കൊച്ചി മെട്രോയുടെ തൂണുകളിൽ ഒരുക്കിയ വെർട്ടിക്കൽ ഗാർഡൻ മെട്രോ ട്രെയിൻപോലെതന്നെ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. ചായം ഉപയോഗിച്ചു നിറവും ഭംഗിയും നൽകുന്നതിനു പകരം ഈ തൂണുകൾക്കു ചെടികളുടെ ഹരിതശോഭ നൽകിയതു നയനമനോഹരമാണ്. പല നിറത്തിലും ആകൃതിയിലുമുള്ള ചെടികൾ കൂട്ടമായി ഭിത്തിയിൽ നിറയുമ്പോഴുള്ള ഭംഗി ഒന്നു വേറെതന്നെ.
പാതി വെയിൽ കിട്ടുന്ന ഭിത്തിയിലും മതിലിലുമെല്ലാം വള്ളിച്ചെടികൾ പടർത്തിക്കയറ്റി പച്ചപ്പു പകരുന്നതായിരുന്നു മുന്‍പു പതിവ്. ഇത്തരം വള്ളിച്ചെടികൾ ചിലപ്പോൾ ഇല കൊഴിക്കും അല്ലെങ്കിൽ വള്ളികൾ ഉണങ്ങി അനാകർഷകമാകും. വീടിന്റെ നടുമുറ്റത്തെ ഭിത്തി ഭംഗിയാക്കാൻ ഇത്തരം വള്ളിച്ചെടികൾ ഉപയോഗിച്ചാൽ അവ ആരോഗ്യത്തോടെ വളരാറില്ല. ഇവിടെയെല്ലാം പരീക്ഷിക്കാവുന്ന നൂതന ഉദ്യാന സങ്കൽപമാണു വെർട്ടിക്കൽ ഗാർഡൻ അഥവാ ഗ്രീൻ വോൾ. കുത്തനെ നിൽക്കുന്ന ഇത്തരം ഉദ്യാനം ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ ഏതുതരം ഭിത്തിയിലും തയാറാക്കാം. ചെടികൾ ഉപയോഗിച്ചു മോടിയാക്കുന്നതു പ്രായോഗികമല്ലെന്നു കരുതാവുന്ന ഏതുതരം ഭിത്തിയിലും വെർട്ടിക്കൽ ഗാർഡൻ ഒരുക്കാം. മെട്രോ റെയിൽ തൂണുകൾ, കെട്ടിടത്തിന്റെ പുറം ഭിത്തി, ബാൽക്കണിയുടെ ഭിത്തി തുടങ്ങിയവ ഇതിനു മികച്ച ഉദാഹരണമാണ്.
ചെടികൾ ഉപയോഗിച്ചു ഭിത്തി ആകർഷകമാക്കുന്ന ഈ വിദ്യ കേരളത്തിൽ പ്രചാരത്തിലായി വരുന്നു. ശുദ്ധവായുവിനും പച്ചപ്പിനും പ്രാധാന്യം നൽകുന്ന ആധുനിക കെട്ടിട നിർമാണരീതിയിൽ വെർട്ടിക്കൽ ഗാർഡനു പ്രസക്തിയേറുകയാണ്. ഭിത്തികളിൽ വെർട്ടിക്കൽ ഗാർഡൻ ജീവസ്സുറ്റ പെയിന്റിങ്പോലെ തോന്നും. പെയിന്റിങ്ങിൽനിന്നു വ്യത്യസ്തമായി, ഇതിന്റെ ഭംഗി കാലം ചെല്ലുന്തോറും വർധിച്ചുകൊണ്ടേയിരിക്കും. കൂടാതെ, ഇടയ്ക്കിടെ ചട്ടികൾ ഭിത്തിയിൽ പുനർക്രമീകരിച്ചു ഡിസൈൻ പുതുക്കാമെന്ന മെച്ചവുമുണ്ട്. നിലത്തു ചട്ടിയിൽ പരിപാലിക്കുന്ന ചെടിയെന്നപോലെ ഒരെണ്ണം കേടായാൽ മാറ്റി പുതിയതു നടാനും സാധിക്കും.
