പ്രണയം അധികമായാലും ജീവിതത്തിനു തീ പിടിക്കും
മറ്റൊരാളോടുള്ള പറച്ചിലിന്റെ രൂപത്തിലാണ് നോവലിലെ ഓരോ അധ്യായവും. ഓരോന്നിലും നാട്ടിൻപുറത്തെ സാധാരണക്കാരായ ഓരോ വ്യക്തികളും കഥാപാത്രമാകുന്നു. പച്ചയായ കുറെ മനുഷ്യരെ ഇതിൽ കാണാൻ സാധിക്കും.
മറ്റൊരാളോടുള്ള പറച്ചിലിന്റെ രൂപത്തിലാണ് നോവലിലെ ഓരോ അധ്യായവും. ഓരോന്നിലും നാട്ടിൻപുറത്തെ സാധാരണക്കാരായ ഓരോ വ്യക്തികളും കഥാപാത്രമാകുന്നു. പച്ചയായ കുറെ മനുഷ്യരെ ഇതിൽ കാണാൻ സാധിക്കും.
മറ്റൊരാളോടുള്ള പറച്ചിലിന്റെ രൂപത്തിലാണ് നോവലിലെ ഓരോ അധ്യായവും. ഓരോന്നിലും നാട്ടിൻപുറത്തെ സാധാരണക്കാരായ ഓരോ വ്യക്തികളും കഥാപാത്രമാകുന്നു. പച്ചയായ കുറെ മനുഷ്യരെ ഇതിൽ കാണാൻ സാധിക്കും.
രണ്ട് വ്യക്തികൾ നടത്തുന്ന ആത്മാലാപത്തിലേക്ക് കടന്നുവരുന്ന മനുഷ്യരുടെ കഥകളാണ് ഷുക്കൂർ പെടയങ്ങോടിന്റെ 'രണ്ട് ഉന്മാദികളുടെ കഥ'. ഈ നോവൽ, പ്രണയവും ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും ചെയ്യുന്ന മനസ്സുകളുടെ വിലാപമാണ്. നിരവധി മനുഷ്യരുടെ ജീവിതം 22 അധ്യായങ്ങളിലായി പറഞ്ഞു പോകുന്നു. കഥാനായകന്റെ ജീവിത പരിസരത്തുള്ളവർ ആണ് ഇവരിൽ പലരും. ഒരു പക്ഷേ നമുക്ക് ചുറ്റും ഇവരെ കാണാൻ സാധിച്ചേക്കും. കഥാനായകനൊപ്പം വായനക്കാരും ആ നാട്ടിൻപുറത്തു കൂടി സഞ്ചരിക്കുന്നു. നായകൻ വരച്ചിടുന്ന ഓരോ കഥാപാത്രങ്ങളും അവർക്കും പരിചിതമാകുന്നു. തന്നിൽ നിറഞ്ഞ പല മനുഷ്യ ജീവിതങ്ങളും തന്റെ വരികളിലൂടെ വായനക്കാരുടെ മുന്നിൽ നോവലിസ്റ്റ് പകർന്നാടുന്നു.
സാധാരണ നോവലിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങാത്ത പുതുമയുള്ള ആഖ്യാന രീതിയാണ് ഈ നോവലിൽ ഉടനീളം കാണുന്നത്. മറ്റൊരാളോടുള്ള പറച്ചിലിന്റെ രൂപത്തിലാണ് നോവലിലെ ഓരോ അധ്യായവും. ഓരോന്നിലും നാട്ടിൻപുറത്തെ സാധാരണക്കാരായ ഓരോ വ്യക്തികളും കഥാപാത്രമാകുന്നു. പച്ചയായ കുറെ മനുഷ്യരെ ഇതിൽ കാണാൻ സാധിക്കും. തന്നിൽ നിന്നും ഒരു തെറ്റിദ്ധാരണയുടെ പുറത്ത് അകന്നു പോയ തന്റെ പങ്കാളിയോടുള്ള സംസാരത്തിലൂടെയാണ് നോവൽ വികസിക്കുന്നത്. ഓരോ അധ്യായവും ഓരോ കഥകളാണ്.
'ചിലപ്പോൾ തോന്നാറുണ്ട് മനുഷ്യർ മറഞ്ഞിരിക്കുമ്പോഴാണ് യഥാർഥത്തിൽ ജീവിക്കുന്നതെന്ന്. അവരെ കുറിച്ചുള്ള ഓർമ്മയിലെ പൊട്ടും പൊടിയും നാം അരിച്ചെടുക്കുന്നു. മരണം എന്നാൽ ഒഴിഞ്ഞു പോക്കാണ്. ജീവിതം ഇട്ടേച്ചു പോവുക എന്നും പറയും. അത് കൊണ്ടായിരിക്കാം എന്നെ തനിച്ചാക്കി പോയല്ലോ എന്ന് നിലവിളിക്കുന്നത്.'
ഒരു കരച്ചിലിന്റെ ദൈർഘ്യത്തോളം മാത്രമേ മരണത്തിന്റെ വേർപെടലിന് ആയുസ്സുള്ളൂ. നമ്മളിൽ നിന്നു നിശബ്ദമാക്കപ്പെടുന്നതിനെ പറ്റി, മരണത്തെപ്പറ്റി... ഉള്ളിൽ തീക്കനലായി പൊള്ളികിടക്കുന്ന ചില അസാന്നിധ്യങ്ങളെ കുറിച്ച് കഥാനായകൻ പറയുന്നുണ്ട്.
