കാമത്തിന്റെ ആഖ്യായികയുമായി കാമാഖ്യ

കാമത്തിന്റെ ആഖ്യായികയാണ് കാമാഖ്യ. ആസാമിലെ ക്ഷേത്രവും യോനീപൂജയുള്ള ആരാധനാലയവുമാണ് കാമാഖ്യാ ദേവീ ക്ഷേത്രം. പുരാതനമായ അൻപത്തിയൊന്ന് ശക്തി പീഠങ്ങളിലെ ഒരു പ്രധാന കേന്ദ്രവുമാണ് കാമാഖ്യ... പക്ഷെ ഈ വാക്കു ഇപ്പോൾ മലയാളത്തിലെ സാഹിത്യ കുതുകികൾക്കിടയിൽ ആവർത്തിച്ച് പറയപ്പെടുന്നതിന്റെ പിന്നിൽ മുന്നൂറ്റി എൺപതിലധികം പേജുള്ള ഒരു കൃതിയാണ്. കാമാഖ്യ എന്ന പേരിൽ എഴുതപ്പെട്ട നോവൽ. എഴുതിയത് പ്രദീപ് ഭാസ്കർ. 

പുരാണങ്ങളെയും പൗരാണിക കഥാപാത്രങ്ങളെയും കഥാതന്തുക്കൾ ആക്കിക്കൊണ്ടു നമുക്ക് മുന്നിലേയ്ക്ക് എണ്ണമറ്റ എഴുത്തുകൾ വന്നിട്ടുണ്ട്. പലതും വലിയ പ്രചാരത്തോടെ ഇറക്കപ്പെട്ടതും അതിമനോഹരമായി വായിക്കപ്പെട്ടതുമാണ്. ആ ഗണത്തിലേക്കാണ് കാമാഖ്യയും കടന്നു ചെല്ലുന്നത്. രണ്ടര വർഷത്തിലധികം നീണ്ടു നിന്ന അലച്ചിലുകളുടെ പുസ്തകം കൂടിയാണിത് എഴുത്തുകാരന്. കാമാഖ്യ എന്നാൽ ഒരു ഉപാസന കൂടിയാണെന്ന് പ്രദീപ് ഭാസ്കർ എഴുതി വയ്ക്കുന്നു. മത്സ്യം, മാംസം, മദ്യം, മുദ്ര, മൈഥുനം തുടങ്ങിയ പഞ്ച തത്വങ്ങളിൽ അധിഷ്ഠിതമായ ഉപാസനയാണ് കാമാഖ്യ. കാമസൂത്രം എഴുതി വിഖ്യാതനായ മഹർഷി വാത്സ്യായനനാണ് ഈ ഉപാസനയെ വളർത്തിയത് എന്ന് പറയപ്പെടുന്നു. അതുകൊണ്ടു തന്നെ പറയാം ഈ നോവൽ അതേ കാമാഖ്യയുടെ വ്യാഖ്യാനമാണ്. ജീവിതം പഞ്ച തത്വങ്ങളാൽ അധിഷ്തിതമാണെന്നു ഏറ്റവും ലളിതമായും ഇത് പറഞ്ഞു വയ്ക്കുന്നു.