തയാറാക്കുന്ന വിധം: തിരഞ്ഞെടുത്ത ഭിത്തിയുടെ ഉയരം, നീളം, സ്ഥാനം എന്നിവയനുസരിച്ചു വേണം ഏതു വിധത്തിൽ വേണം വെർട്ടിക്കൽ ഗാർഡൻ ഭിത്തിയിൽ ഒരുക്കണമെന്നു തീരുമാനിക്കാന്‍. ഇത്തരം ഉദ്യാനം ഒരുക്കാന്‍ ചട്ടി ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ചട്ടങ്ങൾ ലഭ്യമാണ്. മൂന്നു ചട്ടികൾ ആവശ്യാനുസരണം ഉറപ്പിക്കാനും തിരിച്ച് ഊരിയെടുക്കാനും സൗകര്യമുള്ള ഒരു ചട്ടത്തിന് ഒന്നര അടി ഉയരവും അര അടി വീതിയുമാണുള്ളത്. ഒരു ചട്ടിക്കു നാല് ക്യുബിക് ഇഞ്ച് വ്യാപ്തമുണ്ടാകും. ഭിത്തിയിലേക്കു ചട്ടങ്ങൾ നേരിട്ടു സ്ക്രൂ ചെയ്ത് ഉറപ്പിക്കാം. വെർട്ടിക്കൽ ഗാർഡൻ തയാറാക്കാൻ ഉദ്ദേശിക്കുന്ന ഭിത്തിയുടെ നീളവും ഉയരവും ആദ്യം കണക്കാക്കണം. ഈ അളവിനെ ആധാരമാക്കി എത്ര ചട്ടങ്ങളും ചെടികളും വേണമെന്നു കണക്കു കൂട്ടാം. ഉദാഹരണത്തിന് ആറടി ഉയരവും ഏഴടി നീളവുമുള്ള ഒരു ഭിത്തിയുടെ ഏഴടി നീളത്തിന് 14 ചട്ടങ്ങളും ആറടി ഉയരത്തിന് നാലു ചട്ടങ്ങളുമാണ് വേണ്ടത്. അതായത്, ഈ ഭിത്തിയിൽ 56 ചട്ടങ്ങൾ (14 x 4 = 56). 168 ചട്ടികളിലായി അത്രയും ചെടികളും വേണ്ടിവരും. ഭിത്തിയില്ലാത്തിടമാണെങ്കിൽ പ്രത്യേകം തയാറാക്കിയ ചട്ടക്കൂട്ടിലും ഫ്രെയ്മുകൾ സ്ക്രൂ ചെയ്ത് ഉറപ്പിക്കാം.
വെർട്ടിക്കൽ ഗാർഡൻ ഒരുക്കാന്‍ ഉദ്ദേശിക്കുന്നിടത്തെ സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ചുവേണം ചെടികൾ തിരഞ്ഞെടുക്കാൻ. ഉദ്യാനത്തിൽ നട്ടുവളർത്തുന്ന എല്ലാത്തരം അലങ്കാരച്ചെടികളും ഇത്തരം ഗാർഡനിൽ പരിപാലിക്കാനാവില്ല. ഇലകളും തണ്ടുകളും സ്വാഭാവികമായി തിരശ്ചീനമായി വളരുന്നതും തണ്ടുകൾ കുറുകിയതുമായ ചെടികളാണ് ഇവിടേക്കു യോജിച്ചത്.
നേരിട്ടു സൂര്യപ്രകാശമുള്ളിടത്തേക്കു പറ്റിയ ചെടികൾ: അസ്പരാഗസ് സ്പ്രിൻജേറി, അസ്പരാഗസ് മയൂരി, സോങ് ഓഫ് ഇന്ത്യ, പ്രസീന സിടിസി റെഡ്, റിയോ, തായ്പൻഡാനസ്, റിബൺഗ്രാസ്, റസ്സീലിയ, ഡാനിയെല്ല.
