മാനവികതയുടെ വിശുദ്ധ വേദപുസ്തകം
മലയാളത്തിൽ എഴുതപ്പെട്ട മികച്ച രാഷ്ട്രീയ നോവലുകളൊന്നാണിത്. അപരവിദ്വേഷം മുഖമുദ്രയാക്കിയ, ഇസ്ലാമോഫോബിയ പടർത്തുന്ന ഫാസിസ്റ്റ് ഭരണകൂടം ഇരുൾ വീഴ്ത്തുന്ന ഇന്ത്യയുടെ ജീവിത ഭൂപടം ഇതിൽ ചുരുൾ നിവരുന്നുണ്ട്. ഒരു പേര് കൊണ്ടു പോലും അന്യവല്ക്കരിക്കപെട്ടവരുടെ കരൾ വിലാപങ്ങളുടെ പ്രതിധ്വനി നോവലിൽ നിറയുന്നു.
മലയാളത്തിൽ എഴുതപ്പെട്ട മികച്ച രാഷ്ട്രീയ നോവലുകളൊന്നാണിത്. അപരവിദ്വേഷം മുഖമുദ്രയാക്കിയ, ഇസ്ലാമോഫോബിയ പടർത്തുന്ന ഫാസിസ്റ്റ് ഭരണകൂടം ഇരുൾ വീഴ്ത്തുന്ന ഇന്ത്യയുടെ ജീവിത ഭൂപടം ഇതിൽ ചുരുൾ നിവരുന്നുണ്ട്. ഒരു പേര് കൊണ്ടു പോലും അന്യവല്ക്കരിക്കപെട്ടവരുടെ കരൾ വിലാപങ്ങളുടെ പ്രതിധ്വനി നോവലിൽ നിറയുന്നു.
മലയാളത്തിൽ എഴുതപ്പെട്ട മികച്ച രാഷ്ട്രീയ നോവലുകളൊന്നാണിത്. അപരവിദ്വേഷം മുഖമുദ്രയാക്കിയ, ഇസ്ലാമോഫോബിയ പടർത്തുന്ന ഫാസിസ്റ്റ് ഭരണകൂടം ഇരുൾ വീഴ്ത്തുന്ന ഇന്ത്യയുടെ ജീവിത ഭൂപടം ഇതിൽ ചുരുൾ നിവരുന്നുണ്ട്. ഒരു പേര് കൊണ്ടു പോലും അന്യവല്ക്കരിക്കപെട്ടവരുടെ കരൾ വിലാപങ്ങളുടെ പ്രതിധ്വനി നോവലിൽ നിറയുന്നു.
മനുഷ്യൻ! ഹാ, എത്ര സുന്ദരമായ പദം - ഷാബു കിളിത്തട്ടിലിന്റെ 'രണ്ടു നീല മത്സ്യങ്ങൾ' എന്ന പുസ്തകം വായിച്ചു കഴിയുമ്പോൾ കാലനദിക്കക്കരെ നിന്ന് മഹാനായ എഴുത്തുകാരൻ മാക്സിം ഗോർക്കിയുടെ ഈ വാക്കുകൾ വായനക്കാരൻ്റെ മനസിൽ തെളിയാതിരിക്കില്ല. 'രണ്ടു നീല മത്സ്യങ്ങൾ' എന്ന നോവലിന് നിരവധി അടരുകളുണ്ട്. മലയാളത്തിൽ എഴുതപ്പെട്ട മികച്ച രാഷ്ട്രീയ നോവലുകളൊന്നാണിത്. അപരവിദ്വേഷം മുഖമുദ്രയാക്കിയ, ഇസ്ലാമോഫോബിയ പടർത്തുന്ന ഫാസിസ്റ്റ് ഭരണകൂടം ഇരുൾ വീഴ്ത്തുന്ന ഇന്ത്യയുടെ ജീവിത ഭൂപടം ഇതിൽ ചുരുൾ നിവരുന്നുണ്ട്. ഒരു പേര് കൊണ്ടു പോലും അന്യവല്ക്കരിക്കപെട്ടവരുടെ വിലാപങ്ങളുടെ പ്രതിധ്വനി നോവലിൽ നിറയുന്നു.
