മാര്‍ക്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും; ഒരു ചരിത്രകാരന്റെ വിയോജിപ്പുകള്‍ 

മാര്‍ക്സും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ബന്ധമല്ലാതെ അകല്‍ച്ചയുണ്ടോ ?  ഉണ്ടെന്നാണ് പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ പറയുന്നത്. മൗലികമായ കാഴ്ചകളാലും കാഴ്ചപ്പാടുകളാലും സമ്പന്നമായ ജാലകങ്ങള്‍ എന്ന ആത്മകഥയില്‍ എംജിഎസ് മാര്‍ക്സിനെ വിലയിരുത്തുന്നു; മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും. താന്‍ എങ്ങനെ മാര്‍ക്സിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കപ്പെട്ടു എന്നതിന്റെ കാരണങ്ങളും എംജിഎസിനു പറയാനുണ്ട്. 

മാര്‍ക്സില്‍ ഒരു യാന്ത്രികചിന്തകനൊപ്പം എത്രമാത്രം അടിച്ചമര്‍ത്തിയാലും അടങ്ങാത്ത ഒരു സ്വതന്ത്ര മാനവികനുമുണ്ടെന്നാണ് എംജിഎസ് നിരീക്ഷിക്കുന്നത്. രണ്ടു മാര്‍ക്സുകള്‍ ഉണ്ട്. ചിലര്‍ വ്യാഖ്യാനിക്കുന്നതുപോലെ അതു യുവാവായ മാര്‍ക്സും പ്രൗഢനായ മാര്‍ക്സും അല്ല. ഒരു വ്യക്തിയില്‍ത്തന്നെ ജീവിച്ച് ഇടയ്ക്കിടെ മാറിമാറി പുറത്തിറങ്ങിയിരുന്ന രണ്ടു വ്യക്തിത്വങ്ങളായിരുന്നു. 

മനുഷ്യമനസ്സിന്റെ ദയാദാക്ഷിണ്യങ്ങളും കാരുണ്യവും അടങ്ങിയ മൃദുലഭാവങ്ങളെ ബോധപൂര്‍വം തന്റെ തത്ത്വശാസ്ത്രത്തില്‍നിന്ന് അകറ്റിനിര്‍ത്തുകയാണ് മാര്‍ക്സ് ചെയ്തത്. സ്നേഹം കൊണ്ടും സംവാദം കൊണ്ടും വൈരുധ്യങ്ങളെ മയപ്പെടുത്തി സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ചിന്തയെ മാര്‍ക്സ് പരിഹസിച്ചുതള്ളി. ഏതൊരനുരഞ്ജനവും ദൗര്‍ബല്യമായി, വര്‍ഗവഞ്ചനയായി, പുരോഗതിക്ക് തടസ്സമായി വ്യാഖ്യാനിക്കപ്പെട്ടു. പകരം വ്യത്യസ്തതകളെ വൈരുദ്ധ്യങ്ങളായിക്കണ്ട്, പെരുപ്പിച്ച്, വിദ്വേഷമായി ഊത്തിക്കത്തിച്ച്, അക്രമാസക്തമായ, രക്തരൂഷിതമായ സംഘര്‍ഷങ്ങളിലൂടെ മൂന്നോട്ടുപോകുന്നതാണ് ശരിയെന്ന് മാര്‍ക്സ് വിശ്വസിച്ചു. അങ്ങനെയാണ് വര്‍ഗസമരത്തിലൂടെ അദ്ദേഹം വിപ്ളവത്തിലെത്തുന്നത്. അന്ന് പാര്‍ലമെന്ററി ജനാധിപത്യം വികസിച്ചിട്ടില്ലാത്തതിനാല്‍ വിപ്ളവം മാത്രമേ മാറ്റത്തിനുള്ള വഴിയായി മാര്‍ക്സ് കണ്ടിരുന്നുള്ളൂ. ഇതാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ ആപല്‍ക്കരമായ വിധത്തില്‍ അക്രമപാതയിലേക്കു നയിച്ചത്. 

