വേറിട്ട അനുഭവമൊരുക്കി യുവാവിന്റെ സ്വകാര്യ അരുമശാല; കാണാം കടപ്പുറത്തെ കാഴ്ചബംഗ്ലാവ്
സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ. അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി അരുമപ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം. പഠിക്കുന്ന കാലത്ത് പ്രാവിനെ വളർത്തി അരുമകളോടു ചങ്ങാത്തം തുടങ്ങിയ സാബിർ സ്വന്തം അരുമലോകം
സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ. അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി അരുമപ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം. പഠിക്കുന്ന കാലത്ത് പ്രാവിനെ വളർത്തി അരുമകളോടു ചങ്ങാത്തം തുടങ്ങിയ സാബിർ സ്വന്തം അരുമലോകം
സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ. അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി അരുമപ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം. പഠിക്കുന്ന കാലത്ത് പ്രാവിനെ വളർത്തി അരുമകളോടു ചങ്ങാത്തം തുടങ്ങിയ സാബിർ സ്വന്തം അരുമലോകം
സംസ്ഥാനത്തുതന്നെ അപൂർവ കാഴ്ചയാണ് കണ്ണൂർ മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ്സ് സ്റ്റേഷൻ. അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കും ഉരഗങ്ങൾക്കും മത്സ്യങ്ങൾക്കുമെല്ലാമായി അരുമപ്രേമിയായ ഒരു യുവാവ് സൃഷ്ടിച്ച അപൂർവ ദൃശ്യാനുഭവം. പഠിക്കുന്ന കാലത്ത് പ്രാവിനെ വളർത്തി അരുമകളോടു ചങ്ങാത്തം തുടങ്ങിയ സാബിർ സ്വന്തം അരുമലോകം കുട്ടികൾക്കും മുതിർന്നവർക്കുമായി തുറന്നു കൊടുത്തിരിക്കുന്നത് അവരെ ചിലതു പഠിപ്പിക്കാൻ കൂടിയാണ്. അരുമകളെ പരിപാലിക്കുന്ന അനേകരിൽനിന്നു സാബിറും പെറ്റ്സ് സ്റ്റേഷനും വ്യത്യസ്തമാകുന്നതും അതുകൊണ്ടുതന്നെ.
‘അരുമപ്പക്ഷികളെയും മൃഗങ്ങളെയും അലങ്കാരമത്സ്യങ്ങളെയുമെല്ലാം വളർത്തുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ അതെത്രത്തോളം ഗൗരവത്തോടെ കാണുന്നുണ്ട് നമ്മുടെ സമൂഹം? പെറ്റ്സിനെ വളർത്താൻ ആഗ്രഹിക്കുന്ന കുട്ടികളെ എത്രത്തോളം പ്രോത്സാഹിപ്പിക്കുന്നുണ്ട്?’, സാബിർ ചോദിക്കുന്നു. ‘ചെറിയ കുട്ടികളെ അതിന് അനുവദിച്ചാൽത്തന്നെ അവര്‍ മുതിർന്ന ക്ലാസിലേക്ക് എത്തുന്നതോടെ മാതാപിതാക്കളും അധ്യാപകരും നിർബന്ധിച്ച് പെറ്റ്സിനെ ഒഴിവാക്കും. അതല്ല വേണ്ടത്, കുട്ടികളുടെ ജീവിതത്തിൽ പെറ്റ്സിനുണ്ടാക്കാൻ കഴിയുന്ന സ്വാധീനം സമൂഹം തിരിച്ചറിയണം. അതു ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് പെറ്റ്സ് സ്റ്റേഷൻ’, സാബിർ പറയുന്നു.
