ഡെക്കാണിന്‍റെ ചരിത്രം; മതം കലര്‍ത്താതെ

ഫിറോസ് ഷാ ഒരു ഭയങ്കര കാമുകനായിരുന്നു. ഡക്കാണ്‍ ബാഹ്മണി സാമ്രാജ്യത്തിലെ ഈ സുല്‍ത്താന്‍റെ പ്രണയത്തിന് രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിരുകളുണ്ടായിരുന്നില്ല. ചൈനയും പേര്‍ഷ്യയും കടന്ന് റഷ്യ വരെയെത്തി വിവാഹ ബന്ധങ്ങള്‍. ക്രിസ്ത്യന്‍, ജൂത, രജപുത്ര ഭാര്യമാരുടെ സംഘം തന്നെ അദ്ദേഹം സ്വന്തമാക്കി. സുല്‍ത്താന്‍റെ പ്രണയത്തിന് വേറെയുമുണ്ട് പ്രത്യേകതകള്‍. ഓരോ ബീവിയെയും പ്രത്യേകം കെട്ടിടത്തില്‍ പാര്‍പ്പിക്കും. സഹായത്തിന് സ്വന്തം ഭാഷ സംസാരിക്കുന്ന തോഴിമാരെ നാട്ടില്‍ നിന്നെത്തിക്കും. ഓരോ ഭാര്യയോടും അവരുടെ ഭാഷയില്‍ മാത്രമേ സുല്‍ത്താന്‍ സംസാരിക്കൂ. അതിനായി  ഭാഷകള്‍ പഠിച്ചു പഠിച്ച് ഷാ ഒരു ബഹുഭാഷാ സുല്‍ത്താനായി. ഗുജറാത്തി, തെലുങ്ക്, മറാത്തി, ബംഗാളി, റഷ്യന്‍, ചൈനീസ്, അറബി, അങ്ങനെ ഒരുപാട് ഭാഷകള്‍. തങ്ങളെ പ്രണയിക്കാന്‍ പുതിയൊരു ഭാഷ വരെ പഠിച്ച ഫിറോസ് ഷായെ ബീവിമാര്‍ ജീവനുതുല്യം സ്നേഹിച്ചു. 

ചരിത്രം അറിയില്ലെങ്കിലും, അറിയാന്‍ താല്‍പര്യമില്ലെങ്കിലും  ഇതുപോലുള്ള അപൂര്‍വ സുന്ദര കഥകളുടെ ഒരു സമാഹാരമായി 'റിബല്‍ സുല്‍ത്താന്‍– ഫ്രം ഖില്‍ജി ടു ശിവജി' വായിച്ചു പോകാം. ചുവന്ന നെയില്‍ പോളിഷ് ഉപയോഗിച്ച് നഖംമിനുക്കിയ ഇബ്രാഹിം ആദില്‍ ഷാ രണ്ടാമന്‍, പുരുഷന്‍മാരെ വെല്ലുന്ന പ്രകടനം പടക്കളത്തില്‍ കാണിച്ച് ഒടുവില്‍ പുരുഷന്‍മാരാല്‍ ചതിക്കപ്പെട്ട ചാന്ദ് ബീവി, പോര്‍ച്ചുഗലിലെ രാജാവ് മാനുവലിന്‍റെ മകള്‍ക്ക് വിജയനഗര രാജാവുമായുള്ള വിവാഹാലോചനയുമായി ലിസ്ബണില്‍ നിന്നു വന്ന മധ്യസ്ഥന്‍,  എത്യോപയില്‍ നിന്നെത്തി രാജ്യത്തെ അധികാരകേന്ദ്രമായി മാറിയ വിശ്വസ്തനായ അടിമ മാലിക് അംബര്‍, തന്റെ സേനാതലവനായ മാലിഫ് ഖാഫുറുമായി പ്രണയത്തിലായ അലാവുദ്ദിന്‍ ഖില്‍ജി, ശൂദ്ര രാജാവായിരുന്ന പ്രതാപരുദ്ര, അധികാരത്തിന് അവകാശം പറയാതിരിക്കാന്‍ സഹോദരന്‍മാരുടെ കണ്ണുകുത്തിപ്പൊട്ടിക്കുന്ന സുല്‍ത്താന്‍മാര്‍, അങ്ങനെ ചരിത്രകഥകളുടെ ഒരു കൂമ്പാരം. ചരിത്രത്തെ വര്‍ഷങ്ങളുടെ വരണ്ട കണക്കുകളാക്കിയോ രാജാക്കന്‍മാരുടെ ഊതിവീര്‍പ്പിച്ച വീരസ്യങ്ങളാക്കിയോ കാണിക്കുന്നതിലല്ല മനു എസ്. പിള്ളയ്ക്ക് താല്‍പര്യം. ചരിത്ര കഥാപാത്രങ്ങളിലെ സാധാരണ മനുഷ്യരെ പുറത്തെടുത്ത് അവരിലൂടെ കഥ പറയുന്നതിലാണ്.