മാര്‍ക്സിനെ പരിഷ്കരിക്കുന്ന ഭാവത്തില്‍ ലെനിന്‍ വരുത്തിയ മാറ്റങ്ങള്‍ മാര്‍ക്സിസത്തെ ആകെ തകര്‍ത്തുവെന്നും ആറുമാസത്തോളം മോസ്കോയില്‍ ചരിത്രഗവേഷണത്തില്‍ ഏര്‍പ്പെട്ട എംജിഎസ് നിരീക്ഷിക്കുന്നു. അല്‍പമായ ജനാധിപത്യ സ്വാതന്ത്ര്യം കൂടി അദ്ദേഹം കെടുത്തികളയുകയായിരുന്നത്രേ. മധ്യവര്‍ഗനേതൃത്വം, പാര്‍ട്ടി ആധിപത്യം, പഴുതില്ലാത്ത സര്‍വാധിപത്യഭരണം എന്നിവ പ്രസ്ഥാനത്തിന്റെ ഭാഗമായി. ലെനിന്റെ പാതതന്നെ സ്റ്റാലിനും പിന്തുടര്‍ന്നു. സ്വേഛാധിപത്യസ്വഭാവം മൂര്‍ഛിപ്പിച്ചുവെന്നുമാത്രം. അതേ സ്റ്റാലിനിസം തന്നെയാണ് ഭാരതത്തിലും കേരളത്തിലുമെത്തിയത്. അനീതിക്കെതിരായി ധാര്‍മിക പ്രതിഷേധം മാത്രമേ കണ്ടുള്ളൂ. ഇരുണ്ടവശങ്ങളെല്ലാം പ്രചാരവേലയുടെ ശക്തികൊണ്ട് മൂടപ്പെട്ടിരുന്നു. കേരളത്തിലെ ചെറുപ്പക്കാരായ ചരിത്രകാരന്‍മാരും ഈ പ്രചാരവേലയില്‍ അകപ്പെട്ടുപോയി. 

മാര്‍ക്സിസത്തിന്റെ അടിസ്ഥാനപരമായ സിദ്ധാന്തം- വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല, ഉല്‍പാദനരംഗത്തെ മനുഷ്യപ്രയത്നമാണ് ചരിത്രഗതിയെ നിയന്ത്രിക്കുന്നത് എന്ന തത്ത്വം- അംഗീകരിക്കുമ്പോള്‍ തന്നെ കാപട്യം നിറഞ്ഞ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയതന്ത്രങ്ങളെ തിരസ്കിരക്കുന്ന സമീപനമാണ് എന്നും എംജിഎസ് സ്വീകരിച്ചത്. ഇതു മനസ്സിലാക്കാത്തവരാണ് തന്നെ മാര്‍ക്സിസ്റ്റ് വിരുദ്ധചേരിയില്‍ തളച്ചതെന്നും എംജിഎസ് നിരീക്ഷിക്കുന്നു. മാര്‍ക്സിസത്തെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും പലരും ഒന്നായിക്കണ്ടു. അവരണ്ടും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ എന്നതു പലരും മനസ്സിലാക്കിയില്ല. അവര്‍ കേരളത്തിലെ സ്റ്റാലിനിസ്റ്റ് പാര്‍ട്ടി ഗ്രന്ഥങ്ങളിലൂടെയാണ് മാര്‍കിസസത്തെ മനസ്സിലാക്കിയത്. യൂറോപ്യന്‍ ചരിത്രവും വിമര്‍ശനപരമായ പുതിയ ചിന്തകളും ഒന്നും അവര്‍ക്കറിഞ്ഞുകൂടായിരുന്നു. യുറോപ്പിലെ നവോത്ഥാന മാനവികതയും സ്വാതന്ത്ര്യമൂല്യങ്ങളും അവര്‍ക്കജ്ഞാതമായിരുന്നു. അതുകൊണ്ടുതന്നെ എംജിഎസ് ഒറ്റപ്പെട്ടു. 

