ക്ലാസിക്കൽ സംഗീതത്തെ അടഞ്ഞ ഇടങ്ങളിൽ നിന്ന് തുറസ്സുകളിലേക്കു കൊണ്ടുപോകാനും അധികാരശ്രേണികളെ കൂസാതെ കലയുടെ പലമയെ പുറമ്പോക്ക് പാടലുകളിലൂടെ ആഘോഷിക്കാനും ധൈര്യം കാണിക്കുന്ന സംഗീതജ്ഞനാണ് ടി.എം.കൃഷ്ണ. അവിടെ കല സംവാദാത്മകമാവുകയും അഗാധമായൊരു ജനാധിപത്യാനുഭവമാകുകയും മാത്രമല്ല, ജനാധിപത്യം കലാനുഭവം പോലെ ഹൃദ്യവും ബഹുസ്വരവുമാണെന്ന് നമ്മളെ ഓർമിപ്പിക്കുകയും ചെയ്യുന്നു.
അരിയക്കുടിയുടെ കച്ചേരി സമ്പ്രദായത്തിന്റെ മതകീയതയോടു കലഹിക്കുകയും വരേണ്യ ആസ്വാദകരെ പ്രകോപിപ്പിക്കും വിധം ആലാപനത്തെ പുതുക്കുകയും ചെയ്ത കൃഷ്ണ, ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്ന പൊതുബുദ്ധിജീവികളിൽ ഒരാളാണ്. സംഗീതസഭയുടെ വരേണ്യത തുളുമ്പുന്ന സദസ്സിൽ നിന്ന് മുക്കുവ ഗ്രാമത്തിലേക്കു കൃഷ്ണ സഞ്ചരിക്കുമ്പോൾ അതു ധീരമായൊരു വേറിടലും ഉറച്ച രാഷ്ട്രീയപ്രഖ്യാപനവുമാകുന്നു. ‘ക്ലാസിക്കൽ’ എന്നതു സൗന്ദര്യശാസ്ത്രനിർമിതിയേ അല്ലെന്നു കൃഷ്ണ തീർത്തു പറയുന്നു. ‘അശ്ലീലമായ മേലാള ശുദ്ധിബോധമാണോ എന്റെ സൗന്ദര്യാനുഭൂതി?’ എന്ന് ആത്മവിചാരണ ചെയ്യുന്നു.
സംഗീതജ്ഞനെന്ന തിരക്കുകൾക്കിടയിലും എഴുത്തിന്റെ ധാര മുറിയാതെ കൃഷ്ണ കാക്കുന്നു. സിദ്ധാന്തപ്പേടികളില്ലാതെ സമകാലീനാനുഭവങ്ങളെ ചരിത്രവൽക്കരിക്കാനും വിശകലനം ചെയ്യാനുമുള്ള ശേഷിക്കൊപ്പം മനോവേഗം കൂടിയുള്ള അദ്ദേഹം പംക്തിയെഴുത്തിനു പുറമേ സാംസ്കാരിക, രാഷ്ട്രീയ പ്രബന്ധങ്ങളും കുറിക്കുന്നു. എ സതേൺ മ്യൂസിക്, റീഷേപ്പിങ് ആർട്ട് എന്നീ പുസ്തകങ്ങളിൽ പരിചയിച്ച പ്രമേയങ്ങൾ ‘പുറമ്പോക്കു പാടലി’ലെ കുറിപ്പുകളിലും സ്വരമുയർത്തുന്നുണ്ട്. ഒരു ഇംഗ്ലിഷ് ദിനപത്രത്തിന്റെ സൺഡേ മാഗസിനിൽ ‘ആസ് ഐ സീ ഇറ്റ്’ എന്ന പേരിൽ എഴുതിയ പംക്തി ആദ്യമായി സമാഹരിക്കപ്പെടുന്നത് മലയാളത്തിലാണെന്ന പ്രത്യേകതയുമുണ്ട്.