ഉപ്പയുടേയും ഉമ്മയുടേയും ആത്മഹത്യ മകനായ ഇർഫാനെ എത്തിച്ചത് തീവ്രവാദത്തിലാണ്. എല്ലാ ഭീകരപ്രവർത്തകരും യാത്ര ആരംഭിക്കുന്നത് ഒരു സ്വപ്നത്തിന്റെ ചാരവുമായാണെന്ന് സി.രാധാകൃഷ്ണൻ കരൾ പിളരും കാലത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. മറ്റൊരു മകനായ അൻവറാകട്ടേ ഇസ്ലാമിന്റെ മാനവിക മൂല്യങ്ങളിൽ അടിയുറച്ച് നിന്നു. ഒട്ടകങ്ങളുടെ മൂക്ക് കയർ മാത്രം പിടിക്കാനറിയുന്ന ഒരു ജനതയെ വിശ്വനാഗരികതയുടെ ഉടമകളാക്കിയത് പ്രവാചകദൗത്യമായിരുന്നുവെന്ന് എച്ച്.ജി. വെൽസ് പറഞ്ഞിട്ടുണ്ട്. അൻവറും ഇർഫാനും തമ്മിലുള്ള സംഭാഷണങ്ങൾ യഥാർത്ഥ ഇസ്ലാമും ഇസ്ലാമിനെ ദുർവ്യാഖ്യാനം ചെയ്ത് തീവ്രവാദത്തിന്റെ മറയാക്കുന്നവരും തമ്മിലുള്ള ആശയസംഘട്ടനമാണ്.
നോവലിന്റെ ബോധഘടനയ്ക്ക് അനുരൂപമായ രീതിയിൽ ഉപനിഷദ് ദർശനങ്ങളും ഗ്രന്ഥകാരൻ സന്നിവേശിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ശക്തമായ ഒരു സ്ത്രീപക്ഷ നോവൽ കൂടിയാണ് 'രണ്ടു നീല മത്സ്യങ്ങൾ' - ഇതിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രമായ മുന്നിയമ്മയുടെ നിനവിലൂടെ ഛാന്ദോഗ്യോപനിഷത്തിലെ തത്വമസി കടന്നു വരുന്നുണ്ട്. ഖുർആനിലേയും ഉപനിഷത്തിലെയും ദർശനങ്ങൾ മിന്നി മായുന്ന നോവലിൽ ബൈബിൾ ബിംബങ്ങളും സമൃദ്ധമായി കാണാം
എന്നാൽ മതങ്ങളുടെ മാനവിക മൂല്യങ്ങൾ പരാമർശിക്കുന്നതോടൊപ്പം ശക്തമായ മതവിമർശനവും ഗ്രന്ഥകാരൻ നിർവ്വഹിക്കുന്നുണ്ട്. ആധുനികതയും ശാസ്ത്രവും തിരസ്കരിച്ച മതവീക്ഷണങ്ങളെ ആശ്ലേഷിക്കുന്ന പുതിയ കാലത്തിൽ വിശ്വാസത്തെ വിപണിവല്ക്കരിക്കുന്നതിനെതിരേയുള്ള സർഗപ്രതിരോധം കൂടിയായി നോവൽ മാറുന്നു ശിവരാമകാരന്തിന്റെ മൂകാംബികയുടെ സ്വപ്നങ്ങൾ നോവലിലെ മുത്തശ്ശിയെ മുന്നിയമ്മ ഉദ്ധരിക്കുന്നുണ്ട്. "കോപിക്കാനും ശപിക്കാനും ബലി നൽകാനുമാണെങ്കിൽ ദൈവമെന്തിനാണ്? ഇനി ദൈവം തന്നെ എന്തിനാണ്?"
