'(വിനോദവും, വിജ്ഞാനവും വരുമാനവുമായി വെറ്ററിനറി വിദ്യാർഥിയുടെ ഓമനപ്പക്ഷിവളർത്തൽ)
മണ്ണുത്തി വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ മാഹിറിന് കലാലയത്തിൽ മാത്രമല്ല കൂട്ടുകാർ. വീടിന്റെ മുറ്റത്തും മട്ടുപ്പാവിലും കാത്തിരിക്കുന്ന ഒരുപറ്റം സുന്ദരി തത്തകളും മാഹിറിന്റെ പ്രിയ തോഴർ തന്നെ. മിട്ടുവും കുക്കുവും സാക്കിയും ബെബോയുമൊക്കെ മാഹിർ വീട്ടിലെത്തുന്നതും കാത്തിരിക്കും. വന്നാൽ പിന്നൊരു സൗഹൃദമേളമാണ്. പഠനത്തോടൊപ്പം വിനോദവും, വിജ്ഞാനവും വരുമാനവും നൽകുന്ന ഹോബിയാണ് ഈ വിദ്യാർഥിക്ക് ഓമനപ്പക്ഷി വളർത്തൽ.തൃശൂർ അരണാട്ടുകര ചിറക്കുഴിയിൽ അബ്ദുറഹ്മാൻ തന്റെ കൊച്ചുമകന് ഒന്നാം ജന്മദിനത്തിൽ സമ്മാനമായി നൽകിയത് ഒരാട്ടിൻകുട്ടിയെ. രണ്ടാം പിറന്നാളിന് ഒരു മുയലിനെയും. പ്രവാസജീവിതത്തിനുശേഷം നഗരത്തിൽ കച്ചവടം തുടങ്ങിയ പിതാവ് ഒരിക്കല്‍ െബംഗളൂരുവിൽ പോയിവന്നപ്പോള്‍ കൊടുത്തത് കുറെ കുഞ്ഞുപക്ഷികളെ. അവയ്ക്കു തീറ്റ കൊടുത്തും അവ മുട്ടയിട്ട് അടയിരിക്കുന്ന കുടങ്ങളിൽ കൗതുകത്തോടെ ഒളിഞ്ഞു നോക്കിയും വളർന്ന മാഹിറിന്റെ മനസ്സിൽ വല്ല്യുപ്പയുടെയും ഉപ്പയുടെയും, പക്ഷി, മൃഗ സ്നേഹത്തിന്റെ പാരമ്പര്യവും വളർന്നു. ഓമനിച്ചു വളർത്തുന്നതിനിടെ ചത്തുപോകുന്ന പക്ഷികൾ കണ്ണുനീരായപ്പോൾ മെഡിസിനു ലഭിക്കുമായിരുന്ന പ്രവേശനം ഒഴിവാക്കി മാഹിർ മൃഗവൈദ്യം പഠിക്കാൻ ചേർന്നു.
ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും മോഹവിലയുള്ള പക്ഷിത്താരങ്ങളാണ് മാഹിറിന്റെ വീട്ടിലുള്ളത്. മേനിയിൽ ചായങ്ങൾ ചാലിച്ചു ചിത്രം വരച്ചുവെന്നു തോന്നിപ്പിക്കുന്ന ഗൂൾഡിയൻ ഫിഞ്ചസ്, മഞ്ഞമേനിയുള്ള സൺ കൊന്യൂർ തത്തകൾ, അനുകരണശേഷിയും മധുരഗീതവും പച്ചയുടെ സൗന്ദര്യവുമുള്ള ആമസോൺ തത്തകൾ, തലയിൽ വിശറിപ്പൂവുകളുള്ള കൊക്കറ്റൂ തത്തകൾ, അനുകരണ കലയിൽ മിമിക്രിത്താരങ്ങളെ തോൽപ്പിക്കുന്ന ആഫ്രിക്കൻ ചാരത്തത്തകൾ, വശ്യമായ സൗന്ദര്യവും നീണ്ട വാലും ശബ്ദകോലാഹലവും കുസൃതികളുമുള്ള മക്കാ തത്തകളുമെല്ലാം ഇവിടെയുണ്ട്. തേനും പൂമ്പൊടിയും തിന്നുന്ന ലോമികളും ലോമിക്കീറ്റുകളും മാഹിറിന് ഏറെ പ്രിയപ്പെട്ടവർ. ഗ്രാസ് പാരക്കീറ്റ് പൈനസ്, എക്‌ലക്റ്റസ് തത്തകൾ കൂടി ചേരുമ്പോൾ മാഹിറിന്റെ ഭവനം വർണതീക്ഷ്ണവും ശബ്ദമുഖരിതവുമാകുന്നു.
