1993 സെപ്റ്റംബർ 20. പിഎസ്എൽവി ആദ്യ വിക്ഷേപണം. ഫലം പരാജയം.
1994 ഒക്ടോബർ 15: വീണ്ടും പിഎസ്എൽവി : പൂർണവിജയം.
ഒരു മാസം കഴിഞ്ഞ് നവംബർ 30 ന് പിഎസ്എൽവി രണ്ടാമത്തെയും നാലാമത്തെയും സ്റ്റേജിന്റെ പ്രൊജക്ട് ഡയറക്ടറും ക്രയോജനിക്സിന്റെ പ്രൊജക്ട് ഡയറക്ടറുമായ
മുതിർന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണൻ അറസ്റ്റിൽ.
ഒക്ടോബർ 26 ന് പിഎസ്എൽവിയുടെ വിജയകരമായ വിക്ഷേപണത്തിന്റെ പേരിലുള്ള പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങാൻ ഐഎസ്ആർഒ ചെയർമാൻ കസ്തൂരിരംഗനോടൊപ്പം ഡൽഹിയിൽപോയ ശാസ്ത്രജ്ഞനാണ് നവംബർ 30 ന് അറസ്റ്റ് ചെയ്യപ്പെടുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചാരവനിതകളിലൂടെ ശത്രുരാജ്യത്തിനു ചോർത്തിക്കൊടുത്തുവെന്ന ഗുരുതരമായ ആരോപണത്തിന്റെ പേരിൽ. ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട വാക്കായ ചാരന്‍ എന്നു വിളിക്കപ്പെട്ട്, അപമാനിക്കപ്പെട്ട്, അവഹേളിക്കപ്പെട്ട്. പൊതുജനത്തിന്റെ പരിഹാസവും കുത്തുവാക്കും കേട്ട്. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന ഭീതിയോടെ. പിന്നിൽ താഴേക്കൂർന്നുവീണ ഭാര്യയുടെ കരച്ചിലിനു ചെവി കൊടുക്കാതെ, തിരിഞ്ഞുനോക്കാതെ...
പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഞാൻ ആലോചിച്ചു. ഇതിനുവേണ്ടിയാണോ ജീവിതം ഞാൻ മാറ്റിവച്ചത്.ഉന്നതജോലികളും പദവികളും വലിച്ചെറിഞ്ഞ് ഐഎസ്ആർഒയുടെ ഉള്ളിലെ തൊഴുത്തിൽക്കുത്തുകൾ അനുഭവിച്ച് ഞാൻ നിന്നത് ഇതിനുവേണ്ടിയാണോ.പക്ഷേ, പെട്ടെന്ന് എന്റെ മനസ്സിൽ ഉത്തരം വന്നു.ത്രിവർണപതാക നെറ്റിയിൽ ഒട്ടിച്ചുവച്ച് ആകാശസീമകൾക്കപ്പുറത്തേക്കു പറന്ന് ഇന്ത്യൻ സ്വപ്നങ്ങൾക്കു കരുത്തു പകർന്ന പിഎസ്എൽവി എന്ന എക്കാലത്തെയും പടക്കുതിരയെ പോരിനു സജ്ജമാക്കൽ മാത്രമായിരുന്നു എന്റെ ദൗത്യം.
94–ലെ രണ്ടാമത്തെ വിക്ഷേപണത്തിനുശേഷം 2017 ഓഗസ്റ്റ് വരെ 38 വിക്ഷേപണങ്ങൾ പിഎസ്എൽവി വിജയകരമായി നടത്തി. പക്ഷേ, അപ്പോഴേക്കും, വിജയത്തിന്റെ അമരക്കാരൻ നമ്പി നാരായണൻ ചാരക്കേസുമായി ബന്ധപ്പെട്ടു സിബിഐ പരാമർശിച്ച കേരളപൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ സുപ്രിംകോടതി വിധിക്കായി കാത്തിരിക്കുന്നു. ക്രൂരവിധിക്കുശേഷം ന്യായവിധിക്കുവേണ്ടി.