ഭാഗികമായി വെയിൽ ഉള്ളിടത്തേക്കു യോജിച്ച ചെടികൾ: അലങ്കാര ഇലച്ചെടികളാണു പറ്റിയത്. ചുവപ്പ്, പിങ്ക്, തവിട്ടു നിറമുള്ള ക്രിപ്റ്റാന്തസ്, പല നിറത്തിലുള്ള സിങ്കോണിയം, ബിൽബേർജിയ, നിയോറിഗേലിയ, വെപ്പറോമിയ, മിനി ഫിലോഡെൻഡ്രോൺ, ബോസ്റ്റൺ ഫേൺ, സ്പൈഡർ പ്ലാന്റ്, മിനി ആന്തൂറിയം, മരാന്റാ.
ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ ഏതുതരം വെർട്ടിക്കൽ ഗാർഡൻ തയാറാക്കാനും വ്യക്തമായ ഡിസൈൻ (രൂപകല്‍പന) ആവശ്യമാണ്. കളങ്ങളും ചതുരവും സമചതുരവുമെല്ലാം ഉൾപ്പെടുത്തിയുള്ള ജ്യോമെട്രിക് ഡിസൈനുകളാണു പറ്റിയത്. ഏറ്റവും കുറഞ്ഞത് ഒൻപതു ചെടികൾ ഉൾപ്പെടുത്തിയുള്ളതാവണം ഡിസൈന്‍. ഇത്തരം ഉദ്യാനത്തിന്റെ നടുവിലുള്ള ആകൃതിയിൽ വലുപ്പം വയ്ക്കുന്ന ചെടികളും ചുറ്റും അത്രയ്ക്കു വലുപ്പം വയ്ക്കാത്തവയുമാകട്ടെ. കടലാസിൽ വരച്ച് ചെടികളുടെ സ്ഥാനങ്ങൾ നിശ്ചയിച്ച ഡിസൈനിനെ ആധാരമാക്കിയാണ് ഈ ഉദ്യാനം ഒരുക്കേണ്ടത്.
വെർട്ടിക്കൽ ഗാർഡനിലെ ചട്ടികളിൽ ചെടി നടാന്‍ പ്രത്യേകം തയാറാക്കിയ മിശ്രിതം ആവശ്യമാണ്. ഇതിനായി പെർലൈറ്റ്, ചകിരിച്ചോറ്, വളമായി മണ്ണിരക്കമ്പോസ്റ്റ് ഇവ മതിയാകും. പെർലൈറ്റും ചകിരിച്ചോറും ഒരേ അളവിൽ കലർത്തിയെടുത്തതിൽ കാൽ ഭാഗം മണ്ണിരക്കമ്പോസ്റ്റും ചേർത്തു നന്നായി കുതിർത്തെടുത്തു മിശ്രിതം തയാറാക്കാം. നഴ്സറിച്ചട്ടിയിൽ ലഭിക്കുന്ന ചെടിയുടെ വേരുഭാഗത്തെ മണ്ണ് കഴിയുന്നത്ര നീക്കം ചെയ്തശേഷം വെർട്ടിക്കൽ ഗാർഡൻ ചട്ടിയിലേക്ക് ഇറക്കിവച്ച് ചുറ്റും കുതിർത്തെടുത്ത മിശ്രിതം നിറച്ചു നന്നായി ഉറപ്പിക്കണം. ചെടിയുടെ തണ്ടും ഇലകളും മുൻപിലേക്ക് അൽപം ചാഞ്ഞുനിൽക്കുന്ന വിധത്തില്‍ വേണം നടാന്‍.
