വായിച്ചു തീരുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലുണ്ടാകും; ഒറ്റക്കായി പോയ ഒരു കുട്ടിയെ കാട്ടുന്ന കവിത...
മാതൃകകളെ ഒന്നും പിന്തുടരാതെ, ഗ്രാമ്യ ഭാഷയുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം നിറയുന്ന കവിതകൾ എഴുതുന്ന സുബിന്റെ ആദ്യ കവിതാ സമാഹാരം ആണ് 'ഉച്ചാന്തല മേലെ പുലർകാലേ.' ഈ തലക്കെട്ട് തരുന്ന കൗതുകം ഒളിച്ചു വയ്ക്കുന്നുണ്ട് ഈ സമാഹാരത്തിലെ ഓരോ കവിതയും.
മാതൃകകളെ ഒന്നും പിന്തുടരാതെ, ഗ്രാമ്യ ഭാഷയുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം നിറയുന്ന കവിതകൾ എഴുതുന്ന സുബിന്റെ ആദ്യ കവിതാ സമാഹാരം ആണ് 'ഉച്ചാന്തല മേലെ പുലർകാലേ.' ഈ തലക്കെട്ട് തരുന്ന കൗതുകം ഒളിച്ചു വയ്ക്കുന്നുണ്ട് ഈ സമാഹാരത്തിലെ ഓരോ കവിതയും.
മാതൃകകളെ ഒന്നും പിന്തുടരാതെ, ഗ്രാമ്യ ഭാഷയുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം നിറയുന്ന കവിതകൾ എഴുതുന്ന സുബിന്റെ ആദ്യ കവിതാ സമാഹാരം ആണ് 'ഉച്ചാന്തല മേലെ പുലർകാലേ.' ഈ തലക്കെട്ട് തരുന്ന കൗതുകം ഒളിച്ചു വയ്ക്കുന്നുണ്ട് ഈ സമാഹാരത്തിലെ ഓരോ കവിതയും.
കവിതയുടെ പുതിയൊരു നാട്ടുവഴി വെട്ടി മുന്നേറുന്ന ഒരാൾ ഇതാ നമുക്കിടയിൽ. പുതു കവിതയുടെ മുഖം എന്ന് വിളിക്കാം സുബിൻ അമ്പിത്തറയിൽ എന്ന ഈ കവിയെ. മാതൃകകളെ ഒന്നും പിന്തുടരാതെ, ഗ്രാമ്യ ഭാഷയുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം നിറയുന്ന കവിതകൾ എഴുതുന്ന സുബിന്റെ ആദ്യ കവിതാ സമാഹാരം ആണ് 'ഉച്ചാന്തല മേലെ പുലർകാലേ.' ഈ തലക്കെട്ട് തരുന്ന കൗതുകം ഒളിച്ചു വയ്ക്കുന്നുണ്ട് ഈ സമാഹാരത്തിലെ ഓരോ കവിതയും.
വായിച്ചാൽ മനസിലാകാത്തതാണ് മഹത്തരം എന്ന ചിന്ത ഇന്ന് പലർക്കും ഉണ്ട്. ഇന്നത്തെ പല എഴുത്തുകളും കഠിന പദങ്ങളുടെ, മനസിലാക്കാൻ പ്രയാസമുള്ള, വാക്കുകളുടെ നിരത്തി വയ്ക്കൽ ആണെന്ന് തോന്നാറുണ്ട്. എന്നാൽ സുബിൻ അവർക്കെല്ലാം അപവാദമാണ്. കടിച്ചാൽ പൊട്ടാത്തതൊന്നും ഈ പുസ്തകത്തിൽ ഇല്ല.
അന്തർമുഖനാണ് താൻ എന്ന് പറയുന്ന കവി, "വെളുപ്പിനുണർന്ന് ഉടുമുണ്ട് തിരയും പോലെ
ഞാനെന്റെ ഭാഷ
തിരഞ്ഞു കൊണ്ടേയിരിക്കുന്നു"
എന്ന് എഴുതുന്നു. എല്ലാവരാലും കൊഞ്ചിക്കപ്പെടാൻ കൊതിക്കുന്ന പൂച്ചക്കുഞ്ഞുങ്ങളാണ് തന്റെ കവിതകൾ എന്ന് പ്രഖ്യാപിക്കുന്ന കവി, ലാളനയ്ക്കായി അവയെ വായനക്കാരന് വിട്ട് നൽകുന്നു. പുതുകവിതയുടെ ശബ്ദം ആണ് സുബിന്റെ കവിതകൾ. ഇരുത്തം വന്ന കവിതകൾ ആണ് മിക്കതും. വരികൾക്കിടയിൽ വിസ്മയം ഒളിപ്പിച്ചു വയ്ക്കുന്ന ഭാഷ ആണ് സുബിന്റേത്.
