ദേവദാസിയിൽ നിന്നും വേശ്യാത്തെരുവിലേക്കുള്ള ദൂരം

റിക്ഷ ചവിട്ടിയ അയാൾ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു: "നിങ്ങൾക്ക് സ്ത്രീകളെ കിട്ടണമെന്ന് അത്ര നിർബന്ധമാണോ സാബ്...????" ഞാൻ ആവേശത്തോടെ പറഞ്ഞു:

"അതെ, കിട്ടിയാൽ നന്നായിരുന്നു."

"എങ്കിൽ നിങ്ങൾ എന്‍റെ വീട്ടിലേക്ക് വരൂ. എന്‍റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം. 200 രൂപ തന്നാൽ മതി." (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ, അരുൺ എഴുത്തച്ഛൻ )

സ്ത്രീകൾ എന്നാൽ കൃത്യമായ ചട്ടക്കൂടിനുള്ളിൽ ജീവിക്കുന്ന മനുഷ്യർ എന്നാണല്ലോ പൊതുവെയുള്ള മത-സാമൂഹിക-രാഷ്ട്രീയ സങ്കല്പം. എന്നാൽ അത്തരം ചട്ടക്കൂടുകളെയൊക്കെ പൊളിച്ചടുക്കി ഉപരിവിപ്ലവമായ ജീവിതത്തിൽ മാത്രം ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം സ്ത്രീകളുടെ ജീവിതമാണ് അരുൺ എഴുത്തച്ഛന്റെ "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന പുസ്തകം.

ഇന്ത്യയിലെ സ്ത്രീകളെല്ലാം ബലാത്സംഗത്തിന് വിധേയരാകാത്തതും ഇന്ത്യയിലെ മാനസിക രോഗികളായ പുരുഷന്മാരെല്ലാം സമൂഹത്തിലെ, കുടുബസ്ഥരായ സ്ത്രീകളെ ബലാത്സംഗത്തിനായി ഉപയോഗിക്കാത്തതും ലൈംഗിക തൊഴിലാളികളും ചുവന്ന തെരുവുകളും കാരണമാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. പക്ഷെ ആ വായനയിൽ തിരിച്ചറിയുന്നത് രക്ഷപെട്ടു പോയ അനേകം സ്ത്രീകളുടെ ആശ്വാസത്തിന്റെ നെടുവീർപ്പുകളല്ല, മറിച്ച് മാനസിക വിഭ്രാന്തികൾക്കിടയിൽ വേദനയിലും വൈകൃതങ്ങളിലും അടിമത്തം അനുഭവിക്കേണ്ടി വരുന്ന പെൺ ശരീരങ്ങളെയാണ്. എത്രയായിരം ഉടലുകളാണ് കാമദുര പൂണ്ട പുരുഷന്റെ ഉടലുകളും, സമൂഹത്തിന്റെ അന്ധമായ ആചാരങ്ങളും ചേർന്ന് വില പേശുന്നതും തൂക്കി വിൽക്കുന്നതും... പുസ്തകത്തിന്റെ വായനയിൽ പലയിടങ്ങളിലും ഒരുപക്ഷെ കണ്ണുനീർ പാടുകളുണ്ടാകാം, ഒറ്റപ്പെട്ടു പോയ നിരവധി സ്ത്രീകളിൽ നിന്നും വ്യത്യസ്തയായി ഇരിക്കുമ്പോൾ "എന്റെ ശരീരം എന്റെയാണ്" എന്നുറക്കെ മുദ്രാവാക്യം വിളിക്കാനുള്ള സ്വന്തം സ്വാതന്ത്ര്യമോർത്തല്ല, ആ സ്വാതന്ത്ര്യമില്ലാത്ത പതിനായിരങ്ങളെ ഓർത്ത്.

രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ഇന്നും നിലവിലുള്ള "ദേവദാസി സമ്പ്രദായം" എന്ന അനാചാരത്തിന്റെ ചുവടു പിടിച്ചാണ് പത്രപ്രവർത്തകനായ അരുൺ എഴുത്തച്ഛൻ യാത്രയാരംഭിച്ചത്. പക്ഷെ ചെന്ന് പെടുന്ന ഇടങ്ങളിൽ നിന്നൊക്കെയും അടുത്ത യാത്രയിലേയ്ക്ക് നീണ്ടു കിടക്കുന്ന പാലങ്ങൾ കാണുമ്പോൾ അതിൽ തിരച്ചിലുകൾ നടത്താതെയിരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല. എവിടെയും ഏറ്റവും തീക്ഷ്ണമായതു സ്ത്രീകളുടെ ജീവിതങ്ങൾ തന്നെയാകും, കുടുംബങ്ങളിലാണെങ്കിലും സമൂഹത്തിലാണെങ്കിലും അതങ്ങനെ തന്നെ. സ്വകാര്യത എന്ന വാക്കുകൾക്ക് പോലും പ്രസക്തിയില്ലാതെ മറ്റുള്ളവരുടെ ജീവിതം കൊണ്ട് ഡിസൈൻ ചെയ്യപ്പെടുകയാണ് പലപ്പോഴും പെൺകുഞ്ഞുങ്ങളുടെ ജീവിതം. അതിൽ ഏറ്റവും കൂടുതൽ ആത്മനഷ്ടങ്ങൾ അനുഭവിക്കുന്നത് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിലുള്ള പെൺകുട്ടികൾ തന്നെയാണ്. 

