ഒന്നും രണ്ടുമല്ല, ഉയർന്ന ഉൽപാദനശേഷിയുള്ള നൂറിലേറെ ജാതിയിനങ്ങൾ: ഇത് വിളവൈവിധ്യത്തിന്റെ നിധിയിടം
ഒരേ വിളയുടെതന്നെ വ്യത്യസ്ത ഇനങ്ങൾ ശേഖരിക്കുന്നത് വിനോദമാക്കിയ ഒട്ടേറെ കർഷകരുണ്ട് നമ്മുടെ നാട്ടിൽ. പരമാവധി ഇനങ്ങൾ തേടിപ്പിടിച്ച് എണ്ണം കൂട്ടുകയാണ് അവരുടെ ലക്ഷ്യം. ജോൺ ജോസഫും ഇക്കൂട്ടത്തില്‍ പെടും. എന്നാൽ, എണ്ണത്തിലല്ല, ഗുണത്തിലാണ് ഈ കർഷകനു കൂടുതല്‍ താല്‍പര്യം. നൂറിലേറെ ജാതിയിനങ്ങളുണ്ട് കോഴിക്കോട്
ഒരേ വിളയുടെതന്നെ വ്യത്യസ്ത ഇനങ്ങൾ ശേഖരിക്കുന്നത് വിനോദമാക്കിയ ഒട്ടേറെ കർഷകരുണ്ട് നമ്മുടെ നാട്ടിൽ. പരമാവധി ഇനങ്ങൾ തേടിപ്പിടിച്ച് എണ്ണം കൂട്ടുകയാണ് അവരുടെ ലക്ഷ്യം. ജോൺ ജോസഫും ഇക്കൂട്ടത്തില്‍ പെടും. എന്നാൽ, എണ്ണത്തിലല്ല, ഗുണത്തിലാണ് ഈ കർഷകനു കൂടുതല്‍ താല്‍പര്യം. നൂറിലേറെ ജാതിയിനങ്ങളുണ്ട് കോഴിക്കോട്
ഒരേ വിളയുടെതന്നെ വ്യത്യസ്ത ഇനങ്ങൾ ശേഖരിക്കുന്നത് വിനോദമാക്കിയ ഒട്ടേറെ കർഷകരുണ്ട് നമ്മുടെ നാട്ടിൽ. പരമാവധി ഇനങ്ങൾ തേടിപ്പിടിച്ച് എണ്ണം കൂട്ടുകയാണ് അവരുടെ ലക്ഷ്യം. ജോൺ ജോസഫും ഇക്കൂട്ടത്തില്‍ പെടും. എന്നാൽ, എണ്ണത്തിലല്ല, ഗുണത്തിലാണ് ഈ കർഷകനു കൂടുതല്‍ താല്‍പര്യം. നൂറിലേറെ ജാതിയിനങ്ങളുണ്ട് കോഴിക്കോട്
ഒരേ വിളയുടെതന്നെ വ്യത്യസ്ത ഇനങ്ങൾ ശേഖരിക്കുന്നത് വിനോദമാക്കിയ ഒട്ടേറെ കർഷകരുണ്ട് നമ്മുടെ നാട്ടിൽ. പരമാവധി ഇനങ്ങൾ തേടിപ്പിടിച്ച് എണ്ണം കൂട്ടുകയാണ് അവരുടെ ലക്ഷ്യം. ജോൺ ജോസഫും ഇക്കൂട്ടത്തില്‍ പെടും. എന്നാൽ, എണ്ണത്തിലല്ല, ഗുണത്തിലാണ് ഈ കർഷകനു കൂടുതല്‍ താല്‍പര്യം.
നൂറിലേറെ ജാതിയിനങ്ങളുണ്ട് കോഴിക്കോട് കോടഞ്ചേരി ഓണംതുരുത്തിൽ ജോൺ ജോസഫിന്റെ കൃഷിയിടത്തിൽ. ഇനങ്ങൾ തേടിപ്പിടിക്കാനാണെങ്കിൽ ഇനിയും എത്ര വേണമെങ്കിലുമാകാം. എന്നാൽ, അതല്ല ജോണിന്റെ ലക്ഷ്യം. ഉൽപാദനമികവുകൊണ്ട് അമ്പരപ്പിക്കുന്ന ജാതികളുണ്ടാവും പലരുടെയും ജാതിത്തോട്ടത്തിൽ. അസാധാരണ വിളവുള്ള ഇത്തരം ജാതികൾ തിരിച്ചറിഞ്ഞ് അവയുടെ ബഡ് തൈകൾ ഉൽപാദിപ്പിച്ചു വിൽക്കുന്ന കർഷകരുമുണ്ട്. എന്നാൽ, നല്ല പങ്ക് കർഷകരും അതിനൊന്നും തുനിയാറില്ല. അതുകൊണ്ടുതന്നെ അത്തരം നിധികൾ എന്നേക്കുമായി ഒളിഞ്ഞു കിടക്കും. ഈ നിധികൾ തേടിപ്പിടിച്ച് സ്വന്തം കൃഷിയിടത്തിൽ കരുതലോടെ വളർത്തി സംരക്ഷിക്കുന്നു. എവിടെ നിന്നാണോ ആ ഇനം ലഭിച്ചത് അതേ കൃഷിയിടത്തിന്റെ പേരിൽത്തന്നെയാണ് ജോണ്‍ അതു സംരംക്ഷിക്കുന്നത്. അവയുടെ ഒട്ടുകമ്പുകൾ കർഷകർക്കു സൗജന്യമായി നല്‍കുകയും ചെയ്യുന്നു.
