Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്തോഭശിൽപ സൗന്ദര്യങ്ങളെ വാഴ്ത്തുമ്പോൾ

സാഹിത്യതൽപരർക്കും ഭാഷാസ്നേഹികൾക്കും ജിജ്ഞാസയും ആഹ്ളാദവും പകരുന്ന ലേഖനങ്ങളുടെ സമാഹാരമാണു സജയ് കെ.വിയുടെ ‘അടക്കവും അനക്കവും’. എഴുത്തച്ഛൻ മുതൽക്കുള്ള മലയാള കവിതയുടെ ഭാവവൈവിധ്യത്തിലാണ് ഊന്നൽ. ഗദ്യത്തിൽനിന്നുള്ള വായനകളും പങ്കുവയ്ക്കുന്നു.

ലേഖനങ്ങൾക്കു പൊതുവേ ദൈർഘ്യം കുറവാണെങ്കിലും ഉൾക്കനമാണു സവിശേഷത. അവ പ്രസരിപ്പിക്കുന്ന അനുഭൂതികളും വ്യാപ്തിയേറിയതാകുന്നു. സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന ഭാഷയിലെ ശിൽപവടിവുകളാണവ. ‘ജീവിതദൃശ്യങ്ങൾ കൂടുതൽ നഗ്നവും നിശിതവും തീക്ഷ്ണവുമായി മാറുന്നു’ ഇവിടെ. ‘നാമകരണത്തിനു വഴങ്ങാത്തതും നിരുദ്ദേശ്യവുമായ വിസ്‌മയ’ങ്ങൾ  എടുത്തുകാട്ടുന്നു. 

ആശാൻ, വള്ളത്തോൾ, വൈലോപ്പിള്ളി, അക്കിത്തം, പി. ജി. കുമാരപിള്ള, ഡി.വിനയചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെയും എസ്. ജോസഫ്, വീരാൻകുട്ടി, പി.പി. രാമചന്ദ്രൻ, അൻവർ അലി എന്നിവർ അടക്കമുള്ള സമകാലീകരുടെയും കവിതകളെ അടുത്തു നോക്കുന്നു. വൈലോപ്പിള്ളിയും കുമാരനാശാനും വിളക്കായി പ്രകാശിക്കുന്ന ഈ പുസ്തകത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ മലയാളകവിതയ്ക്കു സംഭവിച്ച ഭാവപരിണാമങ്ങളെയും അടുത്തുനോക്കുന്നു. 

വായനക്കാരുടെ സന്ദേഹങ്ങളെ അഭിമുഖീകരിക്കുകയും ജിജ്ഞാസകൾക്കു വഴികാട്ടുകയും ചെയ്യുന്ന ഒട്ടേറെ ആസ്വാദന സന്ദർഭങ്ങളുണ്ട്. ആശാന്റെ നളിനിയെപ്പറ്റി:‘ഒരു നേർത്ത നെടുവീർപ്പിലാരംഭിച്ച് ഭൂചലനം പോലെ ഭീമമായ ഒരാന്തരിക ചലനത്തിലാണവസാനിക്കുന്നതു നളിനീകാവ്യം’. വള്ളത്തോളിന്റെ ‘കിളിക്കൊഞ്ചൽ’ : ‘ബാല്യത്തിന്റെ ആരാമം മാത്രം പ്രമേയമാകുമായിരുന്ന കവിതയിലേക്ക്, അങ്ങനെ, സ്വാതന്ത്ര്യത്തിന്റെ ആകാശം കൂടി വന്നു ചേരുന്നു’. സമകാലീകരായ ആശാന്റെയും വള്ളത്തോളിന്റെയും അഭിരുചിവ്യത്യാസം കൂടി ഈ സന്ദർഭത്തിൽ നാം കാണുന്നു.