പെറ്റ് പേരന്റിങ്
പക്ഷിയാകട്ടെ, മൃഗമാകട്ടെ, അരുമയെ വളർത്തുന്ന കുട്ടി കുഞ്ഞുപ്രായത്തിൽത്തന്നെ ഒരു രക്ഷാകർത്തൃത്വം–പെറ്റ്സ് പേരന്റിങ്–ഏറ്റെടുക്കുകയാണ്. മേലിൽ ആ ജീവിയുടെ ഏക ആശ്രയം കുട്ടിയാണ്. കൂട്ടിൽ കിടക്കുന്ന ജീവിക്ക് സ്വയം തീറ്റ തേടാനാവില്ല. ഉടമ നൽകിയില്ലെങ്കിൽ അതു പട്ടിണി കിടന്നു മരിക്കും. തന്റെ സംരക്ഷണയിൽ ഒരു ജീവി വളരുന്നുണ്ടെന്നും അതിനു താനല്ലാതെ മറ്റാരുമില്ലെന്നുമുള്ള ചിന്ത കുട്ടിയെ അങ്ങേയറ്റം ഉത്തരവാദിത്തമുള്ള വ്യക്തിയാക്കി മാറ്റുമെന്ന് സാബിർ. അതിന്റെ ഭാഗമായുണ്ടാകുന്ന അച്ചടക്കമാണ് മറ്റൊരു മെച്ചം. അരുമയെ പരിപാലിക്കുന്ന കുട്ടി ക്ലാസിൽ താമസിച്ചു വരാനോ വൈകി വീട്ടിലെത്താനോ സാധ്യതയില്ല. മാത്രമല്ല, അവന്‍ പഠനത്തിലും പരിപാലനത്തിലുമെല്ലാം ടൈം ടേബിൾ പാലിക്കും. അരുമകളെ പരിപാലിക്കുന്ന കുട്ടികൾ ലഹരി പോലുള്ള ദുശ്ശീലങ്ങളിലേക്കു തിരിയില്ലെന്നും സാബിർ പറയുന്നു.
സ്വന്തം വീട് അരുമകൾക്കു വിട്ടു കൊടുത്ത് വേറെ വീടുവച്ച് മാറാൻ മൂന്നു വർഷം മുൻപ് സാബിറിനെ പ്രേരിപ്പിച്ചത് ഈ ചിന്തകൾ തന്നെ. പക്ഷികളിൽ തുടങ്ങിയ പെറ്റ്സ് പ്രേമം നായ്ക്കളിലേക്കും മത്സ്യങ്ങളിലേക്കും കുതിരകളിലേക്കുമെല്ലാം വളർന്നപ്പോഴും അതിനൊരു ബിസിനസ് ലക്ഷ്യമുണ്ടായിരുന്നില്ലെന്ന് സാബിർ. എന്നാൽ സ്വന്തം ശേഖരത്തിലെ അപൂർവ അതിഥികളെ കാണാനെത്തുന്നവരുടെ എണ്ണം പെരുകിയതോടെ ആളുകൾക്കു ചുറ്റിനടന്ന് കാണാവുന്ന തരത്തിൽ കൂടുകളും വിശ്രമിക്കാനുള്ള ഇടങ്ങളുമെല്ലാം ഒരുക്കി. മുന്നിലെ വിശാലമായ കടൽക്കാഴ്ച കൂടി ചേർന്നതോടെ പെറ്റ്സ് സ്റ്റേഷൻ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചെന്നു സാബിർ. ഇതൊക്കെയാണെങ്കിലും പെറ്റ്സ് സ്റ്റേഷൻ ഇന്നും പെറ്റ്സ് ഷോപ്പല്ല. തന്റെ അരുമകളിൽ ഒന്നിനെപ്പോലും സാബിർ വിൽക്കുന്നില്ല. ഓരോ അരുമയും അത്രമേൽ ഇണങ്ങിയവയും അത്രത്തോളം പ്രിയപ്പെട്ടവയുമാണ് സാബിറിന്. പ്രവേശന ഫീസ് നൽകി അകത്തു കയറുന്നവർക്ക് ഓരോന്നിനെയും കാണാം, അടുത്തു പരിചയപ്പെടാം.
പെറ്റ് പ്രപഞ്ചം
ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള അപൂർവവും വിശിഷ്ടവും വിലപിടിച്ചതുമായ ഇനങ്ങളാണ് സാബിറിന്റെ പെറ്റ്സ് സ്റ്റേഷനിലുള്ളത്. ശുദ്ധജലമത്സ്യങ്ങളിലെ ഭീമനായ അരാപൈമയിലും ആൾവലുപ്പമുള്ള ഇഗ്വാന ഓന്തിലും തുടങ്ങുന്ന കാഴ്ചകൾ ഏതൊരു പെറ്റ്സ് പ്രേമിയിലും അദ്ഭുതവും ആഹ്ലാദവും നിറയ്ക്കും. ഓസ്ട്രേലിയയിൽനിന്നുള്ള ബ്ലാക്ക് സ്വാൻ, പോളണ്ടിന്റെ പോമറേനിയൻ ഗൂസ്, അമേരിക്കയിലെ കയൂഗ ഡക്ക്, ഇന്തൊനീഷ്യയുടെ അംബ്രല്ല കോക്കറ്റൂ, ഓസ്ട്രേലിയൻ ഗാല കോക്കറ്റൂ, ബൊളീവിയയുടെ ഹാർലിക്വിൻ മക്കാവ്, മക്കാവിനങ്ങളിലെ കുഞ്ഞനായ ഹാൻസ്, സെനഗൽ പാരറ്റ്, ഇന്തൊനീഷ്യൻ റെഡ് ലോറി, ന്യൂസിലൻഡിന്റെ ക്രിമ്സൻ റോസല്ല പാരറ്റ്, ആഫ്രിക്കൻ ഗ്രേ പാരറ്റ്, ചെറിയ പ്രാവിനം ഡയമണ്ട് ഡവ് എന്നിങ്ങനെ നീളുന്ന വർണപ്പക്ഷികളുടെ കൂടുകളുടെ മുന്നിൽ വിടർന്ന കണ്ണുകളുമായി കുട്ടികളെക്കാണുമ്പോൾ തന്റെ ചിന്തകൾ തെറ്റിയില്ല എന്ന സന്തോഷമുണ്ട് സാബിറിന്.
