എന്റെ മഹതി,
ദൈവത്തിന്റെ പേരിൽ, എന്റെ പ്രിയപ്പെട്ട ഇനിസ്, പാദുവാ സർവകലാശാലയിലെ ഡീനും പള്ളിയിലെ ഡോക്ടർമാരും എന്റെ മേൽ അടിച്ചേൽപിച്ച നിശ്ശബ്ദനായിരിക്കണമെന്ന ശപഥം ഞാൻ ലംഘിക്കാൻ പോവുകയാണ്. എന്റെ കാര്യത്തിൽ മൗനവ്രതവും മരണവും ശിക്ഷയായി അടിച്ചേൽപിച്ചിട്ടുണ്ടെങ്കിലും മരണത്തെക്കാൾ എനിക്കു ഭയം മൗനത്തേയാണ്. ഈ കത്ത് ഫ്ളോറൻസിലുള്ള നിന്റെ പക്കൽ എത്തിച്ചേരുമ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടാവില്ല. നാളെ കർദ്ദിനാൾ കരാഫയുടെ അധ്യക്ഷതയിൽ കൂടുന്ന കോടതി മുമ്പാകെ സമർപ്പിക്കുവാനുള്ള പ്രസ്താവന എഴുതുവാനാണ് ഇന്നലെ രാത്രി മുഴുവനും ഞാൻ ചെലവിട്ടത്. എന്നാലും എന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് എനിക്കൊരു വാക്കെങ്കിലും പറയുവാൻ കഴിയുന്നതിനു വളരെമുമ്പുതന്നെ വിധിവാക്യം തയ്യാറായിരിക്കുമെന്ന് എനിക്കു നന്നായറിയാം. ചിതക്കുറ്റിയിലെ തീ അല്ലാതെ മറ്റൊരു വിധിയും എന്നെ കാത്തിരിപ്പില്ലെന്ന് എനിക്കറിയാം. വിചാരണയെന്ന ഈ താമശയ്ക്കിടയിൽ എന്റെ ജീവനുവേണ്ടി ഇടപെടുന്നതിൽ വിജയിക്കുവാൻ നിനക്കു കഴിയുമെന്ന് എനിക്കു തോന്നിയിരുന്നുവെങ്കിൽ നിസ്സംശയം ഞാനതിനു നിന്നോട് അഭ്യർഥിക്കുമായിരുന്നു. നിരവധികാര്യങ്ങൾ ഞാൻ നിന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരെണ്ണം കൂടി ചോദിക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്റെ വിധി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞുവെന്ന കാര്യവും എനിക്കറിയാം. നീ ഞാൻ പറയുന്നത് ചെവി തുറന്നു കേൾക്കണം എന്നു മാത്രമാണ് ഞാനിപ്പോൾ നിന്നോട് ആവശ്യപ്പെടുന്നത്. അത്രമാത്രം.
പതിനാറാം നൂറ്റാണ്ടിൽ ഇറ്റലിയിലെ പ്രശസ്ത ഭിഷഗ്വരൻ മാറ്റിയോ കൊളംബോ അവസാനത്തെ കത്തെഴുതുകയാണ്. ആ അനാട്ടമിസ്റ്റ് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതു വിലക്കപ്പെട്ടിരുന്നു. നിശ്ശബ്ദനായിരിക്കണമെന്ന ശപഥമാണ് അയാളിൽ നീതിപീഠം അടിച്ചേൽപിച്ചിരിക്കുന്നത്. അതിനൊരു ലക്ഷ്യമുണ്ടായിരുന്നു. അയാളുടെ പൈശാചികമായ കണ്ടുപിടുത്തം വിത്തുകൾ വായുവിൽ പാറിനടക്കുന്നതുപോലെ പരക്കുന്നതു തടയുക. ഈ കാരണത്താൽ അയാൾ എഴുതുന്നതും വിലക്കപ്പെട്ടിരുന്നു. ഇനി ഏറെ സമയമൊന്നും ശേഷിക്കുന്നില്ല. അടുത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കി അനാട്ടമിസ്റ്റ് മോണ സോഫിയയ്ക്ക് കത്തെഴുതുകയാണ്. മാറ്റിയോ കൊളംബോ എന്ന അനാട്ടമിസ്റ്റ് ആഗ്രഹിച്ചതുപോലെ അയാളുടെ വധശിക്ഷയ്ക്കു മുമ്പ് ആ കത്ത് ഫ്ളോറൻസിലെ ഗണികാലയത്തിൽ പ്രശസ്ത വേശ്യ മോണ സോഫിയയ്ക്ക് കിട്ടിയോ. ജീവിതത്തിൽ ഒരിക്കൽമാത്രം ലഭിക്കുന്ന ആ കത്തിനു മോണ സോഫിയ എന്തു മറുപടി ആയിരിക്കും എഴുതിയിട്ടുണ്ടാവുക.
