കസ്റ്റമറായി വന്നു, കണ്ടു, ഇഷ്ടപ്പെട്ടു; പണം മുടക്കി സമാന്ത; ലോകത്തിനു ഭക്ഷണമുണ്ടാക്കി ഇന്ത്യൻ സ്റ്റാർട്ടപ്
നാലു തരം ലെറ്റ്യൂസ് കഴിച്ചാൽ പോഷകസുരക്ഷ കിട്ടുമോ? പാവയ്ക്കയും വെണ്ടയ്ക്കയും അച്ചിങ്ങാപ്പയറും വഴുതനങ്ങയും ചീരയുമൊക്കെ ഇല്ലാതെ എന്തു പച്ചക്കറിത്തോട്ടം? – കേരളമാകെ ഒരൊറ്റ നഗരമായി വളരുമ്പോഴും മണ്ണില്ലാക്കൃഷിയെ മലയാളിയിൽനിന്ന് അകറ്റുന്നത് ഈ ചിന്തയാണ്. എന്നാൽ, മണ്ണില്ലാക്കൃഷിയിലൂടെ അൻപതോളം വിളകൾ
നാലു തരം ലെറ്റ്യൂസ് കഴിച്ചാൽ പോഷകസുരക്ഷ കിട്ടുമോ? പാവയ്ക്കയും വെണ്ടയ്ക്കയും അച്ചിങ്ങാപ്പയറും വഴുതനങ്ങയും ചീരയുമൊക്കെ ഇല്ലാതെ എന്തു പച്ചക്കറിത്തോട്ടം? – കേരളമാകെ ഒരൊറ്റ നഗരമായി വളരുമ്പോഴും മണ്ണില്ലാക്കൃഷിയെ മലയാളിയിൽനിന്ന് അകറ്റുന്നത് ഈ ചിന്തയാണ്. എന്നാൽ, മണ്ണില്ലാക്കൃഷിയിലൂടെ അൻപതോളം വിളകൾ
നാലു തരം ലെറ്റ്യൂസ് കഴിച്ചാൽ പോഷകസുരക്ഷ കിട്ടുമോ? പാവയ്ക്കയും വെണ്ടയ്ക്കയും അച്ചിങ്ങാപ്പയറും വഴുതനങ്ങയും ചീരയുമൊക്കെ ഇല്ലാതെ എന്തു പച്ചക്കറിത്തോട്ടം? – കേരളമാകെ ഒരൊറ്റ നഗരമായി വളരുമ്പോഴും മണ്ണില്ലാക്കൃഷിയെ മലയാളിയിൽനിന്ന് അകറ്റുന്നത് ഈ ചിന്തയാണ്. എന്നാൽ, മണ്ണില്ലാക്കൃഷിയിലൂടെ അൻപതോളം വിളകൾ
നാലു തരം ലെറ്റ്യൂസ് കഴിച്ചാൽ പോഷകസുരക്ഷ കിട്ടുമോ? പാവയ്ക്കയും വെണ്ടയ്ക്കയും അച്ചിങ്ങാപ്പയറും വഴുതനങ്ങയും ചീരയുമൊക്കെ ഇല്ലാതെ എന്തു പച്ചക്കറിത്തോട്ടം? – കേരളമാകെ ഒരൊറ്റ നഗരമായി വളരുമ്പോഴും മണ്ണില്ലാക്കൃഷിയെ മലയാളിയിൽനിന്ന് അകറ്റുന്നത് ഈ ചിന്തയാണ്. എന്നാൽ, മണ്ണില്ലാക്കൃഷിയിലൂടെ അൻപതോളം വിളകൾ ഉൽപാദിപ്പിച്ചുകാണിക്കുകയാണ് ഹൈദരാബാദിലെ അർബൻ കിസാൻ. അക്കൗണ്ടിങ് പ്രഫഷനന്‍ വിഹാരി കനഗലുവും ബയോടെക്നോളജി വിദഗ്ധന്‍ സായിറാം പള്ളിച്ചേർലയും ചേർന്ന് ആരംഭിച്ച ഈ അഗ്രി സ്റ്റാർട്ടപ് ഇന്ന് ഇന്ത്യയുടെ മാത്രമല്ല, ഒട്ടേറെ വിദേശരാജ്യങ്ങളുടെയും ഭക്ഷ്യസുരക്ഷയ്ക്കുള്ള വഴിതുറക്കുന്നു.
