മരിക്കുന്നതിനു മുമ്പും മരിച്ചതിനുശേഷവുമുള്ള കഥകൾ സ്വന്തം ചോരയിൽ എഴുതി വെയ്ക്കുമ്പോൾ...
ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മനുഷ്യൻ ചിന്തിക്കുകയും കാണുകയും ചെയ്യുന്നത് എന്നത് പുതിയ കാലത്ത് സവിശേഷ പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണ്. ഭാഷയിൽ നിന്നുകൊണ്ടല്ലാതെ നമുക്ക് വസ്തുക്കളെയും യാഥാർഥ്യങ്ങളെയും കാണാൻ കഴിയില്ല എന്നും ഇത് മാറ്റിപ്പറയാം. സാഹിത്യകൃതികളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും
ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മനുഷ്യൻ ചിന്തിക്കുകയും കാണുകയും ചെയ്യുന്നത് എന്നത് പുതിയ കാലത്ത് സവിശേഷ പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണ്. ഭാഷയിൽ നിന്നുകൊണ്ടല്ലാതെ നമുക്ക് വസ്തുക്കളെയും യാഥാർഥ്യങ്ങളെയും കാണാൻ കഴിയില്ല എന്നും ഇത് മാറ്റിപ്പറയാം. സാഹിത്യകൃതികളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും
ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മനുഷ്യൻ ചിന്തിക്കുകയും കാണുകയും ചെയ്യുന്നത് എന്നത് പുതിയ കാലത്ത് സവിശേഷ പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണ്. ഭാഷയിൽ നിന്നുകൊണ്ടല്ലാതെ നമുക്ക് വസ്തുക്കളെയും യാഥാർഥ്യങ്ങളെയും കാണാൻ കഴിയില്ല എന്നും ഇത് മാറ്റിപ്പറയാം. സാഹിത്യകൃതികളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും
ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മനുഷ്യൻ ചിന്തിക്കുകയും കാണുകയും ചെയ്യുന്നത് എന്നത് പുതിയ കാലത്ത് സവിശേഷ പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണ്. ഭാഷയിൽ നിന്നുകൊണ്ടല്ലാതെ നമുക്ക് വസ്തുക്കളെയും യാഥാർഥ്യങ്ങളെയും കാണാൻ കഴിയില്ല എന്നും ഇത് മാറ്റിപ്പറയാം. സാഹിത്യകൃതികളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കൃതിക്ക് പുറത്തുള്ള ഒരു യാഥാർഥ്യത്തെ അതേ നിലയിൽ ഒരു സാഹിത്യകൃതിയും പ്രതിഫലിപ്പിക്കുന്നില്ല. രക്തസ്‌നാതമായ വസ്തുതകൾ എന്നൊക്കെയുള്ളത് നമ്മുടെ അത്യാരോപങ്ങൾ മാത്രമാണ്. ഭാഷയ്ക്കുള്ളിലെ യാഥാർഥ്യമല്ല കൃതി. അത് ഭാഷകൊണ്ട് ഒരു യാഥാർഥ്യത്തെ ഫ്രെയിം ചെയ്യുകയാണ്. അതോടൊപ്പം സ്വത്വത്തിന്റെ എല്ലാ വിഹ്വലതകളെയും സഞ്ചാരങ്ങളെയും എല്ലാ സാഹിത്യകൃതികളും എടുക്കുന്നുണ്ട്. അതാണ് ഒരു എഴുത്തിനെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ ഒരു ഉൽപന്നമാക്കുന്നത്. ഇതിവിടെ ഇങ്ങനെ സൂചിപ്പിക്കുന്നത് ഒ.സി. രാജുവിന്റെ 'ഷാജി പറഞ്ഞ കഥ' എന്ന നോവൽ സ്വത്വത്തെയും യാഥാർഥ്യത്തെയും സംബന്ധിച്ച് ചില സന്ദേഹങ്ങളും ചോദ്യങ്ങളും നമ്മുടെ മുമ്പിൽ വെയ്ക്കുന്നതുകൊണ്ടാണ്. അതിൽ മുഖ്യമായത് യാഥാർഥ്യത്തെ എങ്ങനെ എടുക്കുന്നു എന്നതാണ്. നടന്നുകഴിഞ്ഞ കഥ എന്ന നിലയിൽ യാഥാർഥ്യം എന്നത് ഭൂതകാലത്തിൽ ഉപേക്ഷിക്കപ്പെട്ട അനുഭവങ്ങളുടെ വർണന മാത്രമാണോ? അങ്ങനെയെങ്കിൽ ആരാണ് ഈ ഭൂതകാലം വർണിച്ചത് എന്ന ചോദ്യം ഉണ്ട്. ഈ കൃതി ഉന്നയിക്കുന്നത് അതാണ്. ഭൂതകാലവർണനകളുടെ പേരിലുള്ള എല്ലാ അവകാശവാദങ്ങളെയും സംശയിക്കുന്നു.
ഭൂതകാലം എന്നത് എല്ലാ നാട്ടിലും എല്ലാവർക്കും ഒരുപോലെ നിലനില്‍ക്കുന്നില്ല. ഇത് ചരിത്രത്തിന്റെ കൂടി വിഷയമാണ്. ചരിത്രം വർത്തമാന കാലത്ത് ആവശ്യമുള്ള ഒരു ഭൂതകാലത്തെയാണ് എടുക്കുന്നത്. അതുകൊണ്ട് ചരിത്രം ഭൂതകാലത്തിന്റെ ശീതസംഭരണികളായി ഇന്ന് ആരും കാണുന്നില്ല. ഫ്രഞ്ചു ചരിത്രകാരന്മാർ രൂപപ്പെടുത്തിയ 'അനാൽ സ്‌കൂൾ' (Anal School) പോലെയുള്ള ചരിത്രധാരകൾ പല നിലകളിൽ/രീതികളിലുള്ള ചരിത്ര സങ്കൽപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ആ അർഥത്തിൽ നോവൽ, കഥ അടക്കം എല്ലാ ഫിക്ഷനുകളും ഒരു ജ്ഞാനശാസ്ത്രം എന്ന നിലയിൽ ചരിത്രത്തിന്റെ പരിഗണനാവൃത്തത്തിൽ ഉൾപ്പെടും. 'ഷാജി പറഞ്ഞ കഥ' എന്ന നോവൽ ഒരർഥത്തിൽ ഫിൽട്ടർ ചെയ്യപ്പെട്ട ചരിത്രമാണ്. ചരിത്രം Absent ആക്കിക്കളഞ്ഞ മനുഷ്യജീവിതങ്ങളാണ് ഈ കൃതിയുടെ വിശാലമായ കാൻവാസിനടിയിൽ നിൽക്കുന്നത്. എന്നാൽ ആ ജീവിതം നേരിട്ട് പ്രത്യക്ഷപ്പെടുത്തുന്ന ഒരു രീതിയല്ല നോവൽ അവലംബിക്കുന്നത്. സവിശേഷമായ ഒരു ക്രാഫ്റ്റ് നിർമ്മിച്ചുകൊണ്ടാണ് അത് ആവിഷ്‌ക്കരിക്കുന്നത്. ഈ നോവൽ കഥയെക്കുറിച്ചുള്ള കഥയാണ്. മറ്റൊരു വിധത്തിൽ എഴുത്തിന്റെ എഴുത്ത്. പ്രധാനമായും മൂന്ന് കഥകൾ പറഞ്ഞുകൊണ്ട് ഈ കൃതി അതിന്റെ പാഠം സൃഷ്ടിക്കുന്നു.