ക്ഷേത്രങ്ങളിലെ ദേവിക്കും ദേവന്മാർക്കും വേണ്ടി സ്വയം ദാസിയാക്കപ്പെടുന്ന പെൺകുട്ടികൾ. അവർ ജീവിത കാലം മുഴുവൻ വരിക്കുന്നത് അതെ ക്ഷേത്ര ദേവനെയാണ്. പക്ഷെ ശരീരവും മനസ്സും ദേവന് സമർപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ പിന്നീടുള്ള ജീവിതം ക്ഷേത്ര തന്ത്രിമാരുടെയോ ക്ഷേത്ര ജീവനക്കാരുടെയോ ശരീരത്തിന്റെ ഭാഗമായിട്ടാവും. കുടുംബത്തിൽ ഒന്നിൽ കൂടുതൽ പെൺകുട്ടികൾ ജനിക്കുമ്പോൾ മിക്ക മാതാപിതാക്കളും ആദ്യം മുതൽ തന്നെ അവരെ ദേവദാസിയാക്കുന്നതിനെ കുറിച്ചാണ് സ്വപ്നം കാണുക, അതിന്റെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്നായി അരുൺ കണ്ടെത്തുന്നത് പട്ടിണി തന്നെയാണ്. പല തെരുവുകളിലും ചെന്ന് പെട്ട സ്ത്രീകളുടെ വേശ്യാവൃത്തിയിലേക്കുള്ള കടന്നു വരവിന്റെ ഉത്തരമായി അവർ നൽകിയതും അത് തന്നെയായിരുന്നു, "മൂന്നുനേരം ഭക്ഷണം കിട്ടും, അതിലും വലുതല്ല ശരീരം"

നിയമം മൂലം ദേവദാസി സമ്പ്രദായം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. പക്ഷെ ഇപ്പോഴും വളരെ രഹസ്യമായി ക്ഷേത്രങ്ങളിലേയ്ക്ക് പെൺകുട്ടികളെ ദാസികളാക്കുന്ന രീതി തുടർന്ന് കൊണ്ടേയിരിക്കുന്നു. നിയമപരമായ ബുദ്ധിമുട്ടുകളെ കുറിച്ച് അവർക്ക് പറഞ്ഞു കൊടുക്കാൻ പോലീസും സന്നദ്ധ സംഘടനകളും ഒക്കെയുണ്ടെങ്കിൽ പോലും ദേവ പ്രീതിക്കായും പട്ടിണിയിൽ നിന്ന് രക്ഷപെടാനായുമൊക്കെ പെൺകുട്ടികൾ ദേവന്റെ പ്രിയപ്പെട്ടവളായി അഭിക്ഷിക്തകളാകുന്നു. പിന്നീട് ക്ഷേത്ര പുരോഹിതന്റെ വെപ്പാട്ടിയായും അയാൾ ഉപേക്ഷിക്കുമ്പോൾ ഭക്ഷണം കഴിക്കാനായി വേശ്യാതെരുവുകളിലും എത്തപ്പെടുന്നു. എത്രയോ വർഷങ്ങളായി ഇതൊക്കെ തന്നെ പലയിടങ്ങളിലും ആവർത്തിക്കപ്പെടുന്നു! സന്നദ്ധ സംഘടനകൾക്ക് പോലും പലതിനും പരിധികളുണ്ടെന്നും അവർ തന്നെ അവകാശപ്പെടുന്നുണ്ട്, ബോധവത്കരണത്തിന്റെയും ജാതീയതയുടെയും ഒക്കെ അപ്പുറം പണവും അധികാരവും എപ്പോഴും ദുർബലരെ ഉപയോഗിച്ച് കൊണ്ടേയിരിക്കുന്നു.