പക്ഷിശേഖരത്തിലേക്കെത്തുന്ന പുത്തൻ അംഗങ്ങൾക്ക് വിശ്വസനീയമായ സ്രോതസ്സുണ്ടാകണം. ബ്രീഡറുടെ വിശ്വസനീയതയുടെ കാൽവളയമിട്ട, ഡിഎൻഎ പരിശോധനപ്രകാരം ലിംഗനിർണയം നടത്തി സർട്ടിഫിക്കറ്റുള്ള പക്ഷികളെ ചെന്നൈ, െബംഗളൂരു, മുംബൈ നഗരങ്ങളിൽനിന്നു വാങ്ങാനാണ് മാഹിറിനു താൽപര്യം. പരമാവധി ഒരു മാസം പ്രായമായ പക്ഷികളെയാണ് സ്വന്തമാക്കുക. ഈ പ്രായത്തിൽ വാങ്ങിയാൽ പരിചരണത്തിലും പരിശീലനത്തിലും പ്രജനനത്തിലും ഏറെ ഗുണം ചെയ്യും.
പക്ഷിക്കൂട്ടത്തിൽ ഭൂരിപക്ഷം വരുന്ന തത്തകൾക്കു സൗന്ദര്യവും ബാഹ്യവർണവും കിളിക്കൊഞ്ചലും നൃത്തചലനങ്ങളും മാത്രമല്ല വേണ്ടതെന്ന് മാഹിറിന് അറിയാം. കൊക്കിന്റെ രൂപവും കരുത്തും വിരൽ വിന്യാസവുമൊക്കെ ഓർത്തു വേണം അവയ്ക്കു കൂടു തീർക്കാൻ. കൂടാതെ കൊക്കുരുമ്മാനും മിനുസപ്പെടുത്താനും ഊയലാടാനും ചവയ്ക്കാനുമൊക്കെയുള്ള സ്വാഭാവിക ആഗ്രഹങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളും കൂട്ടിലുണ്ടാകണം. കൂടു തുറക്കാതെതന്നെ തീറ്റയും വെള്ളവും നൽകാൻ കഴിയുന്ന ട്രേ സിസ്റ്റമാണ് ഒരുക്കിയിട്ടുള്ളത്. ചങ്ങല ഊഞ്ഞാലുകൾ, കൊക്കുകൾക്ക് ആയുധമാക്കാൻ ചകിരിക്കയറും തടിക്കഷ്ണങ്ങളും, പറന്നിരിക്കാൻ കമ്പുകൾ എന്നിവയും കൂട്ടിൽ തയാര്‍. ശരീരഭംഗിയും തൂവൽച്ചന്തവും പ്രജനനക്ഷമതയുമൊക്കെ നിലനിർത്താൻ ഓരോ ഇനത്തിനും യോജിച്ച സമീകൃത തീറ്റക്രമം പിന്തുടരണം. ചെറുധാന്യങ്ങൾ, സൂര്യകാന്തി വിത്ത്, ബദാം, വാൾനട്ട്, കശുവണ്ടിപ്പരിപ്പ്, മുളപ്പിച്ച ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയൊക്കെ മെനുവിലുണ്ട്. പച്ചക്കറികളും പഴങ്ങളും സീസൺ അനുസരിച്ച് ഉള്‍പ്പെടുത്തും. മുട്ടയും ചോറും കഞ്ഞിവെള്ളവുമൊക്കെ ചേർത്ത മൃദുഭക്ഷണവുമുണ്ടാകും. എല്ലാ തത്തകളും ഇഷ്ടപ്പെടുന്ന ഫ്രൂട്ട് പെല്ലറ്റും, കണവനാക്കും, ദ്രവരൂപത്തിലുള്ള കാൽസ്യം മരുന്നുകളും ക്ഷണത്തിനൊപ്പം ചേർക്കുന്നു. ലോറികൾക്കും ലോറിക്കിറ്റുകൾക്കുമാണ് ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ വേണ്ടത്. പ്രകൃത്യാ തേനും പൂമ്പൊടിയും തിന്നുന്ന ഇവർക്കായി പ്രത്യേകം ഇറക്കുമതി ചെയ്യുന്ന ലോറി ഫുഡ് പൗഡർ ചൂടുവെള്ളത്തിൽ കലർത്തി നൽകുന്നു. 700 ഗ്രാമിന് 1100 രൂപവരെ വില വരുന്ന ഭക്ഷണമാണിത്. കൂടാതെ, നവധാന്യപ്പൊടിയും പഴങ്ങളും.
കൂടുകളിലെ കൃത്രിമ സാഹചര്യങ്ങളിൽ പ്രജനനം നടത്തുക, മുട്ട വിരിയിക്കുക, കുഞ്ഞുങ്ങളെ പരിചരിക്കുക എന്നിവ വെല്ലുവിളികളാണ്. എല്ലാ ഇനം തത്തകളും പ്രജനനം നടത്തണമെന്നുമില്ല. കൊന്യൂർ, ലോമി, ലോമിക്കീറ്റ് എന്നീ തത്തയിനങ്ങളിലാണ് മാഹിറിന്റെ പ്രധാന ശ്രദ്ധ. ഇണചേരുന്ന കൂടുകൾ, മുട്ടയിടാനും വിരിയിക്കാനുമുള്ള നെസ്റ്റ് ബോക്സുകൾ എന്നിവയുടെ ആകൃതിയും വലുപ്പവുമൊക്കെ ഏറെ പ്രധാനമാണ്. നെസ്റ്റ് ബോക്സിൽ മരച്ചീളുകളും തെങ്ങിൻമടൽപ്പട്ടകളും ചാർക്കോൾ കഷണങ്ങളും കറിവേപ്പ്, യൂക്കാലി എന്നിവയുടെ ഉണങ്ങിയ ഇലകളുമൊക്കെ ഇട്ടു കൊടുക്കുന്നു. രണ്ട് അടയിരിപ്പുകളുടെ ഇടവേളകളിൽ നെസ്റ്റ് ബോക്സുകൾ വൃത്തിയാക്കേണ്ടതുണ്ട്. വെയിലത്തു വച്ച് ഉണക്കിയോ ബൾബുകളിട്ട് ചൂടു പകർന്നോ ആണ് മാഹിർ ഇത് ചെയ്യുന്നത്. അണുബാധയും അസുഖങ്ങളും ഒഴിവാക്കാൻ ഇത് ആവശ്യമാണ്.