ഒന്ന്- ഷാജിയുടെ കഥ
രണ്ട്- ഷാജി 'ഞാൻ' എന്ന കഥാപാത്രത്തോട് പറയുന്ന കഥ
മൂന്ന്- ആത്മഹത്യയ്ക്ക് മുമ്പ് ഷാജി എഴുതി തയാറാക്കിയ കഥ
മറ്റു സംഭവങ്ങളെല്ലാം ഇതിനോട് ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. എന്നാൽ ഈ മൂന്നു കഥയുടെയും പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീന ഘടകങ്ങളാണവ. പ്രസ്സുടമയും ചില സിനിമാക്കാരും ഒഴിച്ചാൽ സാധാരണ മനുഷ്യരാണ് ഈ നോവലിലുള്ളത്. സാധാരണ ജീവിതത്തിനകത്തു നടക്കുന്ന അസാധാരണമായ ചില ഇടപെടലുകളാണ് ഈ കൃതിയുടെ കേന്ദ്രപ്രമേയം എന്നും പറയാം.
ഷാജിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ആഖ്യാതാവ് എഴുത്തുകാരനും ഷാജിയുടെ സുഹൃത്തുമായ ഞാൻ തന്നെ. വാസ്തവത്തിൽ ഈ ആഖ്യാതാവിലൂടെയാണ് ഷാജിയെയും ഷാജി പറഞ്ഞ കഥയെയും നമ്മൾ വായിക്കുന്നത്. ആ നിലയിൽ ഇതൊരു പുനരെഴുത്താണ് (Retold Story). ഷാജി ഒരു മേസ്തിരി ജോലിക്കാരനാണെന്ന് കഥയിൽ സൂചിപ്പിക്കുന്നുണ്ട്. അപരിചിതമായ ഒരു സ്ഥലത്താണ് അയാളുടെ വീട്. അമ്മയും ഭാര്യയും കുഞ്ഞുങ്ങളുമായി വളരെയധികം കഷ്ടപ്പെട്ട് അയാൾ ജീവിക്കുകയാണ്. ആഖ്യാതാവ് ഒഴിച്ച് (അയാൾ ഒരു പ്രസ്സ് ജീവനക്കാരനാണെന്ന് വഴിയെ ബോധ്യപ്പെടുത്തുന്നു) അധികമാരും ഷാജിക്ക് സുഹൃത്തുക്കളില്ല. ഏകദേശം ഇത്രയുമാണ് അയാളുടെ വ്യക്തിപരമായ സൂചനയായി നോവലിലുള്ളത്.
അയാൾ കഥ എഴുതുന്ന വ്യക്തിയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ പ്രസ്സുകാരൻ (സാബു തോമസ്) അതിനെ പരിഹാസപൂർവമാണ് എടുക്കുന്നതെന്നു മാത്രമല്ല, അയാളുടെ പേരിനെ തന്നെ അംഗീകരിക്കുന്നില്ല. ഒരു വ്യക്തിയെ പേരില്ലാതാക്കുന്നതും fake identity-യിൽ നിർത്തുന്നതും (പേരു മാറ്റുന്നത്) ജാതി വ്യവസ്ഥയുടെയും മതപരിവർത്തനത്തിന്റെയും ചരിത്രം കൂടിയാണല്ലോ. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന പ്രസിദ്ധമായ മുദ്രാവാക്യത്തിന്റെ വിപരീതമാണിത്. പ്രസ്സുടമ ചോദിക്കുന്നത് ഒരു പേരിലെന്തിരിക്കുന്നു എന്നാണ്. ഷാജിക്കു പകരം അയാളുടെ നാവിൽ 'ജോസ്' എന്നേ വരികയുള്ളൂ എന്നാണയാൾ പറയുന്നത്. ഇതൊരു അധിനിവേശയുക്തിയാണ്. പേരുമാറ്റത്തിലൂടെ (മതപരിവർത്തനം ഓർക്കുക) പുതിയ ഒരു അടയാളം നിർമ്മിക്കുകയല്ല അധിനിവേശ വ്യവഹാരങ്ങളുടെ വരുതിയിലേക്ക് അയാളെ കൊണ്ടുവരിക എന്ന പദ്ധതിയാണത്. ജാതി പ്രകടമായിത്തന്നെ വിവരിക്കുന്ന ഒരു ഭാഗം നോവലിലുണ്ട്. പ്രസ്സുടമയും ഷാജിയും തമ്മിൽ നടക്കുന്ന ആ സംഭാഷണത്തിലെ പ്രസക്തഭാഗം നമുക്കിങ്ങനെ വായിക്കാം. (പ്രസ്സ്, പേജ് 39)
'എടോ താൻ ലളിതാണോ'? പെട്ടെന്നുള്ള ആ ചോദ്യത്തിന്റെ അർഥം മനസ്സിലാകാതെ എന്നാൽ മുൻ ധാരണകൾ എല്ലാം തള്ളിക്കൊണ്ട് ഷാജി അയാളെ നോക്കുന്നത് എനിക്ക് കാണാമായിരുന്നു. 'ഇപ്പം ഹരിജനെന്നു പറയാൻ പറ്റത്തില്ലല്ലോ. ഇതാകുമ്പം കുഴപ്പമില്ല'. 'ദലിത് എന്നാണോ ഉദ്ദേശിച്ചത്! ഷാജി ചോദിച്ചു'.