'കാവ്യകലയെ നാടോടിത്തമാക്കുന്നു എന്നതാണ് സുബിൻ അമ്പിത്തറയിൽ എന്ന പുതുകവിയിൽ താൻ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട അപൂർവ്വതയും മൗലികതയും' എന്ന് പി. രാമൻ അവതാരികയിൽ എഴുതുന്നു. പുതിയതും നാഗരികവും ആയ കാലത്തിന്റെ നാടോടിത്തം ആണ് ഈ കവിതകളിൽ കാണാനാവുക എന്നും അദ്ദേഹം കുറിയ്ക്കുന്നു.
കവിതയ്ക്ക് മനോഹരമായ കവർ ചിത്രം വരച്ച സുധീഷ് കോട്ടേമ്പ്രത്തിന്റെ പഠനവും കവിതകൾക്ക് മുൻ കുറിപ്പ് ആയി നൽകിയിട്ടുണ്ട്.
ഒരാളുടെ ജീവിത പരിസരം, അനുഭവങ്ങൾ എല്ലാം എഴുത്തിൽ പ്രതിഫലിക്കും. ഇവിടെ കുന്നും മലകളും ഉള്ള നാട്ടിലെ, മരങ്ങൾക്ക് നടുവിലെ കുഞ്ഞു വീട്ടിൽ, കവിത നിറച്ചു വച്ച് സുബിൻ എഴുതാനിരിക്കുന്നു. സുബിന്റെ കവിതകളിലെ ചില വരികൾ ചുണ്ടിൽ ചിരി വിടർത്തും. ചിലത് വായിച്ചു തീരുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലുണ്ടാകും. അടുത്ത കവിതയിലേക്ക് കടക്കും മുൻപ് സങ്കടത്തിന്റെ നെടുവീർപ്പ് നമ്മളെ പൊതിയും. ഒറ്റക്കായി പോയ ഒരു കുട്ടിയെ ഈ കവിതകൾക്കുള്ളിൽ നിന്നു കണ്ടെത്താനാകും.
സുബിന്റെ കവിതകളിൽ ജീവനില്ലാത്ത ഒന്നിനെയും നിങ്ങൾക്ക് കാണാൻ ആവില്ല. വീട്ടുകാരൻ ഇറങ്ങി പോകുമ്പോൾ ഒറ്റക്കായി പോകുന്ന ആളാണ് സുബിന് വീട്. ഏകാന്തത പൊതിയുമ്പോൾ തനിക്ക് വീടിനെ കെട്ടിപ്പിടിച്ച് കരയാൻ തോന്നുന്നു എന്ന് കവി.
കുഞ്ഞു വാക്കുകളിലൂടെ സുബിൻ തന്റെ ചുറ്റുമുള്ള ജീവിതം ആവിഷ്കരിക്കുന്നു. ദാർശനികമായ ഒരു തലത്തിലേക്ക് ഉയരുന്ന കവിതകളും ഇക്കൂട്ടത്തിൽ ഉണ്ട്.
പ്രണയവും പ്രകൃതിയും വിശപ്പും മരണവും ഏകാന്തതയും പക്ഷികളും മൃഗങ്ങളും എല്ലാം കവിതയ്ക്ക് വിഷയമാകുന്നു.
'ചില രാത്രികളിൽ മഴ
എന്റപ്പനെപ്പോലെ
ആരോടുമല്ലാത്ത
ചറപറകൾ പറഞ്ഞ്
തപ്പിയും തടഞ്ഞും
മുറ്റത്തേക്ക് വരുന്ന'
ഏറെ പ്രിയമുള്ളൊരാളാണ്.
ചിലപ്പോളോ,
നെറുകം തലയ്ക്കു നേരെ
കുത്തനെ വന്നു നിന്ന്
പൊള്ളിക്കുന്ന സൂര്യനെ കണ്ണുരുട്ടി പേടിപ്പിച്ച്
ലാലേട്ടൻ സ്റ്റൈലിൽ തോൾ ചരിച്ച്
സ്ലോ മോഷനിൽ
അതിരും വഴി മുറ്റത്തേക്ക്
നടന്നു വരുന്നു
ഒരു ഉച്ച മഴ.
