നിലാവ് പൊഴിക്കുന്ന ഓർമപ്പുസ്തകം; 'എന്നെ പുണരും നിലാവേ'
ഓർമക്കുറിപ്പുകളുടെ നിരയിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന രചനയാണ് 'എന്നെ പുണരും നിലാവേ'. വികാരനിർഭരമായ ഭാഷയിൽ ഏറെ സത്യസന്ധതയോടെ എഴുതിയ എൺപതോളം കുറിപ്പുകളിൽ പകുതിയും ആലപ്പുഴയെക്കുറിച്ചാണ്.
ഓർമക്കുറിപ്പുകളുടെ നിരയിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന രചനയാണ് 'എന്നെ പുണരും നിലാവേ'. വികാരനിർഭരമായ ഭാഷയിൽ ഏറെ സത്യസന്ധതയോടെ എഴുതിയ എൺപതോളം കുറിപ്പുകളിൽ പകുതിയും ആലപ്പുഴയെക്കുറിച്ചാണ്.
ഓർമക്കുറിപ്പുകളുടെ നിരയിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന രചനയാണ് 'എന്നെ പുണരും നിലാവേ'. വികാരനിർഭരമായ ഭാഷയിൽ ഏറെ സത്യസന്ധതയോടെ എഴുതിയ എൺപതോളം കുറിപ്പുകളിൽ പകുതിയും ആലപ്പുഴയെക്കുറിച്ചാണ്.
'കിരീട'ത്തിലെ സേതുമാധവൻ ആലപ്പുഴക്കാരൻ ചാവറ ഹരിയായിരുന്നോ? സേതുവിനെപോലെ ഹരിക്കും എസ്.ഐ സെലക്ഷൻ ലഭിച്ചിരുന്നു. അപ്പോഴേക്കും വിധിയിൽ തട്ടിവീണ ഹരി ഒരു കൊലപാതകക്കേസിൽ പ്രതിയായി. പിന്നീട് ആ ജീവിതം ഒരു ദുരന്തകഥയായി. അധികമാർക്കും അറിയാത്ത ഈ കഥാസാമ്യം വിവരിക്കുന്നു, എഴുത്തുകാരനും കോളജ് അധ്യാപകനുമായ മധു വാസുദേവൻ എഴുതിയ 'എന്നെ പുണരും നിലാവേ' എന്ന ഓർമപ്പുസ്തകത്തിൽ. ലോഹിതദാസ് എഴുതിയ സേതുമാധവന്റെ കഥയും ഇതിൽ വിവരിക്കുന്ന ചാവറ ഹരിയുടെ ജീവിതവും അസാധാരണമാംവിധം പൊരുത്തമുള്ളതാണ്. 'കിരീട'ത്തിലും 'ചെങ്കോലി'ലുമായി വ്യാപിച്ചു കിടക്കുന്ന സേതുവിന്റെ കഥയെ ഹരിയുടെ ജീവിതത്തിൽ മധു വാസുദേവൻ കണ്ടെത്തുന്നു.
ഓർമക്കുറിപ്പുകളുടെ നിരയിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന രചനയാണ് 'എന്നെ പുണരും നിലാവേ'. വികാരനിർഭരമായ ഭാഷയിൽ ഏറെ സത്യസന്ധതയോടെ എഴുതിയ എൺപതോളം കുറിപ്പുകളിൽ പകുതിയും ആലപ്പുഴയെക്കുറിച്ചാണ്. ഓർമപ്പുസ്തകത്തെപ്പറ്റി മഹാരാജാസ് കോളജിലെ പ്രൊഫസറായ മധു വാസുദേവൻ പറയുന്നു. “ഞാൻ ഇരുപതു വയസുവരെ മാത്രമാണ് ആലപ്പുഴയിൽ സ്ഥിരമായി താമസിച്ചത്. ഉപരിപഠനത്തിനായി കൊച്ചിയിലേക്കു പോയെങ്കിലും അധ്യാപകജോലി ലഭിച്ചപ്പോൾ നാട്ടിൽ തിരിച്ചെത്തി. അങ്ങനെ ബാല്യ- കൗമാര അനുഭവങ്ങളോടൊപ്പം അധ്യാപകന്റെ അനുഭവങ്ങളും ചേർത്തുവച്ചതാണ് ഈ പുസ്തകം. ഞാൻ താമസിച്ചിരുന്ന തോണ്ടൻകുളങ്ങര, ചാത്തനാട് ഭാഗങ്ങളിൽ ജീവിച്ചിരുന്ന സാധാരണ മനുഷ്യരെക്കുറിച്ചുള്ള നന്മ വഴിയുന്ന ധാരാളം ഓർമകൾ ഇതിൽ പങ്കുവച്ചിട്ടുണ്ട്."