മറ്റൊരു ഭാഗത്ത് ഷാജി പറയുന്ന രണ്ടാം കഥയിൽ (രണ്ടാംഭാഗം) ഇതിനു സമാനമായ ഒരു രംഗം ചിത്രീകരിക്കപ്പെടുന്നുണ്ട്. അത് ബിന്ദുവിനെ ജോസ് ആന്റണി വിവാഹം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വിരോധം പറയുന്ന സന്ദർഭമാണ് പേജ് 77-ൽ അതിപ്രകാരം:
''എടാ തീണ്ടലും തൊടീലും ഉള്ള കാലമായിരുന്നെങ്കിൽ നമ്മുടെ മുമ്പിൽ ഓച്ചാനിച്ച് നിൽക്കേണ്ട വർഗ്ഗമാ... അതും അറുപത്തൊന്നടി ദൂരെ.''
'ബെന്നിച്ചായനെങ്ങനയാ അവളെ പരിചയം' സാം ചോദിച്ചു.
'എന്റെ അയൽക്കാരനും വില്ലേജ് ഓഫീസറുമായ സുകുമാരനെയും അയാൾടെ മോളേം ഞാൻ അറിയാതിരിക്കുമോ. കഴിവൊന്നും ഉണ്ടായിട്ടല്ല. ഇവർക്കൊക്കെ സംവരണമുണ്ടല്ലോ. ആ ക്വോട്ടേൽ കേറിപ്പറ്റിയവനാ, പരമചെറ്റ. ഇവനൊക്കെ ഇനി വില്ലേജാഫീസർ എന്നല്ല കളക്ടർ ആയാലും നമ്മുടെയൊക്കെ ഏഴയലത്തു നിൽക്കാൻ കൊള്ളുമോ?' ബെന്നി പിന്നെയും തിളച്ചുമറിഞ്ഞു.
ഭയത്തിന്റെയും ആധിപത്യ വാസനകളുടെയും പേടിസ്വപ്നങ്ങളുടെയും ഇടമാണ് നോവലിൽ ജാതി. തുടർന്നുവരുന്ന ഭാഗങ്ങളിൽ ഇത് ഈ വിധത്തിൽ പ്രകടനപരതയിൽ ആവിഷ്‌ക്കരിക്കപ്പെടുന്നില്ല. ജാതിയവസ്ഥയും അതിന്റെ പ്രതിരോധവും പരോക്ഷമായ ഒരു സ്വഭാവത്തിലാണ് അവിടെ നിൽക്കുന്നത്. തൃഷ്ണയുടെയും ഹിംസയുടെയും ഒരു വലിയ ലോകം അവിടെ കാണാം. അതു ഷാജിതന്നെ പറയുന്ന കഥകളിലൂടെയാണ് കൂടുതൽ പ്രകാശിപ്പിക്കപ്പെടുന്നത്. ഷാജിയിലൂടെയും ഷാജി പറഞ്ഞ കഥയിലൂടെയും നോവലിസ്റ്റ് സ്വത്വത്തിന്റെ സന്ദേഹങ്ങളുടെയും സാധ്യതകളുടെയും ഒരു എതിർലോകം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഒരു അവഗണിത സ്വത്വമായി മാത്രമല്ല ഷാജി കഥയിൽ. ഷാജിക്കു പിന്നിൽ ഒരു പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ അദൃശ്യമായി നോവലിസ്റ്റു നിർത്തുന്നു. അവരുടെ സ്വത്വസംഘർഷങ്ങളെ, അപമാനങ്ങളെ, ഇരുട്ടുനിറഞ്ഞ ഇടങ്ങളെ, തകർച്ചകളെ, പ്രതിരോധങ്ങളെ, അതിജീവനത്തെ, നിഷേധത്തെ എല്ലാം ഭാവനയുടെ മറ്റൊരു വിപുലമായ എതിർനിലം രൂപപ്പെടുത്തിക്കൊണ്ടാണ് നോവലിസ്റ്റ് ദൃശ്യതപ്പെടുത്തുന്നത്.
ഷാജിയുടെ കഥയും ഷാജി പറഞ്ഞ കഥയും രണ്ടായിട്ടെടുക്കുമ്പോൾ യാഥാർഥ്യവും ഭാവനയും എന്ന വിഭജനം ഒരു വായനക്കാരന് വേണമെങ്കിൽ ഉപയോഗപ്പെടുത്താവുന്നതാണ്. ഷാജിയുടെ കഥ വർത്തമാനജീവിതത്തിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ്. ഇവിടെ ഊന്നിപറയാൻ ശ്രമിച്ചതുപോലെ ആഗ്രഹങ്ങളുടെയും ഭയത്തിന്റെയും ദുരിതക്കാഴ്ചകളുടെയും പതനങ്ങളുടെയും വീഴ്ചകളുടെയും ചതിക്കുഴികളുടെയും ഇരുണ്ട ലോകമാണത്. നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ അവഗണിതമായ എല്ലാ സ്വത്വങ്ങളുടെയും ഒരു ക്രോസ് സെക്ഷൻ (Cross section) ആണത്. വളരെ റിയലിസ്റ്റിക്കായ ഒരു പുനരാഖ്യാനമാണ് ഷാജിയുടെ കഥ നോവലിൽ. എന്നാൽ ഷാജി പറയുന്ന കഥയിലെ ഭാവനാലോകമാവട്ടെ ഈ യാഥാർഥ്യത്തെ തിരസ്‌കരിച്ചുകൊണ്ടു രൂപപ്പെടുത്തപ്പെട്ടതല്ല. യാഥാർഥ്യത്തിനുമേൽ സർഗാത്മകമെന്ന് കരുതലോടെ പറയേണ്ട ഒരു അഴിച്ചുപണി നടത്തിക്കൊണ്ടാണ് ഒരു ഭ്രമാത്മകലോകം അഥവാ ഫാന്റസി ആ കഥാപാത്രം സൃഷ്ടിക്കുന്നത്. യാഥാർഥ്യത്തെ കണ്ടെത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമുള്ള അനവധി രീതികളിലൊന്നായി ഇതിനെ എടുക്കേണ്ടതുണ്ട്.
