വിലപിടിപ്പുള്ള ഷുസായിരുന്നു അത്; ഭാഗ്യം കൊണ്ടുവന്നതും. പക്ഷേ, അതു നഷ്ടപ്പെട്ടിട്ടും അസ്വസ്ഥത ഉണ്ടായെന്നല്ലാതെ പ്രത്യേകിച്ചൊരു വികാരവും തോന്നയില്ല. ഹോട്ടലില്‍ ഭക്ഷണം കൊണ്ടുതന്ന സഹായിയുടെ വിലകുറഞ്ഞ ചെരുപ്പ് വാങ്ങി. അവസാനയാത്രയ്ക്ക് ഇറങ്ങുമ്പോള്‍ അയാളെ ചുമന്നത് കടം വാങ്ങിയ പാദരക്ഷകള്‍. പിന്നെ കയ്യില്‍ ആകെയുണ്ടായിരുന്ന വിലപിടിപ്പുള്ള സ്വത്ത് മൊബൈല്‍ഫോണ്‍. നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്ന ഫോണ്‍ ഹോട്ടലിലെ സഹായിക്കുതന്നെ നല്‍കി. സിം മാറ്റിയിട്ട് നീ ഉപയോഗിച്ചുകൊള്ളൂ എന്നൊരു ഉപദേശവും. രാജ്യതലസ്ഥാനത്തെ തെരുവുകള്‍ അയാളെ വിളിച്ചു. തെരുവിന് ഇരുവശവുമുണ്ടായിരുന്ന മദ്യശാലകള്‍ വിളിച്ചു. തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും വേഗത്തിലും പാഞ്ഞുകൊണ്ടിരുന്ന വാഹനങ്ങളും ലക്ഷ്യമില്ലാതെ അലഞ്ഞവരും വിളിച്ചു. ചൂടുകൂടിയ പകലും തണുപ്പുറഞ്ഞ രാത്രിയും നിലാവും നക്ഷത്രങ്ങളും വിളിച്ചു. യാത്ര പറയാതെ, എങ്ങോട്ടെന്നില്ലാതെ, എങ്ങനെയെന്നറിയാതെ അയാള്‍ ഇറങ്ങിനടന്നു. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് ടെലിവിഷന്‍ ചാനലുകള്‍ ഒരു വരി സ്ക്രോള്‍ ചെയ്തു കാണിച്ചത്; കവിയും ചിത്രകാരനുമായ ന്യൂട്ടന്‍ ഫ്രാന്‍സിസ് സേവ്യറിനെ കാണാനില്ല. മരിച്ചുവെന്നു സംശയം. ഇന്ത്യയില്‍ ജനിച്ചു രാജ്യാന്തര പൗരനായി വളര്‍ന്ന ന്യൂട്ടനുവേണ്ടി നടത്താന്‍ നിശചയിച്ചിരുന്ന എക്സിബിഷന്റെ അവസാന ഒരുക്കങ്ങള്‍ പുരോഗമിക്കുകയായിരുന്നു അപ്പോള്‍ നാഷണല്‍ ഗ്യാലറിയില്‍. രണ്ടു സ്ത്രീകള്‍ അയാളെ മൊബൈല്‍ ഫോണില്‍ ഇടതടവില്ലാതെ വിളിക്കുകയായിരുന്നു. ഒരു വിവരവും ലഭിക്കാതെവന്നപ്പോള്‍ അവരുടെ പരാതിപ്രകാരം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഒന്നുമറിയാതെയും എല്ലാമറിഞ്ഞും ന്യൂട്ടന്‍ തെരുവിനോടു ചേര്‍ന്നുകഴിഞ്ഞിരുന്നു. നിസ്സഹായനും നിരാലംബനുമായി വന്നതുപോലെ മടക്കയാത്രയും തുടങ്ങിയിരുന്നു.
ബോംബെയുടെ കഥ പറഞ്ഞ നാര്‍ക്കോപോളിസിനുശേഷം ജീത് തയ്യില്‍ എഴുതിയ രണ്ടാമത്തെ നോവലാണ് ദ് ചോക്കളേറ്റ് സെയ്ന്റ്സ്; ന്യൂട്ടന്‍ ഫ്രാന്‍സിസ് സേവ്യറിന്റെ വാമൊഴിജീവചരിത്രം. ലിഖിത രൂപത്തില്‍ ഒന്നിലധികം ജീവചരിത്രങ്ങള്‍ അവശേഷിപ്പിക്കുന്ന മഹാന്‍മാര്‍ ഉണ്ടെങ്കിലും വിശുദ്ധന്റെ നാമത്തില്‍ അറിയപ്പെട്ട ന്യൂട്ടന്‍ ഫ്രാന്‍സിസ് സേവ്യറിനു യോജിക്കുക വാമൊഴി ചരിത്രമായിരിക്കും. ഗോവയില്‍ അദ്ദേഹം ജനിച്ച വീടിന്റെ അയല്‍വക്കക്കാര്‍ മുതല്‍ സ്കൂള്‍, കോളജ് പ്രിന്‍സിപ്പല്‍മാരും പ്രായത്തില്‍ വളരെക്കൂടിയ ആദ്യകാമുകിയും ഭാര്യമാരും സുഹൃത്തുക്കളും കവികളും പത്രപ്രവര്‍ത്തകരും കലാകാരന്‍മാരും അവരവര്‍ക്കിഷ്ടമുള്ളതുപോലെ പൂരിപ്പിച്ച, കൂട്ടിച്ചേര്‍ത്ത ചരിത്രം. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയുടെ ആരംഭത്തില്‍തുടങ്ങി പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ എത്തിനില്‍ക്കുന്ന എഴുത്തും ജീവിതവും.
ബോംബെയുടെ കഥ പറഞ്ഞ ജീതിന്റെ ആദ്യനോവലില്‍ ന്യൂട്ടന്‍ ഫ്രാന്‍സിസ് സേവ്യറും ഒരു കഥാപാത്രമായിരുന്നു. ഒരു അധ്യായത്തില്‍ വന്നുപോകുന്ന കഥാപാത്രം. ആ അര്‍ഥത്തില്‍ നാര്‍ക്കോപോളിസിന്റെ തുടര്‍ച്ചയും ബാക്കിയുമാണ് ചോക്കളേറ്റ് സെയ്ന്റ്സ്. പുതിയ നോവലും തുടങ്ങുന്നതു ബോംബെയില്‍, കൊളാബയില്‍. ന്യൂട്ടന്‍ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവചരിത്രമെന്നതിനൊപ്പം അറുപതുകളില്‍ തുടങ്ങി എണ്‍പതുകളില്‍ അവസാനിച്ച ബോംബെയുടെ സാഹിത്യചരിത്രം കൂടിയാണ് ജീതിന്റെ നോവല്‍. സാഹിത്യചരിത്രത്തെ സജീവമാക്കുന്നതു കവികള്‍. നിസിം എസെക്കിയേലില്‍ തുടങ്ങി നാരായണ്‍ ദോസ്സ്, കൊലാത്കര്‍, ഡോം മൊറെയ്സ്, ന്യൂട്ടന്‍ സേവ്യര്‍ എന്നിവരിലൂടെ തുടര്‍ന്ന അരാജക ജീവിതത്തിന്റെ ചിതറിയ ചിത്രങ്ങള്‍. കവികളും കലാകാരന്‍മാരും ആകാശത്തിലെ പക്ഷികളെപ്പോലെ സ്വതന്ത്രരായി വിഹരിച്ചിരുന്ന കാലഘട്ടം. സീസണിലെ ആദ്യത്തെ മഴയില്‍ മുളച്ചുപൊന്തുകയും ആദ്യസൂര്യവെളിച്ചത്തില്‍ കണ്‍തുറന്ന് ഒരു പൂവിന്റെ ദിവസങ്ങള്‍ മാത്രം നീളുന്ന ജീവിതം ജീവിച്ച് മണ്‍മറയുകയും ചെയ്യുന്ന കവികള്‍ സജീവമാക്കിയ കാലം. പാട്ടും കവിതയും നിറങ്ങളും കൂടിച്ചേരലുകളും കൂട്ടായ്മകളും പാനോത്സവങ്ങളും ലഹരിപകര്‍ന്ന ആരെയും ഒഴിവാക്കാതെ, എല്ലാവരുടേതുമായിരുന്ന ബോംബെ. ആ സുവര്‍ണകാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു ന്യൂട്ടന്‍ സേവ്യറും. കവിതയില്‍ തുടങ്ങിയെങ്കിലും അക്ഷരങ്ങള്‍ കൈവിട്ടപ്പോള്‍ നിറങ്ങളില്‍ അഭയം തേടിയ ചിത്രകാരന്‍. സ്ത്രീകളെ വശീകരിച്ചു കൂടെക്കൂട്ടി വഴിപിഴപ്പിച്ചവന്‍. മദ്യത്തിന്റെയും ലഹരിയുടെയും ആജന്‍മസുഹൃത്ത്. തത്ത്വചിന്തകന്‍. ജീവിച്ചിരുന്ന കാലത്ത് ഇന്ത്യയിലെ ഏറ്റവും മഹാനായ ചിത്രകാരന്‍ എന്നു കീര്‍ത്തിനേടിയ പ്രതിഭ. ഗോവയില്‍ തുടങ്ങി ബോബെ, ഇംഗ്ളണ്ട്, ഇറ്റലി എന്നിവടങ്ങളിലൂടെ ന്യൂയോര്‍ക്കില്‍ താവളമടിച്ച കലാപകാരി. അമേരിക്കയില്‍നിന്ന് 66-ാം വയസ്സില്‍ ബെംഗളൂരു വഴി ഡല്‍ഹിയിലേക്കു തിരിച്ചുവരികയാണ് ന്യൂട്ടന്‍, ഇതുവരെ നടത്തിയതില്‍വച്ച് ഏറ്റവും ഗംഭീരമായ ചിത്രപ്രദര്‍ശനം നടത്താനും രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങാനും.
