10, 12, 19...തന്റെ ആദ്യ ആഭ്യന്തര, വണ്‍ഡേ, ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോഹ്‌ലി സ്‌കോര്‍ ചെയ്ത റണ്‍സാണ് ഇത്. ഒന്നൊന്നര മോശം തുടക്കം എന്നെല്ലാം വേണമെങ്കില്‍ പറയാം. തുടക്കം നന്നായില്ലെങ്കില്‍ പിന്നെ ഒന്നും ശരിയാകില്ല എന്ന ചിന്തയെല്ലാം ഇന്ന് പഴഞ്ചനാണ്. 10 റണ്‍സുമായി കരിയര്‍ തുടങ്ങിയ ഒരു താരത്തെ ഇന്ന് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നു. ഇത്തരത്തിലൊരു പരിണാമം എങ്ങനെ സംഭവിച്ചു. ലളിതമായി പറഞ്ഞാല്‍ ഈ വിജയകഥ പറയുന്ന പുസ്തകമാണ് അഭിരൂപ് ഭട്ടാചാര്യ എഴുതിയ 'വിന്നിങ് ലൈക് വിരാട്: തിങ്ക് ആന്‍ഡ് സക്‌സീഡ് ലൈക് കോഹ്‌ലി' എന്ന പുസ്തകം. രൂപ പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ഒരു പുതിയ ഇതിഹാസത്തിന്റെ നിര്‍മിതി അനാവരണം ചെയ്യുകയാണ് അഭിരൂപിന്റെ പുസ്തകം. ക്രിക്കറ്റിനെ മതമായി കാണുന്ന ഒരു രാജ്യത്ത് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഒരു പുതുതാരോദയമാണ് കോഹ്‌ലിയെന്ന സന്ദേശം നല്‍കാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്.
വിരാട് എന്ന ക്രിക്കറ്ററിലും മനുഷ്യനിലുമുള്ള അനന്യസാധാരണമായ സ്വഭാവസവിശേഷതകള്‍ ഇതില്‍ വരച്ചിടുന്നുണ്ട്. നേതൃത്വമികവും സമ്മര്‍ദ്ദങ്ങളെ മാനേജ് ചെയ്യാനുള്ള മനോനിയന്ത്രണവും ഒന്നിനെയും കൂസാതെയുള്ള തന്റേടവും ഓരോ കളിയും ജയിക്കാനുള്ള അസാമാന്യ തൃഷ്ണയുമെല്ലാമാണ് വിരാട് കോഹ്്ലിയെന്ന താരത്തെ വാര്‍ത്തെടുത്തതെന്ന് നിരീക്ഷിക്കുന്നു അഭിരൂപ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞ വാക്കുകള്‍ ആലേഖനം ചെയ്ത കവര്‍ പേജ് തന്നെയാണ് വിരാട് കോഹ്‌ലിയുടെ പ്രതിഭയുടെ ഏറ്റവും വലിയ അംഗീകാരം. വിരാടിന്റെ അച്ചടക്കവും പ്രതിബദ്ധതയും പകര്‍ത്തപ്പെടേണ്ടത് തന്നെയാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ അവന്‍ കൂടുതല്‍ ഉന്നതി പ്രാപിക്കുന്നു-വിരാട് കോഹ്‌ലിയെ അടയാളപ്പെടുത്തുന്ന സച്ചിന്റെ വാക്കുകളാണിത്.
ഫീല്‍ഡിന് പുറത്ത് തന്റെ ബ്രാന്‍ഡ് ഇമേജ് നിലനിര്‍ത്താനും അതിന്റെ ബിസിനസ് സാധ്യതകള്‍ പരമാവധി മുതലെടുക്കാനുമുള്ള കോഹ്‌ലിയുടെ സംരംഭകവൈദഗ്ധ്യവും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട് അഭിരൂപ്.
ടിവി സ്‌ക്രീനിന് മുന്നില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ കണ്ണുനട്ടിരിക്കുന്ന 90കളിലെ സാഹചര്യത്തിലേക്ക് വീണ്ടും ഇന്ത്യന്‍ ജനതയെ തിരിച്ചുകൊണ്ടുപോകാന്‍ ശേഷിയുണ്ട് കോഹ്‌ലിയുടെ വിരാട ബാറ്റിങ്ങിന്. ക്രിക്കറ്റ് ക്രേസി രാജ്യത്ത് ഒരു അസാമാന്യ പരിവേഷം കോഹ്‌ലിക്ക് കൈവരുന്നുണ്ടെന്ന വസ്തുതയിലേക്ക് വിരല്‍ ചൂണ്ടുന്നു ഈ പുസ്തകം.
അണ്ടര്‍ 19 വേള്‍ഡ് കപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തത് മുതല്‍ 2017ല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത് വരെയുള്ള വിരാടിന്റെ നേട്ടങ്ങള്‍ പുസ്തകത്തില്‍ എണ്ണി എണ്ണി പറയുന്നുണ്ട്.
വിരാട് കോഹ്‌ലിയുടെ സാമൂഹ്യ പ്രതിബദ്ധതയും പുസ്തകത്തില്‍ അഭിരൂപ് ചര്‍ച്ച ചെയ്യുന്നുണ്ട്. വനിതാ ശാക്തീകരണത്തിന്റെ കാര്യത്തിലായാലും ഡെല്‍ഹിയിലെ മലിനീകരണത്തിന്റെ കാര്യത്തിലായാലും തന്റേതായ ശൈലിയില്‍ ഇടപെടാന്‍ ഈ യുവതാരം കാണിക്കുന്ന ഊര്‍ജ്ജസ്വലത മാതൃകയാക്കപ്പെടേണ്ടതാണെന്ന് ഓര്‍മപ്പെടുത്തുന്നു ഈ പുസ്തകം. ഇപ്പോള്‍ 28 വയസ്സാണ് കോഹ്‌ലിക്ക്. ഒരു പക്ഷേ റിട്ടയര്‍ ചെയ്യുമ്പോള്‍ ഇനി എഴുതി ചേര്‍ക്കാന്‍ റെക്കോഡുകള്‍ ബാക്കിയുണ്ടാകില്ല.
ഒരു യുവ പ്രൊഫഷണലായാലും വിദ്യാര്‍ത്ഥി ആയാലും കായികതാരമായാലും എല്ലാം വിരാട് കോഹ്‌ലിയില്‍ നിന്ന് പഠിക്കാനും പകര്‍ത്താനും ഏറെ കാര്യങ്ങളുണ്ടെന്ന് അടിവരയിടുന്നു വിന്നിങ് ലൈക് വിരാട്; തിങ്ക് ആന്‍ഡ് സക്‌സീഡ് ലൈക് കോഹ്‌ലി.
ആമസോണില്‍ ലഭ്യമായ പുസ്തകത്തിന് 127 രൂപയാണ് വില.