മേലേക്കു വളരുന്ന വെര്‍ട്ടിക്കല്‍ ഫാമുകളിൽ മണ്ണും സൂര്യപ്രകാശവുമല്ലാതെ, യുക്തിസഹമായ മുതൽ മുടക്കിൽ ഇലവർഗങ്ങൾ മാത്രമല്ല, കായ്കനികളും പൂക്കളും ഉൽപാദിപ്പിക്കാനുള്ള സാങ്കേതികമികവ് ഈ സ്റ്റാർട്ടപ് സംരംഭം സ്വന്തമാക്കിക്കഴിഞ്ഞു. അമേരിക്കയിലാണ് ഇപ്പോൾ ഇവരുടെ ബിസിനസ് കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ, തുടക്കം കുറിച്ച ഹൈദരാബാദിലാണ് ഗവേഷണ–വികസന പ്രവർത്തനങ്ങളുടെ ആസ്ഥാനം.
മണ്ണില്ലാക്കൃഷി കൂടുതൽ ആളുകളിലേക്ക് എത്തിത്തുടങ്ങിയ കാലമാണിത്. നഗരഭവനങ്ങളിൽ ഹൈഡ്രോപോണിക്സ് അടുക്കളത്തോട്ടങ്ങൾ ഒരുക്കി നൽകുന്ന ഒന്നിലധികം സംരംഭങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അത്തരം ഇൻഡോർ ഫാമുകളിൽ എക്സോട്ടിക് പച്ചക്കറികൾ ഉൽപാദിപ്പിച്ചു വിൽക്കുന്നവർ പോലുമുണ്ട്. ഇതൊക്കെയാണെങ്കിലും നമ്മുടെ ഹൈഡ്രോണിക്സ് ശൈശവദശയിൽ തന്നെ. താങ്ങാനാവാത്ത ഉൽപാദനച്ചെലവും വിദേശ ഇലക്കറികൾ മാത്രം വിളയുന്ന ഫാമുകളും ഈ സാങ്കേതികവിദ്യ ജനകീയമാകുന്നതിൽ തടസ്സമായി.
പരമ്പരാഗത ഹൈഡ്രോപോണിക്സ് സംരംഭത്തിൽനിന്ന് അടുത്ത തലത്തിലേക്ക് വളരാനായതാണ് അർബൻ കിസാനെ വേറിട്ട സംരംഭമാക്കുന്നത്. വിപണിയിൽ ലഭ്യമായ ഘടകങ്ങൾ കൂട്ടിയിണക്കി ഫാമുണ്ടാക്കി നൽകുന്നവരാണ് ഹൈഡ്രോപോണിക്സ് മേഖലയിൽ ഏറെയും. കൃഷിയില്‍ സമഗ്രമായ ഒരു സമീപനം പലര്‍ക്കുമില്ല. ഏതെങ്കിലും ഒരു ഘടകം മാത്രമായിരിക്കും അവർക്ക് സ്വന്തമായുണ്ടാവുക.
