ചില സത്യങ്ങൾ വെളിപ്പെടുത്താറില്ല. അവ വെളിപ്പെടുത്തപ്പെടേണ്ടതില്ല. അഥവാ അവ വെളിപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ അറിയാതെ ദൈവത്തെ വിളിച്ചുപോകും. ദൈവമേ.. ദൈവമേ.. എന്ന്. ഗൂഢം എന്ന കഥയിലെ രായപ്പനെപ്പോലെ. 47 വർഷവും മൂന്നുമാസവും കഴിഞ്ഞ് പൊടുന്നനെ ഒരുദിവസം വീട്ടിലേക്കു രാജവർമത്തമ്പാൻ എന്ന തമ്പാൻ എത്തിയതും ഒരു വെളിപ്പെടുത്തൽ കേൾക്കാൻ. കോട്ടപ്പാറക്കുന്നിന്റെ മുകളിൽ കുപ്പി പൊട്ടിച്ച് സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കാനല്ല തമ്പാൻ വന്നത്; അങ്ങനെ സുഹൃത്തുക്കൾ തെറ്റിധരിച്ചെങ്കിലും. അരനൂറ്റാണ്ടോളം പഴക്കമുള്ള ഒരു രഹസ്യത്തിന്റെ മൂടി തുറക്കാനായിരുന്നു തമ്പാന്റെ വരവ്. കത്തിമുനയിൽ സുഹൃത്തിനെ കോർത്തുനിർത്തിയിട്ടാണെങ്കിലും അയാൾക്കു സത്യമറിയണം. പെണ്ണിന്റെ മണം അനുഭവിപ്പിച്ച രത്‌നമ്മയെ ഒളിച്ചുനിന്നു കണ്ടവൻ ആരെന്നറിയണം. അതിനാണു വരവ്. അരനൂറ്റാണ്ടല്ല, നൂറ്റാണ്ടുകൾ കടന്നുപോയാലും അയാളുടെ അസ്വസ്ഥത അവസാനിക്കുന്നില്ല. അവസാനിക്കണമെങ്കിൽ സത്യം പുറത്തുവരണം. ഇനിയും വെളിപ്പെടുത്താത്ത രഹസ്യവുമായി ജീവിക്കാൻ അയാൾക്കാകില്ല. എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യാൻ തുടങ്ങുന്ന മധ്യവയസ്സിന്റെ അന്ത്യത്തിലും എല്ലാം ഓർത്തുവയ്ക്കുന്നവനാണു തമ്പാൻ. സുഹൃത്തുക്കളും അതേ. അറിയാവുന്ന വസ്തുതകൾ അവർക്കു പറയാമായിരുന്നു. അങ്ങനെ തമ്പാന്റെ കത്തിമുനയിൽനിന്നു രക്ഷപ്പെടാമായിരുന്നു. പക്ഷേ അവർക്കതു പറയാനാവില്ല. തുടരുകയാണ് സുഹൃത്തുക്കളുടെ ജീവിതത്തിലെ നിഗൂഢതകൾ. മരണത്തിനുശേഷവും മറവിയെ തോൽപിച്ചുകൊണ്ട് അതിജീവിക്കുന്ന ഈ നിഗൂഢതകളുടെ കഥാകാരനാണ് രാജീവ് ശിവശങ്കർ. ഗൂഢം എന്ന സമാഹാരത്തിലെ ഓരോ കഥയും ഒന്നല്ലെങ്കിൽ മറ്റൊരു രഹസ്യത്തിന്റെ അനാവരണമോ വീണ്ടെടുക്കലോ ആണ്. ഓരോ രഹസ്യവും ഓരോ താക്കോലാണ്. ജീവിതം ഇഴപിരിച്ചെടുക്കുന്ന താക്കോൽ.
കഥ നിറഞ്ഞിരിക്കുന്ന കഥകളാണ് രാജീവിന്റേത്. കഥയുടെ ആദ്യവരിയിലല്ല ഈ ചെറുകഥാകൃത്തിന്റെ കഥകൾ തുടങ്ങുന്നത്. കഥകൾക്കും മുൻപു ജീവിതമുണ്ട്. അവയ്ക്കു ശേഷവും ജീവിതമുണ്ട്. കഥയെ കടന്നുപോകുന്ന ജീവിതത്തെ ഏതാനും വാക്കുകളിൽ ഒതുക്കിയെടുക്കാനാണ് കഥാകൃത്തിന്റെ ശ്രമം. ഗൂഢം എന്ന കഥയിലെ രത്‌നമ്മയെ വായനക്കാർ കാണുന്നില്ല. ഏതാനും വാക്കുകളിലെ പരാമർശം മാത്രമേയുള്ളൂ. പക്ഷേ, രായപ്പനെയും തമ്പാനെയും എൽദോയേയും പോലെ കാണാത്ത രത്‌നമ്മയും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. കഥാകൃത്തെന്ന നിലയിൽ രാജീവിന്റെ വിജയം.