മുൻകൂട്ടി തീരുമാനിച്ച ഡിസൈൻ അനുസരിച്ച് ഭിത്തിയിൽ ഉറപ്പിച്ച പ്ലാസ്റ്റിക് ചട്ടത്തിലേക്കു ചട്ടികൾ ഒന്നൊന്നായി ഇറക്കിവയ്ക്കാം. ചട്ടത്തിലുള്ള രണ്ടു ക്ലിപ്പുകളിലാണ് ചട്ടി ഉറപ്പിക്കുക. ഈ സമയത്ത് ആവശ്യാനുസരണം ഘടനയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും. പച്ചനിറത്തിൽ ഇലകളുള്ള ചെടിക്കൂട്ടത്തോടു ചേർത്ത് മറ്റു നിറത്തിൽ ഇലകൾ ഉള്ളവയാണു വയ്ക്കേണ്ടത്. ചട്ടികളെല്ലാം ഫ്രെയ്മുകളിൽ ഇറക്കി ഉറപ്പിച്ചശേഷം ചെടിയുടെ ഇലകളിലും ചട്ടിയിലുമുള്ള മണ്ണും മറ്റു പൊടിയും വെള്ളം ചീറ്റിച്ചു കഴുകി വൃത്തിയാക്കണം.
പരിപാലനം: ഉയരം കുറഞ്ഞ വെർട്ടിക്കൽ ഗാർഡൻ ഹെൽത്ത് ഹോസ് ഉപയോഗിച്ചു നനയ്ക്കാം. എന്നാൽ നല്ല ഉയരമുള്ള ഉദ്യാനം നനയ്ക്കാൻ തുള്ളിനന സംവിധാനം ആവശ്യമാണ്. ഭിത്തിയിൽ പ്ലാസ്റ്റിക് ചട്ടങ്ങൾ ഉറപ്പിക്കുന്നതിനൊപ്പം ഇതും ഒരുക്കാം. നടുത്തളത്തിൽ തയാറാക്കിയ ഉദ്യാനത്തിൽനിന്നുള്ള അധിക നനജലം വാർന്നുപോകാനുള്ള ക്രമീകരണം ചെയ്യണം. ചട്ടികളിൽ അധിക ജലം തങ്ങി നിൽക്കാതെ താഴെയുള്ള ദ്വാരം വഴി വെള്ളം വാർന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കണം.
ചട്ടികളിലുള്ള മിശ്രിതത്തിന്റെ നിറമനുസരിച്ചു മാത്രം ചെടികൾ നനച്ചാൽ മതി. മിശ്രിതത്തിന് ഇളം തവിട്ടുനിറമാണെങ്കിൽ ഈർപ്പം കുറവാണെന്നും കടും തവിട്ടുനിറമെങ്കിൽ ആവശ്യത്തിന് ഈർപ്പമുണ്ടെന്നും മനസ്സിലാക്കാം. ഈർപ്പം കുറവുള്ളപ്പോൾ മാത്രം നനയ്ക്കാം.
ചെടികളുടെ ഇലകൾ പുറത്തേക്കു വളർന്നുവന്നു ചട്ടികൾ മറയുമ്പോഴാണ് ഹരിതഭിത്തിയുടെ പ്രതീതി ഉണ്ടാകുന്നത്. ചെടികളുടെ വളർച്ചയ്ക്കായി വളം ചട്ടിയിലെ മിശ്രിതത്തിൽ ചേർക്കുക അത്ര എളുപ്പമല്ല. പകരം വെള്ളത്തിൽ പൂർണമായി ലയിക്കുന്ന എൻപികെ 19:19:19 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി രണ്ടാഴ്ചയിലൊരിക്കൽ തുള്ളിനനയായി ഇലകളിൽ നൽകാം. ചെടികൾക്കു നൽകുന്ന വളമോ ജലമോ അധികമായാൽ അവ കേടുവന്നു നശിച്ചുപോകാൻ സാധ്യതയേറും.
ലേഖകന്റെ വിലാസം: അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി–21.
ഫോൺ: 9447002211.
ഇ-മെയിൽ: jacobkunthara123@gmail.com