എസ്.ഗോപാലകൃഷ്ണൻ എന്ന മലയാളിയോടുള്ള സ്നേഹവും നന്ദിയും പരസ്യമായി പ്രകടിപ്പിച്ചവരിൽ പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയും എഴുത്തുകാരനായ അമിതാവ് ഘോഷുമുണ്ട്. പ്രശസ്തരും സാധാരണക്കാരുമെല്ലാം അടങ്ങുന്നതാണ് ആ കൂട്ടം. ഗോപാലകൃഷ്ണൻ സ്നേഹപൂർവം പങ്കുവയ്ക്കുന്ന സംഗീതം അവരുടെയെല്ലാം ഇൻ ബോക്സുകളിൽ പുലർച്ചയ്ക്കേ എത്തും.
ആ യു ട്യൂബ് ലിങ്കുകളിൽ ഒരു വിസ്മയം എപ്പോഴും ഒളിച്ചിരിക്കുന്നുണ്ടാകും. ചിലപ്പോൾ ഒരു അപൂർവരാഗം, ചിലപ്പോൾ അധികം കൊണ്ടാടപ്പെടാത്ത കലാകാരനോ കലാകാരിയോ. പിക്കാസോ ചിത്രത്തോടൊപ്പം വിശ്രുത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ അമീർ ഖാന്റെ സംഗീതത്തെ ചേർത്തുവയ്ക്കും. അല്ലെങ്കിൽ ലഡാക്കിൽ നിന്നെടുത്തൊരു ഹിമാലയ ചിത്രത്തോടൊപ്പമുള്ളത് കുമാർ ഗന്ധർവയുടെ രാഗസഞ്ചാരി ആയിരിക്കും. പാട്ടിനു പകർന്നുകൊടുത്തതാണ് ഗോപാലകൃഷ്ണന്റെ കാതുകൾ. തിരുനക്കര ക്ഷേത്രത്തിലെ ഉത്സവനാളുകളിൽ പതികാലത്തിൽ തുടങ്ങിയ കേൾവിശീലം കൊട്ടിക്കയറിയത് ആകാശവാണി ആർക്കൈവ്സിൽ ചെലവിട്ട നാളുകളിലായിരുന്നു. പംക്തീകാരനായി പേരെടുത്ത ഗോപാലകൃഷ്ണന്റെ ജലരേഖകൾ, കഥ പോലെ ചിലതു സംഭവിക്കുമ്പോൾ, മനുഷ്യരുമായുള്ള ഉടമ്പടികൾ തുടങ്ങിയ പുസ്തകങ്ങളിലെല്ലാം സംഗീതാനുഭവമുണ്ടായിരുന്നു. ഇപ്പോഴിതാ ‘പാട്ടും കാലവും’ എന്ന പേരിൽ സംഗീതയാത്രകളെല്ലാം സമാഹരിക്കപ്പെട്ടിരിക്കുന്നു.
അന്നപൂർണാദേവിയും അമാനത് അലി ഖാനും തൊട്ട് എം.ഡി. രാമനാഥനും കെ.എസ്.ചിത്രയും ജിഎൻബിയും രാജരത്തിനം പിള്ളയും ജോൺ ലെനനും ഭീംസെൻ ജോഷിയും രവിശങ്കറും ഭാസ്കരൻ മാഷും മഹാരാജപുരം സന്താനവും ബഡേ ഗുലാം അലി ഖാനും ശെമ്മങ്കുടിയും സത്യജിത് റേയും റിച്ചാർഡ് വാഗ്നറും വരെ നിരക്കുന്ന സംഗീത വിരുന്നാണ് ഇത്. സംഗീതത്തെ മാത്രമല്ല ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും തത്വചിന്തയുടെയും സ്വരേഭദങ്ങളെക്കൂടി ഗോപാലകൃഷ്ണൻ രേഖപ്പെടുത്തുന്നു. മുഖവുരയിൽ പറയുന്നത് ഇങ്ങനെ: ‘ഒരു ദിവസം പാട്ടുകേട്ടില്ലെങ്കിൽ ഒരു പാപബോധം എന്നെ പൊതിയുന്നതു പോലെയാണ്. എന്നെ സംബന്ധിച്ചിടത്തോളം പാട്ട് കാലത്തിൽ നടക്കുന്ന ഒന്നാണ്. ജീവിക്കുന്ന കാലത്തിൽ മാത്രമാണ് അത് നടക്കുന്നത്. ജീവിക്കുന്ന കാലം എനിക്കു നൽകുന്ന സന്തോഷവും സംഘർഷവും മീട്ടുന്ന ഒരു ശ്രുതിയിൽ ആണ് കേൾവി എന്ന ലാവണ്യാനുഭവം സംഭവിക്കുന്നത്. ഗൃഹാതുരതയുമായല്ല, സമകാലികമായ ആതുരതയുമായാണ് ആ കേൾവിക്ക് ബന്ധം’. ജാഗ്രതയോടെ സംഗീതത്തെ മാത്രമല്ല, കാലത്തെയും കേൾക്കാൻ പ്രതിജ്ഞാബദ്ധമായ മനസ്സാണ് ഈ കുറിപ്പുകളിൽ തെളിയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ മത്സരിച്ച മോദിയുടെ നാമനിർദേശപത്രികയിൽ ഒപ്പിടാൻ ഉസ്താദ് ബിസ്മില്ലാ ഖാന്റെ മക്കൾ വിസമ്മതിച്ചെന്ന പത്രവാർത്തയിൽ നിന്നാണ് ‘ഗായകന്റെ ഭൂഖണ്ഡം’ എന്ന ലേഖനം ഉരുവപ്പെടുന്നത്. അത് യേശുദാസിലൂടെ, ആന്റണിയിലൂടെ, ഡാഗർ സഹോദരൻമാരിലൂടെ, കർണാടകസംഗീതത്തിലൂടെ, ബുള്ളേ ഷായിലൂടെ, ഉസ്താദ് ബഡേ ഗുലാം അലി ഖാനിലൂടെ, വിഭജനത്തിന്റെ മുറിവുകളിലൂടെ പടർന്ന് വലുതാകുന്നു. ‘ബനാറസ് യഥാർഥത്തിൽ സങ്കുചിതത്വത്തിന്റെ ഇടുങ്ങിയ മനസ്സുകളെ വിശാലതയിലേക്കു തുറക്കാൻ പ്രേരിപ്പിക്കുന്ന സ്ഥലമാണ്. ഒറ്റയ്ക്കായിപ്പോയ ഗൗതമനെ മധ്യമാർഗം പഠിപ്പിച്ച് ശ്രീബുദ്ധനാക്കിയ ‘വാരാണസി’ തെല്ലൊന്നുമല്ല ബഡേ ഗുലാം അലി ഖാനെയും സ്വാധീനിച്ചത്’. ‘സിതാറിലെ നെഹ്റു’ എന്നു വിശേഷിപ്പിച്ചാണ് പണ്ഡിറ്റ് രവിശങ്കറിനെ ഗോപാലകൃഷ്ണൻ ആദരിക്കുന്നത്. രവിശങ്കറിന്റെ ഗുരുവായ അല്ലാവുദ്ദീൻ ഖാനിലേക്കും നെഹ്റുവിന്റെ ഗുരുവായ ഗാന്ധിയിലേക്കും ലേഖനം അന്വേഷിച്ചെത്തുന്നുണ്ട്.
ഭീംസെൻ ജോഷിയുടെ സംഗീതത്തിൽ മുഗ്ധനായി എഴുതുന്നതു നോക്കുക: ‘‘അദ്ദേഹത്തിന്റെ സംഗീതം എന്റെ മനസ്സിലേക്കു കൊണ്ടുവരുന്ന ബിംബം, വനഭംഗിയായ ഒരു ഒറ്റയാൻ കടുവയുടേതാണ്. അപൂർവങ്ങളിൽ അപൂർവം’’. തോടി, പൂരിയ ധനശ്രീ, മാരു ബിഹാഗ് എന്നീ മൂന്നു രാഗങ്ങളിലൂടെ ഭീംസെന്റെ ജീവിതം സംഗ്രഹിക്കുന്നു.
ഗാന്ധിജി ഡാഗർ സഹോദരൻമാരുടെ സംഗീതം കേൾക്കാൻ അനുവദിച്ചതു പത്തു മിനുറ്റായിരുന്നു. അവർ നാൽപ്പതു മിനുറ്റോളം പാടി. പാട്ടുകഴിഞ്ഞതും ഒരക്ഷരം മിണ്ടാതെ ഗാന്ധിജി അവിടെ നിന്ന് എഴുന്നേറ്റു പോയി. പാടിയവർക്കും കേട്ടവർക്കും വിഷമമായി. സമയം കൂടുതലെടുത്തത് ഗാന്ധിജിക്ക് ഇഷ്ടമായില്ലെന്നാണ് ഡാഗർ സഹോദരൻമാർ വിചാരിച്ചത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഗാന്ധിജിയുടെ സെക്രട്ടറി വന്ന്, അദ്ദേഹം ഇന്നു മൗനവ്രതത്തിലാണെന്നും അതുകൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും പറഞ്ഞു. ഗാന്ധിജി എഴുതിയ ഒരു ചെറിയ കുറിപ്പ് ഡാഗർ സഹോദരൻമാർക്കു കൈമാറി. അതിൽ എഴുതിയത് ഇങ്ങനെയായിരുന്നു: ‘‘നിങ്ങളുടെ പാട്ടു കേൾക്കുമ്പോൾ ഞാൻ ഈശ്വരനെ അനുഭവിക്കുകയായിരുന്നു’’.
