വിജയം പൂവിട്ടപ്പോൾ

മറയൂർ-കാന്തല്ലൂർ ആണിവര മലയടിവാരത്തെ സോജന്റെ തോട്ടത്തിലെ ജറിബ്ര പൂക്കൾ.

പുഷ്‌പകൃഷിയിൽ വൻവിജയം കൊയ്ത് എറണാകുളം വള്ളമറ്റം വീട്ടിൽ സോജൻ. മറയൂർ മലനിരയിലെ കാന്തല്ലൂരിൽ ആണിവര മലയടിവാരത്ത് മുപ്പതിനായിരത്തിലധികം ചെടികളാണ് പൂവണിഞ്ഞു നിൽക്കുന്നത്. സോജൻ പരീക്ഷണാടിസ്ഥാനത്തിൽ 1996 കാലഘട്ടത്തിൽ കാന്തല്ലൂരിൽ പുഷ്പകൃഷി ആരംഭിച്ചെങ്കിലും ശക്തമായ കാറ്റും മഞ്ഞും വിപണിയിൽ എത്തിക്കുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം ഉപേക്ഷിച്ചിരുന്നു.

പിന്നീട് രണ്ടു പതിറ്റാണ്ടിനുശേഷം എറണാകുളം ബാനർജി റോഡിൽ ഹൈറേഞ്ച് ഫ്ളോറ എന്നപേരിൽ പൂ വിൽപന സ്റ്റാളും വിപണിയും ഉറപ്പു വരുത്തി. മൂന്നുവർഷം മുൻപു പോളി ഹൗസുകൾ നിർമിച്ച് പുഷ്‌പകൃഷി പുനരാരംഭിച്ചു. മികച്ച വില ലഭിച്ചതോടെയും ഒരു പോളി ഹൗസുകളിൽ നിന്നും ആറു പോളി ഹൗസുകളിലേക്ക് കൃഷി വ്യാപിപ്പിച്ചിരിക്കുകയാണ് 8000 ചതുരശ്ര മീറ്ററിലായി 56000 ജറിബ്ര ചെടികളിൽ നിന്നായി നൂറുകണക്കിനു പൂക്കൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന വിപണിയിൽ എത്തിച്ചേരുന്നു. വെള്ള, ചുവപ്പ്, പിങ്ക്, മഞ്ഞ നിറത്തിൽപ്പെട്ട പൂക്കളാണ് ഇവരുടെ തോട്ടത്തിൽ കൃഷിചെയ്‌തു വരുന്നത്. പോളി ഹൗസും ഡ്രിപ്പ് ഇറിഗേഷനും ഒരുക്കിയാണ്‌ ജറിബ്രചെടികൾ പരിപാലിക്കുന്നത്. നടീൽ കഴിഞ്ഞു നാലാം മാസം ജറിബ്ര പൂവിട്ടു തുടങ്ങും.

ഒരു ചെടിയിൽനിന്നും ഒരുമാസം ശരാശരി മൂന്നുമുതൽ നാലു പൂക്കൾ വരെ ലഭിക്കും. 12 മുതൽ 15 രൂപ വരെ വില ലഭിച്ചുവരുന്നതായി സോജൻ പറയുന്നു. അലങ്കാര ഇലയായ ലതർ ഫേൺ ചെടികളും കൃഷി ചെയ്യുന്നുണ്ട്. നിലവിൽ ഒരിലയ്ക്ക് നാലുരൂപ ലഭിക്കും.ദിവസേന വിളവെടുക്കുന്ന ജെറിബ്ര 10 എണ്ണം ഉൾപ്പെടുത്തി ഒരു ബഞ്ചാക്കിയും കാർനേഷ്യ പൂക്കൾ 20 എണ്ണം ഉൾപ്പെടുന്ന ബഞ്ചാക്കിയും പ്രത്യേക ബോക്സിൽ എറണാകുളത്തേക്കും ആഴ്‌ചയിൽ മൂന്നുദിവസം ഊട്ടിയിൽ നിന്നുള്ള പൂ കമ്പനിയിലേക്കും ഇവിടെനിന്ന് അയയ്ക്കുന്നു.