേണ്ടതുണ്ട്. ഓരോ ഡെയറിഫാമിനും പാൽ ഉൽപാദനത്തിനായി പ്രത്യേക ക്വാട്ട നൽകിയിട്ടുണ്ട്. അതിലേറെ  ഉൽപാദിപ്പിച്ചാൽ വില കുറയും. അതു കൊണ്ടുതന്നെ നിശ്ചിത പരിധിയിൽ ഉൽപാദനം ക്രമീകരിക്കാൻ ഓരോ ഫാമും ശ്രദ്ധിക്കുന്നു. കറന്നെടുക്കുന്നതിൽനിന്നു സ്വന്തം ആവശ്യത്തിനായി ഒരു ഗ്ലാസ് പാലുപോലും  എടുക്കാൻ കർഷകർക്ക് അനുവാദമില്ല. നാലാഴ്ച കൂടുമ്പോൾ അതുവരെയുള്ള ഉൽപാദനം കണക്കുകൂട്ടി വില നൽകുന്നു. 2 വർഷം കൂടുമ്പോൾ 10 ശതമാനം ഫാമുകളിലെ ഉൽപാദനച്ചെലവ്  പ്രത്യേക ഏജൻസി പഠനവിധേയമാക്കും. കൂലിച്ചെലവ്, തീറ്റച്ചെലവ്, തേയ്മാനം, മുടക്കുമുതലിന് ആനുപാതികമായ ആദായം എന്നിവയനുസരിച്ചാണ്  ഉൽപാദനച്ചെലവ് കണക്കാക്കുക. അവരുടെ ശുപാർശപ്രകാരം പാൽവില പുതുക്കുന്നു. 

കൗതുകകരമായ ഒരു കാര്യം കൂടി. മതപരമായ കാര്യങ്ങളിൽ  നിഷ്ഠയുള്ളവരാണ് യഹൂദർ. പെസഹക്കാലത്ത് പുളിപ്പുള്ള ഭക്ഷണവും ഗോതമ്പും അവർക്ക് വർജ്യം. തങ്ങളുടെ വളർത്തുമൃഗങ്ങൾക്കും പെസഹക്കാലത്ത് ഗോതമ്പിതര, പുളിപ്പില്ലാത്ത ഭക്ഷണം നൽകണമെന്ന് അവർക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ സൈലേജ് പോലെ പുളിപ്പിച്ചെടുത്ത (fermented) തീറ്റകൾ അപ്പോള്‍ ഒഴിവാക്കേണ്ടിവരുന്നു. ഗോതമ്പോ ഗോതമ്പുൽപന്നങ്ങളോ ചേർത്ത ഭക്ഷണവും നൽകാൻ സാധിക്കാതെ വരുന്ന പെസഹക്കാലത്ത്  ബീൻസ്, ചോളം, കടല എന്നിവയാണ്  പശുക്കൾക്ക് നൽകുന്നത്. 

ഒരു കാര്യം വ്യക്തം. 100 ശതമാനം ശാസ്ത്രത്തെ ആശ്രയിച്ചാണ് ഇസ്രയേൽ നേട്ടങ്ങളുണ്ടാക്കുന്നത്. ഇസ്രയേലിലെപ്പോല കേരളത്തിലും  ആവശ്യമുള്ള ഹീറ്റ് സ്ട്രെസ് മാനേജ്മെന്റ്, വേസ്റ്റ് മാനേജ്മെന്റ്, ഫീഡ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് ശാസ്ത്രീയ സമീപനം ഫലപ്രദമാണെന്ന് അവർ നമുക്കു കാണിച്ചുതരുന്നു.

തയാറാക്കിയത്:

ഡോ. ഏബ്രഹാം മാത്യു (ജനറൽ മാനേജർ ( റിട്ട.), കെഎൽഡി ബോർഡ്),

ഡോ. എൻ. ജയദേവൻ നമ്പൂതിരി(ഡപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ്, കോട്ടയം)

ഇമെയിൽ: jayadevan2901@gmail.com 

English summary: How high-tech is integrated into the Israeli dairy industry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT