കഥ ഉണരുന്ന എഴുത്തുകാരൻ തേടുന്നതു കേൾവിക്കാരനെ. സശ്രദ്ധം ശ്രദ്ധിക്കുന്ന ശ്രോതാവിനെ. അക്ഷരരൂപത്തിൽ വായിക്കുമ്പോഴും കഥ കേൾക്കുക തന്നെയാണ്. അറിയുകയാണ്. അനുഭവിക്കുകയാണ്. മികച്ച ശ്രോതാക്കളെ ലഭിക്കുന്നതോടെ കഥയെഴുത്തുകാരനു ലഭിക്കുന്നത് അപൂർവമായ സാഫല്യവും ധന്യതയും. തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്താനാകണം വായനക്കാരനെ. മറ്റെല്ലാം മറന്ന്, വായിക്കുകയാണെന്ന വിചാരം പോലും നഷ്ടപ്പെട്ട് കഥയിൽ മുഴുകണം. വായിച്ചുകഴിഞ്ഞാലും കഥയിൽ ജീവിക്കണം. എഴുത്തുകാരനും വായനക്കാരനും തമ്മിൽ അപൂർവമായ ജൈവബന്ധം രൂപപ്പെടുകയാണ്. സമാനതകളില്ലാത്ത സാഹോദര്യം. പുതിയ തലമുറയിൽ, മികച്ച വായനക്കാരെ സ്വന്തമായിട്ടുള്ള എഴുത്തുകാരനാണ് ഉണ്ണി ആർ. തൊണ്ണൂറുകളുടെ തുടക്കം മുതൽ എഴുതിത്തുടങ്ങിയ ഉണ്ണി കാലുറപ്പിച്ചുനിൽക്കുന്നതു ചെറുകഥയുടെ തട്ടകത്തിൽ. തിരക്കഥകളുമുണ്ടെങ്കിലും ജീവിക്കുന്ന കാലത്തോടു കഥയിലൂടെ സംവദിക്കുന്ന ഉണ്ണിയുടെ പുതിയ കഥാസമാഹാരമായ ‘വാങ്കി’നും ആരാധകരേറെയുണ്ട്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾതന്നെ ശ്രദ്ധിക്കപ്പെട്ട കഥകൾ പുസ്തകരൂപത്തിൽ എത്തിയപ്പോഴും വായനക്കാരുടെ പിന്തുണയാർജിച്ച്, പുതിയ വായനക്കാരെ തേടി ശ്രോതാക്കളുടെ പുതിയ സാമ്രാജ്യം സൃഷ്ടിക്കുന്നു.
രാധയ്ക്കും സുമതിക്കും ഒരാഗ്രഹമേയുള്ളൂ; ഒരുത്തനിട്ടു രണ്ടെണ്ണം പൊട്ടിക്കണം
മുസ്തഫയ്ക്ക് ഒരുത്തനെ വകവരുത്തണം.
റസിയയ്ക്കു വാങ്കു വിളിക്കണം.
ഡിറ്റക്റ്റീവ് കഥകളുടെ ആരാധികയായ അമ്മൂമ്മയ്ക്ക് നാട്ടിൽ ഒരു കൊലപാതകം നടക്കുന്നതു കാണണം.
ചന്ദ്രന് പ്രണയിനി അവസാനമായി സമ്മാനിച്ച കത്ത് സമാധാനത്തോടു വായിച്ചുജീവിക്കണം
സങ്കടങ്ങളാൽ ചങ്കുപൊട്ടി നടക്കുന്ന ഇവരാരും സമൂഹത്തിന്റെ നേർപ്രതിഫലനങ്ങളല്ല. അങ്ങനെയായിരുന്നെങ്കിൽ അവരുടേതു കഥകൾക്കു പകരം ജീവചരിത്രങ്ങളായി രേഖപ്പെടുത്തേണ്ടിവരുമായിരുന്നു. ഉണ്ണി എഴുതുന്നതു കഥകളാണ്. രസിപ്പിക്കുന്ന കഥകൾ. ജീവചരിത്രങ്ങളിൽനിന്നു സന്തോഷവും സങ്കടവും ഉൾക്കൊണ്ട് പറയാതെപോയ ആഗ്രഹങ്ങളും ഉപേക്ഷിച്ച മോഹങ്ങളും പൊടിതട്ടിയെടുത്ത് സമാന്തര സാമ്രാജ്യം സൃഷ്ടിക്കുകയാണു കഥാകൃത്ത്. അവിടെ പരിചയപ്പെടുന്നവർ നമ്മളല്ലെങ്കിലും അവരുമായി ബന്ധത്തിന്റെ ഒരു പാലമുണ്ട്. അവരിലേക്കും അവർ നമ്മളിലേക്കും ഏതൊക്കെയോ നിമിഷത്തിൽ സഞ്ചരിക്കുന്നുണ്ട്. അവരുടെ സങ്കടങ്ങൾ നമുക്കു പരിചിതമാണ്, അവരുടെ ആഗ്രഹങ്ങൾക്കു പ്രതിബന്ധത്തിന്റെ മതിലു സൃഷ്ടിക്കുന്നവരെയും പരിചിതം. കഥകൾ ജീവിതത്തിലേക്കു സഞ്ചരിക്കുക എന്ന പരമ്പരാഗത സമീപനത്തിൽനിന്നു മാറി ഉണ്ണിയുടെ എഴുത്തുലോകത്ത് കഥകൾ ജീവിതത്തിൽനിന്ന് മറ്റൊരു ലോകത്തേക്കു സഞ്ചരിക്കുന്നു. നാം ആഗ്രഹിച്ചതോ മോഹിച്ചതോ ആയതും സങ്കൽപിച്ചുണ്ടാക്കിയതുമായ ലോകം. അവിടെ നമുക്കുമാത്രം ചെയ്യാനാവുന്ന കൃത്യങ്ങൾ. കാലവും സംഭവങ്ങളും നമ്മിൽനിന്ന് ആവശ്യപ്പെടുന്ന കടമകളുടെ പൂർത്തീകരണം.