ചാരക്കേസിലെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നു റിപോർട്ട് എഴുതിയത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജസിയായ സിബിഐ. ഈ റിപോർടിൽ അവസാനിക്കുന്നില്ല ചാരക്കേസ്. തുടങ്ങുന്നതേയുള്ളൂ. യഥാർഥ പ്രതികൾ ഇനിയും പുറത്തുവന്നിട്ടില്ല. അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നു നമ്പി നാരായണൻ. ഓർമയുടെ ഭ്രമണപഥത്തിൽനിന്നു നഷ്ടപ്പെടാത്ത കൃത്യമായ വിവരങ്ങളും സുക്ഷ്മമായ വിശദാംശങ്ങളും ആധികാരിക രേഖകളും സഹിതം രക്തവും വിയർപ്പും കൊണ്ടെഴുതി രാജ്യത്തിന്റെയും ജനങ്ങളുടെയും മനഃസാക്ഷിക്കുമുന്നിൽ സമർപ്പിക്കുന്ന സത്യവാങ്മൂലമാണിത്: ഓർമകളുടെ ഭ്രമണപഥം. കുപ്രശസ്തമായ ചാരക്കേസിന്റെ പുകമറ നീക്കി കണ്ടെടുത്ത സത്യം വാക്കുകളുടെ സൗന്ദര്യമായി മലയാളികളെ തേടിയെത്തുന്നു. ഈ സത്യത്തിന്റെ വജ്രശോഭയിൽ ചില വിഗ്രഹങ്ങൾ ഉടഞ്ഞുപോകുന്നുണ്ട്. വിശ്വാസങ്ങൾക്കു കോട്ടം തട്ടുന്നുണ്ട്. സത്യം തെളിയിക്കാൻ നിയോഗിക്കപ്പെട്ടവർ അസത്യത്തിന്റെ തോഴൻമാരായി, മർദ്ദനോപകരണങ്ങളായി തരംതാഴുന്നതു കാണാനാകുന്നുണ്ട്. സ്വർണപാത്രംകൊണ്ടുമൂടിയാലും മറയ്ക്കാനാകാത്ത സത്യം ചാരത്തിൽനിന്നു ജ്വലിച്ചു പുറത്തുവരുന്നുണ്ട്.
കാലം കാതോർത്തിരുന്നതാണ് ഈ പുസ്തകം. കൈ നീട്ടി വാങ്ങേണ്ടത്. മറക്കാതെ, പൊറുക്കാതെ മനസ്സിൽ സൂക്ഷിക്കേണ്ടത്. പ്രതിസന്ധികളിൽ താങ്ങായും ആഘോഷത്തിൽ മുന്നറിയിപ്പായും വിശ്വാസത്തിൽ വിള്ളൽവീഴ്ത്തിയും ജ്വലിക്കുന്ന സത്യം– ഓർമകളുടെ ഭ്രമണപഥം. നമ്പി നാരായണന്റെ ആത്മകഥ.
കുറ്റവാളിയെന്നാരോപിക്കപ്പെട്ട് അറസ്റ്റിലായതിനുശേഷം നിരപരാധിയായി നമ്പി നാരായണൻ ജാമ്യം ലഭിച്ചു ജയിലിൽനിന്നു പുറത്തുവരുന്നത് 52–ാം ദിവസം. വീട്ടിലേക്കു കയറിയ നമ്പിയുടെ മനസ്സിൽ നിറഞ്ഞതു ജീവിതമല്ല. പ്രതികാരമല്ല. ആത്മഹത്യ മാത്രം. അടുത്തദിവസം തന്നെ പാരമ്പര്യസ്വത്തായ ഒരേക്കർ ഭൂമിയും വീടും ഉൾപ്പെട്ട വസ്തുക്കൾ ചേർത്ത് വിൽപത്രം തയ്യാറാക്കാൻ വക്കീലിനോട് ആവശ്യപ്പെടുന്നു. പിറ്റേന്നുതന്നെ വിൽപത്രം തയ്യാറായി. മരണത്തിലേക്ക് ഒരു ചുവടിന്റെ അകലം മാത്രം. സംശയം തോന്നി മകൾ ഗീത അദ്ദേഹത്തിന്റെ അടുത്തുവന്നു.
മരിച്ചാൽ അച്ഛനു സമാധാനം കിട്ടുമോ. ചാരനായി മരിച്ചാൽ ലോകാവസാനം വരെ അച്ഛനൊരു ചാരനായിരിക്കും. ഞങ്ങൾ ചാരന്റെ സന്തതി പരമ്പരകളും. ആ കളങ്കം ഞങ്ങളെ വിട്ടു പോകില്ല; അച്ഛനെയും. മരിക്കണമെങ്കിൽ ആകാം. പക്ഷേ ചാരനല്ലെന്നു തെളിയിച്ചിട്ടു പോരേ.
ആത്മാവിനെ ഹനിക്കാൻ ശ്രമിച്ച വിരലുകൾ പിന്നീടു തുടിച്ചത് എഴുതാൻ. ഹൃദയം വേഗത്തിൽ മിടിച്ചതു കഴിഞ്ഞുപോയതെല്ലാം ഓർമിക്കാൻ. മരണസാഗരത്തിൽനിന്നു വാക്കുകളുടെ തോണിയിൽ പുനർജൻമത്തിന്റെ കരയിലേക്കു വരുന്നു നമ്പി; ഓർമകളുടെ ഭ്രമണപഥത്തിൽനിന്നു യാഥാർഥ്യത്തിലേക്കു തൊടുത്തുവിട്ട അമ്പ്.
കേവലം ചാരക്കേസിന്റെ യാഥാര്‍ഥ്യം മാത്രമല്ല ഓര്‍മകളുടെ ഭ്രമണപഥം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ വളർച്ചയുടെ ചരിത്രം.ഹോമി ഭാഭയിൽ തുടങ്ങി വിക്രം സാരാഭായ്, സതീഷ് ധവാൻ എന്നിവരിലൂടെ വളർന്നു പന്തലിച്ച രാജ്യത്തെ ഏറ്റവും വലിയ അഭിമാന സ്ഥാപനത്തിന്റെ കിതപ്പിന്റെയും കുതിപ്പിന്റെയും ചരിത്രം. നിസ്വാർഥരായ മനുഷ്യർ ജീവിതം സമർപ്പിച്ചു പടുത്തുയർത്തിയ മഹാപ്രസ്ഥാനത്തെ ഏതാനും പേർ കള്ളക്കഥകളിലൂടെ തളർത്താനും തകർക്കാനും ശ്രമിച്ചതിന്റെ തെളിവുകൾ. നിരപരാധിയായാലും നിഷ്കളങ്കനായാലും വിധിയുടെ മാരക പ്രഹരത്തിൽനിന്നു ചിലപ്പോൾ രക്ഷപ്പെടാനേ ആകില്ലെന്ന ചരിത്രപാഠം. ആത്മകഥകൾ പലപ്പോഴും വിരസമാകാറുണ്ട്. പക്ഷേ ഓർമകളുടെ ഭമണപഥം ഓരോ പേജും ഓരോ വരിയും ആവേശജനകമാണ്.കണ്ണീരണിയിച്ചും ധാർമികരോഷത്താൽ തിളപ്പിച്ചും സത്യത്തിന്റെ ആത്യന്തിക വിജയത്തിൽ ആഹ്ളാദിപ്പിച്ചും വായനയെ സാഫല്യത്തിലെത്തിക്കുന്ന അത്യപൂർവ കൃതി.
ചാരക്കേസിനുപിന്നിലെ യഥാർഥ പ്രതികളെ ചൂണ്ടിക്കാണിക്കുന്നുണ്ട് പുസ്തകത്തിൽ നമ്പി നാരായണൻ. അന്വേഷണം നടത്തേണ്ടതു സർക്കാർ. നിരപരാധിത്വം തെളിയിക്കാൻവേണ്ടി മാത്രമല്ല രാജ്യാന്തര ഗൂഡാലോചനയുടെ ചുരുളഴിക്കാൻ. നാളെയും ഇത്തരം അപകടങ്ങൾ രാജ്യത്തെ തകർക്കാൻ എത്തില്ലെന്ന് ഉറപ്പിക്കാൻ.
മാപ്പു പറഞ്ഞു സർവീസ് മതിയാക്കിപ്പോയ ഇന്റലിജൻസ് ബ്യൂറോ ക്രാക്ക് കൗണ്ടർ വിഭാഗം മേധാവി രത്തൻ സൈഗാളിനെക്കുറിച്ച് അന്വേഷണം നടത്താത്തതെന്ത് ?
രത്തൻ സൈഗാളിനൊപ്പം യാത്ര ചെയ്ത, കൂടിക്കണ്ട, അമേരിക്കക്കാരിയും സിഐഎ ഏജന്റുമായ യുവതിയെ അറസ്റ്റ് ചെയ്യാതിരുന്നതെന്ത് ?
അന്വേഷണം പോലും പ്രഖ്യാപിക്കാത്തതെന്ത് ?
ഉത്തരമില്ലാത്ത ചോദ്യങ്ങൾ നീളുമ്പോൾ അകന്നുപോകുകയാണ് നീതി. നിലവിളിക്കുന്നതു നീതിമാൻമാരുടെ രക്തം.
കറന്റ് ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ജി.പ്രജേഷ് സെൻ ആണ്.
Books In Malayalam Literature, Malayalam Literature News, Malayalam Book Review