ഉദ്യാനത്തിനു ഭംഗിയേകാൻ ചെറു പൂച്ചെടികൾ മാത്രമല്ല പൂമരങ്ങളും വേണം. പക്ഷികളുടെയും ചെറുജീവികളുടെയും താവളം കൂടിയായ പൂമരങ്ങളെ ആരാണ് ഇഷ്‌ടപ്പെടാത്തത്. മാറാരോഗങ്ങളിൽ നിന്നും മാനസിക പിരിമുറുക്കത്തിൽനിന്നും ആശ്വാസം നൽകുന്ന ഗാർഡൻ തെറപ്പിയിലും അലങ്കാര വൃക്ഷങ്ങൾക്കു നല്ല പ്രാധാന്യമുണ്ട്. ആദ്യത്തെ ഒന്നു രണ്ട് വർഷം അൽപം ശ്രദ്ധിച്ചാൽ മതി, ഇവ ആകർഷകമായ ആകൃതിയിൽ കാലങ്ങളോളം നിലനിന്നുകൊള്ളും. പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ നടുന്ന മരങ്ങൾ വീടിനു തണൽ നൽകി വീടിനുള്ളിലെ ചൂടു കുറയ്‌ക്കുന്നു. നന്നായി വളർച്ചയെത്തിയ വലിയ മരം എത്രയോ മലിനീകരണ വാതകങ്ങളെയും പൊടിപടലത്തെയുമാണ് വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധമാക്കുന്നത്.
അതിരുകളിൽ നിരയായി നട്ടുവളർത്തുന്ന പൂമരങ്ങൾ വീട്ടിലേക്കുള്ള അനാവശ്യ എത്തിനോട്ടങ്ങളും തടയും. നാടൻ പൂമരങ്ങൾ നട്ടുവളർത്തുമ്പോൾ നമ്മൾ ആവാസവ്യവസ്‌ഥയുടെ പുനർനിർമാണത്തിലും പങ്കാളികളാകുന്നു. പക്ഷികൾ ചേക്കേറാനും കൂടുകൂട്ടാനും ഇഷ്‌ടപ്പെടുന്നത് നാടൻമരങ്ങളിലാണ്. വലിയ ഇലകളുള്ള, കാലവ്യത്യാസമില്ലാതെ പൂവിടുന്ന, നിത്യഹരിതവും വളർന്നു വരുമ്പോൾ ആകർഷകമായ ആകൃതിയുള്ളതുമായ മരങ്ങൾ ഉദ്യാനത്തിലേക്കു തിരഞ്ഞെടുക്കാം. കടുത്ത വേനലിൽ ഒഴികെ ഏതു സമയത്തും മരം നടാം. രണ്ടടി സമചതുരത്തിലുള്ള കുഴിയിൽ ജൈവവളമായി വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും കലർത്തിയ മിശ്രിതം നിറയ്‌ക്കണം. കുഴിയുടെ നടുവിൽ പിള്ളക്കുഴി എടുത്ത് അതിൽ തൈ നടാം. 4-5 മണിക്കൂർ നന്നായി വെയിൽ കിട്ടുന്നിടത്താണ് പൂമരങ്ങൾ നട്ടുപരിപാലിക്കേണ്ടത്.
ചെമ്പകം
വിസ്‌താരമുള്ള പുൽത്തകിടിയുടെ നടുവിൽ സുഗന്ധമുള്ള പൂക്കളും പിരമിഡിന്റെ ആകൃതിയുള്ളതുമായ ചെമ്പകം വേറിട്ടൊരു ഭംഗിയാണ്. 30 മീറ്ററിലധികം ഉയരത്തിൽ വളരുന്ന ചെമ്പകം അമ്പലവളപ്പുകളിലും കാവുകളിലും കാണാം. നിത്യഹരിത പ്രകൃതമുള്ള ഈ പൂമരത്തിന്റെ തായ്‌ത്തടി കുത്തനെ നിവർന്നു വളരുന്നു. മഞ്ഞയോ ഇളം മഞ്ഞയോ നിറമുള്ള പൂക്കൾ ആകർഷകമാണ്. സുന്ദരികൾ മന്ദഹസിച്ചാൽ ചെമ്പകം പൂക്കുമെന്നു കവിഭാവന. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഈ മരം നന്നായി പുഷ്‌പിക്കുക. തണ്ടിന്റെ അറ്റത്തും ഇലമുട്ടുകളിലും ഒറ്റയ്‌ക്കാണ് പൂക്കൾ ഉണ്ടായി വരിക. ഇംഗ്ലിഷിൽ ജോയ് പെർഫ്യൂം ട്രീ എന്നു പേരുള്ള ഈ മരത്തിന്റെ പൂക്കളിൽനിന്നു പലതരം സുഗന്ധതൈലങ്ങൾ വാണിജ്യാടിസ്‌ഥാനത്തിൽ വേർതിരിച്ചെടുക്കുന്നുണ്ട്. വിത്തുവഴിയാണ് വംശവർധന. വിത്തുകൾക്കു മുളയ്‌ക്കാനുള്ള ശേഷി വേഗത്തിൽ നഷ്‌ടപ്പെടുമെന്നതുകൊണ്ട് മരത്തിൽനിന്നു ശേരിച്ചാൽ വൈകാതെ നടണം.