അതേസമയം ഹൈഡ്രോപോണിക്സ് കൃഷിയുടെ സമസ്ത മേഖലകളിലും സ്വന്തമായി ഗവേഷണ വികസന പ്രവർത്തനം നടത്തി മെച്ചപ്പെട്ട സാങ്കേതികവിദ്യ നൽകാൻ അർബൻ കിസാനു കഴിയുന്നു. ഫാം സെറ്റ് ചെയ്യുന്നതിനുള്ള സാമഗ്രികളും പോഷകലായനിയും അന്തരീക്ഷ ക്രമീകരണവും എന്തിനേറെ, ഹൈഡ്രോപോണിക്സ് കൃഷിക്കായുള്ള സവിശേഷ ഇനങ്ങൾവരെ ഇവർ സ്വന്തമായി വികസിപ്പിച്ചിട്ടുണ്ട്. ഏറ്റവും മികച്ചതും പരമാവധി ചെലവ് കുറഞ്ഞതുമായ രീതികൾ പരസ്പരം കൂട്ടിയിണക്കാൻ കഴിഞ്ഞതാണ് ഇവരുടെ വിജയരഹസ്യം. ‘‘ഏറ്റവും മികച്ച വളവും ഏറ്റവും മികച്ച വിത്തുമൊക്കെ വാഗ്ദാനം ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ ഇവയെല്ലാം പൊരുത്തപ്പെടുത്തി കൃഷിക്കാരന് ഏറ്റവും മികച്ച ഫലം വാഗ്ദാനം ചെയ്യാൻ ആരുമില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. ആ വിടവാണ് ഞങ്ങള്‍ നികത്തുന്നത്’’– സായ്റാം പറഞ്ഞു.
അഞ്ചു വർഷം മുൻപ് നഗരവാസികൾക്ക് ഹൈഡ്രോപോണിക്സ് കിറ്റുകൾ നൽകിയാണു തുടക്കം. 16, 24, 36 ചുവടുകൾ വീതം നടാവുന്ന കിറ്റുകൾ കോവിഡ് കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ഹോബി കർഷകർക്കുള്ള കിറ്റിലൊതുങ്ങുന്നതയിരുന്നില്ല ഇരുവരുടെയും താൽപര്യം. വലിയ തോതിൽ നിലവാരമുള്ള വിഷരഹിത ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനുള്ള ഗവേഷണം അവർ തുടർന്നു. വിദേശരാജ്യങ്ങളിൽപോലും വിൽക്കാൻ കഴിയുന്ന രീതിയിൽ ഹൈഡ്രോപോണിക്സ് മെച്ചപ്പെടുത്താൻ അതിലൂടെ സാധിച്ചു. കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ വിളവൈവിധ്യം സാധ്യമാക്കിയാണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്.
വലിയ ഹൈഡ്രോപോണിക്സ് ഫാമുകൾ നിർമിക്കാനുള്ള സാങ്കേതികമികവ് ഇന്ന് അർബൻ കിസാനുണ്ട്. അമേരിക്കയിലുള്ള സഹോദര കമ്പനിയിലൂടെയാണ് ഈ പ്രവർത്തനങ്ങളിൽ ഏറെയും. വിവിധ ഹൈഡ്രോപോണിക്സ് വിളകൾ സമൃദ്ധമായി ഉൾപ്പെടുത്തി അർബൻ കിസാൻ തയാറാക്കിയ ഫാം ബൗളും ഏറെ ജനകീയം. ഹൈദരാബാദുകാർക്ക് ഓൺലൈൻ ഓർഡർ നൽകി ഇതു വാങ്ങാം.
ഒരു സ്റ്റാർട്ടപ് എന്ന നിലയിൽ സാങ്കേതികമികവ് തെളിയിച്ച അർബൻ കിസാന് രണ്ടു വർഷം പിന്നിട്ടപ്പോൾത്തന്നെ ഫണ്ടിങ് ഏജൻസിയായ വൈ കോംബിനേറ്ററിന്റെ ഫണ്ട് ലഭിച്ചത് വഴിത്തിരിവായി. പിന്നീട് ജർമൻ കമ്പനിയായ ബിഎഎസ്എഫും അർബൻ കിസാനിൽ നിക്ഷേപമിറക്കി. ഇവരുടെ കസ്റ്റമറായിരുന്ന പ്രമുഖ ചലച്ചിത്രതാരം സമാന്ത, അർബൻ കിസാനിൽ നിക്ഷേപം നടത്തിയത് ഏറെ വാർത്താപ്രാധാന്യം നേടി.
