ഓർമയുടെ ഏതെങ്കിലും കോണിലുണ്ടോ; നിങ്ങളുടെ കളികളിൽ ഒറ്റപ്പെട്ടുപോയ ഒരു കുട്ടി...
ഒരു ജീവിതം മുഴുവൻ ഐരാവതി നദിയുടെ കണ്ണീരോളങ്ങളിൽ നീന്തിത്തളർന്ന ഖാദർ പറഞ്ഞ ഏറ്റവും ഹൃദയസ്പർശിയായ കഥ അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ജനിച്ച നാടും അമ്മയുടെ സ്നേഹവും വിട്ട് അച്ഛനൊപ്പം മറ്റൊരു നാട്ടിലെത്തി പച്ച പിടിപ്പിച്ച ജീവിതം.
ഒരു ജീവിതം മുഴുവൻ ഐരാവതി നദിയുടെ കണ്ണീരോളങ്ങളിൽ നീന്തിത്തളർന്ന ഖാദർ പറഞ്ഞ ഏറ്റവും ഹൃദയസ്പർശിയായ കഥ അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ജനിച്ച നാടും അമ്മയുടെ സ്നേഹവും വിട്ട് അച്ഛനൊപ്പം മറ്റൊരു നാട്ടിലെത്തി പച്ച പിടിപ്പിച്ച ജീവിതം.
ഒരു ജീവിതം മുഴുവൻ ഐരാവതി നദിയുടെ കണ്ണീരോളങ്ങളിൽ നീന്തിത്തളർന്ന ഖാദർ പറഞ്ഞ ഏറ്റവും ഹൃദയസ്പർശിയായ കഥ അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ജനിച്ച നാടും അമ്മയുടെ സ്നേഹവും വിട്ട് അച്ഛനൊപ്പം മറ്റൊരു നാട്ടിലെത്തി പച്ച പിടിപ്പിച്ച ജീവിതം.
എന്റെ ജൻമഗേഹമിതാണെന്നതിന് ഇതാ എന്റെ മുഖമുണ്ട് സാക്ഷ്യം. ഓർമയുടെ ഏതെങ്കിലും കോണിലുണ്ടോ, നോക്കൂ, തനിച്ചിരിക്കുന്ന ഒരു ഏഴു വയസ്സുകാരനെ. നിങ്ങളും അന്നു കുട്ടികളായിരുന്നില്ലേ. നിങ്ങളുടെ കളികളിൽ ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെ കാണുന്നുണ്ടോ?
ഏകാന്തതയുടെ കുട്ടിക്കാലത്തിൽ നഷ്ടപ്പെട്ടുപോയ ജൻമനാട്ടിൽ വർഷങ്ങൾക്കു ശേഷം ചെന്നതായിരുന്നു. ബാഗിൽ ഒരു ഫോട്ടോ ഒതുക്കിവച്ചിരുന്നു. കേരളത്തിലെത്തിയപ്പോൾ എടുത്ത ഫോട്ടോ. ആ ഫോട്ടോ പലരെയും കാണിച്ചു. അമ്മയുടെ കുടുംബത്തെപ്പറ്റി ഒന്നുമറിയാത്ത, ബാല്യത്തിന്റെ വേരുകൾ തേടിയിറങ്ങി. പ്രായമേറിയ പലരുടെയും മുഖത്ത് പ്രതീക്ഷകളോടെ ഫോട്ടോ കാണിച്ചു കാത്തുനിന്നു. ഇല്ല. ഓർമയില്ല. യുദ്ധത്തിന്റെ സമയത്ത് ഇങ്ങനെ പലരും നാടുവിട്ടിട്ടുണ്ട്. അവരിൽ ഒരാൾ കൂടി മടങ്ങിയെത്തി ചോദിക്കുന്നു... സംഭവ ബഹുലമായ ഒരു കഥയുടെ അവസാനമല്ല. ജീവിതം തന്നെ. യു.എ.ഖാദർ എന്ന എഴുത്തുകാരന്റെ ജീവിതം. ആ ജീവിതമാണ് എം. ഗോകുൽദാസ് എഴുതിയ 'യു. എ. ഖാദർ : എഴുത്ത് ജീവിതം കഥകൾ' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.