സക്കറിയ ഉൾപ്പെടെയുള്ള ആധുനികർ മലയാളത്തിൽ തുടങ്ങിവച്ച തനതു കഥനരീതിയിൽനിന്നു പുതിയ കാലത്തിലേക്കു മറ്റൊരു വഴിവെട്ടുകയാണ് ഉണ്ണി. വാങ്ക് എന്ന സമാഹാരം പുതിയ വഴിയിലേക്കുള്ള സഞ്ചാരത്തിനു വേഗം കൂട്ടുന്നു; പുതിയ ഭാവുകത്വമേഖല സൃഷ്ടിക്കുന്നു.
അപ്രതീക്ഷിതമായ തുടക്കവും തീരെ പരിചിതമെന്നു തോന്നുന്ന സംഭാഷണങ്ങളുമായി അത്യന്തം ലളിതമായി കഥകൾ തുടങ്ങുന്ന പതിവു രീതി വാങ്കിലും ഉണ്ണി പിന്തുടരുന്നുണ്ടെങ്കിലും നീളം കുറഞ്ഞ വാചകങ്ങളിലൂടെ കഥയുടെ ആന്തരിക ലോകത്തേക്കു വായനക്കാരെ വേഗം കൂട്ടിക്കൊണ്ടുപോകുന്നു. അച്ചടിഭാഷയെയും ആഖ്യാനത്തിന്റെ പതിവുരീതികളെയും നിരന്തരം പരിഹസിക്കുന്നു. പൈങ്കിളി പദപ്രയോഗങ്ങളെപ്പോലും ചവിട്ടിപ്പുറത്താകുന്നു. ക്ലീഷേകളെ കഥകളുടെ പുറത്താക്കി വാതിൽ കൊട്ടിയടയ്ക്കുന്നു. (‘അയാൾ’ പോലെയുള്ള പ്രയോഗങ്ങൾ പല കഥകളിലും നിലനിർത്തുന്നുണ്ടെങ്കിലും).
മുസ്തഫയുടെ ഉമ്മ സുബഹി നിസ്കരിച്ചു. മുറ്റമടിച്ചു. ചോറും കറികളും വച്ചു. തുണി നനച്ചു. കുളിച്ചു. മുടി ചീകി. പൗഡറിട്ടു. പുതിയ സാരിയുടുത്തു. പറ്റുകടയിലെ കാശ് അരിപ്പെട്ടിയുടെ മുകളിൽവച്ചു. ഒരു ചെറിയ ബാഗിൽ ആവശ്യത്തിനുള്ള സാധനങ്ങൾ എടുത്തു. മനസ്സിൽ ഒന്നുമില്ലാതെ കുറച്ചുനേരം വെറുതെ ഇരുന്നു. വീട് പൂട്ടി. ഓടാമ്പലിനിടയിൽ ഒരു കുറിപ്പു വച്ചു.