ലഹരിയും ലൈംഗികതയുമായിരുന്നു ന്യൂട്ടന്‍ ഫ്രാന്‍സിസ് സേവ്യറിന്റെ ഊര്‍ജസ്രോതസ്സുകള്‍; വിമര്‍ശകരുടെ ഭാഷയില്‍ ബലഹീനതയും. കവി കൂടിയായിരുന്ന പിതാവ് ഫ്രാങ്ക് സേവ്യറിനൊപ്പം കൗമാരത്തിലേ തുടങ്ങിയ മദ്യപാനം. ഭ്രാന്തിലേക്കു വീണുപോയ അമ്മ കത്തിയെടുത്ത് സ്വന്തം മകന്റെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ബോംബെയിലേക്കു നടത്തിയ ഒളിച്ചോട്ടം. പ്രായപൂര്‍ത്തിയാകുംമുമ്പേ തന്നേക്കാള്‍ പത്തും ഇരുപതും വയസ്സു കൂടുതലുള്ള കാമുകിമാരുടെ സഹവാസത്തിലൂടെ തുടങ്ങിയ
‘മാംസദാഹത്തിന്റെ മഹോന്നതവേദികള്‍’.
ഏഴു പുസ്തകങ്ങളായി തിരിച്ച നോവലില്‍ ന്യൂട്ടന്‍ സേവ്യര്‍ എന്ന അരാജകവാദികളുടെ പുണ്യപുരുഷന്റെ ജീവിതം പറയുന്നതു ഡിസ്മാസ് ബാംബായ് എന്ന പത്രപ്രവര്‍ത്തകന്‍. ഡിസ്മാസ് ന്യൂട്ടനെ പരിചയപ്പെടുന്നതു ന്യൂയോര്‍ക്കില്‍വച്ച്. സൗഹൃദം ആത്മബന്ധമായതോടെ ഇന്ത്യയിലെത്തി ന്യൂട്ടന്റെ വേരുകള്‍ തിരഞ്ഞുപോകുകയാണു ഡിസ്മാസ്. ന്യൂട്ടനുമായി ബന്ധപ്പെട്ട് അയാള്‍ കണ്ടെത്തുന്നവരുടെ വാമൊഴികളിലൂടെ ഉരുത്തിരിയുന്ന ജീവചരിത്രമാണു ജീതിന്റെ നോവല്‍.
ജീവിതത്തിന്റെ കുരിശില്‍ പിടയുന്ന, കലയുടെ രക്സാക്ഷിയുടെ ചോരയിലൂടെ ഒരു യാത്ര. ഒരു കയ്യില്‍ നിറഞ്ഞ ഗ്ളാസ്സും മറുകയ്യില്‍ ഊരിപ്പിടിച്ച കഠാരയും. ആസക്തിയുടെ അഗ്നിനാവുകള്‍. അന്വേഷിക്കുന്ന കണ്ണുകള്‍. കലയുടെ കലാപകാരികളെ തിരയുന്ന ധൂര്‍ത്തപുത്രന്‍ ഇന്ത്യന്‍ ഇംഗ്ളിഷ് സാഹിത്യത്തിന്റെ ചക്രവാളത്തില്‍ തെളിഞ്ഞുകത്തുന്നു; അസ്തമയവും ഉദയവുമില്ലാതെ.
അര്‍ഥമില്ലാത്ത അസംബന്ധജീവിതത്തിനു ചിയേഴ്സ്.
കൂട്ടിരുന്ന കാമുകിമാര്‍ക്ക് ചൂടുമ്മ.
സഹകവികള്‍ക്കു പ്രകോപനം.
പുതിയ തലമുറയ്ക്കു പ്രലോഭനം.