പൊതുസ്ഥലങ്ങളിലേക്കു കയറി തെരുവുനായ്ക്കൾ; വിമാനത്താവളത്തിലും രക്ഷയില്ല
രാജ്യാന്തര വിമാനത്താവളം തെരുവുനായ്ക്കളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോ? വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പട്ടികടിയേൽക്കേണ്ടി വന്നതും, തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയതും കഴിഞ്ഞ ആഴ്ചയാണ്. ഇന്നലെ വിനോദസഞ്ചാരിയായ ജർമൻ യുവതിക്ക് തെരുവുനായയുടെ
രാജ്യാന്തര വിമാനത്താവളം തെരുവുനായ്ക്കളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോ? വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പട്ടികടിയേൽക്കേണ്ടി വന്നതും, തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയതും കഴിഞ്ഞ ആഴ്ചയാണ്. ഇന്നലെ വിനോദസഞ്ചാരിയായ ജർമൻ യുവതിക്ക് തെരുവുനായയുടെ
രാജ്യാന്തര വിമാനത്താവളം തെരുവുനായ്ക്കളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോ? വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പട്ടികടിയേൽക്കേണ്ടി വന്നതും, തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയതും കഴിഞ്ഞ ആഴ്ചയാണ്. ഇന്നലെ വിനോദസഞ്ചാരിയായ ജർമൻ യുവതിക്ക് തെരുവുനായയുടെ
രാജ്യാന്തര വിമാനത്താവളം തെരുവുനായ്ക്കളുടെ സ്വാഭാവിക ആവാസവ്യവസ്ഥയോ?
വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് പട്ടികടിയേൽക്കേണ്ടി വന്നതും, തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയതും കഴിഞ്ഞ ആഴ്ചയാണ്. ഇന്നലെ വിനോദസഞ്ചാരിയായ ജർമൻ യുവതിക്ക് തെരുവുനായയുടെ കടിയേറ്റത് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ചാണ്.
കേരളത്തിലെ ബസ് സ്റ്റാൻഡുകളിൽവച്ച് വയോധികർക്കും വിദ്യാർഥികൾക്കും നിരന്തരം കടിയേൽക്കുന്നത് ഇന്ന് വാർത്തയല്ലാതായിത്തീർന്നിട്ടുണ്ട്. വാർത്തയാവണമെങ്കിൽ ഒന്നുകിൽ വിദേശ പൗരനോ, രാജ്യാന്തര യാത്രക്കാരനോ ആവണം?
ഇത്തരത്തിൽ പ്രസക്തമാകുന്ന ചില ചോദ്യങ്ങളുണ്ട്.
എന്തുകൊണ്ട് വിമാനത്താവളങ്ങളിലും റയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ ജനസാന്ദ്രമായ മേഖലയിൽ തെരുവുനായ്ക്കളെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നു? അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് മേൽപറഞ്ഞ ഇടങ്ങൾ എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ABC ചട്ടം അനുസരിച്ച് തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പിടികൂടിയ സ്ഥലത്ത് (അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ) തിരികെ വിടണം എന്നാണ് നിയമം. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവളം തുടങ്ങിയ ഇടങ്ങളിൽ ഭക്ഷണം കിട്ടും എന്നുള്ളതുകൊണ്ട് പെറ്റുപെരുകിയതാണ് ഈ നായ്ക്കൾ. അതിനാൽ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഈ സ്ഥലങ്ങൾ എന്ന് വ്യാഖ്യാനിക്കുന്നത് ജനദ്രോഹമാണ്. ഇത്തരം സ്ഥലങ്ങളിൽ വിഹരിക്കുന്ന നായ്ക്കളെ ഉചിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുകയാണ് അടിയന്തിരമായി അധികാരികൾ ചെയ്യേണ്ടത്. ഈ നായ്ക്കൾക്കൊന്നും പ്രതിരോധ വാക്സീൻ കിട്ടിയിട്ടുള്ളതല്ല എന്ന് പ്രത്യേകം ഓർക്കണം.