‘സ്വരം വ്യഞ്ജനം’ എന്ന സ്തോഭജനകവും വികാരതീക്ഷ്ണവുമായ കഥ തുടങ്ങുന്നത് വലിയ നാട്യങ്ങളോ ജാഡകളോ ഇല്ലാതെ. മക്കളെ ഉപേക്ഷിച്ച്, ഭർത്താവിനെ ഉപേക്ഷിച്ച്, വീട് ഉപേക്ഷിച്ച് കുപ്രസിദ്ധനായ ഒരു പാറമടക്കാരനൊപ്പം ഒളിച്ചോടിപ്പോകുന്ന രംഗമാണു കഥാകൃത്ത് വിവരിക്കുന്നത്. മകൻ മുസ്തഫയുടെ വാക്കുകളാകട്ടെ പെട്ടെന്നുതന്നെ കഥയുടെ കേന്ദ്രത്തിലേക്കു വായനക്കാരെ വലിച്ചിടുന്നു. ഉമ്മയെ ഒരുത്തൻ കൊണ്ടുപോയി. അയാളോടു പ്രതികാരം ചെയ്യണം. അതിന് ഏകമാർഗമായി ക്വട്ടേഷൻകാരനെ കാണുന്നു. ഉമ്മയെ കൊണ്ടുപോയി എന്ന മുസ്തഫയുടെ വാക്കുകളെ തിരുത്തുന്നുണ്ട് ക്വട്ടേഷൻനേതാവ്. ഉമ്മ അയാളോടൊപ്പം പോയതല്ലേ എന്ന ചോദ്യത്തിനു മുസ്തഫയ്ക്കു മറുപടിയില്ല. യഥാർഥത്തിൽ ആ ചോദ്യത്തോടെ മുസ്തഫയുടെ പ്രതികാര വാഞ്ഛയുടെ ചൂടു കുറയുകയാണ്. പിന്നീടുള്ള അപ്രതീക്ഷിത സംഭവങ്ങൾ കൂടിയാകുന്നതോടെ കൊല്ലപ്പേടേണ്ട ഒരാൾക്കുവേണ്ടി പ്രാർഥിക്കുന്ന സാധുവായി മുസ്തഫ പരാവർത്തനം ചെയ്യപ്പെടുന്നു. ദയനീയവും അതേ സമയം നിസ്സഹായവുമാണ് ആ കീഴടങ്ങൽ. അത്തരമൊരു കീഴടങ്ങലിലേക്ക് രാധയെയും സുമതിയെയും നയിക്കുന്നതും അവരുടെ നിയന്ത്രണത്തിന് അപ്പുറമുള്ള പ്രതിഭാസം. സമകാലിക ജീവിതപ്രശ്നങ്ങളുടെ ഉറവിടങ്ങളിലേക്കാണ് ഉണ്ണി കഥകളെ കൊണ്ടുപോകുന്നത്. അതുപക്ഷേ, വിദഗ്ധമായും കഥനചാരുതിയുടെ മാസ്മരികതയോടെയുമാണെന്നു മാത്രം. കീഴാള പ്രതിരോധം പോലും സരസമായി കൈകാര്യം ചെയ്യുന്നിടത്താണ് കൈത്തഴക്കമുള്ള കഥാകൃത്തിന്റെ പ്രതിബദ്ധതയും ഐക്യദാർദ്യവും തെളിഞ്ഞു കാണുക.
വാങ്കു വിളിക്കാനുള്ള റസിയയുടെ ആഗ്രഹം നിഷ്കളങ്കമാണ്. പ്രത്യേകിച്ചും കുറച്ചുകൂടി കടുത്ത മോഹങ്ങൾ താലോലിക്കുന്ന കൂട്ടുകാരികളുടെ ആഗ്രഹങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ. പക്ഷേ, നിഷ്കളങ്കത എങ്ങനെ പ്രതിരോധത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമായി മാറുന്നതെന്ന് വാങ്ക് കാണിച്ചുതരുന്നു.
പുസ്തകത്തിനപ്പുറം,വായനയുടെ ഏകാന്ത നിമിഷങ്ങൾക്കപ്പുറം, ഏറെക്കാലമൊന്നും വാങ്കിലെ കഥാപാത്രങ്ങൾ വായനക്കാരുടെ കൂടെയുണ്ടാകുമെന്നു തോന്നുന്നില്ല. പക്ഷേ, ദൈനംദിന ജീവിതത്തിന്റെയും ആശയലോകത്തിന്റെയും പിടികിട്ടാത്ത സമസ്യകളെ പൂരിപ്പിക്കാൻ നടത്തുന്ന കഥാകൃത്തിന്റെ ശ്രമം എടുത്തുപറയണം. ക്ലേശിപ്പിക്കാത്ത ഭാഷയെ അഭിനന്ദിക്കണം. ആവർത്തിച്ച് ആസ്വദിക്കാൻ പ്രേരിപ്പിക്കുന്ന നർമത്തിന്റെ അടിയൊഴുക്കിനെ നമിക്കണം. സർവോപരി പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥനകൗശലത്തിന് ഒരു വലിയ നമസ്കാരവും പറയണം.