അത്ര മനോഹരമായ ഒരു വായനയല്ല ഈ പുസ്തകം. കഥാപാത്രങ്ങൾ ശരീരം വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന അതി സാധാരണക്കാരികളായ സ്ത്രീകളാണ്. നിങ്ങൾക്ക് വേണമെങ്കിൽ അവരെ പുഴുത്ത പട്ടിയെ പോലെ ആട്ടിയോടിക്കാം, ഒന്നും മിണ്ടാതെ അവർ അവരുടെ പാതി തുറന്ന മുറിയിലേയ്ക്ക് കയറിപ്പോകും. പക്ഷെ ഇന്ത്യൻ പുരുഷന്മാരുടെ ലൈംഗിക അസ്ഥിരതകളിലേയ്ക്ക് പരീക്ഷണവസ്തുക്കളായി ഈ പെൺ ശരീരങ്ങൾ വേണം. ക്ഷേത്രങ്ങളിൽ ദേവദാസികളാക്കപ്പെടുന്നവരിൽ മിക്കപെൺകുട്ടികളും പലരുടെയും വെപ്പാട്ടികളാക്കപ്പെട്ട ശേഷം എത്തുന്നത് ലൈംഗിക തൊഴിലിലേക്കാണ് എന്നതാണ് ഇവരെ സംബന്ധിക്കുന്ന ഏറ്റവും വേദനിപ്പിക്കുന്ന സത്യം. ചിലർ സോനാഗച്ചിയും ചുവന്ന തെരുവും പോലെയുള്ള ഇടങ്ങളിൽ എത്തിപ്പെടുന്നു. പക്ഷെ ദേവദാസി എന്ന കൃത്യത്തിനെ അപ്പോഴും കുറ്റപ്പെടുത്താൻ ഇവരിൽ പലരും തയ്യാറാകുന്നില്ല എന്നത് അന്ധമായ മതം സ്ത്രീകളിൽ കുത്തി നിറച്ച വിശ്വാസത്തിന്റെ ഗൂഢതന്ത്രം. ദേവന്റെ പത്നിയാവുക എന്നതിനപ്പുറം എന്താണുള്ളതെന്ന് അവർ നിങ്ങളോടു ചോദിക്കും. ദേവന്റെ പ്രതിപുരുഷനായ പുരോഹിതനൊപ്പം ശയിക്കുക എന്നത് ദേവ പ്രീതിയ്ക്കാണെന്നു അവർ നിങ്ങളോടു വാദിക്കും. അവരോടു പിന്നെ എന്ത് പറയാൻ? പക്ഷെ അവിടെ നിന്നും തെരുവുകളിൽ എത്തപ്പെടുന്ന സ്ത്രീകൾക്ക് പലരും എയിഡ്സ് പോലെയുള്ള മാരക രോഗങ്ങൾ വരെ വഹിക്കുന്നവരാണെന്ന തിരിച്ചറിവ് വേദനിപ്പിക്കും. എങ്കിലും അതിനൊന്നും ഉത്തരമില്ലാത്ത അവരെയോർത്ത് വികാരങ്ങളില്ലാതെ നിൽക്കാനും തോന്നും.

ചില പുസ്തകങ്ങൾ തരുന്ന യാഥാർഥ്യങ്ങൾ നമ്മളെ വല്ലാതെ ആഴമുള്ള കുഴികളിലേയ്ക്ക് കൊണ്ട് ചാടിക്കും. കാളീഘട്ടിലെ കാളീ ദേവിയുടെ അനുഗ്രഹമാണ് തങ്ങളുടെ ഏക സമ്പാദ്യമെന്നു വിശ്വസിക്കുന്ന സോനാഗച്ചിയിലെ സ്ത്രീകളോട് ചിലപ്പോൾ ബഹുമാനം തോന്നും. ഒരുപക്ഷെ ഗ്രാമത്തിലെ വീട്ടിൽ പട്ടിണിയിലും പരിവട്ടത്തിലും ഭർത്താക്കന്മാരുടെ തള്ളിലും വഴക്കിലും പ്രസവിച്ചു കൂട്ടുന്ന സ്ത്രീ ശരീരങ്ങളല്ല അവർ, ഓരോ ദിവസവും മൂന്നും നാലും അതിൽ കൂടുതലും പുരുഷന്മാരുടെ ശരീരങ്ങൾക്കു കീഴിൽ അനങ്ങാതെ കിടന്നു കൊടുക്കേണ്ടി വരുന്ന ശരീരങ്ങൾ മാത്രമാണ്, എന്നിട്ടും ജീവിക്കാനുള്ള അടങ്ങാത്ത കൊതി അവരുടെ വാക്കുകളിലും ചുവടുകളിലുമുണ്ട്. കാളി ഓരോ സ്ത്രീകളിലും ആ ആത്മധൈര്യം നൽകിയിട്ടുണ്ടാവണം. സ്വയം ഇനി അവരൊക്കെ എന്നാണാവോ കാളിയായി മാറുക?

Read More Articles on Malayalam Literature & Books to Read in Malayalam