ദ്രുതരാഗങ്ങൾക്കു വേഗത്തടയിട്ട് വിളംബിതകാലത്തിലേക്കു പകരുന്ന അതേ കണിശതയോടെയാണ് ഇടതുപക്ഷത്തിന്റെ ഇടർച്ചയെക്കുറിച്ചും സൗന്ദര്യവിചാരങ്ങളെക്കുറിച്ചും നൈതികതയെക്കുറിച്ചും കൃഷ്ണ എഴുതുന്നത്. സംഗീതത്തിലെപ്പോലെ തന്നെ വിമർശനാത്മകതയാണ് ഇൗ കുറിപ്പുകളുടെയും ആധാരശ്രുതി. രാഷ്ട്രീയനിലപാടുകളുടെ കാര്യത്തിൽ അവ മുട്ടിലിഴയുക പോയിട്ട് കുനിയുക പോലും ചെയ്യുന്നില്ല. വലതുപക്ഷം ലോകമെങ്ങും വ്യാധി പോലെ പടർന്നുപിടിക്കുകയും അസഹിഷ്ണുതയുടെ രാഷ്ട്രീയം അധികാരമേറുകയും ചെയ്യുന്ന സത്യാനന്തര കാലത്ത്, രാഷ്ട്രീയ വിയോജിപ്പുകൾ അവസാനത്തെ കച്ചിത്തുരുമ്പു പോലെ വിലപ്പെട്ടതാണ്. എന്നാൽ തോക്കും കത്രികയും സെൻസർമാരാകുന്ന കാലത്ത് വിമതസ്വരങ്ങൾ അപൂർവമാകുന്നു.
ആർജവമുള്ള അത്തരം സ്വരങ്ങളിലൊന്ന് ടി.എം.കൃഷ്ണയുടേതാണ്. മുന്തിയ ജാതിയുടെയും ശാസ്ത്രീയസംഗീതത്തിന്റെയും പേരിലുള്ള ആനുകൂല്യങ്ങളെല്ലാം പറ്റി വ്യവസ്ഥിതിയുടെ നല്ല കുട്ടിയാവാനല്ല, രാജാവ് നഗ്നനാണെന്നു വിളിച്ചുപറയുന്ന തെറിച്ച കുട്ടിയാവാനാണ് ഇൗ ചെറുപ്പക്കാരന് ഇഷ്ടം. അൻപതു ജീവിതങ്ങളിൽ ഇന്ത്യയുടെ ചരിത്രമെഴുതിയ സുനിൽ ഖിൽനാനിയുടെ ‘ഇൻകാർണെഷൻസ് ’ എന്ന പുസ്തകത്തെ വരുംകാലം പുതുക്കുമ്പോൾ അതിൽ ഇടംപിടിക്കാൻ പോന്ന ആരുബലമുള്ള പേരുകളിലൊന്ന് കൃഷ്ണയുടേതാണ്.
‘ആസ് ഐ സീ ഇറ്റ്’ സമാഹരിക്കാൻ സന്തോഷത്തോടെ അനുവദിച്ച കൃഷ്ണയ്ക്കു നന്ദി. ഈ പുസ്തകത്തിലെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, ‘ബഹുമാനത്തിന്റെ പാവും ആത്മപരിശോധനയുടെ ഉൗടുമുപയോഗിച്ച് നമ്മുടെ മഹത്തായ തറികളിൽ സുന്ദരമായ നെയ്ത്തു നടക്കാനുള്ള കൊതിയാണ് ഇത്’. രാഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജുഗൽബന്ദിയിലേക്കു സ്വാഗതം.
(ടി.എം.കൃഷ്ണയുടെ ‘പുറമ്പോക്ക് പാടൽ’ എന്ന പുസ്തകത്തിനെഴുതിയ വിവർത്തകക്കുറിപ്പ്)