ഗവേഷണത്തിനു ജീൻ റഷ്
നിരന്തരമായ ഗവേഷണത്തിലൂടെ അർബൻ കിസാൻ രൂപം കൊടുത്ത ജീൻ റഷ് എന്ന സംവിധാനം കാർഷിക ഗവേഷണത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കുന്നു. പുതിയ വിളയിനങ്ങൾ സൃഷ്ടിക്കാനുള്ള പ്രജനന പരീക്ഷണങ്ങൾക്കായി കാലാവസ്ഥയും ഋതുഭേദങ്ങളും നോക്കാതെ ഓരോ വർഷവും മൂന്നും നാലും തലമുറകളെ ഉൽപാദിപ്പിക്കാൻ കണ്ടെയ്നറിനുള്ളിൽ ഒരുക്കിയ ഈ സംവിധാനം ഉപകരിക്കും. ഓരോ ഋതുവിലെയും അന്തരീക്ഷ താപനിലയും ഈർപ്പവും മാത്രമല്ല, സൂര്യപ്രകാശത്തിന്റെ തരംഗദൈർഘ്യവും തീവ്രതയും വരെ ഇതിൽ കൃത്രിമമായി സൃഷ്ടിക്കാം. ഇവയൊക്കെ ഐഒടി സാങ്കേതികവിദ്യയിലൂടെ വിദൂരത്തിരുന്നു നിയന്ത്രിക്കുകയും ചെയ്യാം. ‘‘തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ഗോതമ്പിന്റെയും മറ്റും പ്രജനന പരീക്ഷണങ്ങൾക്കായി ഗവേഷണശാലകൾ ഹിമാലയൻ താഴ്‌വരകളിലേക്കു പോകുന്ന കീഴ്‌വഴക്കം ഇതോടെ വേണ്ടെന്നാവും. വർഷത്തിൽ ഒരു സീസൺ മാത്രമെന്നത് നാലായി വർധിക്കുമ്പോൾ നാലിരട്ടി വേഗത്തിൽ പുതിയ ഇനങ്ങളിലേക്ക് എത്താം’’– സായ് റാം ചൂണ്ടിക്കാട്ടി. സമാനമായ ചില സംവിധാനങ്ങൾക്കു വേണ്ടതിലും കുറഞ്ഞ ചെലവിൽ ഇവ സ്ഥാപിക്കാമെന്നതാണ് അർബൻ കിസാന്റെ ജീൻ റഷിനെ വേറിട്ടതാക്കുന്നത്. ഇതിന്റെ പ്രവർത്തനച്ചെലവും ഊർജവിനിയോഗവും തീരെ കുറവാണ്.