അടയിരുന്നു വിരിയുന്ന കുഞ്ഞുങ്ങൾക്ക് 15–20 ദിവസം പ്രായമായാൽ പിന്നെ അവയെ വളർത്തുന്ന ചുമതല മാഹിർ ഏറ്റെടുക്കുന്നു. ചെറുചൂടു നൽകി ബ്രൂഡറുകളിൽ ഇവയെ പരിപാലിക്കണം. കൈത്തീറ്റ (hand feeding) നൽകണം. പരിചയവും ക്ഷമയും ആവശ്യമുള്ള പണിയാണ് ഹാൻഡ് ഫീഡിങ്. മറ്റു തീറ്റയെടുത്തു തുടങ്ങുംവരെ രണ്ടര മാസത്തോളം ഇതു തുടരുന്നു. സിറിഞ്ചോ, ക്രോപ് നീഡിലോ ഉപയോഗിച്ചാണ് ഹാൻഡ് ഫീഡിങ് നടത്തുക. പ്രതിദിനം 5–6 പ്രാവശ്യം എന്ന നിലയിൽ തുടങ്ങി ഒരു പ്രാവശ്യം എന്നതിലേക്ക് കുറയ്ക്കേണ്ടതാണ് ഹാൻഡ് ഫീഡിങ്. സാംക്രമിക രോഗങ്ങൾ, ചർമത്തിന്റെയും തൂവലിന്റെയും പ്രശ്നങ്ങൾ, തീറ്റയിൽനിന്നും മറ്റും ഉണ്ടാകുന്ന ഫംഗൽ ബാധ തുടങ്ങി പ്രശ്നങ്ങൾ ഏറെ. എന്നാല്‍ പക്ഷികളുടെ ആരോഗ്യസംരക്ഷണത്തില്‍ മാഹിറിന് കൃത്യമായ പരിചരണമുറകളുണ്ട്.
പുതുതായി വാങ്ങുന്ന പക്ഷികളെ 40 ദിവസം പ്രത്യേകം തയാറാക്കിയ കിളിക്കൂട്ടിൽ പാര്‍പ്പിക്കുന്നു. അസുഖമുള്ളവയെയും മാറ്റിപ്പാർപ്പിക്കും. തുരിശു കലക്കിയ വെള്ളം, കുമ്മായം, പൊട്ടാസ്യം പെർമാംഗനേറ്റ് ഇവ അണുനാശിനിയായി ഉപയോഗിക്കുന്നു. കുഞ്ഞുങ്ങളെ തിരിച്ചറിയൽ വളയങ്ങൾ അണിയിച്ച് ലിംഗനിർണയം നടത്തിയതിനുശേഷം മാത്രം ആവശ്യക്കാർക്കു വിൽക്കുന്നു.
പക്ഷിവളർത്തൽ കച്ചവടമല്ല എന്ന തിരിച്ചറിവിൽനിന്നു സംരംഭം തുടങ്ങണമെന്ന് പക്ഷിപ്രേമികളുടെ കൂട്ടായ്മയായ ഏവിക്കൾച്ചർ അസോസിയേഷൻ ഓഫ് കേരളയില്‍ അംഗമായ മാഹിർ പറയുന്നു. വെറ്ററിനറി വിദ്യാര്‍ഥിയായ മാഹിറിന് പ്രായോഗിക പരിശീലന നിരീക്ഷണ കളരി കൂടിയാണ് സ്വന്തം വീട്ടിലെ ഈ പക്ഷി ശേഖരം. മിട്ടുവെന്ന വിളികേട്ടാൽ അരികിലെത്തുന്ന കൊന്യൂർ തത്തയും ഹലോ ശബ്ദവുമായെത്തുന്ന കുക്കുവെന്ന മക്കാത്തത്തയും എല്ലാവരെയും അനുകരിക്കുന്ന സാക്കിയെന്ന ചാരത്തത്തയും എല്ലാവരെയും ആർ യു ഹാപ്പിയെന്നു വിശേഷം തിരക്കുന്ന ബെബോയെന്ന കൊക്കുറ്റൂവുമൊക്കെ ചേർന്നുണ്ടാക്കുന്ന ലോകമാണ് മാഹിറിന്റെ സ്നേഹവീട്.
ഫോൺ: 9633802344