അറിയപ്പെടാത്ത ഡെക്കാണ്‍

ഡെക്കാണിന്‍റെ ചരിത്രമറിയാനാണ് ഈ പുസ്തകം കൈയിലെടുക്കുന്നതെങ്കിലും ഏറെയുണ്ട്  നേടാന്‍. ശിവജിയുടെ പോരാട്ടങ്ങളിലൂടെയും ഔറംഗസീബിന്‍റെ ക്രൂരതകളിലൂടെയും മാത്രം ഡക്കാണ്‍ ചരിത്രം അവതരിപ്പിച്ചിരുന്ന രചനകളില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. സമ്പല്‍സമൃദ്ധിയുടെയും സാംസ്കാരിക വൈവിധ്യത്തിന്‍റെയും സമ്മേളനസ്ഥലമായ മറ്റൊരു ഡക്കാണിനെ ഇവിടെ കാണാം. ലോകത്തെമ്പാടുമുള്ള ഭാഗ്യാന്വേഷികളെ മോഹിപ്പിച്ച് ക്ഷണിച്ചു കൊണ്ടു വന്ന നാട്. ഇന്ത്യന്‍ ചരിത്രത്തെ വടക്കേ ഇന്ത്യന്‍ കൊട്ടാരവട്ടങ്ങളില്‍ തളച്ചിടുന്നതിനുള്ള മറുപടി കൂടിയാണ് റിബല്‍ സുല്‍ത്താന്‍. (മനുവിന്‍റെ ആദ്യ പുസ്തകം തിരുവിതാംകൂര്‍ ചരിത്രത്തെപ്പറ്റിയുള്ള 'ഐവറി ത്രോണ്‍' ആയിരുന്നു) 

പക്ഷേ, അതിലുമൊക്കെ പ്രസക്തമായ ഒരു വായന ഈ പുസ്തകം അര്‍ഹിക്കുന്നുണ്ട്. ചരിത്രത്തെ മതങ്ങളുടെ നോട്ടത്തില്‍ പൊളിച്ചെഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലത്ത് റിബല്‍ സുല്‍ത്താനിലൂടെ ഒരു റിബല്‍ ചരിത്ര രചനയാണ് മനു നടത്തിയിരിക്കുന്നത്. മതമായിരുന്നില്ല ബാഹ്മണിയിലെ മുസ്ലിം സുല്‍ത്താന്‍മാരുടെയും വിജയനഗരത്തിലെ ഹിന്ദു രാജാക്കന്‍മാരുടെയും മുഖ്യ അജണ്ടയെന്നാണ് വസ്തുതകള്‍ നിരത്തിയുള്ള മനുവാദം. ഭരണത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഹിന്ദുക്കളെ നിയോഗിക്കാന്‍ മുസ്ലിം ഭരണാധികാരികള്‍ക്കോ മുസ്ലിങ്ങളെ നിയമിക്കാന്‍ ഹിന്ദു രാജാക്കന്‍മാര്‍ക്കോ മടിയുണ്ടായിരുന്നില്ല. അല്ലെങ്കി ല്‍ഗോല്‍ക്കൊണ്ട സുല്‍ത്താന്‍റെ സര്‍വശക്തനും ബുദ്ധിമാനുമായ മുഖ്യമന്ത്രി ബ്രാഹ്മണനായ മാദണ്ണയാകില്ലായിരുന്നു. ലിംഗായത്തുകളുടെ ആചാര്യനായിരുന്ന അല്ലാമാ പ്രഭുവിന്‍റെ പുനരവതാരമായാണ് അഹമ്മദ് ഷായെ ഹിന്ദുക്കള്‍ കരുതിയിരുന്നത്. ഹിന്ദു –മുസ്ലിം സഹകരണത്തിന്‍റെ മാതൃകകള്‍ വേറെയുമുണ്ട് ഡക്കാണ്‍ ചരിത്രത്തില്‍.