പവിഴമല്ലി
സന്മനസുള്ളവർക്ക് സമാധാനം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലമാനം എന്ന ഗാനത്തിലും സുഗതകുമാരിയുടെ പവിഴമല്ലി എന്ന കവിതയിലും ഈ പൂമരത്തെ വാനോളം പുകഴ്‌ത്തുന്നു. ഇംഗ്ലിഷിൽ കോറൽ ജാസ്‌മിൻ എന്നു പേരുള്ള ഈ നാട്ടുമരം ഹിന്ദുക്കൾക്കു പുണ്യവൃക്ഷമാണ്. പശ്‌ചിമ ബംഗാളിന്റെ ഔദ്യോഗിക പുഷ്‌പമാണ്. നനുത്ത സുഗന്ധമുള്ള പൂക്കൾ രാത്രിയിലാണ് വിരിയുക. പവിഴമല്ലിയുടെ ഉപശാകൾ ഞാന്നു വളരുന്നു. ഇലകളുടെ അരിക് അറക്കവാളിന്റെ പല്ലുപോലെ കാണുന്നു. പൂവിന്റെ കുഴൽപോലുള്ള താഴെ ഭാഗത്തിന് ഓറഞ്ച് നിറമാണ്. പൂക്കൾ കുലകളായിട്ട് തണ്ടുകളുടെ അറ്റത്തും ഇലകളുടെ മുട്ടുകളിലുമാണ് ഉണ്ടായി വരുന്നത്. വേഗത്തിൽ കൊഴിയുന്ന പവിഴമല്ലിപ്പൂക്കൾ പരവതാനി വിരിച്ച പൂമും വീടിന് അഴകാണ്. വിത്തുവഴിയാണ് വംശവർധന. കമ്പു മുറിച്ചു നട്ടും വളർത്താം. പൂവിടാത്തതും അധികം മൂപ്പെത്താത്തതുമായ കമ്പുകളാണ് നടുന്നത്. നടുന്നതിനു മുൻപായി മുറിഭാഗത്ത് കുഴമ്പുരൂപത്തിലാക്കിയ ചിരട്ടക്കരി തേച്ചാൽ കമ്പ് വേഗത്തിൽ തളിർപ്പുകൾ ഉൽപാദിപ്പിക്കും. മരത്തിന്റെ പട്ട ഉണക്കിപ്പൊടിച്ചെടുത്തത് വാത ചികിത്സയ്‌ക്കു നന്ന്. ഈ പൂവിട്ടു തയാറാക്കിയ എണ്ണ, മുടികൊഴിച്ചിലും നരയും മാറ്റും.
അശോകം
ഭാരതീയ സങ്കൽപത്തിൽ ശ്രേഷ്‌ഠമായ വൃക്ഷം. നിർവാണ സിദ്ധാന്തത്തിെൻറയും ബുദ്ധമതത്തിന്റെയും സ്‌ഥാപകനായ ശാക്യമുനി ജനിച്ചത് അശോകമരച്ചുവട്ടിലായിരുന്നത്രെ. സുന്ദരികൾ ചിലങ്കയിട്ട പാദങ്ങൾകൊണ്ടു ചവിട്ടിയാൽ അശോകം പൂക്കുമെന്നു കവിമതം. ദുഃഖം അഥവാ ശോകം ഇല്ലാതാക്കുന്നതുകൊണ്ടാണ് ഈ മരത്തിന് അശോകം എന്ന പേര് കിട്ടിയതത്രെ. പഞ്ചവടിയിലും ദ്വൈതവനത്തിലും ഇന്ദ്രപ്രസ്‌ഥത്തിലും അശോകം ഉണ്ടായിരുന്നതായി പുരാണം. സീതാന്വേഷണവേളയിൽ ശ്രീരാമൻ അശോകമരത്തോട് സീതയെക്കുറിച്ച് അന്വേഷിച്ചതായി രാമായണത്തിൽ വിവരിച്ചിട്ടുണ്ട്. 6-9 മീറ്റർവരെ ഉയരം വയ്‌ക്കുന്ന മരം ശാകളും ഉപശാകളുമായി പടർന്നു വളരുന്നു.
നല്ല വലുപ്പമുള്ള ഇലകൾക്ക് പൂർണവളർച്ചയെത്തുമ്പോൾ കടും പച്ചനിറമാണ്. എന്നാൽ തളിരിലകൾക്കാകട്ടെ, ഇളം തവിട്ടുനിറവും. ജനുവരി മുതൽ പൂവിടുന്ന അശോകം വേനൽക്കാലം മുഴുവൻ പുഷ്‌പിണിയായി കാണപ്പെടും. ഇളംപ്രായത്തിലുള്ള പൂക്കൾക്ക് സ്വർണനിറവും പ്രായമെത്തുമ്പോൾ കടുംചുവപ്പു നിറവുമാണ്. പൂവിന്റെ ചുവടുഭാഗത്തിന് കുഴലിന്റെ ആകൃതി. മേയ്-ജൂൺ മാസത്തിൽ സ്വാഭാവിക വംശവർധന നടത്തുന്ന അശോകത്തിന്റെ വിത്താണ് നടീൽവസ്‌തു. വിത്തു നട്ടാൽ 2-3 മാസമെടുക്കും തൈകൾ ഉണ്ടായിവരാൻ. തണ്ടു മുറിച്ചുനട്ടും അശോകം വളർത്തിയെടുക്കാം.