'വിശപ്പ് ദാർശനികനായ ഏത് മനുഷ്യനെയും നിമിഷം കൊണ്ടു വിട്ടു വീഴ്ചയുടെ ഓടയിൽ ഇഴയുന്നവനാക്കുകയും മുൻപ് വെച്ച് പുലർത്തിപ്പോന്നിരുന്ന ആദർശത്തിന് കടകവിരുദ്ധമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.'
'ജീവിതം എന്നു പറയുന്നത് വസ്ത്രമാണ്. ഉടുക്കുമ്പോൾ പുതിയത്. ഒരു ദിവസം ഉപയോഗിച്ചാൽ മതി, അതിനെ നമ്മൾ പഴയതെന്നേ വിളിക്കൂ. അത് തന്നെയാണ് ഓരോ ജീവിതവും. എത്ര പുതുക്കുമ്പോഴും എളുപ്പം പഴഞ്ചനായി തീരുകയാണ് ജീവിതം....'
താൻ ഒരു തത്വ ജ്ഞാനിയോ ദാർശനികനോ അല്ല. ജീവിതം തന്നെ എന്തൊക്കെയോ പഠിപ്പിച്ചു അല്ലെങ്കിൽ താൻ ജീവിതത്തെ പഠിച്ചു എന്ന് കഥാനായകൻ പറയുന്നുണ്ട്. ഇത്തരത്തിൽ തത്വചിന്തയോളം എത്തുന്ന നിരവധി വാചകങ്ങങ്ങൾ ഓരോ അധ്യായത്തിലും കാണാം.
നോവലിൽ ഒരുപാട് കഥാപാത്രങ്ങൾ അവരുടെ കഥ പറയുന്നുണ്ട്. ഗ്രാമത്തിൽ മാത്രം കാണാൻ കഴിയുന്ന കുറെ മുഖങ്ങൾ. നിഷ്കളങ്കതയുടെയും പട്ടിണിയുടെയും ചതിയുടെയും നിസ്സഹായതയുടെയും മുഖങ്ങൾ. ഒപ്പം മൃഗങ്ങളും പക്ഷികളും മരങ്ങളും കഥാപാത്രങ്ങളായി വരുന്നു. പുളിമരം ശ്യാമളയും കരിങ്കണ്ണൻ മമ്മദും പത്തര കൗസുവും കള്ളനും തൊണ്ണൻ പാക്കരനും അവരിൽ ചിലർ മാത്രം. നോവലിന്റെ ഘടന പാലിക്കുന്ന ഒരു രചനയാണിതെന്ന് പറയുക വയ്യ. ഓരോ അധ്യായവും ഒറ്റയ്ക്ക് നിൽക്കുന്ന ഓരോ കഥകളാണ്. തുടർച്ചയെന്ന് ആകെ പറയാവുന്നത് ഇതെല്ലാം കഥാനായകൻ, തന്നെ വിട്ടുപോയ തന്റെ കൂട്ടുകാരിയോട് പറയുന്നതാണെന്നത് മാത്രമാണ്.
വളഞ്ഞും പുളഞ്ഞും ഒഴുകുന്ന നദി പോലെയാണ് ജീവിതം ഞാൻ ഒരു വളവുതിരിവുകളിൽ ഒളിഞ്ഞു നോക്കുന്ന കുട്ടി. ജീവിതാനുഭവങ്ങളിൽ നിന്ന് കണ്ടെത്തുന്ന കാര്യങ്ങൾ പാടി നടക്കുന്നവരെ കാഴ്ചക്കാരായവർ സൂഫിയെന്നോ ദിവ്യനെന്നോ പേര് വിളിക്കുന്നു. സൂഫി എന്ന് മുദ്ര കുത്തിയവരെ ചിലർ ഭ്രാന്തരെന്നും. അത്തരം ഭ്രാന്ത് പൂക്കുന്ന ചെടികളാണ് ഭൂമിയെ സുന്ദരമാക്കി നിർത്തുന്നത് എന്ന് നോവലിസ്റ്റ് എഴുതുമ്പോൾ വായനക്കാരനും അത് ശരി വയ്ക്കുന്നു.
'പ്രിയമുള്ളവളെ... ജീവിതം പലതരം മണം കൊണ്ടുള്ള കെട്ടുകളാൽ പിണഞ്ഞു കിടക്കുന്നു. അതുകൊണ്ട് തന്നെയാണ് നീ എന്നെ വിട്ടുപോയിട്ടും നീ തൊട്ടതിനെല്ലാം നിന്റെ മണം എനിക്ക് അനുഭവപ്പെടുന്നത്.' തന്നെ വിട്ടുപോയവൾ എന്നെങ്കിലും തന്നെ മനസിലാക്കി തിരികെ വരും എന്ന പ്രതീക്ഷ കഥാനായകനുണ്ട്. ഹൃദയം തുറന്ന് വച്ചു വായനക്കാരും കാത്തിരിക്കുകയാണ്.. തിരിച്ചു വരവിനായി.
ഷുക്കൂർ പെടയങ്ങോടിന്റെ മൂന്നാമത്തെ നോവലാണിത്. കൂലിപ്പണി, മീൻ വിൽപ്പന തുടങ്ങി നിരവധി തൊഴിലുകൾ ചെയ്തിട്ടുള്ള കണ്ണൂർ പെടയങ്ങോട് സ്വദേശിയായ ഷുക്കൂർ ഇപ്പോൾ ചായപ്പീടിക നടത്തുന്നു. ഒപ്പം പുസ്തകവിൽപ്പനയും നടത്തുന്ന ഇദ്ദേഹം നാല് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ട് ഉന്മാദികളുടെ കഥ
ഷുക്കൂർ പെടയങ്ങോട്
മാതൃഭൂമി ബുക്സ്
വില: 200