താര എന്ന ചക്രവർത്തിനിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ കൂടിയാണിത്. കാമം എന്നാൽ ആഗ്രഹമെന്ന് മാത്രമേ അർത്ഥമുള്ളൂ, അതിനപ്പുറം മൈഥുനം എന്ന ചിന്തകൾ അസ്ഥാനത്താണ് എന്ന് സാരം. ഈ നോവലും ആഗ്രഹങ്ങളുടെയും ആഗ്രഹ പൂർത്തീകരണത്തിന്റെയും കഥയാണ്. താരയുടെ, വാത്സ്യായനന്റെ, ദക്ഷിണാമൂർത്തിയുടെ, ഗുപ്തരാജധാനിയുടേയുമൊക്കെ ആഗ്രഹങ്ങളുടെ കഥ. കഥ പറഞ്ഞു അവസാനിക്കുമ്പോൾ ഈ കഥ നമ്മൾ ഒരുപക്ഷെ പുരാണങ്ങളിൽ വെറുതെ തിരഞ്ഞേക്കാം, പക്ഷെ ആമുഖത്തിലെന്നോണം എഴുത്തുകാരനും അറിയിക്കുന്നുണ്ട്,- നിങ്ങളീ വായിക്കാൻ പോകുന്ന കഥ ഞാനെന്റെ മകന് വേണ്ടി കെട്ടിയുണ്ടാക്കിയ ഒരു കഥയാണ്-. അതായത് കെട്ടുകഥകൾ നാം സത്യമെന്നു വിശ്വസിക്കുന്ന പൗരാണിക മിത്തുകളെക്കാൾ ശക്തമായി മാറുകയും കഥാപാത്രങ്ങൾ നമ്മുടെ ആരൊക്കെയോ ആയി തീർന്നു പോവുകയും ചെയ്യുന്ന അവസ്ഥയിലാണ് കാമാഖ്യയുടെ വായനയിൽ ഓരോ വായനക്കാരനും.

താര എന്ന പെൺകുട്ടിയും മല്ലനാഗൻ എന്ന ആൺകുട്ടിയും അടുത്ത സുഹൃത്തുക്കൾക്ക് അടുത്ത വീടുകളിൽ ഉണ്ടായവരാണ്. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഇരുവരുടെയും ജീവിതം ഇരു ദിശകളിലേക്ക് മാറി പോകുന്നു. താരയെ മികച്ച നർത്തകിയാക്കാൻ ദക്ഷിണാമൂർത്തി കടന്നു വരികയും മല്ലനാഗനെ അറിവുള്ളവനാക്കി മാറ്റാൻ ഗുരു വന്നെത്തുകയും ചെയ്യുന്നു. പിന്നീട് ഇരുവരുടെയും ജീവിതം മാറി മറിയുകയാണ്. പതിനഞ്ചു വയസ്സാകുന്നതോടെ താരയുടെ ജീവിതം വെറുമൊരു ഗ്രാമീണ യുവതി എന്നതിൽ നിന്നും ഗുപ്ത സാമ്രാജ്യത്തിന്റെ രാജകുമാരി എന്ന നിലയിലേക്ക് എത്തുകയും അവിടെ നിന്നും അവൾ രാജ്ഞിയായി മാറുകയും ചെയ്യുന്നു. മല്ലനാഗൻ ലോക സഞ്ചാരത്തിനൊടുവിൽ വാത്സ്യായനൻ ആയും മാറുന്നുണ്ട്. 

ദക്ഷിണാമൂർത്തിയുടെ പ്രണയകഥയുമാണത്. താരയുടെ നൃത്ത ഗുരുവായിരുന്നു മിടുക്കനായ ദക്ഷിണാമൂർത്തി. തന്റെ കയ്യിലെ ഏറ്റവും മികച്ച നർത്തന വിദ്യ തന്നെ താരയ്ക്ക് പകർന്നു കൊടുത്ത ദക്ഷിണാമൂർത്തി താരയെ ജീവിതകാലം മുഴുവൻ ഒപ്പം കൂട്ടാനും ആഗ്രഹിച്ചു. പക്ഷെ ഒരു പെൺകുട്ടിയിൽ നിന്നും താരയുടെ ഗുപ്തസാമ്രാജ്യത്വത്തിലേക്കുള്ള വളർച്ച ദക്ഷിണാമൂർത്തിയുടെ പ്രണയത്തെ പാതിയിൽ വച്ച് മരവിപ്പിച്ചു കളഞ്ഞു. പിന്നീടയാൾ അവളുടെ പ്രണയം നേടാൻ വേണ്ടി അലയുകയായിരുന്നു, അത് നീണ്ടു വാത്സ്യായനന്റെ അടുത്തും ഗോത്ര വർഗ്ഗ റാണിയായ കാളിയിലേയ്ക്കും ഒക്കെയെത്തി. ഏറ്റവുമൊടുവിൽ അത് താരയിലേയ്ക്കും എത്തിപ്പെടുന്നുണ്ട്. അതിനു കാരണമായത് വാത്സ്യായനും.