‘‘കോഴിക്കോട് പൂവാറൻതോട് ഭാഗത്ത് സാന്റോ എന്നൊരു ജാതിക്കർഷകനുണ്ട്. അദ്ദേഹത്തിന്റെ തോട്ടത്തിൽ അസാധാരണ വിളവുള്ള ഒരു ജാതിമരമുണ്ടായിരുന്നു. അതിന്റെ ഒട്ടുകമ്പ് കൊണ്ടുവന്നു ബഡ് ചെയ്ത് ഇവിടെയും ഒരു മരം വളർത്തിയെടുത്തു. സാന്റോയുടെ ആ ജാതിമരം അടുത്ത കാലത്തു നശിച്ചുപോയി. പക്ഷേ, അതിന്റെ തൈ ഇവിടെ സംരക്ഷിച്ചിരുന്നതിനാൽ വീണ്ടും അതേയിനം വളർത്തിയെടുക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. എന്റെ പ്രവർത്തനങ്ങളുടെ നേട്ടം ഇതൊക്കെയാണ്’’, വിവിധ ഇനത്തിൽപെട്ട ആയിരത്തോളം ജാതിമരങ്ങൾ വളരുന്ന വിശാലമായ കൃഷിയിടത്തിലൂടെ നടക്കുമ്പോള്‍ ജോൺ ജോസഫ് പറഞ്ഞു. ഇങ്ങനെ സംരക്ഷിക്കുന്ന ജാതിമരങ്ങളുടെ ഒട്ടുകമ്പ് ഇവിടെനിന്നു വാങ്ങിപ്പോയി സ്വന്തം ഇനം എന്ന പേരിൽ ഉല്‍പാദിപ്പിച്ചു വിപണനം ചെയ്യുന്ന വിരുതന്മാരുമുണ്ട്. എന്നാലും സാരമില്ല, കർഷകർക്കു പ്രയോജനപ്പെടുമല്ലോ എന്നു ജോണ്‍.
കാടും മേടും കടന്ന്
തന്റെ സംരക്ഷണ പ്രവർത്തനത്തിന് ഇന്നത്തെ സാഹചര്യത്തിൽ വേറെയും പ്രസക്തിയുണ്ടെന്നു ജോൺ പറയുന്നു. ഇനിയങ്ങോട്ട് ഏതു വിളയുടെ കാര്യത്തിലും ഉൽപാദന മികവിനൊപ്പം പ്രധാനമാണ് രോഗപ്രതിരോധശേഷിയും കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള കഴിവും. ഏപ്രിലിലെ കൊടിയ വേനലിലും ഇലയില്ലാതെന്നോണം കുലകളായി കായ്ച്ചു കിടക്കുന്ന ജാതികൾ കണ്ടു ജോണിന്റെ കൃഷിയിടത്തിൽ. അവയിൽ പലതും സംസ്ഥാനത്തെ ഉൾനാടൻ കൃഷിയിടങ്ങളിൽനിന്നു തേടിപ്പിടിച്ചതാണ്. ഏതെങ്കിലുമൊരു കൃഷിയിടത്തിൽ മികച്ച ഇനമുണ്ടെന്നു കേട്ടാൽ എത്ര ദൂരെയും വണ്ടിയോടിച്ചെത്താൻ ജോണിനു മടിയില്ല. എന്നാൽ നേരിൽ കാണുമ്പോൾ, കേട്ടറിഞ്ഞ മികവില്ലെന്നു ബോധ്യപ്പെട്ടാൽ വാങ്ങാതെ തന്നെ മടങ്ങും. മണിക്കൂറുകൾ വണ്ടിയോടിച്ചു പോയി കാടും മേടും കടന്ന് ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെത്തിയപ്പോൾ ഒരു ബഡ് കമ്പിന് ആ കർഷകൻ ആവശ്യപ്പെട്ട 3000 രൂപയും നൽകി അതു വാങ്ങിയ അനുഭവവുമുണ്ട്. ഒരോ ഇനത്തിന്റെയും 10–15 ബഡ് തൈകൾ വീതമാണ് ജോൺ സംരക്ഷിക്കുന്നത്. നൂറു ശതമാനം കൃഷിതാൽപര്യത്തോടെ വരുന്നവർക്ക് അവയുടെ ഒട്ടുകമ്പ് നൽകാൻ മടിയില്ല. ഇവയുടെ തൈകളുണ്ടാക്കി വിറ്റ് ആദായം നേടാൻ താൽപര്യവുമില്ല.