കഴിഞ്ഞകാലങ്ങളിൽ സർക്കാർ എടുത്ത തീരുമാനങ്ങൾ ഒന്നും തന്നെ പ്രാവർത്തികമായില്ലാന്ന് പരിശോധിച്ചാൽ മനസ്സിലാകും. കഴിഞ്ഞ വർഷമാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ ഒരു കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. കേരളത്തിൽ ജനരോഷം ആളിക്കത്തിയ സമയം, കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു തെരുവുനായ്ക്കളെ നശിപ്പിക്കണം എന്നാവശ്യപ്പെട്ടു. ജനരോഷം തണുപ്പിക്കാൻ കഴിഞ്ഞു എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
2023ലെ ABC ചട്ടം നിലവിലുള്ളതു കൊണ്ട് കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നു വിധി വന്നു. ABC ചട്ടപ്രകാരം എല്ലാ തെരുവുനായ്ക്കളെയും വന്ധ്യം കരിച്ച് പ്രതിരോധ കുത്തിവയ്പ്പെടുക്കണം എന്നാണ് നിയമം. അതുവഴി ജനനനിയന്ത്രണം സാധ്യമാവും എന്നാണ് കരുതുന്നത്. എല്ലാ ബ്ലോക്കിലും വന്ധ്യംകരണത്തിനാവശ്യമായ ശീതീകരിച്ച കേന്ദ്രങ്ങൾ, തെരുവിലെ എല്ലാ നായ്ക്കളെയും പിടികൂടി വാക്സിനേഷൻ, വാക്സിനേഷൻ ലഭിക്കുന്നവയെ തിരിച്ചറിയാൻ അവയുടെ ശരീരത്തിൽ പെയിന്റ് ചെയ്യുക, അക്രമകാരികളെ കണ്ടെത്തി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുക, എല്ലാവർക്കും ബോധവൽക്കരണം തുടങ്ങിയ മോഹന സുന്ദര വാഗ്ദാനങ്ങൾ സ്വയംഭരണ വകുപ്പ് മന്ത്രിയുടെയും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടേതുമായ മാറി മാറി വന്നതല്ലാതെ ഒന്നും നടന്നില്ല. തീരെ നടന്നില്ലാന്ന് പറയുന്നില്ല. ചില വാക്സിനേഷൻ ക്യാംപുകളുടെ ഉദ്ഘാടനം മന്ത്രിയുടെ നേതൃത്വത്തിൽ ആർഭാടമായി നടന്നു. ഉദ്ഘാടനത്തോടെ പദ്ധതി അവസാനിച്ചു എന്നു മാത്രം.
നിലവിൽ എത്ര ബ്ലോക്കുകളിൽ ABC കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അധികാരികൾ പൊതുജനങ്ങളെ അറിയിക്കുന്നത് നന്നായിരിക്കും. ഒന്നോ രണ്ടോ ഇടങ്ങളിൽ പ്രവർത്തിച്ചാലായി. ഒരു തെരുവുനായയെപ്പോലും ഇപ്പോൾ കുത്തിവയ്പ്പിന് വിധേയമാക്കുന്നില്ല.
തെരുവു നായ്ക്കൾ തെരുവിൽനിന്ന് റെയിൽവേ സ്റ്റേഷൻ, സർക്കാർ ഓഫീസുകൾ, വിമാനത്താവളം, ബസ് സ്റ്റാൻഡ് തുടങ്ങിയ പൊതു ഇടങ്ങളിലേക്കു കൂടി വ്യാപിച്ചു എന്നതാണ് വാസ്തവം.
സുപ്രീം കോടതി വിധിച്ചത് 2023ലെ ABC ചട്ടം നടപ്പിലാക്കാനാണ്. എന്നാൽ ABC ചട്ടപ്രകാരമുള്ള ഒരു പ്രവർത്തനവും നടപ്പിലാവുന്നില്ല.
അധികാരികൾ പൊതുജന നന്മയ്ക്കായി ചെയ്യേണ്ടത്, അടിയന്തിരമായി വിമാനത്തവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ മറ്റു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുകയാണു വേണ്ടത്. മേൽപറഞ്ഞ പൊതു ഇടങ്ങൾ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണെന്നുള്ള കണ്ണിൽ പൊടിയിടൽ വാദം തൽക്കാലം നമുക്ക് വേണ്ട.
അതോടൊപ്പം കഴിഞ്ഞ കാലങ്ങളിൽ ഉദ്ഘാടനം ചെയ്തതും പ്രഖ്യാപിച്ചതുമായ പദ്ധതികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചു ഒരു അവലോകന റിപ്പോർട്ട് മന്ത്രിതലത്തിൽ തയാറാക്കി പ്രസിദ്ധീകരിക്കുന്നതും നന്നായിരിക്കും.