നെല്ലു മുതൽ കുങ്കുമം വരെ
നെല്ലു മുതൽ കുങ്കുമം വരെ മണ്ണില്ലാക്കൃഷിയിലൂടെ കൃഷി ചെയ്യാമെന്ന് സായ്റാം പറഞ്ഞു. ഇന്ത്യയിലാദ്യമായി ഇൻഡോർകൃഷിയിലൂടെ കുങ്കുമം ഉൽപാദിപ്പിച്ചത് അർബൻ കിസാനാണ്. എന്നാൽ, കൗതുകത്തിനപ്പുറം ഒരു സംരംഭമെന്ന നിലയിൽ ഹൈഡ്രോപോണിക്സ് കുങ്കുമക്കൃഷി വിജയിക്കുന്നതിനു തടസ്സങ്ങളേറെയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുങ്കുമത്തിന്റെ നടീൽവസ്തുവായ ബൾബുകൾ ഹൈഡ്രോപോണിക്സിലൂടെ ഉൽപാദിപ്പിക്കാനാവില്ലെന്നതാണ് പ്രധാന പ്രശ്നം. ഓരോ തവണയും അവ കശ്മീരിലെ പരമ്പരാഗത കർഷകരിൽനിന്ന് ഉയർന്ന വിലയ്ക്കു വാങ്ങേണ്ടിവരും. മാത്രമല്ല, ഈ ബൾബുകൾ നിശ്ചിതകാലത്തെ നിദ്രയ്ക്കു ശേഷമേ മുളയ്ക്കൂ എന്നതിനാൽ വർഷത്തിൽ ഒരു കൃഷി മാത്രമേ സാധിക്കൂ. നടീൽവസ്തുക്കളുടെ നിദ്രാകാലം ഒഴിവാക്കി കൂടുതൽ തവണ കൃഷി സാധ്യമാക്കുന്നതിനും ബൾബുകൾ സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനും കഴിയുമ്പോഴേ ഹൈഡ്രോപോണിക്സ് കുങ്കുമക്കൃഷി വലിയ നേട്ടങ്ങൾ നൽകൂ. അതുകൊണ്ടുതന്നെ അർബൻ കിസാൻ തൽക്കാലം കുങ്കുമക്കൃഷി നിർത്തിവച്ചിരിക്കുകയാണ്. ഗവേഷണ വികസന പ്രവർത്തനങ്ങൾ തുടരുന്നുണ്ട്.
നെല്ല് ഹൈഡ്രോപോണിക്സിലൂടെ ഉൽപാദിപ്പിക്കാമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങളിൽ പരമ്പരാഗത നെൽകൃഷിയെ അപേക്ഷിച്ച് ചെലവേറും. എന്നാൽ, ഭക്ഷ്യവസ്തുക്കള്‍ക്കായി പൂർണമായി ഇറക്കുമതിയെ ആശ്രയിക്കുന്ന ദ്വീപുരാഷ്ട്രങ്ങൾക്കും ഗൾഫ് രാജ്യങ്ങൾക്കുമൊക്കെ ഭാഗികമായെങ്കിലും ഭക്ഷ്യസ്വയം പര്യാപ്തത നേടാൻ ഹൈഡ്രോപോണിക്സും വെർട്ടിക്കൽ ഫാമുകളും സഹായിക്കും. ബഹാമാസ്പോലുള്ള ദ്വീപുരാജ്യങ്ങളും ഒമാനുമൊക്കെ ഇക്കാര്യത്തിൽ അർബൻ കിസാന്റെ സഹായം തേടിയിട്ടുണ്ട്.
കോവിഡ് കാലത്ത് നിയന്ത്രണങ്ങളേറെയുണ്ടായിരുന്ന സമയത്ത് ഭക്ഷ്യോൽപന്നങ്ങൾക്കായി ഏറെ ബുദ്ധിമുട്ടിയത് ഇത്തരം ദ്വീപ് രാജ്യങ്ങളായിരുന്നു. സൂക്ഷിപ്പുകാലാവധി കുറഞ്ഞ പഴം–പച്ചക്കറികളും ഇലയിനങ്ങളും ഇറക്കുമതി ചെയ്യാൻ അവർ ഏറെ ബുദ്ധിമുട്ടി. അതുകൊണ്ടുതന്നെ ഹൈഡ്രോപോണിക്സ് രീതിയിൽ പച്ചക്കറികൾ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ചില ദ്വീപ് രാജ്യങ്ങൾ. കൃഷി ചെയ്യാനുള്ള വളക്കൂറുള്ള മണ്ണിന് പകരം ഉപ്പും മണലുമുള്ള പ്രദേശങ്ങളിൽ ഇപ്പോൾ അർബൻ കിസാന്റെ സാങ്കേതിക പിന്തുണയോടെ മികച്ച രീതിയിൽ പച്ചക്കറിയുൽപാദനം സാധ്യമാകുന്നുണ്ട്. അതിനായി പ്രത്യേക ഇനങ്ങളും അർബൻ കിസാൻ വികസിപ്പിച്ചിട്ടുണ്ട്.