ഒരിക്കൽ, പിന്നാലെ പാഞ്ഞു വരുന്ന ഒരു തടിമാടൻ മഴയെ പേടിച്ച് ഓടുകയും ഒടുവിൽ തോർന്നു തോർന്നു പോകുന്ന മഴയുടെ പിന്നാലെ ഇറങ്ങി നടക്കുകയും ചെയ്യുന്നുണ്ട് കഥാ നായകൻ.
ഈ കവിതകളിൽ, പര പരാ വെളുപ്പിന് കിഴക്കുന്നു മോർണിംഗ് വാക്കിനു വരാറുള്ള ചൂടൻ കിഴവൻ ആണ് സൂര്യൻ. പൊള്ളിക്കുന്ന സിനിമാ ഡയലോഗ് പറഞ്ഞു കസറുന്ന സൂര്യനെയും കാണാം.
'പടിഞ്ഞാറെ മലയിറക്കത്തിലൊരു
മരത്തിൻ കൊമ്പിൽ
മുടിയുടക്കി കിടക്കുന്നു സൂര്യൻ' എന്ന് സുബിന് മാത്രം എഴുതാൻ ആവുന്നത് അയാൾ അത്രമേൽ തന്റെ ചുറ്റുമുള്ള എല്ലാത്തിനെയും മനുഷ്യൻ ആയി കാണുന്നത് കൊണ്ട് മാത്രമാണ്. ദിവസത്തിന്റെ സ്‌ക്രീനിൽ പല പല വാൾ പേപ്പറുകൾ മാറ്റി കളിക്കുന്ന സൂര്യന്റെ പെണ്ണിന് ഏത് മഞ്ഞിലും തണുപ്പറിയുകയില്ലല്ലോ എന്ന് കവി അസൂയപ്പെടുന്നുമുണ്ട്. കടലിനക്കരെ കാറ്റ് കൊണ്ട് തനിച്ചിരിക്കുന്ന സൂര്യന് കൂട്ടുപോകാൻ നമ്മൾ കൊതിക്കും.
തലക്കെട്ടിൽ ഉള്ളത് പോലെ തന്നെ നാട്ടു വാക്കുകൾ മിക്ക കവിതകളിലും കാണാം. ചില്ലകളിൽ ഓർമ്മ വീശുന്ന നേരം എന്ന കവിത ഇങ്ങനെയാണ്.
"വീടിന്റെ
ഉച്ചാന്തല മേലെ
പുലർകാലെ പാഞ്ഞു പോകുന്നൊരു തള്ളക്കാറ്റ്
അതിന്റെ മൊട്ടേന്നു വിരിയാത്ത കുഞ്ഞുങ്ങളെ
തൊടിയിലിറക്കി നിർത്തിയിട്ട് പോകും."
കാറ്റിന്റെ കുരുത്തം കെട്ട കുഞ്ഞുങ്ങൾ കാട്ടിക്കൂട്ടുന്ന കുസൃതികൾ അരിശം കൊള്ളിക്കുമെങ്കിലും ഒടുവിൽ സന്ധ്യയ്ക്ക് അമ്മ വന്ന് എല്ലാത്തിനെയും വാരിയെടുത്ത് ഒന്നുമുരിയാടാതെ വീട്ടിലേക്ക് കൊണ്ട് പോകുമ്പോൾ എന്ത് കൊണ്ടോ നമുക്കും സങ്കടം വരും. പുറത്തു പോകാൻ കഴിയാതെ മുറിയിൽ വട്ടം വട്ടം നാരങ്ങ കളിക്കുന്ന ഫാനിലെ കാറ്റിന് അമ്മയെ കാണാൻ കൊതിയുണ്ടാകുമോ?. കാറ്റിനെപ്പോലെ, തോന്നുമ്പോ വീശാനും പിടിതരാതെ പറന്ന് പോവാനുമായി ഈ ഓർമകളൊക്കെ എവിടെയാണ് ഉറങ്ങി കിടക്കുന്നത് എന്ന് കവി.
നേർ രേഖയിൽ ചലിക്കാൻ വിസമ്മതിക്കുന്ന, പലപ്പോഴും തല കുത്തനെ നിൽക്കുന്ന കവിതകൾ ആണ് സുബിന്റേത്. നാം ചിന്തിക്കുക പോലും ചെയ്യാത്ത തരത്തിൽ പ്രകൃതിയെ ഈ കവിതകളിൽ സുബിൻ വരച്ചിടുന്നു. മനുഷ്യനൊപ്പമോ അതിനു മേലെയോ കാറ്റും വെയിലും മഴയും ജീവൻ തുടിക്കുന്ന ചിത്രങ്ങളാകുന്നു. മഴ വെറും മഴയല്ല. പിന്നെയോ കാറ്റ് മേഘത്തിന്റെ നീളൻ മുടി വെട്ടി താഴെക്കിടുന്നതാണത്രേ!!