അർജന്റീനിയൻ എഴുത്തുകാരൻ ഫെദരികോ അന്റഹാസിയുടെ അനാട്ടമിസ്റ്റ് എന്ന നോവൽ വായിക്കുക.1997–ൽ പ്രസിദ്ധീകരിച്ച് മുപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, ലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ കാവ്യാത്മകമായി എഴുതപ്പെട്ട നോവൽ.
ഏതെങ്കിലുമൊരു നിമിഷത്തിൽ എല്ലാവരും സ്വപ്നംകണ്ട കാര്യം മാറ്റിയോ കൊളംബോ കണ്ടുപിടിച്ചു:സ്ത്രീകളുടെ ഹൃദയത്തെ തുറക്കുന്ന ആ മാന്ത്രികത്താക്കോൽ. സ്ത്രൈണ പ്രണയത്തിനുപിന്നിലെ ആ നിഗൂഢമായ ചാലകശക്തിയെ നിയന്ത്രിക്കുന്ന രഹസ്യം. ചരിത്രത്തിന്റെ തുടക്കത്തിൽ മാന്ത്രികരും മന്ത്രവാദിനികളും പ്രേതപൂജാരികളും ആഭിചാരകരും കഷായങ്ങളിലൂടെയും ഒഷധസസ്യങ്ങൾ വഴിയും ഈശ്വരപ്രീതിയിലൂടെയും ചെകുത്താൻസേവയിലൂടെയും ആർജിക്കാൻ ശ്രമിച്ച സിദ്ധി. സ്വന്തം സങ്കടങ്ങളുടെയും ബുദ്ധിമുട്ടലുകളുടെയും ദയാരാഹിത്യത്തിലൂടെയും മുറിവേൽപ്പിക്കപ്പെടുന്ന ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന കാര്യം. പിന്നെ, രാജാക്കൻമാരും ഭരണാധികാരികളും അവരുടെ സർവ്വശക്തി നിലനിർത്തുവാനുള്ള കടുത്ത ആർത്തിക്കൊടുവിൽ സ്വപ്നം കണ്ട മാർഗ്ഗം. ചഞ്ചലമായ സ്ത്രൈണഹിതത്തെ കീഴ്പ്പെടുത്തുവാൻ പറ്റിയ ഉപകരണം. മാറ്റിയോ കൊളംബോ അതന്വേഷിച്ചുകൊണ്ട് യാത്ര ചെയ്തു. അവസാനം താനാഗ്രഹിച്ച ആ മനോഹരമായ രാജ്യം അയാൾ കണ്ടെത്തി. സ്ത്രീകളുടെ പ്രണയത്തെ നിയന്ത്രിക്കുന്ന അവയവം: അമോർ വെനേറിസ്.
പരിണതഫലങ്ങൾ ഭീകരമായിരുന്നു. മതനിന്ദാ കുറ്റം ആരോപിച്ച് അധികൃതർ മാറ്റിയോ കൊളംബോയെ ജയിലിലടയ്ക്കുന്നു. ക്രിസ്റ്റഫർ കൊളംബസിനെപ്പോലെ മനുഷ്യജീവിതത്തെ മാറ്റിത്തീർക്കുന്നൊരു കണ്ടുപിടിത്തം നടത്തിയതാണു കാരണം.
ചരിത്രവസ്തുതകളെ അടിസ്ഥാനമാക്കി മനഃശാസ്ത്ര വിശകലനത്തിലൂടെ എഴുതിയ അനാട്ടമിസ്റ്റ് നവോത്ഥാനകാലത്തെ ഇറ്റലിയിലൂടെ സഞ്ചരിക്കുന്നു. അത്ഭുതവും ആകാംക്ഷയും ഉൽകണ്ഠയും വിസ്മയവും ജനിപ്പിക്കുന്ന ഉജ്വല കലാസൃഷ്ടി. വായിച്ചാൽ ഉടനെയൊന്നും മനസ്സിൽനിന്നു മാഞ്ഞുപോകാത്ത കഥയും അന്തരീക്ഷവും പശ്ഛാത്തലവും അവതരണവും. ആധുനിക ലോക സാഹിത്യത്തിലെ എണ്ണം പറഞ്ഞൊരു കൃതി തന്നെയാണ് അനാട്ടമിസ്റ്റ്. പ്രണയത്തെയും പാപത്തെയും പുനർനിർവചിക്കുന്ന അത്ഭുതം. സങ്കീർണമായ ഘടനയും ഭാവശിൽപവുമുള്ള കൃതി മലയാളത്തിലേക്കു മൊഴിമാറ്റിയിരിക്കുന്നതു രാജൻ തുവ്വാര.
Read More Articles on Malayalam Literature & Books to Read in Malayalam