അരികിലില്ലല്ലോ അച്ഛാ, മരണമെത്തുന്ന നേരത്തുപോലും

വാഷിങ്ടണിലെ ഒരു പത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍. 

ലിങ്കനും ഭാര്യയും ഷാംപെയ്ന്‍ ഗ്ളാസ്സുകളുമായി വൈറ്റ് ഹൗസിലെ അലങ്കരിച്ച ഹാളില്‍. ഒരു വിരുന്ന് നടക്കുകയാണവിടെ. അതിഗംഭീരമായ വസ്ത്രധാരണം. ഉയരുന്ന സംഗീതം. ആ ബഹളത്തിനിടെ തുറന്ന ഒരു ശ്മശാനത്തിലേക്കു നടക്കുന്നു പ്രസിഡന്റിന്റെ മകന്‍ വില്ലി. അവന്‍ ചോദിക്കുന്നു: അച്ഛാ അവസാനമായി ഒരു ഗ്ലാസ് എനിക്കും തരില്ലേ...?  

ലോകത്തിലെ ഏറ്റവും മഹാന്‍മാരായ പ്രസിഡന്റുമാരില്‍ ഒരാള്‍ എന്നു കീര്‍ത്തികേട്ട ഏബ്രഹാം ലിങ്കനെ മരണം വരെയും, ഒരുപക്ഷേ മരണത്തിനുശേഷവും വേട്ടയാടി ഈ കാര്‍ട്ടൂണ്‍. വില്ലിയുടെ അവസാനത്തെ വാക്കുകളും. ചെറിയൊരു പനിയിലായിരുന്നു തുടക്കം. പിന്നീടതു ടൈഫോയിഡ് ആയി മാറി. സമയം കിട്ടുമ്പോഴെല്ലാം മകന്റെ കിടക്കയ്ക്കരികെ എത്തുമായിരുന്നു ലിങ്കന്‍. അദ്ദേഹത്തിന്റെ ഭാര്യയും. ആഭ്യന്തര യുദ്ധം ഏറ്റവും രൂക്ഷമായ കാലമായിരുന്നു അത്. ദിവസവും എത്തുമായിരുന്നു മരണത്തിന്റെ വാര്‍ത്തകള്‍. പരുക്കേറ്റവരുടെ നിലവിളികള്‍. അസ്വസ്ഥമായിരുന്നു ആ ദിവസങ്ങള്‍. ആശങ്കാജനകവും. അതുകൊണ്ടുതന്നെ വൈറ്റ് ഹൗസില്‍ ഒരു വിരുന്ന് നടത്തേണ്ടതില്ല എന്നായിരുന്നു പ്രസിഡന്റിന്റെ വാദം. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ ആശ്വസിപ്പിച്ചു. മകന്റെ രോഗാവസ്ഥയും ലിങ്കനെ വേട്ടയാടിയിരുന്നു. ഡോക്ടര്‍ എത്തി. ഗുരുതര രോഗമൊന്നുമല്ല എന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തല്‍. വിരുന്ന് നിശ്ചയിച്ച തീയതിയില്‍ സമയത്തുതന്നെ നടക്കട്ടെ എന്നദ്ദേഹവും ലിങ്കനെ ധൈര്യപ്പെടുത്തി. വിരുന്നിന് അതിഥികള്‍ എത്തുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു വില്ലി. ഷാംപെയ്ന്‍ ഗ്ളാസുകള്‍ നിറയുമ്പോള്‍ വില്ലിയുടെ കാഴ്ച മങ്ങുകയായിരുന്നു. പാട്ട് ഉച്ചത്തിലുച്ചത്തിലാകുമ്പോള്‍ ബോധം മറയുകയായിരുന്നു വില്ലിക്ക്. പ്രഡിഡന്റ് അറിഞ്ഞില്ല. അദ്ദേഹത്തിന്റെ ഭാര്യയും. വിരുന്ന് ഗംഭീരമായി തന്നെ പര്യവസാനിച്ചു. പക്ഷേ അപ്പോഴേക്കും വില്ലി മറ്റൊരു ലോകത്ത് എത്തിയിരുന്നു. ഏബ്രഹാം ലിങ്കന്റെ മനസ്സിനെ വേട്ടയാടിയ കുറ്റബോധവും ഒരിക്കലും ശമിക്കാത്ത ദുഃഖവുമാണ് ജോര്‍ഡ് സാന്‍ഡേഴ്സിന്റെ നോവലിന്റെ കാതല്‍. 2017-ല്‍ മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ലിങ്കന്‍ ഇന്‍ ദ് ബാര്‍ഡോ.