ഷാജി പറഞ്ഞ രണ്ടു കഥകളെ (ഒന്ന് പറയുകയും മറ്റൊന്ന് എഴുത്തുമാണല്ലോ) ഗൗരവപൂർവം സമീപിക്കുന്ന ഒരാൾക്ക് ആ ഭാവനകൾ പരസ്പരഭിന്നങ്ങളാണ് എന്നതല്ല. ആദ്യത്തെ കഥയെ അഴിച്ചു മാറ്റുന്നതാണ് രണ്ടാം കഥ എന്ന് വായിക്കാവുന്നതാണ്. ആദ്യത്തെ കഥ കേൾക്കാനുള്ളതും രണ്ടാമത്തെ കഥ എഴുതേണ്ടതുമാണ്. സ്വന്തം ഹൃദയത്തിന്റെ രക്തം കൊണ്ടാണ് ഷാജി അത് എഴുതിത്തീർത്തിട്ടുണ്ടാവുക. കാരണം അതിനുശേഷം അയാൾ ഇവിടംവിട്ട് പറന്നുപോയല്ലോ. ഇവിടെ ഷാജി പറഞ്ഞ ഏതു കഥയാണ് ശരി/തെറ്റ് എന്ന ചർച്ചയ്ക്ക് ഒരു സാംഗത്യവുമില്ല. നമ്മൾ വായിക്കുന്ന ആദ്യത്തെ കഥയല്ല വായിക്കേണ്ടത് രണ്ടാമത്തേതാണ് എന്നതിനാണല്ലോ രണ്ടാം ഭാഗത്തിൽ അതുൾപ്പെടുത്തപ്പെട്ടത്. അങ്ങനെയെങ്കിൽ നമുക്കു മുമ്പിൽ ഉയരുന്ന ഇപ്പോഴത്തെ പ്രധാന ചോദ്യം ഇതാവും: എന്തുകൊണ്ട് ആദ്യത്തെ കഥ? ഇതിനായി രണ്ടു കഥയുടെയും ഒരു എഫ്.ഐ.ആർ. ആവശ്യമാണ്.
2
ഷാജി പറയുന്ന ആദ്യത്തെ കഥ ഇങ്ങനെ സംഗ്രഹിക്കാം. ഡിസംബർ മാസത്തിലെ തണുപ്പുള്ള രാത്രിയിൽ ഹൈറേഞ്ചിലെ ഹെയർപിൻ വളവുകളിലൂടെ 'ഡോ. എ' കാർ ഓടിച്ചുകൊണ്ടു പോവുകയാണ്. അയാൾ കയറ്റത്ത് ഒരു വ്യൂ പോയിന്റിൽ കാർ നിർത്തി ഇറങ്ങുമ്പോൾ ഭാര്യയുടെ (കഥയിൽ ബി) ഫോൺ വരുന്നു. നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന ചോദ്യത്തിന് (ദുരൂഹമായ ഒരു ഭീതി അതിലുണ്ടെന്ന് പിന്നീട് കാണാം) ഡോ. എ സ്ഥലം പറയുന്നു. റോഡരികിൽ ഒരു സായിപ്പിന്റെ കല്ലറയുടെ സമീപത്താണ് എന്നു പറയുമ്പോൾ ഭാര്യ 'വേഗം വണ്ടിയെടുക്കാൻ' പറയുന്നു. വേഗം കാർ ഡ്രൈവ് ചെയ്ത ഡോക്ടർ എ കുട്ടിക്കാനം ജംഗ്ഷനിൽ ഒരു തട്ടുകടയുടെ മുമ്പിൽ കാർ നിർത്തുന്നു. തട്ടുകടയിൽ ഇരിക്കുന്നവരുടെ നോട്ടത്തിലും പെരുമാറ്റത്തിലും ഒരു അസ്വഭാവികത കാണാം. തട്ടുകടയിലേക്ക് ചെല്ലുമ്പോൾ തട്ടുകടയിൽ ഇരിക്കുന്നവർ കാറിലേക്കും ഡോക്ടറെയും സംശയത്തോടെ നോക്കുന്നുണ്ട്. ഡോക്ടർ എ കാപ്പി കുടിച്ച് ഒരു സിഗരറ്റ് വാങ്ങി കത്തിക്കുമ്പോൾ അവിടെ ചായ കുടിക്കാൻ വന്ന ഒരു ലോറിഡ്രൈവർ അസ്വസ്ഥനാകുന്നുണ്ട്. ഡോക്ടർ പണം കൊടുത്ത് കാർ വീണ്ടും സ്റ്റാർട്ടാക്കുമ്പോൾ ലോറി ഡ്രൈവർ ഡോ. എയുടെ കാറിന്റെ നമ്പർ ശ്രദ്ധിക്കുകയും ഒരു മന്ത്രംപോലെ അത് ഉരുവിടുകയും ചെയ്യുന്നുണ്ട്.
നാലാം അധ്യായത്തിൽ കുട്ടിക്കാനത്തുനിന്ന് കെ.കെ. റോഡിലൂടെ ഡോ. എയുടെ കാർ മുണ്ടക്കയത്തിനുള്ള ഇറക്കത്തിലൂടെ പോവുകയാണ്. കാർ ഒരു ഹെയർപിൻ വളവ് ഇറങ്ങി വലത് തിരിയുമ്പോൾ റോഡിൽ വെള്ളസാരിയുടുത്ത് ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നു (കഥയിൽ 'എക്‌സ്' എന്ന പേരാണ് ഈ സ്ത്രീക്ക്). പ്രേതകഥയിലേതുപോലെ ഭീതിജനകമായ ഒരന്തരീക്ഷം അവിടുണ്ടാകുന്നു. ഡോക്ടർ പലവിധ ചിന്തകളാൽ കാറിന്റെ സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കുമ്പോൾ എക്‌സ് അയാളോട് തന്റെ നിസ്സഹായത പറയുന്നു. ഒരു ലിഫ്റ്റ് ചോദിക്കുന്നു. അയാളതിനു സമ്മതിക്കുന്നു. ഇവിടെ ഒരു ഫ്ലാഷ്ബാക്ക് ഉണ്ട്. 15 വർഷം മുമ്പുള്ള ഒരു പ്രണയവും അതിന്റെ അലസിപ്പോയ പരിസമാപ്തിയുടെ അനുഭവകഥയാണത്. ഡോ. 'എ'യും 'എക്‌സും' മെഡിസിനു പഠിക്കുന്ന കാലത്ത് കാമുകീകാമുകന്മാരായിരുന്നു. അവർ രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചു. എന്നാൽ 'എ'യുടെ പിതാവ് കുറെ ഗുണ്ടകളുമായി വന്ന് വിവാഹം തടസ്സപ്പെടുത്തി എയെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് 'എ' മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു സ്ഥലത്തായി. ഈ ഫ്ലാഷ്ബാക്ക് ഡോ. എ ഓർത്തെടുത്തത് മറ്റൊന്നും കൊണ്ടായിരുന്നില്ല. കാറിലിരുന്ന ആ സ്ത്രീ പഴയ കാമുകിയായ 'എക്‌സ്' ആയിരുന്നു. അവളോട് ഒട്ടേറെ കാര്യങ്ങൾ സംസാരിക്കാൻ 'എ' ശ്രമിച്ചു. എന്നാൽ അവൾ അതിൽ തൽപരയായില്ല. ഒരു വളവിൽവച്ച് കാർ നിർത്താൻ 'എക്‌സ്' ആവശ്യപ്പെടുകയും അവൾ ഇറങ്ങി പോകുകയും ചെയ്യുന്നു.