നീല മത്സ്യങ്ങളുടെ മാനവിക പ്രയാണത്തിന് ഇന്ധനമായി കാലം ഹൃദയത്തിലിട്ട സാഹിത്യ കൃതികൾ കടന്നു വരുന്നുണ്ട്. ശിവരാമകാരത്തിന്റെ മൂകാംബികയുടെ സ്വപ്നങ്ങളിലെ മുത്തശ്ശി മുന്നിയമ്മയിൽ പലപ്പോഴും പരകായപ്രവേശം നടത്തുന്നു. നീലിമയോടുള്ള പ്രണയം അൻവർ വെളിപ്പെടുത്തുന്നത് പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ കൂട്ടുപിടിച്ചാണ്. ചുഴികളും മലരികളും നിറഞ്ഞ അന്യതാബോധത്തിന്റെയും ഏകാന്തതയുടേയും തുരുത്തിലകപ്പെട്ട ദസ്തയോവ്സ്കിയുടെ ഊഷര ജീവിതത്തെ പ്രണയത്താൽ അന്ന ഉർവ്വരമാക്കിയത് പോലെ നീലിമയും പ്രണയത്താൽ അൻവറിനെ സ്നാനപ്പെടുത്തുന്നു. പ്രണയത്തിന്റെ വിശുദ്ധ ശാദ്വലഭൂമികളിലേക്കുള്ള തീർത്ഥാടനം കൂടിയാണ് ഈ നോവൽ നീലിമയുടെ യാഥാസ്ഥിതികനായ അച്ഛൻ എസ്.ഹരീഷിന്റെ മീശ നോവൽ പിൻവലിക്കണമെന്ന് കോടതിയിൽ കേസ് കൊടുക്കുന്നുണ്ട്. രവിയും നൈസാമലിയും അള്ളാപ്പിച്ച മൊല്ലാക്കയും സലാം പറഞ്ഞ് അഭിവാദ്യം ചെയ്യുന്ന ഖസാക്കിലെ ഉദ്ധരണിയെടുത്ത് സലാം എന്നതിന് പകരം നമസ്തേ എന്നു പറഞ്ഞാലെന്താണെന്ന് നീലിമയുടെ അച്ഛൻ ചോദിക്കുന്നുണ്ട് നവോത്ഥാന കേരളം ജാതീയതയിലേക്കും സാമുദായികതയിലേക്കും തിരിച്ചു പോകുന്നതിന്റെ നിരവധി നിദർശനങ്ങൾ നോവലിലുണ്ട്. ഒരു കുശവൻ സ്പൽപ്പൊടിയോ പുലയൻസ് അച്ചാറോ പ്രത്യക്ഷപ്പെടാത്തതെന്താണെന്ന കെ.ഇ.എന്നിന്റെ നിരീക്ഷണവും നോവലിൽ സാന്ദർഭികമായി കടന്നു വരുന്നു. ലൗവ് ജിഹാദും നോവലിൽ വിഷയീഭവിക്കുന്നു.
തൊഴിലാളിവർഗ രാഷ്ട്രീയത്തെ സിരകളിലേറ്റ് വാങ്ങിയ മുന്നിയമ്മ വീടകത്തിലെ പുരുഷമേൽക്കോയ്മക്കെതിരേ വർഗരാഷ്ട്രീയത്തിൻ്റെ നിലപാട് തറയിൽ നിന്നു കൊണ്ട് പ്രതികരിക്കുന്നുണ്ട്. "മരിക്കുംവരെ മനുഷ്യനായി ജീവിക്കുക, ജീവിച്ച് കൊണ്ട് വേല ചെയ്യുക, അല്ലെങ്കിൽ പൊരുതി മരിക്കുക, കുടുംബ ബന്ധത്തിൽ അടിമ–ഉടമ ബന്ധം പൊളിച്ച് വിപ്ലവം വരുത്തുക."
നോവലിന്റെ സൂക്ഷ്മ രാഷ്ട്രീയഘടനയിൽ ഗാന്ധിജിയും മാർക്സും അംബേദ്കറുമുണ്ട്. ആദ്യകാലത്ത് ദൈവം സത്യമാണെന്ന് പറഞ്ഞ ഗാന്ധിജി പിന്നീട് സത്യം ദൈവമാണെന്ന് പറയുന്നത് നോവലിൽ പരാമർശിക്കുന്നു. ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് എന്നതിൻ്റെ പ്രായോഗിക രൂപമാണ് മുന്നിയമ്മ നേതൃത്വം നൽകുന്ന ഭരവസി ചാരിറ്റബിൾ ട്രസ്റ്റ്. ദളിതർക്ക് എവിടെയാണ് മാതൃരാജ്യം എന്ന അംബേദ്കറുടെ കാലാതിവർത്തിയായ ചോദ്യവും നോവലിൽ ഉന്നയിക്കപ്പെടുന്നു.
വരും കാലത്തിന്റെ നോവലെന്ന വിശേഷണം രണ്ടു നീല മത്സ്യങ്ങൾക്ക് അന്വർത്ഥമാകുന്നത് ഭിന്നശേഷി സമൂഹത്തേയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനേയും ഈ നോവൽ അഡ്രസ് ചെയ്യുന്നത് കൊണ്ടാണ്. ലോകത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന സമസ്യകളുടെ നിർധാരണമാണ് നോവലിനെ വ്യത്യസ്തമാക്കുന്നത്.