ഏറ്റവും കരുത്തന്‍ എന്നു പേരുകേട്ട ഒരു മനുഷ്യന്റെ ഏറ്റവും ദുഃഖാകുലമായ നിമിഷങ്ങളുടെ ആവിഷ്ക്കാരം. ആ നിമിഷങ്ങള്‍ ഒരു നോവലാകുമ്പോള്‍ അത് എങ്ങനെയായിരിക്കും എന്നൊരു രൂപമുണ്ട് വായനക്കാരുടെ മനസ്സില്‍. സാന്‍ഡേഴ്സിന്റെ നോവലിന്റെ പ്രത്യേകത ആ ധാരണയെ പൊളിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു എന്നതുതന്നെയാണ്. ഇതുവരെ വായിച്ച നോവലുകളില്‍നിന്നു ഭിന്നമാണ് സാന്‍ഡേഴ്സിന്റെ ലിങ്കണ്‍. ആവിഷ്കാരത്തിലും പ്രതിപാദനത്തിലും ശൈലിയിലുമെല്ലാം തികച്ചും വ്യത്യസ്തം. ഇങ്ങനെയുമൊരു നോവലോ എന്നു വായനക്കാരെ അത്ഭുതപ്പെടുത്തും ഈ പുസ്തകം. ഒരുപക്ഷേ അതിശയിപ്പിക്കുന്ന ആ പുതുമ തന്നെയായിരിക്കാം സാന്‍ഡേഴ്സിനെ ബുക്കര്‍ സമ്മാനത്തിന് അര്‍ഹനാക്കിയതും. 

1862 ഫെബ്രുവരിയാണു കാലം. അടിമത്തം ഇല്ലാതാക്കി ചരിത്രത്തിലേക്കു പ്രവേശിച്ച പ്രസിഡന്റ് ആഭ്യന്തര യുദ്ധത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന സമയം. അപ്പോഴായിരുന്നു വൈറ്റ് ഹൗസിനെ ദുഃഖത്തിലാഴ്ത്തി പ്രസിഡന്റിന്റെ രണ്ട് ആണ്‍മക്കളും രോഗബാധിതരാകുന്നതും വില്ലിയുടെ അസുഖം മൂര്‍ഛിക്കുന്നതും മരണത്തിനു കീഴടങ്ങുന്നതും. ലിങ്കന്റെ തനിപ്പകര്‍പ്പായിരുന്നു വില്ലി. രൂപത്തിലും ഭാവത്തിലും എടുപ്പിലും നടപ്പിലുമെല്ലാം. മക്കളില്‍ പ്രസിഡന്റ് ഏറ്റവും കൂടുതല്‍ സ്നേഹം ചൊരിഞ്ഞതും വില്ലിക്കുതന്നെ. അവന്‍ ചെറുപ്രായത്തില്‍ ലോകം വിട്ടുപോകുമെന്ന് ദുഃസ്വപ്നങ്ങളില്‍പ്പോലും അദ്ദേഹം കരുതിയിട്ടില്ല. ആ മരണം ലിങ്കനെ അടിമുടി തകര്‍ത്തു. ജീവിതം അദ്ദേഹത്തിന് അര്‍ത്ഥശൂന്യമായി. വൈറ്റ് ഹൗസിലെ മുറിയില്‍ അദ്ദേഹം വാതിലടച്ചിട്ടിരുന്നു മണിക്കൂറുകള്‍ കരഞ്ഞു. ജോര്‍ജ് ടൗണ്‍ സെമിത്തേരിയിലും അദ്ദേഹം നിത്യസന്ദര്‍ശകനായി. ശവകുടീരത്തിലെ വെണ്ണക്കല്ലില്‍ കെട്ടിപ്പുണര്‍ന്നു കിടന്ന് അദ്ദേഹം മകനോടു സംസാരിച്ചു. വില്ലി കേള്‍ക്കുന്നുണ്ടായിരുന്നോ അതൊക്കെ. പിതാവിന്റെ അലതല്ലുന്ന ദുഃഖം മകന്‍ അറിയിരുന്നുണ്ടായിരുന്നോ. മരണത്തിനു ശേഷം അവര്‍ക്കിരുവര്‍ക്കും കൂടിക്കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നോ. 

വര്‍ത്തമാനത്തില്‍നിന്ന് അയഥാര്‍ഥ ലോകത്തേക്കു കടക്കുകയാണ് സാന്‍ഡേഴ്സ്. അതിനു ചേരുന്ന ഭാഷയും ഘടനയുമാണ് നോവലിന്റേത്. ടിബറ്റന്‍ വിശ്വാസത്തില്‍ പറയുന്നുണ്ട് ബാര്‍ഡോ എന്ന സ്ഥലത്തെക്കുറിച്ച്. മരണശേഷമുള്ള യാത്രയിലെ ഇടത്താവളം. ആത്മാവുകളുടെ തീര്‍ത്ഥഘട്ടം. മനുഷ്യരുടെ ശല്യമില്ലാതെ, ആരുടെയും ഇടപെടലുകളില്ലാതെ ആത്മാവുകള്‍ സ്വൈര്യവിഹാരം നടത്തുന്ന കേന്ദ്രം. നോവലിന്റെ പശ്ചാത്തലം ബാര്‍ഡോ. മരണശേഷവും മകന്റെ വേര്‍പാട് ഏല്‍പിച്ച മുറിവുകളുമായി ജീവിക്കുന്ന ലിങ്കണ്‍  ബാര്‍ഡോയില്‍ പശ്ചാത്താപത്തിന്റെ പാപനാശിനിയില്‍ കുളിച്ചുകയറുന്നത് സാന്‍ഡേഴ്സ് അതിതീവ്രമായി അവതരിപ്പിക്കുന്നു. 

അന്ന് കൊടുങ്കാറ്റ് വീശിയടിക്കുകയായിരുന്നു വാഷിങ്ടണില്‍. അന്നാണു വില്ലിയുടെ സംസ്കാരം. കാറ്റില്‍ വീടിന്റെ മേല്‍ക്കൂരകള്‍ പോലും പറന്നുപോകുന്നു. മരങ്ങള്‍ ആടിയുലയുന്നു. ജോര്‍ജ്ടൗണിലെ ഓക്ഹില്‍ സെമിത്തേരിയിലേക്ക് പതുക്കെ നീങ്ങുകയാണ് ആ ശവഘോഷയാത്ര. രണ്ടു വെള്ളക്കുതിരകള്‍ വലിക്കുന്ന വണ്ടി. അതിലുണ്ട് ജീവിതത്തില്‍ സന്തോഷം മാത്രം അറിഞ്ഞ ഒരു കുട്ടിയുടെ ശവശരീരം. 

തൊട്ടുപിറകിലായി രണ്ടു കറുത്ത കുതിരകള്‍ വലിക്കുന്ന വണ്ടി. അതില്‍ മുഖം കുനിച്ചിരിക്കുന്നു വേദന കാര്‍ന്നുതിന്നുന്ന ഒരു മനുഷ്യന്‍. കുറ്റബോധം വേട്ടയാടുന്ന പ്രസിഡന്റ്. ജീവിച്ചിരിക്കുമ്പോള്‍തന്നെ മരിച്ചുപോയ ഒരു മനുഷ്യന്‍.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review