ചെന്നെയിലെ സംഗീതകാലത്തെക്കുറിച്ച് എഴുതുമ്പോൾ ഡോ. എബ്രഹാം പണ്ഡിതരെ അടയാളപ്പെടുത്താൻ ഗോപാലകൃഷ്ണൻ മറക്കുന്നില്ല. കർണാട സംഗീതത്തിന്റെ ചരിത്രകാരിയായ ഇന്ദിരാ മേനോനുമായി നടത്തിയ അഭിമുഖം കർണാടകസംഗീതത്തിലെ മേൽക്കീഴ് വ്യവസ്ഥയെ ആഴത്തിൽ വിലയിരുത്തുന്നുണ്ട്.
ചരിത്രത്തെ കോർത്തുകെട്ടുകയാണ് ഗോപാലകൃഷ്ണൻ. വീണ ധനമ്മാളിനെയും വിഖ്യാത ഗണിതശാസ്ത്രജ്ഞൻ രാമാനുജനെയും കുറിച്ച് എഴുതിയതു വായിക്കുക: ‘‘മദിരാശിയിൽ ജോർജ് ടൗണിൽ വീണ ധനമ്മാൾ ശ്രുതി മീട്ടുമ്പോൾ, നഗരത്തിന്റെ മറ്റൊരു മൂലയിൽ ഗുമസ്തപ്പണി ചെയ്തിരുന്ന രാമാനുജന്റെ പട്ടിണിയും മോഹഭംഗവും ആ തലച്ചോറിനെ മഥിച്ചിരുന്ന കണക്കിലെ ഊരാക്കുടുക്കുകളും അറിഞ്ഞുകൊള്ളണമെന്നില്ല. രാമാനുജൻ ധനമ്മാളിനെ തിരിച്ചും അറിഞ്ഞുകൊള്ളണമെന്നില്ല. പക്ഷേ രണ്ടുപേരെയും അലട്ടിയിരുന്നത് ഒരൊറ്റ പ്രശ്നമായിരുന്നു, അനന്തതയുടെ വർഗമൂലം കണ്ടെത്തുക എന്നത്. ജർമൻ തത്വചിന്തകനായിരുന്ന ലെയ്ബിനിസിനെ ഉദ്ധരിച്ചു പറഞ്ഞാൽ, നാം കടലിനു ചെവിയോർക്കുമ്പോൾ നമ്മൾ ഓരോ തുള്ളിയുടെയും ശബ്ദം കേൾക്കുന്നുണ്ട്. ഗണിതശാസ്ത്രജ്ഞനും വാഗ്ഗേയകാരനും ചെവിയോർക്കുന്നത് ഓരോ തുള്ളിയുടെയുള്ളിലെയും അനന്തകണങ്ങളിലേക്കാണ്’’.
മനസ്സു പട്ടം പോലെ ചരടുപൊട്ടിപ്പറക്കുമ്പോൾ അലഞ്ഞുതിരിയുകയും തെരുവിൽ ഭിക്ഷ തേടുകയും ചെയ്യുന്ന മുകുൽ ശിവപുത്രയെന്ന, കുമാർ ഗന്ധർവയുടെ മകനെക്കുറിച്ച് എഴുതിയത് സങ്കടത്തോടെയല്ലാതെ വായിക്കാനാവില്ല. യേശുദാസിനെ ഗോപാലകൃഷ്ണൻ അടയാളപ്പെടുത്തുന്നത് ഇങ്ങനെ: ‘‘കേരളത്തിൽ ആരും ശ്രീനാരായണഗുരുവിനെപ്പോലെ ജീവിക്കുവാൻ ശ്രമിച്ചില്ല. ആരും മറ്റൊരു ഇഎംഎസ്സാകാൻ ജൻമം ഉഴിഞ്ഞുവച്ചില്ല. എന്നാൽ യേശുദാസ് ആകാൻ ശ്രമിച്ച് സ്വന്തം ശാരീരവും സംഗീത ജീവിതവും ഹോമിച്ച ആയിരക്കണക്കിന് ആണുങ്ങളുടെ ബലിപീഠമാണ് കഴിഞ്ഞ അൻപതാണ്ടുകളുടെ കേരളത്തിന്റെ പാട്ടുമേട’’.
പാട്ടിന്റെ പലവഴിപ്പിരിവുകളിലൂടെ, ആൾക്കൂട്ട കവലകളിലൂടെ ഗോപാലകൃഷ്ണൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അവിടെ ഏറെ വിസ്മയങ്ങൾ കാത്തിരിക്കുന്നുണ്ട്, കേൾക്കാനിരിക്കുന്നുണ്ട്.