ഗുണമേന്മയാണു നേട്ടം
ഉൽപാദനവർധനയേക്കാൾ ഉൽപന്നനിലവാരം മെച്ചപ്പെടുത്തുന്ന കൃഷിരീതിയെന്ന നിലയിലാണ് ഇന്ത്യയിൽ ഹൈഡ്രോപോണിക്സിനു പ്രസക്തിയെന്ന് സായ് റാം പറയുന്നു. പരമ്പരാഗതകൃഷിയേക്കാൾ ഉൽപാദനച്ചെലവ് കൂടുമെന്നതിനാൽ തൽക്കാലം സാധാരണ അടുക്കളത്തോട്ടങ്ങൾക്കു ബദലാവാൻ ഇതു പര്യാപ്തമാവില്ല. മുന്തിയ പച്ചക്കറികളുടെയും മറ്റും ഉൽപാദനത്തിനായാണ് ഇവിടെ ഇതു കൂടുതൽ പ്രയോജനപ്പെടുക. എന്നാൽ, കുറഞ്ഞ ചെലവിൽ സ്ഥാപിക്കാവുന്ന ഹൈഡ്രോപോണിക്സ അടുക്കളത്തോട്ടത്തിനായുള്ള ഗവേഷണത്തിലാണ് തങ്ങളെന്നു സായ്റാം പറഞ്ഞു. അനതിവിദൂരഭാവിയിൽ അതു യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ നഗരവാസികൾക്ക് വിഷരഹിതഭക്ഷണം വീടിനുള്ളിലും ഫ്ലാറ്റിനുള്ളിലുമൊക്കെ ഉൽപാദിപ്പിക്കാൻ കഴിയും. സമ്പന്നരായ പലരും ഇപ്പോൾത്തന്നെ ഇത്തരം കിച്ചൺ ഗാർഡനുകൾ സ്ഥാപിക്കുന്നുണ്ട്. രോഗികൾക്കുള്ള ഭക്ഷണം, ഔഷധസസ്യങ്ങൾ എന്നിവ ഉൽപാദിപ്പിക്കാൻ ഈ സാങ്കേതികവിദ്യ ഉചിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷരഹിതമാണെന്നതു മാത്രമല്ല, ഘന ലോഹങ്ങളുടെ സാന്നിധ്യം ഒഴിവാക്കാമെന്നതും പുതുമ നഷ്ടപ്പെടാതെ നൽകാമെന്നതുമാണ് കാരണം. തുറസ്സായ പ്രദേശങ്ങളിൽനിന്നു ശേഖരിക്കുന്ന ബ്രഹ്മിപോലുള്ള ഔഷധസസ്യങ്ങളിലെ ഘനലോഹ സാന്നിധ്യം ആയുർവേദ ഔഷധനിർമാണത്തിലെ വലിയ തലവേദനയാണ്. അതുകൊണ്ടുതന്നെ ഹൈ ഡ്രോപോണിക്സ് ഔഷധച്ചെടികൾക്ക് ഡിമാൻഡ് വർധിക്കാൻ സാധ്യതയുണ്ട്. സമീകൃതപോഷണം നൽകുന്നതിനാൽ ഹൈഡ്രോപോണിക്സ് പച്ചക്കറികളിൽ എല്ലാ പോഷകഘടകങ്ങളും വേണ്ടത്രയുണ്ടാവുമെന്നതും രുചിയും മണവും മെച്ചപ്പെടൂമെന്നതും അവയെ പ്രീമിയും ഉൽപന്നമാക്കി മാറ്റുന്നു.