വീട്ടിലെത്തി അടുത്ത ദിവസം ഡോക്ടർ ഭാര്യയോട് (കഥയിൽ ബി എന്ന പേര്) തന്റെ പഴയ ഗേൾഫ്രണ്ടിനെ കണ്ട കാര്യം പറയുമ്പോൾ അവർ ഭർത്താവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് തലേദിവസത്തെ പത്രത്തിലെ കാമുകിയുടെ ഒന്നാം ചരമവാർഷിക പരസ്യം കാണിച്ചുകൊടുക്കുന്നു. എന്നാൽ ഡോക്ടർ ആ പത്രത്തെ അവിശ്വസിക്കുകയാണ്. അയാൾ പത്രം ഓഫീസിൽ ചെന്ന് പരസ്യത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുമടങ്ങുന്നു. അടുത്ത ദിവസം ഡോ. എ വീണ്ടും തന്റെ കാറിൽ ഹൈറേഞ്ചിന്റെ വളവുകളിലൂടെ യാത്ര ചെയ്ത് 'എക്‌സ്' ഇറങ്ങിയെന്നു കണക്കാക്കുന്ന സ്ഥലത്ത് കാർ നിർത്തുന്നു. അഗാധവും ഭീകരവുമായ ഗർത്തത്തിനടുത്താണതെന്ന് കുറച്ചുകൂടി വ്യക്തമായി അയാൾ കണ്ടു. അവൾ യഥാർഥത്തിൽ മരിച്ചതുതന്നെയോ എന്നയാൾ ചിന്തിച്ചു. പെട്ടെന്ന് ഒരു ആൾക്കൂട്ടം അവിടെ കണ്ട ഡോക്ടർ ഇറങ്ങി അന്വേഷിച്ചപ്പോൾ തലേന്ന് രാത്രിയിലെ ഒരപകടമാണെന്നറിഞ്ഞു. പിന്നെ ഡോക്ടർ തിരിഞ്ഞു നടന്നു. ഈ കഥ ഞാൻ എന്ന (ആഖ്യാതാവ് / എഴുത്തുകാരൻ) കഥാപാത്രത്തോട് പറയുന്നതാകയാൽ ആ Retold Story മറ്റൊരാഖ്യാനമാണ്. നമ്മൾ കേൾക്കുന്ന കഥയാണിത്.
1980-കളിൽ കേരളത്തിൽ വ്യാപകമായി പ്രചരിക്കപ്പെടുകയും വിറ്റഴിക്കപ്പെടുകയും ചെയ്ത പോപ്പുലർ പ്രസിദ്ധീകരണങ്ങളിലെ നോവലിന്റെയോ നീണ്ടകഥയുടെയോ എഴുത്തുരീതിയുടെ ഒരു ഹാസ്യാനുകരണം ഈ ആദ്യ കഥയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. അസാധാരണമായി ഒന്നുമില്ലാത്ത വിധത്തിലാണ് ആ കഥപറച്ചിൽ. വേണമെങ്കിൽ ഒരു പ്രണയവും അതിന്റെ പരിസമാപ്തിയും എന്ന് ചുരുക്കാം. എന്നാൽ ഒരു സുപ്രധാന കാര്യമുള്ളത് കഥാപാത്രങ്ങളുടെ പേര് ഒഴിവാക്കുന്നു എന്നതാണ്. ഇത് 80-കളിലെ പോപ്പുലർ നോവലുകളുടെ പാറ്റേണിന് വിരുദ്ധമാണ്. അവിടെ പേര് എന്നത് ഒരു സവർണ അലങ്കാരവും തിരിച്ചറിവുമാണ്. ഇവിടെ അത് മാറ്റുമ്പോൾ ഒരു മതേതര നാട്യം കൊണ്ടുവരാൻ കഴിയുന്നു എന്ന സൗകര്യം ഉണ്ടാവുന്നു. ജാതിയും മതവും ചോദിക്കുകയും പറയുകയും ചെയ്യാത്ത ഒരു ജാതിവിരുദ്ധ മതേതര ഗെയിം. ഇത് വാസ്തവത്തിൽ എന്തു വിമർശനമാണ് അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. നിശ്ചയമായും മലയാളിയുടെ എഴുത്തിന്റെയും വായനയുടെയും നുണകളെ, ഹിപ്പോക്രസിയെയാണ് ഇത് പ്രശ്‌നവൽക്കരിക്കുന്നത്. പ്രകൃതി, ആകാംക്ഷ, ഭയം, പ്രണയം എന്നിങ്ങനെയുള്ള വർണനയുടെ മേലുള്ള അവകാശത്തെയുമാണ് നിഷേധ സ്വഭാവത്തിൽ ഇവിടെ ഹാസ്യവൽക്കരിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനും ബുദ്ധിമുട്ടില്ല.
ഷാജിയുടെ രണ്ടാമത്തെ കഥയാവട്ടെ (അത് ഷാജി ആത്മഹത്യയ്ക്കുമുമ്പ് ആഖ്യാതാവിന് നൽകാൻ തയാറാക്കിയ കഥയാണ് എന്ന് വീണ്ടും ഓർക്കാം) ആദ്യകഥയെ പലവിധത്തിൽ അഴിച്ചു മാറ്റുന്നതാണെന്ന് (deconstruction) പ്രാഥമിക വായനയിൽ കാണാം. മറിച്ച് രണ്ടാമത്തെ കഥയ്ക്കു വേണ്ടിയുള്ള ട്രയൽ എഴുത്തായി (പരീക്ഷണരചന) വായിക്കുവാനുള്ള സാംസ്‌കാരിക സന്ദർഭവും പ്രധാനമാണ്. ഭാഗം 2-ൽ കൊടുക്കുന്ന ആ കഥ ഇങ്ങനെ സംഗ്രഹിക്കാം. ആദ്യകഥയിലെ നായകനായ ഡോ. എ. ഇവിടെ വില്ലനാണ്. ആന്റണി ജോസ് എന്നാണയാളുടെ പേര്. അയാളുടെ കാമുകി എക്‌സ് എന്ന കഥാപാത്രത്തിന്റെ പേര് ബിന്ദു എന്നും. ഇതിന്റെ ആദ്യഭാഗം ആദ്യകഥ പോലെ തന്നെയാണെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ ബിന്ദു ഗർഭിണിയാണ്. ഗർഭം അലസിപ്പിക്കാൻ ആന്റണി നിർബന്ധിച്ചെങ്കിലും ബിന്ദു അതിനു വഴങ്ങുന്നില്ല. തുടർന്ന് കഥയിൽനിന്ന് ആന്റണി ജോസ് ഒരു സുറിയാനി ക്രിസ്ത്യാനി ആണെന്നും ബിന്ദു ഒരു അയിത്ത ജാതിക്കാരിയാണെന്നും നമ്മൾ അറിയുന്നു.