വരുമാനവിള
നമ്മുടെ സംസ്ഥാനം മികച്ച ജാതിയിനങ്ങളാൽ സമ്പന്നമാണെന്നാണ് ജോണിന്റെ പക്ഷം. അക്കൂട്ടത്തിൽ കേരള കാർഷിക സർവകലാശാലയും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും കർഷകരുമെല്ലാം ഉരുത്തിരിച്ചവയുണ്ട്. മികച്ച ഇനങ്ങൾ എല്ലായിടത്തും ഒരേ മികവു കാണിക്കണമെന്നില്ല. അതതു പ്രദേശത്തെ കാലാവസ്ഥ, മണ്ണ്, ജലലഭ്യത എന്നിവ പരിഗണിച്ച്, യോജിച്ച ഇനങ്ങൾ കണ്ടെത്തുകയാണു വേണ്ടത്. കുരുവിന്റെയും പത്രിയുടെയും വിലയിൽ ഏറ്റക്കുറവുണ്ടാവുമെങ്കിലും ഏറക്കുറെ സുരക്ഷിത വിളയാണു ജാതി. കർക്കടകമാസമാണ് ജാതിയുടെ മുഖ്യവിളവെടുപ്പുകാലം. ഇതരവിളകളിൽനിന്നു കാര്യമായ വരുമാനം ലഭിക്കാത്ത കാലത്ത് ജാതി തുണയായി മാറും. തെങ്ങിനും കമുകിനും ഇടവിളയായി ജാതി കൃഷി ചെയ്തിരിക്കുന്ന ഈ കൃഷിയിടത്തിൽ ഇനിയും ഒട്ടേറെ വിളകളുടെ ഇന വൈവിധ്യങ്ങളുണ്ട്. സമീപകാലത്തു സംസ്ഥാനത്തെ കർഷകർ താൽപര്യപൂർവം കാണുന്ന വിദേശ പഴവർഗവിളയായ അവ്ക്കാഡോയുടെ നാൽപതോളം ഇനങ്ങൾ ഇവിടെയുണ്ട്. സമതലങ്ങളിലെ കാലാവസ്ഥയ്ക്കു യോജിക്കുന്നവ കണ്ടെത്താനാണു ശ്രമമെന്നു ജോൺ. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയർന്ന പ്രദേശങ്ങളിൽ മാത്രം കായ്ക്കുന്ന ഹാസ് പോലുള്ള ഇനങ്ങൾ കേരളത്തിലെ നല്ല പങ്കു കർഷകർക്കും പ്രയോജനപ്പെടില്ല. താഴ്‌വാരങ്ങൾക്കു യോജിച്ചതും ഉയർന്ന ഉൽപാദനശേഷിയുള്ളതുമായ ഇനങ്ങൾ തേടിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും ഈ കർഷകൻ പറയുന്നു.
വാഴവൈവിധ്യത്തിന്റെ കാര്യത്തിലും ഇതേ നിലപാടുതന്നെ. ഇയർന്ന വിളവു നൽകുന്ന നേന്ത്രൻ, പൂവൻ ഇനങ്ങൾ ഈ തോട്ടത്തിലുണ്ട്. ആഫ്രിക്കൻ വാഴയിനമായ യംഗാംബി സംരക്ഷിക്കുന്നതും കുലത്തൂക്കത്തിന്റെ മികവു കണ്ടു തന്നെ. വിവിധ കുരുമുളകിനങ്ങളുടെ വിപുലമായ കുറ്റിക്കുരുമു ളകു ശേഖരം, മികവേറിയ പൈനാപ്പിൾ ഇനങ്ങൾ എന്നിങ്ങനെ ഇനിയുമുണ്ട് ഒട്ടേറെ. ശ്രമകരമായ ഈ സംരക്ഷണപ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ 2021–22ലെ പ്ലാന്റ് ജീനോം സേവിയർ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ജോണിനു ലഭിച്ചിട്ടുണ്ട്. സഹകൃഷിക്കാർക്കും കാർഷിക ഗവേഷകർക്കും പ്രയോജനപ്പെടുന്ന കൂടുതൽ ഇനങ്ങൾ കണ്ടെത്താനുള്ള ഉദ്യമങ്ങൾ തുടരുകയാണ് ഈ കർഷകൻ.
ഫോൺ: 8547575260