വൈലോപ്പിള്ളിയെപ്പറ്റിയാണ് ഈ പുസ്തകത്തിൽ ഏറ്റവും ദീർഘമായ ആലോചനകളുള്ളത്, പലലേഖനങ്ങളിലായി. എഴുത്തച്ഛനെഴുതിയ കവിതയെ (ഗൃഹപുരാണം– മകരക്കൊയ്ത്ത്) മുൻനിർത്തിയുള്ള ലേഖനത്തിൽ, എഴുത്തച്ഛന്റെ കവിതയ്ക്ക് മലയാളിയുടെ മേലുള്ള മാന്ത്രികപ്രഭാവത്തെ വ്യഞ്ജിപ്പിക്കാനാണു വൈലോപ്പിള്ളി ശ്രമിക്കുന്നതെന്നു പറയുന്നു. എന്നിട്ട് എഴുത്തച്ഛനെപ്പറ്റിയുടെ  വാക്യം: ‘പാട്ടവിളക്കിൽനിന്ന് നിലവിളക്കിലേക്കുള്ള ഭാവാന്തരവും രൂപാന്തരവും മലയാള കവിതയിൽ സാഷാത്കരിച്ച കവിയാണെഴുത്തച്ഛൻ’. മറ്റൊരു ലേഖനത്തിൽ, വൈലോപ്പിള്ളിയുടെ കയ്പവല്ലരിയുമായി ജിയുടെ കവിതയ്ക്കുള്ള ഹൃദയബന്ധവും ലേഖകൻ വിവരിക്കുന്നുണ്ട്. 

പദ്യത്തിൽനിന്നു ഗദ്യത്തിലേക്കു മാറുന്ന പുസ്തകത്തിന്റെ മൂന്നാം ഭാഗത്തു ബഷീർ, കാരൂർ മുതൽ പത്മരാജനും എം. സുകുമാരനും പി.എഫ്. മാത്യൂസും സുഭാഷ് ചന്ദ്രനും വരെയുണ്ട്. ഇപ്പോൾ അധികമാരും ഓർമിക്കാത്ത ആർ. വിശ്വനാഥന്റെ നിരൂപണകൃതികളെ വിശകലനം ചെയ്യുന്ന ലേഖനമാണ് ഒടുവിലത്തേത്. അതുവരെയുള്ള എഴുത്തിന്റെ ന്യായം പോലെയാണ് അവസാന താളുകളിലെ ആർ. വിശ്വനാഥൻ ലേഖനം. അദ്ദേഹം സാഹിത്യ അക്കാദമി പുരസ്കാരം നേടിയ നിരൂപകനാണ്. പക്ഷേ മൂന്നു ചെറിയ പുസ്തകങ്ങൾ മാത്രം എഴുതി. ആ നിരൂപണശൈലിയുടെ സവിശേഷവ്യക്തിത്വം തനിക്കു കൂടി ഇണങ്ങുന്നതു മൂലമാകാം സജയ് അതേപ്പറ്റി വിശദമാകുന്നത്:‘വിമർശനകലയിലെ ദീപകാലങ്കാരമാണ്  ആർ. വിശ്വനാഥന്റെ രീതി. ഒരു കേന്ദ്രത്തിൽനിന്ന് വട്ടം ചുറ്റി വിടരുന്ന ഓളങ്ങളുടെയോ ഒരിടത്തു ഞൊറിഞ്ഞുകുത്തിയ ഉടയാടയുടെയോ ഘടന. ഈ ഘടനാസൗഷ്ഠവമാണു ആർ. വിശ്വനാഥന്റെ വിമർശനോപന്യാസങ്ങൾക്ക് ഭാവഗീതാത്മകമായ ഏകാഗ്രത നൽകുന്നത്.’ 

ഗദ്യശൈലിയുടെ ബലവും സൗന്ദര്യവും തന്നെയാണു പ്രധാനം. ഇതിനാൽ മുഖ്യധാര നിരൂപകരേക്കാൾ സജയ്ക്കു പ്രിയങ്കർ ഡോ. കെ ഭാസ്കരൻനായരും എം പി ശങ്കുണ്ണിനായരുമൊക്കെയാണ്. ഇപ്പറഞ്ഞവരുടെ ദാർശനികമായ ആഴവും വിശകലന സൂക്ഷ്മതയും ഗദ്യമെഴുത്തിലെ കണിശതയും ശ്രദ്ധിക്കേണ്ടതാണ്. സാഹിത്യവിമർശനം നിരന്തരമായ അദ്ധ്വാനവും സത്യസന്ധതയും ആവശ്യപ്പെടുന്ന പ്രവൃത്തിയാണ്. ഇക്കാലത്ത് അത് നിഷ്ഠയോടെ ചെയ്യുന്ന അപൂർവം ചിലരിലൊരാളാണു സജയ് എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.