അണ്ണാനുകളുടെ ലോകത്തെ അരുമയായ കംബോഡിയൻ സ്ക്വിരൽ, ഇരുകാലിൽനിന്ന് കൈകൂപ്പി കൗതുകം ജനിപ്പിക്കുന്ന ആഫ്രിക്കൻ മീർകാറ്റ്, അരുമകളുടെ ലോകത്തെ പുതു താരമായ ബോൾ പൈത്തൻ പാമ്പിനങ്ങൾ, അരുമയായി താലോലിക്കാവുന്ന എട്ടുകാലികൾ, തേളുകൾ, കുരങ്ങിന്റെ കുടുംബക്കാരനായ കുഞ്ഞൻ മാർമൊസെറ്റ്, കാഴ്ചയിൽ കീരിയെപ്പോലെ തോന്നുന്ന ഫെററ്റ്, ഫാൻസി മുയലുകൾ, പേർഷ്യൻ പൂച്ചകൾ, കുള്ളൻ കുതിരകൾ, സവാരിക്കുതിരകൾ എന്നിങ്ങനെ ഏതൊരു സന്ദർശകനെയും വിടാതെ പിടിച്ചുനിർത്തുന്ന കാഴ്ചകളുണ്ട് പെറ്റ്സ് സ്റ്റേഷനിൽ.
പെറ്റ് എക്സ്പീരിയൻസ്
അരുമയെ വളർത്താൻ ആലോചിക്കുന്നവർ മുൻപേ അതിനെയൊന്നു പരിചയപ്പെടണ്ടേ? വേണമെന്ന് സാബിർ. ഏതിനമാണ് തനിക്കു ചേരുന്നത്, എന്തൊക്കെ പരിപാലനമാണ് അതിനു വേണ്ടത്, അതിനോടൊത്ത് സമയം ചെലവിടുമ്പോഴുള്ള അനുഭവമെങ്ങനെ എന്നെല്ലാം മനസ്സിലാക്കാനുള്ള ‘പെറ്റ് എക്സ്പീരിയൻസി’ന് അവസരവുമൊരുക്കുന്നുണ്ട് സാബിർ. സന്ദർശകർക്ക് പൈത്തൻ പാമ്പിനെ മുതൽ ഇഗ്വാന ഓന്തിനെ വരെ കയ്യിലെടുത്തു ലാളിക്കാം.
ഇത്രയധികം ജീവികൾ പാർക്കുമ്പോഴും അസുഖകരമായ മണമോ വൃത്തിഹീനമായ കൂടോ പെറ്റ്സ് സ്റ്റേഷനിലില്ല. പെറ്റ്സിനെ കണ്ടുമുട്ടുന്ന സാഹചര്യവും പ്രധാനമെന്ന് സാബിർ. മനോഹരമായ ചുറ്റുപാടിലും അന്തരീക്ഷത്തിലും ഈ അരുമകളെ കാണുന്നവർക്ക് തീർച്ചയായും അതുപോലൊന്നിനെ വാങ്ങി വളർത്താൻ തോന്നുമെന്നും സാബിർ. ഈ കാഴ്ചപ്പാടുകൾ തന്നെയാണ് സാബിറിന്റെ പെറ്റ്സ് സ്റ്റേഷനെ വേറിട്ട അനുഭവമാക്കി മാറ്റുന്നതും.
instagram: petstationkannur
English summary: Pet station kannur mattool tourist place