ഈ 'ജാതിപ്രശ്‌നം' താമസിച്ചു മാത്രം അറിയുന്ന ആന്റണി വിവാഹത്തിൽ നിന്നും മാറുകയും രജിസ്റ്റർ ഓഫീസിൽ എത്തുന്ന ബിന്ദുവിനെ അയാളുടെ സുഹൃത്തുക്കൾ തന്ത്രപൂർവ്വം അവിടെനിന്ന് കൂട്ടിക്കൊണ്ടുപോയി ബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്യുന്നു. ജീവൻ മാത്രം അവശേഷിച്ച ബിന്ദു എങ്ങനെയോ അവളുടെ വീട്ടിലെത്തി. പിന്നീട് അവൾ സാവകാശം ജീവിതത്തിലേക്ക് മടങ്ങിയെത്തി. പഠനം തുടർന്ന് ഡോക്ടറായി. വർഷങ്ങളോളം ഒരു പ്രതികാരത്തിനായി അവൾ ആന്റണിയെ തേടിനടന്നു. തുടർന്നുള്ള ഭാഗങ്ങൾ ആദ്യകഥയിൽ കാണുന്നതുപോലെ കുട്ടിക്കാനത്തുനിന്ന് ഡോക്ടർ യാത്ര തുടരുമ്പോൾ വെള്ളസാരിയുടുത്ത് ഒരു സ്ത്രീ ലിഫ്റ്റ് ചോദിച്ചുവരികയും അയാൾ അവളെ കാറിൽ കയറ്റുകയും ചെയ്യുന്നു. എന്നാൽ പിന്നീട് സംഭവിക്കുന്നത് ആദ്യകഥയുടെ ഏറ്റവും അവസാന ഭാഗത്ത് കാണപ്പെട്ടതുപോലെയല്ലെന്നു മാത്രം. കാറിൽനിന്ന് ഇറങ്ങി അപ്രത്യക്ഷമാകുന്നതിനു പകരം അവൾ തന്റെ ബാഗിൽനിന്നും ഒരു സർജിക്കൽ കട്ടർ എടുത്ത് വളരെ സാവകാശം ഇറങ്ങുന്ന ഈ സമയത്തുതന്നെ ഡോക്ടറുടെ കഴുത്തിൽ മുറിവുണ്ടാക്കുന്നു. തുടർന്ന് കൊക്കയോട് ചേർത്തുനിർത്തിയിരുന്ന കാറിൽ അവൾ തൊടുമ്പോൾ അത് കൊക്കയിലേക്ക് മറിഞ്ഞ് അപ്രത്യക്ഷമാവുന്നു.
കഥാസംഗ്രഹമാണ് നോവൽ എന്ന അർഥത്തിലല്ല ഷാജി പറഞ്ഞതും എഴുതിയതുമായ കഥയുടെ ചുരുക്കെഴുത്ത് ഇവിടെ രേഖപ്പെടുത്തുന്നത്. പകരം രണ്ട് ആഖ്യാനങ്ങളെയും അടുത്തുനിന്ന് ബോധ്യപ്പെടുന്നതിനാണ്. (തുടർന്നുള്ള രണ്ട് ആഖ്യാനങ്ങളുടെയും അപഗ്രഥന സൗകര്യത്തിനുവേണ്ടി ഒന്നാം കഥയ്ക്ക് A എന്നും രണ്ടാം കഥയ്ക്ക് B എന്നുമാണ് കുറിക്കുന്നത്). ഏതൊക്കെ മേഖലകളിലാണ് അഴിച്ചുപണികളും കൂട്ടിച്ചേർക്കലുകളും നടത്തിക്കൊണ്ട് ഷാജി പറഞ്ഞ കഥകൾ മറ്റൊരു തലത്തിലേക്ക് മാറുന്നത് എന്ന് താഴെ രേഖപ്പെടുത്തുന്ന വിധത്തിൽ പരിശോധിക്കാം.
ഒന്ന്: A-യിലെ ആകാംക്ഷയെ നിർമ്മിക്കുന്ന ഭാഗങ്ങൾ B-യിൽ ഒഴിവാക്കുന്നു.
രണ്ട്: B-യിൽ ചില സംഭാവനകൾ പുതുതായി ഉൾപ്പെടുത്തുന്നു. ബിന്ദുവിനു നേരിടേണ്ടിവന്ന പീഡനം, ആന്റണിയെ കൊല ചെയ്യുന്നത് etc.
മൂന്ന്: കഥാപാത്രങ്ങൾക്ക് പേരും ജാതിസ്ഥാനങ്ങളും B-യിൽ നിർണയിക്കപ്പെടുന്നു.
നാല്: A-യിൽ ഇരയുടെ സ്ഥാനത്തുനിന്ന് ബിന്ദു എന്ന കഥാപാത്രം കർതൃസ്ഥാനത്തേക്കു വരുന്നു.
അഞ്ച്: ഒരു തവണ നടന്നത് രണ്ടു തരത്തിൽ അഥവാ മാറ്റി പറയുന്നു.
ആറ്: സംഭവങ്ങളുടെ ഊന്നൽ A-യിൽ നിന്ന് B-യിൽ വരുമ്പോൾ വ്യത്യാസപ്പെടുന്നു.
ഈ കഥകൾ ഒരു റിവേഴ്‌സ് ഗിയറിൽ വായിക്കുമ്പോൾ, രണ്ടാം കഥയാണ് മൂലപാഠം എന്നെടുത്താൽ എന്തൊക്കെ കൂട്ടിച്ചേർക്കലാണ് ആദ്യകഥയിൽ കൊണ്ടുവരുന്നത് എന്ന് ആലോചിക്കാവുന്നതാണ്. എന്തുകൊണ്ട് പോപ്പുലർ വാരികയിലെ നീണ്ടകഥയുടെ മാതൃകയിൽ അലങ്കാരങ്ങളുടെയും വർണനകളുടെയും ഒരു ആവരണം ഒന്നാം കഥയിൽ സൃഷ്ടിച്ചിരിക്കുന്നു! ഇതിൽ ഒരു സാഹിത്യവിമർശനം ഉണ്ട്. നമ്മുടെ സാഹിത്യചരിത്രം തന്നെ ഇരയാക്കിയ മനുഷ്യരാണ് ഈ കഥയ്ക്കടിയിൽ നിൽക്കുന്നത്. 'എക്‌സി'നെ പോലെ തന്നെ തോറ്റുപോകുന്ന മനുഷ്യരാണവർ. അവരുടെ ശരികൾ കാണപ്പെടാതെപോകുന്നു. രണ്ടാം കഥയുടെ അതിജീവന മാതൃക നോക്കുക. നമ്മുടെ സാഹിത്യ ചരിത്രത്തിലെ നായകസ്ഥാനത്തെ റദ്ദുചെയ്യൽ കൂടിയാണത്.