'വെയിൽ പാവമാണ് ' എന്ന കവിതയിൽ വെയിലിനെ എത്ര രസകരമായാണ് സുബിൻ വരഞ്ഞിടുന്നത്. വെയിലിന്റെ അടുത്ത് ചെന്ന് മിണ്ടീം പറഞ്ഞും ഇരുന്നപ്പോൾ ആണ് വെയിൽ വെറും പാവം ആണെന്ന് മനസിലായത്. തണുത്ത വെള്ളം കുടിച്ചു കുടിച്ചു വിട്ടുമാറാത്ത പനി കൊണ്ടാണത്രെ വെയിലിനു ഇത്ര വലിയ ചൂട്.
'ഇക്കണ്ട വെള്ളം എല്ലാം കുടിച്ചു മടുത്ത് ആകാശ മുറ്റത്ത് പോയി നിന്ന് മൂപ്പര് മൂത്രം ഒഴിക്കുന്നതാണത്രേ
നമ്മളീ നനയുന്ന മഴ '
എന്നെഴുതാൻ ഉള്ളിൽ ഒരു കുസൃതിക്കുട്ടി ഉള്ള ആൾക്കേ കഴിയൂ.
'കാറ്റ് പോയൊരു കാറ്റിന്റെ മൃതദേഹം, കുന്നിൻ പുറത്തെ മരങ്ങൾ വരിവരിയായി നിന്ന് താഴെയുള്ള ശ്മശാനത്തിലേക്ക് കൊണ്ട് പോകുന്നു' എന്നെഴുതുമ്പോൾ തന്റെ നാടിന്റെ ഭൂപ്രകൃതിയെ കാവ്യാത്മകമായി പ്രതിഫലിപ്പിക്കുകയാണ് കവി ഇവിടെ.
പട്ടം പോലെ എന്ന കവിത ഇങ്ങനെയാണ്.
'അവളോട് ചേർന്ന് നിന്ന്
പട്ടത്തെ ഒരു കുതിരയെ പോലെ മേഘങ്ങളിലേക്ക്
പായിക്കുകയായിരുന്നു.
ഒരൊറ്റ വെട്ടിക്കലിൽ
പെട്ടെന്നാണ് പട്ടം
കാര്യങ്ങൾ കീഴ്മേൽ മറിച്ചുകളഞ്ഞത്
ഇപ്പോൾ ഞാനാകാശത്തും പട്ടം ഭൂമിയിലും.'
എത്ര പെട്ടെന്നാണ്
പ്രണയം
കീഴ്മേൽ മറിയുന്നത്.
വിശപ്പിനെ, വിശപ്പാറ്റുന്ന വൃക്ഷത്തെ സുബിൻ ഇങ്ങനെ പകർത്തുന്നു. മേഘങ്ങളുടെ ഹെൽമറ്റും വച്ച് നീണ്ടു നിവർന്നു നിൽക്കുകയാണ് പ്ലാവ്.
'ചക്ക വേവിച്ചത്
കാന്താരി ചമ്മന്തി കൂട്ടി ഞങ്ങളും
ചക്കമടലും ചകിണിയും കൊണ്ട്
ഞങ്ങടെ പശുവും അത്താഴം കഴിച്ചിട്ട് മഴയെ കെട്ടിപിടിച്ചൊരുറക്കമുണ്ട്.'
മുതുമഴയത്തും പട്ടിണി കിടത്തില്ലാത്ത പ്ലാവാണ് നിങ്ങടെ അപ്പൻ എന്ന് ഇടയ്ക്കിടെ അമ്മച്ചി. വീട്, അപ്പൻ, വല്യപ്പനും റേഡിയോയും, ഉറക്കം, അവൾ, ബാർബർഷോപ്പ്, പൂച്ച, പെൺകുഞ്ഞ്, കണ്മുന്നിലൊരു മരണം, ബ്രേക്ക് അപ്പ് തുടങ്ങി 38 കവിതകൾ ആണ് ഈ സമാഹാരത്തിലുള്ളത്. ബ്രേക്ക് അപ്പ് എന്ന കവിത ഇങ്ങനെയാണ്.
'നെഞ്ചിൽ നെരിപ്പോടും
കെടാത്ത കനലും
തന്ന് പിരിഞ്ഞ
പ്രണയമേ...