അടുക്കളത്തോട്ടം
ഹൈദരാബാദിലെ ഗവേഷണ വികസനകേന്ദ്രത്തിലുള്ള പോളിഹൗസിൽ അടുക്കളത്തോട്ടത്തിലേക്കു വേണ്ട വ്യത്യസ്ത ഇനം പച്ചക്കറികളുടെ പരീക്ഷണക്കൃഷി നടക്കുന്നുണ്ട്. അവ വളർന്നുനിൽക്കുന്നതുകണ്ടാൽ ഈ സാങ്കേതികവിദ്യയിലുള്ള ആത്മവിശ്വാസം ഇരട്ടിക്കും. ആഴ്ച തോറും രണ്ടു ദിവസത്തെ പച്ചക്കറികൾ കണ്ടെത്താൻ അർബൻ കിസാന്റെ ചെറുകിറ്റുകൾ മതിയാകുമത്രെ. ന്യൂട്രിയന്റ് ഫിലം ടെക്നിക് (എൻഎഫ്ടി) ശൈലിയും ഡച്ച് ബക്കറ്റ് രീതിയുമൊക്കെ ഇവിടെ കാണാം. ഈ പോളിഹൗസിൽ വെണ്ടയും കാന്താരിയും മഞ്ഞളും ഇഞ്ചിയും പാഷൻഫ്രൂട്ടും നാരകവുമൊക്കെ ഫലമേകി നിൽപുണ്ട്.
ചുവട്ടിൽ ഒരു തരി മണ്ണില്ലാത്ത വെണ്ടകളിൽ നിറയെ വലിയ കായ്കൾ, ചരടുകെട്ടിയാണ് അവയെ നേരേ നിർത്തിയിരിക്കുന്നത്. തക്കാളി രണ്ടുതരമുണ്ട്– മുകളിലേക്കു നീണ്ടുവളരുന്ന ചെറി ടൊമാറ്റോ നിറയെ ചുവപ്പും മഞ്ഞയും നിറത്തിൽ അലങ്കാര ബൾബുകളെന്നപോലെയാണ് കായ്കൾ പിടിച്ചിരിക്കുന്നത്. വ്യത്യസ്ത വർണങ്ങളിൽ ചെറിടൊമാറ്റോ ഉണ്ടായിക്കിടക്കുന്നതു കാണാൻ എന്താ ചേല്! മറ്റൊരിടത്ത് അർബൻകിസാന്റെ സവിശേഷ ഇനമായ കുറ്റിത്തക്കാളിയിൽ ഒരു ബുക്കെയിലെന്ന പോലെയാണ് ചുവന്ന കായ്കളുണ്ടായിരിക്കുന്നത്. പുതിനയും മിന്റും കറിവേപ്പും മല്ലിയുമൊക്കെ തൊട്ടടുത്തുതന്നെയുണ്ട്. നാരകം പോലുള്ള ചെറുമരങ്ങൾ പോലും ചകിരിപ്പിത്ത് മാത്രം നിറച്ച ചട്ടിയിൽ കായ് പിടിച്ചു കിടക്കുന്നതും കാണാം.
തൊട്ടടുത്തുള്ള കണ്ടെയ്നറിൽ വിവിധ ഇലവർഗങ്ങളുടെ റെഡ്മെയ്ഡ് ഫാം ഒരുക്കിയിരിക്കുന്നു. തണുപ്പാവശ്യമുള്ള വിദേശ ഇലക്കറികൾക്കൊപ്പം ട്രോപ്പിക്കൽ ഇലവർഗങ്ങളും ഈ ഇൻഡോർ യൂണിറ്റിലുണ്ട്. എയർകണ്ടീഷണറില്ലാതെ തന്നെ ചീരയുൾപ്പെടെ ഒട്ടേറെ ഇലവർഗപച്ചക്കറികളാണ് ഇതിൽ കൃഷി ചെയ്തിരിക്കുന്നത്. താൽപര്യമുള്ളവർക്ക് പ്ലഗ് ആൻഡ് പ്ലേ മാതൃകയിൽ ഇതു തയാറാക്കി നൽകും.