ഈ നോവൽ വൈരുധ്യങ്ങളുടെ കാഴ്ചകളിലല്ല ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത്. ഒരുവേള ആരംഭം/ അവസാനം എന്ന മാതൃകയെ തന്നെ അവിശ്വസിക്കുന്നതാണ് ഇതിന്റെ ക്രാഫ്റ്റ്. ഈ കൃതി സവിശേഷമായ ഒരു വ്യവഹാര മണ്ഡലത്തെയാണ് ഫോക്കസ് ചെയ്യുന്നത്. സ്വത്വത്തിന്റെയും പ്രതിനിധാനത്തിന്റെയും ആ വ്യവഹാരലോകത്തെ ആവിഷ്‌കരിക്കുന്നതിനായാണ് കേൾക്കപ്പെട്ട കഥ/എഴുതപ്പെട്ട കഥ എന്ന വിപരീതം നോവലിൽ സൃഷ്ടിക്കുന്നത്. ഒരേ സമയം എഴുത്തിനെയും ജീവിതത്തെയുമാണ് അത് അഭിസംബോധന ചെയ്യുന്നത്.
ഈ കഥകൾക്കു ശേഷമാണല്ലോ ഷാജിയുടെ സ്വയം അപായപ്പെടുത്തൽ. അയാളുടെ മരണത്തിനുശേഷമാണ് രണ്ടാം കഥ വെളിപ്പെടുത്തപ്പെടുന്നത് എന്നതിൽനിന്ന് വായനയ്ക്ക് അതുമായി ഒരു ബന്ധം ഉണ്ട്. അയാളുടെ ചോരയിൽ ചവിട്ടിയാണ് അവസാന കഥയുടെ വായന. ആ മരണവും കഥയ്ക്കകത്തെ നിർണായകമായ ഒരു ഇടപെടലാണ്. എന്തുകൊണ്ടാണ് നമ്മൾ നിരന്തരം തോറ്റുപോകുന്നത് എന്ന ചോദ്യത്തെയാണോ ഷാജിയുടെ ആത്മഹത്യ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നത്? ഈ നോവൽ ഉയർത്തുന്ന ചോദ്യങ്ങളും സന്ദേഹങ്ങളും പ്രശ്‌നവൽക്കരണങ്ങളും മാറിവരുന്ന ഒരു വായനയ്ക്കുള്ളിൽ പങ്കുവെയ്ക്കുക എന്നതാണ് ഇവിടെ ഉദ്ദേശിച്ചത്. പ്രധാനമായും ഈ കൃതി ഒരു സമൂഹത്തെ ടാർജറ്റ് ചെയ്യുന്നുണ്ട് എന്ന് ആവർത്തിച്ചും ഊന്നലിലും പറയാനാണ് ശ്രമിച്ചത്. സവിശേഷമായ ഒരു ക്രാഫ്റ്റ് നിർമ്മിച്ചുകൊണ്ടാണ് നോവൽ ഈ ലക്ഷ്യസമൂഹത്തെ കാഴ്ചപ്പെടുത്തുന്നത്. അതിൽ പ്രധാനമാണ് ഇതിലെ സ്ഥലം. സംഭവങ്ങൾ നടക്കുന്ന ഇടമായിട്ടല്ല ഇവിടെ സ്ഥലങ്ങൾ. അവ കഥയുടെ ഒരു ഘടന രൂപപ്പെടുത്തുന്നുണ്ട്.
ഉദാഹരണമായി ഷാജി പറയുന്ന രണ്ടു കഥകളും നോക്കുക. ആദ്യകഥയിൽ തന്നെ ഹൈറേഞ്ചും അതിന്റെ ഹെയർപിൻ വളവുകളും കാണാം. തുടർന്ന് കട്ടപ്പന-കുട്ടിക്കാനം റോഡും അതിന്റെ ഭൂപ്രകൃതിയും. ഇത് കഥയുടെ കേവല പശ്ചാത്തലങ്ങളല്ല. അത് ഒരു സ്ഥലസങ്കൽപമാണ്. അതുപോലെ എഴുത്തുകാരനും ഷാജിയും നാട്ടുമ്പുറത്തെ കുളക്കടവിലെ കരിങ്കൽ കെട്ടിലിരുന്ന് കഥ പറയുന്നത്. ഈ സ്ഥലങ്ങൾ കഥ രൂപപ്പെടുത്തുന്നതായി നമുക്കനുഭവപ്പെടും. ഹൈറേഞ്ചിലെ മഞ്ഞും കയറ്റിറക്കങ്ങളും ശീതക്കാറ്റുകളുമാണ് ഷാജി പറയുന്ന കഥയെ ആ വിധത്തിൽ 'മോൾഡ്' ചെയ്യുന്നത്. എന്നാൽ നമ്മുടെ പോപ്പുലർ മുഖ്യധാര എഴുത്തുകളിലെ ഗൃഹാതുരത്വം നിറഞ്ഞതും ഡെക്കറേറ്റ് ചെയ്യപ്പെട്ടതുമായ പ്രകൃതിയല്ല ഇവിടെ പ്രദേശങ്ങൾ. സ്ഥലങ്ങൾ പ്രധാനമാവുന്നതോടൊപ്പം അവയെ അപ്രധാനീകരിക്കുകയും ചെയ്യുന്നുണ്ട്. ഷാജി പറഞ്ഞ ആദ്യകഥയിൽ പ്രദേശ അന്തരീക്ഷം ഒരു തോന്നലിന്റെ ഭാഗമായി വെയ്ക്കുന്നതാണ്. റോഡിന്റെ വളവും കയറ്റവും മഞ്ഞും ഒരു ഭീതിയുടെയും പ്രേതസാന്നിധ്യത്തിന്റെയും സ്വഭാവം കൃത്രിമമായി സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് എഴുതപ്പെടുന്നത്. ഹൈറേഞ്ചും കുട്ടിക്കാനവും കെ. കെ. റോഡും എല്ലാം യഥാർഥ സ്ഥലങ്ങളാണെന്നുകൂടി നോവലിൽ ബോധ്യപ്പെടുത്തുന്നുണ്ട്. സ്ഥലങ്ങൾ ഭാഷയിലെ ഒരു നിർമ്മിതിയാണെന്നും അവ സ്ഥലങ്ങളല്ല സ്ഥല വർണനകൾ മാത്രമാണെന്നും ഓർമ്മിപ്പിക്കുന്നുണ്ട് ചില ഘട്ടങ്ങളിൽ. (ചിലയിടത്ത് സ്ഥലങ്ങൾ കൃത്യതപ്പെടുത്തുന്നില്ല) ഏതു സ്ഥലവുമാവാം, സബ്ബ് രജിസ്റ്റർ ഓഫീസ് എവിടെയുമാകാം എന്നിങ്ങനെ പറഞ്ഞുപോകുന്നുണ്ട് കഥയിൽ.