നന്ദി.
ഈ ശീതകാലം താണ്ടാൻ
എനിക്കിത് മതി.'
എങ്ങനൊക്കെ സ്നേഹിച്ചാലും പാല് കൊടുത്ത് ലാളിച്ചാലും കുറച്ചു കാലം കഴിയുമ്പോൾ കാട് കേറി പോകുന്ന കണ്ടൻ പൂച്ചയാണ് കവിയ്ക്ക് പ്രണയം. 'കാലൻ' എന്ന കവിതയിൽ മരണം എന്നാൽ ആത്മാവിനെ ഒരു നക്ഷത്രത്തിലേക്ക് മാറ്റി വയ്ക്കുക മാത്രം ആണ് എന്ന് അത്രമേൽ ലളിതമായി പറഞ്ഞു വയ്ക്കുന്നു.
മതം എന്ന അറക്കവാള് നമ്മളെ പലതായി മുറിക്കുകയാണെന്നും നമ്മൾ പല കഷണങ്ങളാകുന്നു എന്നും ഒരു മരമായി നിന്നിരുന്നു എന്ന് ഓർമ്മിച്ചിട്ട് ഇനി കാര്യമില്ലെന്നും 'മതം ' എന്ന് പേരിട്ട കവിതയിൽ കവി വ്യാകുലപ്പെടുന്നു. അങ്ങിങ്ങായി ചില വരികളിൽ രാഷ്ട്രീയം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്ന് പോകുന്നു .
ആപ്പിൾ തിന്നപ്പോൾ എന്ത് കൊണ്ട് ആപ്പിൾമരം നട്ട കർഷകരെ മാത്രം ഓർത്തില്ല എന്നൊരു ശബ്ദം ആപ്പിൾ എന്ന കവിതയിൽ മുഴങ്ങുന്നുണ്ട്. കർഷകരോട് ഐക്യപ്പെട്ട് കവിതയിൽ ആപ്പിൾ മരം നടുന്ന കവിയെയും അത് പറമ്പിൽ നട്ടൂടെ എന്ന ചോദ്യത്തിന് നൽകുന്ന മറുപടിയിലൂടെ നമ്മളുടെ പൊള്ളത്തരങ്ങളെയും കവി തുറന്ന് കാട്ടുന്നുമുണ്ട്.
'മതമല്ലാതെന്തിരിക്കുന്നു നമ്മുടെ പേരുകളിൽ 'എന്നും
ഞങ്ങളന്നു വരച്ചു കൊടുത്ത വര
'അവന്റെ മുതുകിൽ
എന്നുമുണ്ടാവും' എന്നും അണ്ണാൻ കുഞ്ഞ് എന്ന കവിത.
'പെൺകുഞ്ഞ് ' എന്ന കവിതയിൽ കൈവരികളില്ലാത്ത തൂക്കു പാലത്തിലൂടെ നടക്കുന്നത് പോലെയാണ് ഓരോ പെൺകുഞ്ഞിന്റെയും ജീവിതം എന്ന് ഭയത്തോടെ ഓർമിപ്പിക്കുന്നു.
കുട്ടിക്കാലത്തിലേക്ക് വഴി നടത്തുന്നവയാണ് സുബിന്റെ കവിതയിലെ ചില വരികൾ. അവ മറവിയിൽ മറഞ്ഞിരുന്ന പലതിനെയും വെളിച്ചത്ത് കൊണ്ട് വരുന്നു. ഒരു കാറ്റ് ഓർമകളിലേക്ക് നമ്മളെ പറിച്ചു നടുന്നു. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന മാന്ത്രികത മിക്ക കവിതകളിലും കാണാം. ഏറ്റവും ലളിതമായി ജീവിതത്തെ ഈ പുസ്തകത്തിലൂടെ സുബിൻ ആവിഷ്കരിച്ചിരിക്കുന്നു. എല്ലാവരാലും കൊഞ്ചിക്കപ്പെടാൻ കൊതിക്കുന്ന സുബിൻ അമ്പിത്തറയിലിന്റെ ഈ കുഞ്ഞു പൂച്ചക്കുട്ടി, വായനയ്ക്ക് ശേഷവും നമ്മുടെ കൂടെയുണ്ടാകും എന്നുറപ്പാണ്.
ഉച്ചാന്തല മേലേ പുലർകാലേ
സുബിൻ അമ്പിത്തറയിൽ
ഡി സി ബുക്സ്
വില: 140 രൂപ