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചു മാത്രമല്ല പ്രാചീനകാലത്തില്‍ തുടങ്ങി മധ്യകാലത്തിലൂടെ ആധുനികാനന്തരയുഗത്തില്‍ എത്തിനില്‍ക്കുന്ന കേരളത്തെയും ഭാരതത്തെയും ലോകത്തെയും കുറിച്ചുള്ള മൗലികമായ കാഴ്ചപ്പാടുകളാല്‍ സമൃദ്ധമാണ് എംജിഎസിന്റെ ആത്മകഥ. ഒരു ചരിത്രപുരുഷന്റെ ജീവിതരേഖ എന്നതിനപ്പുറം പ്രൗഡമായ ഒരു ചരിത്രഗ്രന്ഥവും സര്‍വോപരി സ്വതന്ത്ര്യചിന്തയുടെയും മാനവികതയുടെയും ഉണര്‍പാട്ടുമാണ് ജാലകങ്ങള്‍. കേവല യുക്തികളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പക്ഷപാതങ്ങളും മാറ്റിനിര്‍ത്തി ഒരു വ്യക്തി എങ്ങനെ സ്വന്തം വഴികള്‍ തെളിച്ചെടുത്തുവെന്നും പ്രതികൂല സാഹചര്യങ്ങളോടു പോരാടി വിജയത്തിലെത്തിയെന്നുമുള്ള ചരിത്രം വിവരിക്കുന്ന പ്രചോദനാത്മക ഗ്രന്ഥം. തെളിഞ്ഞ ചിന്തയുടെ സ്ഫുരണങ്ങളാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തുണ്ട് വീക്ഷണങ്ങള്‍ക്ക്. വിശാലമായ വായനയുടെയും പഠനത്തിന്റെയും ഗവേഷണത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും സുഗന്ധമുണ്ട് ആ ജീവിതത്തിലുടനീളം. 

പാര്‍ട്ടി ചരിത്രകാരന്‍മാരും മത, യാഥാസ്ഥിതിക ചരിത്രകാരന്‍മാരും എങ്ങനെയൊക്കെ വിധിച്ചാലും ഒരു സംശയവമില്ലാതെ പറയാം- കേരളം സൃഷ്ടിച്ച ഒരു ചരിത്രപുരുഷന്‍ തന്നെയാണ് എംജിഎസ്. ചരിത്രത്തിനൊപ്പം നടന്നതുകൊണ്ടുമാത്രമല്ല, ചരിത്രത്തിലും ചരിത്രപഠനത്തിലും ചരിത്രഗവേഷണത്തിലും സ്വന്തമായ പാത വെട്ടിത്തെളിച്ച്, നിഷ്പക്ഷമായ കേരളചരിത്രം രചിച്ചതിന്റെ പേരില്‍. വര്‍ത്തമാനകാലം മാത്രമല്ല, ഭാവിതലമുറകളും എംജിഎസിനോടു കടപ്പെട്ടിരിക്കുന്നു; ചരിത്രം രചിച്ചു ചരിത്രമായ വ്യക്തിത്വത്തെ വീണ്ടും വീണ്ടും വായിക്കുന്നു. ഒരോ മലയാളിയും അഭിമാനത്തോടെ സ്വന്തമാക്കി സൂക്ഷിക്കേണ്ട അപൂര്‍വം ഗ്രന്ഥങ്ങളിലൊന്നാണ് ജാലകങ്ങള്‍. ജാലകക്കാഴ്ചയ്ക്കപ്പുറം ചിന്തയുടെ പുതുലോകത്തേക്കു തുറക്കുന്ന ആയിരമായിരം വാതിലുകളുടെ സത്യപുസ്തകം.