ഈ നോവലിന്റെ അടിസ്ഥാന പ്രമേയത്തെയും (അഥവാ പ്രമേയ രാഹിത്യത്തെ) ക്രാഫ്റ്റിനെയും നിർണയിക്കുന്നതിൽ പ്രധാനം തന്നെയാണ് ഇതിലെ സ്ഥലബോധം. അദൃശ്യതയുടെ (Absent) ഒരു ദൃശ്യപ്പെടുത്തൽ (Present) ഈ സ്ഥല അനുഭവം വഴി നോവൽ സാധ്യമാക്കുന്നു. നമുക്ക് അറിയാവുന്ന സ്ഥലങ്ങൾ ആഖ്യാനത്തിൽ ചില സന്ദർഭങ്ങളിൽ അപരിചിതമാവുന്നുണ്ട്. ഹൈറേഞ്ചും കുട്ടിക്കാനവും ചില ഭാഗങ്ങളിൽ അങ്ങനെയാണ്. തൃഷ്ണയുടെയും ഹിംസയുടെയും മഞ്ഞിന്റെയും കാറ്റിന്റെയും ഒരു ആവരണമാണവയ്ക്ക്. കുട്ടിക്കാനം ജംഗ്ഷൻ എന്ന അധ്യായത്തിൽ 'കനത്ത ടാർകൊണ്ടുനിറഞ്ഞ കവല' എന്ന് കാണാം. മുണ്ടക്കയത്തേക്കുള്ള റോഡിൽ മഞ്ഞിനും നിലാവിനും ഇടയിലാണ് ഡോ. എ. വെള്ളസാരിയുടുത്ത സ്ത്രീരൂപത്തെ കാണുന്നത്. പലപ്പോഴും ചിത്രകലയുടെയോ സിനിമയുടെയോ സങ്കേതം നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. വേറൊരു നിലയിൽ ദൃശ്യവൽക്കരിക്കപ്പെട്ട ഒരെഴുത്താണിത്. സമീപ-വിദൂര ദൃശ്യങ്ങളിൽ നിന്ന് സംഭവങ്ങളെ 'സൂം' ചെയ്യുന്ന ഒരു പ്രതീതി നമുക്ക് വായനയിൽ കാണാം. ചിലപ്പോൾ മഞ്ഞിലും കാറ്റിലും ഇരുട്ടിലും സ്ഥലങ്ങൾ മാഞ്ഞും തെളിഞ്ഞും വരുന്നു. അപ്രകാരം അദൃശ്യതയുടെ എഴുത്തായും ഈ കൃതി മാറുന്നു.
ഇത് 'ഷാജി പറഞ്ഞ കഥ' എന്ന നോവലിന്റെ പഠനമല്ല. ഒരു ആദ്യ വായനാ പ്രതികരണം മാത്രമാണ്. ആത്മനിഷ്ഠമായ ഒരു കുറിപ്പെന്നും പറയാം. ശ്രീ. ഒ.സി. രാജുവുമായി നീണ്ടകാലത്തെ ഒരു വ്യക്തി സൗഹൃദം എനിക്കുണ്ട്. ഒരേ നാട്ടിൽ ഞങ്ങൾ അനവധികാലം ജീവിച്ചു. സൗഹൃദത്തിന്റെ ഒരു വൈകാരിക സ്വാധീനം ഒരു പക്ഷേ ഈ നോവൽ വായനയിൽ ഉണ്ട്. പത്രപ്രവർത്തനം, സിനിമ, എഴുത്ത്, ചിത്രകല തുടങ്ങിയ അനവധി മണ്ഡലങ്ങളിൽ സുദീർഘമായ ചരിത്രമുള്ള ഒരു ആത്മകഥയാണ് ശ്രീ. ഒ.സി. രാജുവിന്റേത്. കാർട്ടൂണിസ്റ്റ്, തിരക്കഥാകൃത്ത്, കോളമിസ്റ്റ്, എഡിറ്റർ, പ്രസാധകൻ എന്നിങ്ങനെ വൈവിധ്യമുള്ള അദ്ദേഹത്തിന്റെ മേഖല ഈ കൃതി ചിന്തയിൽ പ്രധാനമായി എനിക്കു തോന്നുന്നു. കാരണം ഈ നോവലിലേക്കു അദ്ദേഹം വന്ന വഴികളാണവ.
ആവർത്തിച്ചു പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ: ഈ നോവലിന്റെ സ്ഥലകാലങ്ങളും ഭാവനകളും ആഖ്യാന വഴികളും എല്ലാം പല സന്ദർഭങ്ങളിലായി സൂചിപ്പിച്ചതുപോലെ മുഖ്യധാര എഴുത്തുകൾ ഒഴിവാക്കി നിർത്തിയതാണ്. ഇരുട്ടിൽ നിന്ന ജീവിതങ്ങളാണവ. നിഴലായി നിന്ന മനുഷ്യർ. ഒരുവേള നമ്മുടെതന്നെ ആത്മരൂപങ്ങളാണവർ - നമ്മൾ തന്നെയാണ്. ഈ നോവൽ വായിക്കുമ്പോൾ നമ്മൾ എവിടെയെങ്കിലുമല്ല, ഒരു കെഎസ്ആർടിസി ബസ്സിനുള്ളിലെ പ്രാചീനതയിലാണ് എന്ന് തോന്നും. അത് അദൃശ്യതയുടെ ഒരു ഹെയർപിൻ വളവ് കയറിപ്പോകുന്നു. ബസ് വളവുതിരിഞ്ഞ് നമ്മളെയും കൊണ്ട് മറ്റൊരു കയറ്റം കയറി മഞ്ഞിൽ അപ്രത്യക്ഷമാകുന്നു.
ഷാജി പറഞ്ഞ കഥ
ഒ. സി. രാജു
അൺസീൻ ലെറ്റേഴ്സ് സ്ലേറ്റ് പബ്ലിക്കേഷൻസ്
വില: 170 രൂപ