ഒരു ജീവിതം മുഴുവൻ ഐരാവതി നദിയുടെ കണ്ണീരോളങ്ങളിൽ നീന്തിത്തളർന്ന ഖാദർ പറഞ്ഞ ഏറ്റവും ഹൃദയസ്പർശിയായ കഥ അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ജനിച്ച നാടും അമ്മയുടെ സ്നേഹവും വിട്ട് അച്ഛനൊപ്പം മറ്റൊരു നാട്ടിലെത്തി പച്ച പിടിപ്പിച്ച ജീവിതം. മറ്റൊരു നാട്ടുകാരൻ എന്ന് ഒറ്റനോട്ടത്തിൽ തെളിവു സഹിതം സാക്ഷ്യപ്പെടുത്തുമായിരുന്നെങ്കിലും, ജീവിക്കാൻ അവസരം ലഭിച്ച നാടിന്റെ താളവും വർണവുമായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ കരുത്ത്. കേരളത്തിൽ ജനിച്ചുവളർന്നു ജീവിച്ച ഏതൊരാളെക്കാളും ഗംഭീരമായി തട്ടകത്തിന്റെ മനസ്സ് ഒപ്പിയെടുക്കാൻ ആ ബർമക്കാരൻ വേണ്ടിവന്നു. ഭൂപടത്തിൽ പോലും ഇന്നില്ലാത്ത ഒരു രാജ്യത്തിന്റെ ഓർമകളിൽ ജീവിച്ച അതേ ഖാദർ.
ദൈവക്കരുത്തുടയവീരൻമാരുടെ അഞ്ചടിപ്പാട്ടുകൾ മുഴങ്ങും ഗ്രാമപ്പച്ചകളുടെ കാവുംകണ്ടങ്ങളിൽ തീണ്ടിനടന്നാളാവാനും ആശിച്ചു. ഉൺമയുടെ ഊറ്റം കിടുവാണുറയും തട്ടകം ഇവനെയണച്ചുപൂട്ടി. അതിനാലിവൻ എഴുതുന്നതെല്ലാം പണ്ടു പാണനാർ കൊട്ടിപ്പാടിപ്പറഞ്ഞു പൊലിപ്പിച്ച പഴങ്കഥപ്പെരുമകൾ. ഇവന്റെ നിയോഗം. ജൻമകർമ സംയോഗം.
കഥകളിലും നോവലുകളിലും ഏറെപ്പറഞ്ഞതാണെങ്കിലും ഖാദറിന്റെ എഴുത്തും ജീവിതവും കഥകളും ആഴത്തിൽ സ്പർശിക്കുന്ന പുസ്തകം കൂടി. തൃക്കോട്ടൂർ എന്ന ദേശത്തിന്റെ കഥാകാരന്റെ ആത്മാവറിയാൻ ശ്രമിക്കുകയാണ് എം. ഗോകുൽദാസ്. ചരിത്രവും വർത്തമാനവും ഇഴചേരുന്ന ഈ പുസ്തകത്തിനു മാറ്റു കൂട്ടി പ്രാതിനിധ്യ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഖാദറിന്റെ ചെറുകഥകളും ചേർത്തിട്ടുണ്ട്. എഴുത്തും ജീവിതവും ഖാദറിന് രണ്ടല്ല, ഒന്നു തന്നെയെന്ന് ഒരിക്കൽക്കൂടി സാക്ഷ്യപ്പെടുത്തി.
അയാൾ ക്ലബുകളിലും റസ്റ്റോറന്റുകളിലും പോകാറില്ല. നൃത്തപരിപാടികളിൽ പങ്കു കൊള്ളാറില്ല. ആരെയും കാണാനോ സുഹൃത്തുക്കളെ സമ്പാദിക്കാനോ തുനിയാറില്ല. ഏകാന്തതയിൽ ആൾപ്പെരുമാറ്റം വറ്റിയ ബാറുകളിലെ പഴയ കുഷ്യൻ സീറ്റിൽ ചടഞ്ഞിരുന്ന് കുപ്പികൾ കാലിയാക്കവെ, രാത്രിയുടെ നിമിഷങ്ങളിൽ അയാൾ തനിക്കു മാത്രം സ്വന്തമായ സ്വർഗത്തിന്റെ ഗോപുരങ്ങൾ പണിയാൻ യത്നിക്കുന്നു. ഗോപുരം മൂടേ, നക്ഷത്രങ്ങൾ പതിക്കാൻ വെമ്പുന്നു.
തനതായ സ്വർഗം നിർമിച്ച എഴുത്തുകാരനാണ് ഖാദർ. ആ സ്വർഗത്തിന്റെ ഗോപുരത്തെ തിളക്കുന്ന നക്ഷത്രങ്ങളാണ് അദ്ദേഹത്തിന്റെ കഥകൾ. അവയുടെ പ്രകാശം ഇന്നും വായനക്കാരെ തേടിയെത്തുന്നു. ആ നക്ഷത്രങ്ങളിലൊന്നു പറയുന്നത് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. കണ്ണീർ നനവു പുരണ്ടതെങ്കിലും കെട്ടിപ്പുണരാനും സ്വന്തമാക്കാനും കൊതിപ്പിക്കുന്ന പ്രിയപ്പെട്ട സ്വപ്ന നക്ഷത്രം.
യു. എ. ഖാദർ : എഴുത്ത്∙ ജീവിതം∙ കഥകൾ
എം. ഗോകുൽദാസ്
ചിന്ത പബ്ലിഷേഴ്സ്
വില : 320 രൂപ