മതത്തിന്‍റെ മഷിയില്ലാത്ത ചരിത്രമെഴുത്ത്

1558ല്‍ ഹുസൈന്‍ നിസാം ഷായുമായി പോരാടാന്‍ അലി അദില്‍ ഷാ തേടിയത് വിജയനഗര രാജാവായ രാമരായയുടെ സഹായമായിരുന്നു. അലിയെ രാമരായയുടെ ഭാര്യ മകനായി ദത്തെടുക്കുകയും ചെയ്തു. 1565ലെ യുദ്ധത്തില്‍ ഹിന്ദുക്കളായ മറാത്തകള്‍ പിന്തുണച്ചത് വിജയനഗരത്തിലെ ഹിന്ദു രാജാവിനെയല്ല. മുസ്ലിമായ ഡക്കാണ്‍ സുല്‍ത്താനെ. സരസ്വതിയുടെ കടുത്ത ആരാധകനായ  ബിജാപൂരിലെ  ഇബ്രാഹിം അദില്‍ ഷാ രണ്ടാമന്‍റെ  ജീവിതകഥ  അവിശ്വസനീയമാണ്.  തന്‍റെ പിതാവ് ഗണപതിയും മാതാവ് സരസ്വതി ദേവിയുമാണെന്നാണ് അദില്‍ ഷാ പറഞ്ഞിരുന്നത്. ചുരുക്കത്തില്‍ അവര്‍ അവരുടെ കാലത്ത് കല്‍പിക്കാത്ത വര്‍ഗീയ അര്‍ഥങ്ങളാണ് അവരെച്ചൊല്ലി പിന്നീടു പലരും കല്‍പ്പിച്ചത്.  

ശിവജിയുടെ അച്ഛനും ചെറിയച്ഛനും അവരുടെ അച്ഛന്‍ മാലോജിയാണ് പേരിട്ടത്. നിസാം ഷായുടെ വിശ്വസ്തനായ അദ്ദേഹമിട്ട പേരുകളില്‍ സൂഫി വര്യനായ ഷാ ഷറീഫിനോടുള്ള ആദരവ് തുളുമ്പി നിന്നു. ഷാ ഫറീഫിന്‍റെ പേരിലെ രണ്ടു ഭാഗങ്ങള്‍ എടുത്ത് ഷാഹ്ജി എന്നും ഷറീഫ് ജിയെന്നുമായിരുന്നു പ്രിയപുത്രന്‍മാര്‍ക്ക് അദ്ദേഹം പേരിട്ടത്. ഈ പാരമ്പര്യമുള്ള ശിവജിയെ പിന്നീട് മുസ്ലിങ്ങളെ തോല്‍പ്പിക്കല്‍ ദൗത്യമാക്കിയ ഹിന്ദു രാജാവാക്കി ചിത്രീകരിച്ചു. മുസ്ലിം രാജാധികാരത്തെ പ്രതിരോധിച്ച വിജയനഗര രാജാവായ കൃഷ്ണ ദേവരായയുടെ തലയില്‍ തിളങ്ങിയത് പേര്‍ഷ്യന്‍ തൊപ്പിയായിരുന്നു. ഹംപിയിലെ വിത്താല ക്ഷേത്രത്തിലെ ചുമരില്‍ കുതിരപ്പുറത്തിരിക്കുന്ന മുസ്ലിം യുവാവിന്‍റെ ശില്‍പമുണ്ട്. ദേവരായ രണ്ടാമന്‍ തന്റെ സേനയിലെ മുസ്ലിംങ്ങള്‍ക്കു വേണ്ടി മോസ്ക് പണിതു നല്‍കിയ രാജാവായിരുന്നു. അങ്ങനെ ഉദാഹരണങ്ങളും കഥകളും എത്രവേണമെങ്കിലുമുണ് റിബല്‍ സുല്‍ത്താനില്‍.

പോയ നൂറ്റാണ്ടുകളില്‍ നടന്ന അധികാര യുദ്ധങ്ങളെ മത യുദ്ധങ്ങളായി വ്യാഖ്യാനിച്ച് ഈ നൂറ്റാണ്ടില്‍ അവയ്ക്ക് പ്രതികാരം ചെയ്യാന്‍ ആഹ്വാനം നല്‍കുന്നവര്‍ ഈ പുസ്തകം വായിക്കേണ്ടതില്ല. അവര്‍ നിരാശരാകും.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review