കാമാഖ്യ എന്ന വലിയ നഗരം വാത്സ്യായനന്റെ മേൽനോട്ടത്തിലാണ് നിർമ്മിക്കപ്പെടുന്നത്. ഒരു കേവല രാജ്യത്തിന്റെ രാജ്ഞിയിൽ നിന്നും ചക്രവർത്തിനി എന്ന പദവിയിലേക്ക് താര എത്തിയപ്പോൾ അവൾക്ക് വേണ്ടി ഒരുക്കുന്ന ആസ്ഥാനമാണ് കാമാഖ്യ. ചക്രവർത്തിനിയായ എത്ര സ്ത്രീകൾ ഉണ്ടെന്ന ചോദ്യം ചരിത്രത്തിൽ പ്രസക്തമാണ്. ചക്രവർത്തി എന്ന വാക്കിലേക്ക് രാജാക്കന്മാരുടെ പൗരുഷമുള്ള പേരുകൾ കേറിയിരുന്നിട്ടുള്ളൂ, അതുകൊണ്ടു തന്നെ സ്ത്രൈണ ആധിപത്യത്തെ ചക്രവർത്തിനി പദം വരെ കൊണ്ടെത്തിക്കുകയും താരയെ ഒരുപക്ഷെ ഭർത്താവിന്റെ അഭാവത്തിൽ പോലും മികച്ച ഭരണ നിപുണയുമാക്കി ചിത്രീകരിക്കുന്നുണ്ട് നോവലിസ്റ്റ്. അടുത്ത സുഹൃത്തായിരുന്ന മല്ലനാഗൻ അഥവാ വാത്സ്യായനന്റെ സഹായം കിട്ടുന്നുണ്ടെങ്കിൽ പോലും താരയുടെ ബുദ്ധിയെയും പ്രവർത്തിയെയും നോവലിസ്റ്റ് കുറച്ച് അവതരിപ്പിക്കുന്നതേയില്ല. 

നിരവധി മന്ത്രങ്ങളും കവിതകളും ആലേഖനം ചെയ്യപ്പെട്ടതാണ് നോവലിലെ മിക്ക അധ്യായങ്ങളും. അക്ഷരങ്ങൾ കോർത്തിണക്കിയ അതിവിശേഷമായ ഒരു മാലയാണ് മന്ത്രങ്ങൾ എന്നും ഉച്ചാരണശുദ്ധിയാണ് മന്ത്രങ്ങളുടെ ശക്തിയുടെ ആധാരം എന്നും എഴുത്തുകാരൻ ആമുഖത്തിൽ പറയുന്നു. പൂർണമായും അപൂർണമായും പലയിടങ്ങളിലും ശക്തമെന്നു നാം കൽപ്പിക്കപ്പെട്ട  മന്ത്രങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഒപ്പം അതിമനോഹരമായ പ്രണയ വരികൾ അധ്യായങ്ങളുടെ ഭംഗി കൂട്ടുന്നുണ്ട്. ,

""ഒരോ ഇലയിലും നിന്റെ പേരെഴുതിയെഴുതി ധ്യാനിക്കുന്ന ഒരു പുഴുവാണ് ഞാൻ 

അവസാനത്തെ ഇലയിലും നിന്നെ ധ്യാനിച്ച് തീർന്ന് ഞാനൊരു പൂമ്പാറ്റയാകും 

നിന്റെ ചുണ്ടിൽ വന്നുമ്മവയ്ക്കും ""ഇങ്ങനെ കവിതകൾ നീണ്ടു പോകുന്നു. 