നഗരത്തിലേക്കുള്ള അവസാനബസിൽ വീട്ടിലേക്കു മടങ്ങുന്ന കുടുംബനാഥനായാലും, സ്വപ്നം കാണുന്നതു മറന്നുപോയ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ മുഴുവൻപേരെയും ജീവിതത്തിലേക്കുണർത്തിയെടുക്കുന്ന വിശ്വനാഥക്കുറുപ്പ് മാഷായാലും രാജീവിന്റെ എല്ലാ കഥാപാത്രങ്ങൾക്കുമുണ്ട് ഒരു കഥയിലൊതുങ്ങാത്ത ജീവിതങ്ങളും രഹസ്യങ്ങളും. കണ്ടിട്ടും കാണാതെ പോയവർ. അറിഞ്ഞിട്ടും മനസ്സിലാക്കാതെ പോയവർ. അവരുടെ കഥ രാജീവ് പറയുമ്പോൾ നാം അൽഭുതപ്പെടുന്നു. നമുക്കിടയിലുണ്ടായിരുന്നവരോ ഇവർ; ഈ കഥാപാത്രങ്ങൾ?
ഒരു ഗൂഢസത്യമെങ്കിലും ഒളിപ്പിച്ചുവയ്ക്കാത്ത ഒരു കഥയുമില്ലാത്ത ഈ സമാഹാരത്തിൽ. 74–ാം വയസ്സിന്റെ വിറ മായ്ക്കാൻ ശ്രമിക്കുന്ന ഗീവർഗ്ഗീസിനുപോലുമുണ്ട് ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യം.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയും, ജീവിക്കാനായി മനസാക്ഷിക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടിവരികയും ചെയ്യുന്ന സാധാരണക്കാരന്റെ ജീവചരിത്രമാണ് ക്രൈം ഫയൽ എന്ന കഥ. ആത്മഹത്യയ്ക്കും കൊലപാതകത്തിനുമിടയിലൂടെ ആർത്തനാദം പോലെ പായുന്ന ജീവിതം. ഭാര്യയെ ഒഴിവാക്കി പുതിയ കല്യാണം കഴിക്കാൻ പെണ്ണു കാണാൻ ഒരുങ്ങിപ്പുറപ്പെട്ട ജീവനക്കാരനു ലഭിക്കുന്ന പുതിയ നിയോഗം അയാൾ ഒരിക്കലും ആഗ്രഹിക്കാത്തതാണ്. പക്ഷേ, പ്രത്യേകിച്ചൊരു തെറ്റും ചെയ്യാത്ത ഭാര്യയെ ഒഴിവാക്കിയ ആൾ മറ്റെന്ത് നിയോഗമാണ് അർഹിക്കുന്നത്. ഒരു വിവാഹം തകർത്തയാളെത്തേടി വീണ്ടും എത്തുന്നു വിവാഹം തർക്കാനുള്ള കരാറുകൾ. അയാളുടെ ജീവിതത്തിലടങ്ങിയിരിക്കുന്ന സങ്കീർണതകളെക്കുറിച്ചൊന്നും എഴുത്തുകാരൻ വിശദീകരിക്കുന്നില്ല. പക്ഷേ, അയാളകപ്പെട്ട വിചിത്രമായ അവസ്ഥ എല്ലാം പറയാതെ പറയുന്നു. മികച്ച ഒരു കഥാകൃത്തിന്റെ കയ്യടക്കവും രചനാകൗശലവും ക്രൈംഫയലിനെ വേറിട്ടതാക്കുന്നു. ഭാഷയിലെ മികച്ച കഥകളിലൊന്നായും ക്രൈംഫയൽ മാറുന്നു.
പച്ച മനുഷ്യരുടെ യാഥാർഥ്യങ്ങളുടെ കഥാകാരനാണ് രാജീവ് ശിവശങ്കർ. ജീവിതത്തിൽനിന്ന് അടർത്തിയെടുക്കുന്ന സത്യങ്ങൾ രസകരമായി അവതരിപ്പിക്കുന്ന ഈ കഥകളെ ജീവിതത്തിന്റെ പരിഛേദമെന്നല്ല പറയേണ്ടത്. പ്രതിഫലനമെന്നുമല്ല. മറിച്ച്, പറഞ്ഞ വാചകങ്ങളിലെ വിട്ടുപോയ വാക്കുകൾ പൂരിപ്പിക്കുകയാണ് കഥാകൃത്ത്. പറയാതെപോയ വികാരങ്ങൾക്കു വാക്കു കൊടുക്കുകയാണ്. രൂപപ്പെടാതിരുന്ന ആശയങ്ങൾക്കു വ്യക്തത സമ്മാനിക്കുകയാണ്. വികാരങ്ങൾക്കു മൂർത്തരൂപം കൊടുക്കുകയാണ്. അങ്ങനെ എല്ലാവരും പ്രാപിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന പൂർണതയെ ഒരു എഴുത്തുകാരൻ എന്ന നിലയിൽ രാജീവ് വായനക്കാർക്കു സമ്മാനിക്കുന്നു. അപൂർണമായ ജീവിതത്തെ എഴുത്തിലൂടെ പൂർണമാക്കുന്നു. ചിന്നിച്ചിതറിയ ജീവിതത്തെ സമഗ്രമാക്കുന്നു.
Books In Malayalam Literature, Malayalam Literature News, Malayalam Book Review