ഭിന്നശേഷിക്കാരുടെ ഉള്ളിലെ കലർപ്പില്ലാത്ത, ഹൃദ്യമായ അംശത്തെ സാക്ഷാത്കരിക്കുന്ന, വായനക്കാരന്റെ ഹൃദയത്തെ ദ്രവീകരിക്കുന്ന വാങ്മയ ദൃശ്യം ഈ നോവലിലുണ്ട്. മുന്നിയമ്മയും ഭിന്നശേഷിക്കാരിയായ മകൾ പാത്തുവും ഒരു പുൽത്തകിടിയിലിരുന്ന് പ്രകൃതിയും സംഗീതം ശ്രവിക്കുന്നത് വായനക്കാരുടെഹൃദയത്തെ ചുംബിക്കുന്നു. ഭിന്നശേഷിക്കാരുടെ മനോഘടനയ്ക്ക് അനുരൂപമായ ഒരു സർഗാത്മക പരിസരം ഒരുക്കി കൊടുത്താൽ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് നോവൽ വിളംബരം ചെയ്യുന്നു.
2016-ൽ സൗദി അറേബ്യ പൗരത്വം നൽകിയ സോഫിയ എന്ന റോബോട്ട് പത്രസമ്മേളനത്തിൽ പറഞ്ഞത് ഭാവിയിൽ മനുഷ്യരുടെ വികാരവിചാരങ്ങൾ അവരോടൊപ്പം പങ്കിട്ട് ഒരു കുടുംബമായി കഴിയണമെന്നാണ്. ഭിന്നശേഷിക്കാർക്ക് മാനസിക വളർച്ചയില്ലെങ്കിലും ശാരീരിക വളർച്ചയുണ്ട്. എല്ലാവിധ കാമനകളും അവർക്കുണ്ട്. ഭിന്നശേഷിക്കാരുടെ ലൈംഗികാസക്തിക്ക് ശമനമുണ്ടാക്കുന്ന, അവരുടെ വികാരവിചാരങ്ങൾ പങ്കിടുന്ന വിശ്വ എന്ന ഹ്യൂമ നോയിഡ് റോബോട്ടിനെ അവതരിപ്പിക്കുന്ന എഴുത്തുകാരൻ ഒരു പ്രവാചകനായി മാറുകയും രണ്ടു നീല മത്സ്യങ്ങൾ ഭാവിയുടെ നോവലാവുകയും ചെയ്യുന്നു.
കഥകളുടെ കാലഭൈരവനായ ടി.പത്മനാഭന്റെ 'പ്രകാശം പരത്തുന്ന പെൺകുട്ടി' എന്ന കഥ അവസാനിക്കുന്നതിങ്ങനെയാണ്. "നാനൂറോ അഞ്ഞൂറോ വർഷങ്ങൾക്ക് ശേഷം മനുഷ്യരാശി ഒരു വഴിത്തിരിവിൽ സംശയിച്ച് നിൽക്കുമ്പോൾ പ്രകാശം പരത്തുന്ന കണ്ണുകളുമായി അവൾ വരും." "നീലിമയുടേയും അൻവറിന്റെയും മകനോട് പേരെന്താണെന്ന് തിരക്കുമ്പോൾ തിളങ്ങുന്ന നീലക്കണ്ണുകളുമായി അവൻ പറയുന്നത് മനുഷ്യൻ എന്നാണ്. പിറക്കുവാനിരിക്കുന്ന നാളെകളിൽ മാനവികസംഗീതം ഉയരുന്നത് മനുഷ്യൻ എന്നു പേരുള്ള ഈ മകനിൽ നിന്നുമാണ്. പ്രതിസന്ധികളുടെ ഇരുൾ നിലങ്ങളിൽ പകച്ചു നിൽക്കുന്ന മനുഷ്യരാശിക്ക് വഴി വെളിച്ചം പകരുവാൻ പ്രകാശം പരത്തുന്ന കണ്ണുകളുമായി ഈ മകനുണ്ടാകും. ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ പറയുന്ന പ്രളയസമാനമായ അന്തരീക്ഷത്തിലാണ് നോവൽ ആരംഭിക്കുന്നത്. ആകാശത്തിന് കീഴേ ജീവശ്വാസമുള്ള എല്ലാ ജഡവും നശിപ്പിക്കും എന്ന പ്രഖ്യാപനമാണ് പ്രളയത്തെ തുടർന്ന് ഉല്പത്തി പുസ്തകത്തിലുള്ളത്. ഏത് പ്രളയത്തെയും നിർമ്മലമായ നന്മകൾ അതിജീവിക്കും എന്നതാണ് 'രണ്ടു നീല മത്സ്യങ്ങൾ' വായനക്കാരോട് പറയുന്നത്. അതു കൊണ്ട് തന്നെ 'രണ്ടു നീല മത്സ്യങ്ങൾ' മാനവികതയുടെ വിശുദ്ധ വേദപുസ്തകമാണ്.