ശൂന്യതയിൽ നിന്നും രൂപപ്പെടുന്നതാണ് ഓരോ ജൈവിക ജാലങ്ങളും. അതെ പോലെ ഏറ്റവും നിശബ്ദതയിൽ നിന്നും രൂപപ്പെട്ടു വന്ന ഒരു ആഖ്യാനമാണ് കാമാഖ്യയ്ക്കായി പ്രദീപ് ഭാസ്കർ നൽകിയിരിക്കുന്നത്. ഒരുതരം സന്യാസിയുടെ ആന്തരിക ഭാവത്തോടെ എഴുത്തു മുറികളിൽ നിന്ന് അയാൾ അക്ഷരങ്ങളോട് ഐക്യപ്പെടുകയും അവയെ ധ്യാനരൂപത്തിലാക്കി സ്വയം വരികളായി മാറപ്പെടുകയും ചെയ്യുന്നു. അത്തരമൊരു ധ്യാനം എവിടെയൊക്കെയോ മനസ്സിലാക്കാം. വാത്സ്യായൻ എന്ന മഹർഷി പലർക്കും പലതാണ്. പൊതുവെ നാം അദ്ദേഹത്തെ മനസ്സിലാക്കിയിരിക്കുന്നത് കാമസൂത്രം എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പേരിലുമാണ്. കാമാഖ്യായികയെ ഹിമാലയത്തിന്റെ അപ്പുറവും അദ്ദേഹം കൊണ്ടെത്തിച്ചിരുന്നു. ഒപ്പം ഹിമാലയത്തിലെ അതിന്റെ പരിസരത്തുമുള്ള നരബലി പോലെയുള്ള പ്രാകൃത ചടങ്ങുകൾ നിർത്തലാക്കാൻ വാത്സ്യായനൻ കാട്ടിയ ശ്രദ്ധയും നോവലിസ്റ്റ് മറക്കാതെ ചേർത്തിട്ടുണ്ട്. കാളി എന്ന ഭീകരതയുടെ അതിരൂപമായ മൂർത്തിയെ ഗോത്ര വർഗ്ഗത്തിലെ അമ്മയായി കണക്കാക്കുകയും, ആത്മ ശക്തി ലഭിക്കാനായി കാളിയും ഗോത്രവർഗ്ഗ വിശ്വാസികളും അനുഷ്ഠിക്കുന്ന നരബലിയിലേയ്ക്ക് സ്വയം ബലിയായി ചെല്ലുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്യുന്നിടത്ത് വാത്സ്യായനൻ എന്താണെന്ന് വ്യക്തമാകുന്നു. 

കാമാഖ്യ വളരെ ബൃഹദ് ആയിട്ടുള്ള ഒരു ആഖ്യായിക തന്നെയാണ്. കെട്ടുകഥ എന്ന് നോവലിസ്റ്റ് സ്വയം പറയുമ്പോഴും താരയെയും വാത്സ്യായനന്റെ പ്രണയ ശാസ്ത്രവും നാം ആഴത്തിലേയ്ക്ക് പഠനത്തിനായി കൊണ്ട് പോകേണ്ടതുണ്ട്. പക്ഷെ വാത്സ്യായനൻ എന്ന പേരും കാമാഖ്യ എന്ന പേരും കേട്ടു കാമത്തിന്റെ ആഖ്യായികയാണ് ഈ പുസ്തകമെന്നു തെറ്റിദ്ധരിക്കണ്ട. അതിനുമപ്പുറം ധ്യാനത്തിന്റെയും നിലപാടുകളുടെയും ആഖ്യായികയാണിത്. മോഹത്തിന്റെയും മാലപോലെ കൊരുത്തിട്ടിരിക്കുന്ന കഥകളുടെയും ആഖ്യായികയുമാണ്. പരസ്പരം ബന്ധപ്പെട്ടിട്ടില്ലാത്ത കഥകൾ കൊണ്ട് ഒരുവലിയ പുസ്തകത്തിന്റെ ആഖ്യാനം നടത്താൻ ശ്രമിക്കുന്ന നോവലിസ്റ്റ് അത്ര ചെറിയ ജോലിയല്ല ചെയ്തിരിക്കുന്നത്. വായനയുടെ ഇടയ്ക്ക് എവിടെയൊക്കെയോ വായന കൈവിട്ടു പോയത് പോലെ തോന്നിയെങ്കിലും പല കഥകളും അതിന്റെ ആന്തരികമായ വേരുകൾ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന കണ്ടെത്തൽ മനോഹരമാണ്. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം