ആരാണ് സോർബ? നിങ്ങളാണോ? 

ആരാണ് സോർബ? നിങ്ങളോ, ഞാനോ? അതോ നമുക്കെല്ലാം പരിചയമുള്ള ആരോ ഒരാളോ? അല്ലല്ല, അത് ഞാൻ തന്നെയാണ് എന്നുറപ്പിച്ചു പറയാൻ കഴിവുള്ളവൻ ദൈവമാകുന്നു! അതുതന്നെയാണ് നിക്കോസ് കസാൻസാകീസിന്റെ "സോർബ ദ ഗ്രീക്ക്" എന്ന നോവലും പറയുന്നത്. എത്ര പൗരാണികമായ കൃതിയാണ്! 1946 ൽ പ്രസിദ്ധീകൃതമായ അറുപത്തിനാലിൽ ചലച്ചിത്രമാക്കപ്പെട്ട ക്‌ളാസിക് കൃതി മാത്രമല്ല സോർബ എത്ര കാലം കടന്നാലും മനുഷ്യനെ കുറിച്ചു ഏറ്റവും മനോഹരമായി പറഞ്ഞിരിക്കുന്ന ദാർശനിക വരികൾ കൂടിയാണത്. 

രണ്ടറ്റത്തു നിൽക്കുന്ന സ്വഭാവങ്ങളുള്ള രണ്ടു മനുഷ്യരുടെ കഥയാണിത്. ഒരാൾ എഴുത്തുകാരൻ, അയാൾ മിതഭാഷിയാണ്, നിർമമനാണ്, മടിയനുമാണ്. സങ്കടത്തെ കരഞ്ഞു തീർക്കാനും ദാർശനികത പുസ്തകങ്ങളിൽ തിരയാനും അറിയുന്നവൻ, അയാളാണ് നോവലിലെ ആഖ്യാതാവും. അയാളെപ്പോലെയുള്ള മനുഷ്യർ പലരും ആ വായനയിൽ ആഖ്യാതാവിനു പകരം മുന്നിൽ വന്നു നിൽക്കുകയുണ്ടായി. പക്ഷേ സോർബയ്ക്ക് പകരം ആര് വന്നു നിൽക്കാനാണ്! അയാൾക്ക്‌ പകരം വയ്ക്കാൻ അയാളല്ലാതെ മറ്റാരുണ്ടെന്നാണ്!

ജീവിതത്തിൽ ആനന്ദത്തിന്റെ വില മനസ്സിലാക്കിയ ആളാണ് സോർബ. എന്തും ഏതും അവനവന്റെ പരിശ്രമങ്ങളുടെ അറ്റത്തു പോയി ചെയ്യുന്നവൻ. സങ്കടം വന്നാൽ നൃത്തം വയ്ക്കുന്നയാൾ, ഉന്മാദം വരുമ്പോൾ സാന്തുരി വായിക്കുന്നയാൾ, പെണ്ണിനേയും ഭൂമിയെയും ഒക്കെ അവനവന്റെ ആനന്ദങ്ങൾക്കും സൗകര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നയാൾ. പക്ഷേ മറ്റൊന്നുണ്ട്, അയാൾക്ക് ചുറ്റും നിൽക്കുന്നവർ, അത് പെണ്ണായാലും മണ്ണായാലും അതിനെ സോർബ ആനന്ദത്തിൽ നിർത്താൻ ശ്രമിക്കാറുണ്ട്. ചുറ്റും ഉള്ളവരെ കൂടി തന്റെ വരുതിയിൽ നിർത്താൻ അറിഞ്ഞോ അറിയാതെയോ അയാൾ ശ്രമിക്കുന്നതു പോലെ. 

സോർബയെ കണ്ടെത്തുക എന്നത് ഓരോ മനുഷ്യനും സ്വയം അന്വേഷിക്കാനുള്ള വഴികളാണ്. അതിൽ എന്താണ് ദൈവം എന്നതുപ്പെടെയുള്ള സംശയങ്ങൾക്കുള്ള മറുപടികൾ ഒളിഞ്ഞു കിടക്കുന്നു. ക്രീറ്റ് എന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ആഖ്യാതാവും സോർബയും കണ്ടുമുട്ടുന്നത്, അതൊരുപക്ഷേ കാലത്തിന്റെ നിയോഗമായിരുന്നിരിക്കണം, ബുദ്ധനെ കുറിച്ച് എഴുതുന്ന ആഖ്യാതാവിനു ബുദ്ധനായി തീരാൻ പോലുമാകുന്നില്ല, പക്ഷേ ദൈവത്തെയും ചെകുത്താനെയും വിശ്വാസമില്ലാത്ത ആരാധിക്കാത്ത മനുഷ്യനായി മാത്രം ജീവിക്കുന്ന സോർബ സ്വയം ദൈവമാകുന്നു. "അനൽ ഹഖ്, അഹം ബ്രഹ്‌മാസ്‌മി" എന്നിങ്ങനെയുള്ള തത്വമസി പ്രയോഗങ്ങൾ അയാൾ വളരെ ലഘുവായ ഭാഷയിൽ വായനക്കാർക്ക് പറഞ്ഞും പ്രവർത്തിച്ചും കാണിച്ചു തരുന്നു. 

ദാർശനികമായ എഴുത്താണ് സോർബയിലേത്. ജീവിത ആനന്ദത്തിലേക്കുള്ള വഴി എത്രമേൽ സരളമാണെന്നു കാസാൻസാകീസ് പറഞ്ഞു വയ്ക്കുന്നു. പക്ഷേ പലരും ആഖ്യാതാവിനെ പോലെ ജീവിതത്തിനു മേൽ ഈഗോകൾ കെട്ടിപ്പൊക്കി നടക്കുമ്പോൾ എവിടെയാണ് ആനന്ദം? ലോകത്തെ ഗൗനിക്കാതെ ഞാൻ തന്നെ ലോകം എന്ന മനസ്സിലാക്കലിൽ സന്തോഷം തനിയെ വന്നു ചേരും. കരച്ചിലിൽ പോലും നൃത്തമാടാനാകും, അനീതിയെന്നു തോന്നുന്നവയ്ക്കു നേരെ മുന്നും പിന്നും നോക്കാതെ ചാടിയിറങ്ങാനാകും, അതുകൊണ്ടു തന്നെയാണ് വിധവയായ ആ പെൺകുട്ടിയെ കൊലപ്പെടുത്തുന്ന ആവസരത്തിൽ അയാൾ ഒന്നും നോക്കാതെ അവളെ രക്ഷിക്കുവാനായി ചാടിയിറങ്ങുന്നത്, അവരുടെ കൽക്കരി ഖനിയുടെ അപേക്ഷ ഒപ്പിടുവിക്കാൻ അശാന്തിയുടെ വിളനിലമായ മൊണാസ്ട്രിയിൽ എത്തുന്നത്. അവിടെയും തീ കോരിയിട്ടിട്ടാണ് അയാൾ പോകുന്നത്. എവിടെയുമുണ്ടാകും സോർബയാകാൻ മനസ്സുകൊണ്ട് ഇറങ്ങി തിരിച്ചവൻ, അവനു അയാളെ കണ്ടെത്തിയേ മതിയാകൂ.  

ആഖ്യാതാവിന്റെ ഭൃത്യനാകാം എന്ന ഉറപ്പിലാണ് സോർബ അയാൾക്കൊപ്പം ക്രീറ്റിലെത്തുന്നത്. സത്യമായിരുന്നു, അയാൾ മികച്ച ഒരു ഖനി മാനേജരും പണിക്കാരനുമായിരുന്നു, ഒപ്പം നല്ലൊരു കുശിനിക്കാരനും, പ്രണയിയും. ആഖ്യാതാവിനെ പോലും പ്രണയിക്കാൻ അയാൾ പഠിപ്പിക്കുന്നുണ്ട്. വയസ്സനാണ് സോർബ, പക്ഷേ ലോകം കണ്ടവനാണ്, യുദ്ധം കണ്ടവനും നയിച്ചവനുമാണ്. യുദ്ധത്തിൽ ആർക്കാണ് നഷ്ടപ്പെടുന്നത് എന്നു സ്വയം മനസ്സിലാക്കി യുദ്ധം തന്നെ വേണ്ടെന്നു വച്ചവനാണ്. 

സ്ത്രീകളോടുള്ള സോർബയുടെ വിലയിരുത്തലിൽ കാലത്തിന്റെ വ്യത്യസ്തത ഉൾക്കൊള്ളാൻ കഴിയണം. ആണിന്റെ സുഖത്തിനു വേണ്ടി മാത്രം ജീവിക്കപ്പെട്ടവളായി അവൾ പലയിടത്തും മാറിപോകുന്നുണ്ട്, പ്രത്യേകിച്ച് സോർബയുടെ വാക്കുകളിൽ. പക്ഷേ എഴുത്തുകാരന്റെ സ്ത്രീ കഥാപാത്രസൃഷ്ടി കുറച്ചു പരുക്കനാണ്. പ്രധാനപ്പെട്ട കഥാപാത്രങ്ങളായ രണ്ടു സ്ത്രീകളും പുരുഷന്മാരെ മയക്കുന്ന കറുപ്പാണ്. അവരിൽ കുടുങ്ങി പോകുന്നവരാണ് പുരുഷന്മാർ. പക്ഷേ, നിങ്ങളിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്ന് ആരും പറയുന്നില്ല, പറയുന്നതിന് പകരം പ്രവൃത്തിയാണിവിടെ. ശരീരം വിറ്റു ജീവിക്കുന്നവളുടെ ജീവനും വിലയുണ്ടെന്ന് തെളിയിക്കുന്നത് സോർബയാണ്, അത് അയാളുടെ സ്ത്രീകളോടുള്ള പ്രത്യേക ബഹുമാനം കൊണ്ടല്ല, അയാളുടെ സ്വഭാവം ലോകത്തോട് തന്നെ അങ്ങനെ ആയതുകൊണ്ടാണ്. അയാളെ ഹൃദയം കൊണ്ടും ശരീരം കൊണ്ടും പ്രണയിക്കുന്ന മാഡം ഓർത്തെൻസിനോട് ആത്മാർഥമായി അയാൾ ഒപ്പം നിൽക്കുന്നില്ലെങ്കിലും അവരെ സന്തോഷിപ്പിക്കാൻ അയാൾ പരമാവധി ചെയ്യുന്നുണ്ട്. അവസാനത്തെ അവരുടെ വിവാഹ നിശ്ചയം പോലും അങ്ങനെ ഒരു തീരുമാനമായിരുന്നു. ഒപ്പം നിൽക്കുന്നവരെ സന്തോഷിപ്പിക്കാനുള്ള സൂത്രപ്പണി സോർബയ്ക്ക് എളുപ്പമാണ്. ഓർത്തെൻസിന്റെ പ്രണയത്തിലൂടെ പ്രേമത്തിന്റെ ഒരു ദാർശനിക നിലപാട് കൂടി എഴുത്തുകാരൻ വ്യക്തമാക്കുന്നുണ്ട്. ഓരോ പ്രണയത്തിനും രാവുകൾക്കുമൊടുവിൽ അത് മറക്കപ്പെടുന്ന ഓർത്തെൻസ് പിന്നീട് കമിതാവിന്റെ അടുത്തെത്തുന്നത് ഏറ്റവും പുതുക്കപ്പെട്ട ഒരു ഇരുപതുകാരിയെ പോലെയാണ്. എഴുപത്തിയഞ്ച് വയസ്സോളമായിട്ടും ആ ഇരുപതുകാരിയുടെ അതെ തീവ്രമായ പ്രണയം അവർക്ക് സോർബയോടു പ്രകടിപ്പിക്കാൻ കഴിയുന്നതും ആ പുതുക്കപ്പെടൽ കൊണ്ടാണ്. 

എന്നെങ്കിലും ഒരിക്കൽ അവനവന്റെ ലോകത്തേയ്ക്ക് യാത്ര നടത്തേണ്ടവരാണ് ഓരോരുത്തരും. സോർബയുടെ ജീവിതത്തോട് ഉന്മാദം കലർന്ന ഇഷ്ടമുണ്ടായിട്ടും സ്വന്തം ജൈവികമായ ജീവിത സാന്നിധ്യങ്ങളിൽ മാറി നിൽക്കാൻ ചിലർക്ക് പറ്റില്ല, ഇതിലെ ആഖ്യാതാവിനെ പോലെ. എവിടുന്നോ ലഭിച്ച മരതകം കാണാൻ സോർബ അങ്ങ് ദൂരെ നിന്ന് വിളിച്ചപ്പോഴും ആ കാഴ്ചയുടെ നിസ്സാരവത്കരണം മാത്രമാണ് അയാളോർത്തത്. ചില സെയ്ഫ് സോണുകൾ അങ്ങനെയാണ്, അതിൽ നിന്ന് വിട്ടിറങ്ങി പോവുക എന്നത് അസാധ്യമാകുന്നു, അതിനു നാം സോർബ ആകേണ്ടതുണ്ട്. അതത്ര എളുപ്പമല്ല താനും. അതിനായി ആദ്യം മനസ്സിനെ തുറന്നു വിടേണ്ടതുണ്ട്, പിന്നെ സോർബ പറയുന്നത് പോലെ ഇത്തിരി വിഡ്ഢിത്തരം ഉള്ള ആളും ആയിരിക്കേണ്ടതുണ്ട്!

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review