സമാന്തയുടെ താല്‍പര്യം ആരോഗ്യഭക്ഷണം
ആരോഗ്യദായകമായ ഭക്ഷണം സാധ്യമാക്കുന്ന സംരംഭമെന്ന നിലയിൽ അർബൻ കിസാൻ വളരണമെന്ന താൽപര്യം മൂലമാണ് ചലച്ചിത്രതാരം സമാന്ത അർബൻ കിസാനിൽ മുതൽമുടക്കാൻ തയാറായതെന്ന് അർബൻ കിസാൻ സ്ഥാപകൻ വിഹാരി കനഗൊലു. 2020ൽ കമ്പനിയുടെ പ്രാരംഭകാലത്തുതന്നെ നിക്ഷേപം നടത്താൻ അവർ മടിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനിപ്രവർത്തനങ്ങളിൽ സജീവപങ്കാളിയാകാനും അവർ താൽപര്യമെടുക്കുന്നുണ്ട്.
ബയോടെക്നോളജി വിദഗ്ധനും മെഡിറ്റേഷൻ പരിശീലകനുമായ സായ്റാം റെഡ്ഡിയുമായുള്ള ചങ്ങാത്തമാണ് ഹൈഡ്രോപോണിക്സ് സംരംഭത്തിലേക്കു തന്നെ എത്തിച്ചതെന്നും വിഹാരി പറഞ്ഞു. ഹാർട്ട്ഫുൾനെസ് എന്ന മെഡിറ്റേഷൻ പ്രസ്ഥാനത്തിലൂടെയാണ് സായ്റാമിനെ കണ്ടുമുട്ടിയത്. അതുവരെ ഫിനാൻസ് മേഖലയിലായിരുന്ന വിഹാരി അവിടെയും ഒരു സ്റ്റാർട്ടപ്പിനു രൂപം കൊടുത്തിരുന്നു.
സായ്റാമിന്റെ വീട്ടിൽ കണ്ട ഹൈഡ്രോപോണിക്സ് ഹോം കിറ്റ് വിഹാരിയെ ആവേശം കൊള്ളിച്ചു. മണ്ണില്ലാതെ കൃഷി ചെയ്യാമെങ്കിൽ കൃഷിയാകെ മാറുമെന്ന് ചിന്ത സായ്റാമുമായി പങ്കുവയ്ക്കുകയും അതിനായി ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയതിന്റെയും ഫാർമ കമ്പനികളിൽ പ്രവർത്തിച്ചതിന്റെയും പരിചയസമ്പത്ത് സായ്റാമിനുണ്ടായിരുന്നു. പുതിയ സംരംഭത്തിൽ ഗവേഷണവികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കാൻ ഇത് ഇടയാക്കി.
അർബൻ കിസാന് കേരളത്തിൽ ബിസിനസ് പങ്കാളിത്തത്തിനു താൽപര്യമുണ്ടെന്നു വിഹാരി വ്യക്തമാക്കി. യോജ്യരായ പങ്കാളികളെ ലഭിച്ചാൽ കമ്പനിയുടെ സേവനങ്ങളും ഉൽപന്നങ്ങളും അവിടെ കൂടുതലായി ലഭ്യമാക്കാം. കുറഞ്ഞ ചെലവിൽ ഹൈഡ്രോപോണിക്സ് കൃഷി സാധ്യമാകുന്ന ഒരു മാതൃക ഈ മാസം കമ്പനി അവതരിപ്പിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ പാചകസംരംഭങ്ങൾ നടത്തുന്നവർക്കും ചില്ലറ വ്യാപാരമേഖലയിലും മറ്റും ഇത് പ്രയോജനപ്പെടും മിതമായ മുതൽമുടക്കിൽ സ്ഥാപിക്കാൻ കഴിയുന്നതും കുറഞ്ഞ ചെലവിൽ ഉൽപാദനം സാധ്യമാക്കുന്നതുമായ ഈ ഉൽപന്നം ഇന്ത്യൻ വിപണിയിൽ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
E-mail: support@urbankisaan.com, mobin@urbankisaan.com