ഏഴു പുസ്തകങ്ങളോടൊപ്പം 'എന്നെ പുണരും നിലാവേ' പ്രകാശനം ചെയ്തത് മോഹൻലാലാണ്. മുഖവുര എഴുതിയത് മഞ്ജു വാര്യർ. കുടിപ്പള്ളിക്കൂടം ആശാട്ടി വഴികാട്ടിയായതും മരംവെട്ടുകാരനായ കൊച്ചുകുഞ്ഞ് നേരിട്ട കൊടിയ ജാതിവിവേചനവും തെങ്ങുകയറ്റക്കാരനായ ശങ്കുവിന്റെ അപമൃത്യുവും ചുടുകാട് കാവൽക്കാരനിൽനിന്നു ലഭിച്ച വാത്സല്യവും ഒരു കുട്ടിയുടെ കണ്ണിലൂടെ മധു വാസുദേവൻ വർണിക്കുന്നു. സംസാരശേഷിയില്ലാത്ത കുട്ടനും ചിത്തഭ്രമക്കാരിയായ ഷാമഷം അമ്മായിയും ദയനീയതയുടെ പ്രതിരൂപങ്ങളായി ഇതിൽ കടന്നുവരുന്നു. എസ്.ഡി. കോളജിൽ ആർട്സ്ക്ലബ് സെക്രട്ടറിയായിരുന്ന നാടക കലാകാരൻ വസന്തകുമാറിന്റെ ദാരുണമായ വേർപാടിനെപറ്റിയുള്ള വിവരണം കണ്ണുകളെ ഈറനാക്കും. സ്കൂൾ അധ്യാപകനായിരിക്കെ, കുട്ടികളുമായി കടപ്പുറത്തു പോയ രസകരമായ ഓർമയിൽ, കടൽപ്പാലത്തിൽ കുടുങ്ങിപ്പോയ അനുഭവം ചിരി പടർത്തുന്നു. കിടങ്ങാംപറമ്പിൽ ഷൂട്ടിങ്ങിനെത്തിയ പ്രേം നസീറിനെ നേരിൽ കണ്ടതും അദ്ദേഹത്തിൽനിന്നു ചോക്ലേറ്റ് ലഭിച്ചതുമാണ് മറ്റൊരു ഓർമ. “ഈ പുസ്തകം എഴുതുമ്പോൾ അമ്മയുടെ ഗർഭപാത്രത്തിൽ കിടക്കുന്നതുപോലെയായിരുന്നു മനസ്. ഒരു പൊക്കിൾക്കൊടി ബന്ധത്തിന്റെ നിർവൃതിയുണ്ട് നാടിനെപ്പറ്റി എഴുതിയ ഓരോ വരിയിലും” ചലച്ചിത്ര ഗാനരചയിതാവുമായ മധു വാസുദേവൻ പറയുന്നു.
വൈക്കം വിജയലക്ഷ്മി പാടിയ 'ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ' എന്ന ഗാനത്തിലൂടെ സംസ്ഥാന അവാർഡ് നേടിയ മധു വാസുദേവന്റെ 'എന്നെ പുണരും നിലാവേ' ആത്മകഥയുടെ സ്വഭാവം പുലർത്തുന്ന ഓർമപ്പുസ്തകമാണ്. ഇതിൽ മൂന്നു ഭാഗങ്ങളുണ്ട് - സമുദ്രം, തടാകം, പ്രവാഹം. ആദ്യഭാഗം അദ്ദേഹം കടന്നുപോയ സാധാരണ മനുഷ്യരെപ്പറ്റിയുള്ളതാണ്. അവരുടെ പുഞ്ചിരിയും കണ്ണീരും ദീനതകളും വിങ്ങുന്ന ജീവിതകഥകൾ. ഇവിടെ മധു വാസുദേവൻ ഒരു കാഴ്ചക്കാരൻ മാത്രമാണ്. രണ്ടാം ഭാഗത്തിൽ അദ്ദേഹം ഇടപഴകിയ എഴുത്തുകാരെപ്പറ്റിയുള്ള ഒട്ടേറെ കൗതുക കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു - ഒ.എൻ.വി, ഒ.വി. വിജയൻ, മാധവിക്കുട്ടി മുതൽ ആർട്ടിസ്റ്റ് നമ്പൂതിരി വരെ. മൂന്നാം ഭാഗത്തിൽ പ്രേംനസീർ, ഭരത് ഗോപി, നെടുമുടി, മോഹൻലാൽ, മമ്മൂട്ടി, നരേന്ദ്രപ്രസാദ് മുതൽ പ്രണവ് മോഹൻലാൽ വരെയുള്ള ചലച്ചിത്രതാരങ്ങളുമായി ബന്ധപ്പെട്ട ഹൃദ്യമായ അനുഭവങ്ങളെ മനോഹരമായി രേഖപ്പെടുത്തിയിരിക്കുന്നു.
'എന്നെ പുണരും നിലാവേ' ആത്മകഥയുടെ രൂപത്തിലാണ് എഴുതിയിരിക്കുന്നതെങ്കിലും ഇതിലെങ്ങും മധു വാസുദേവന്റെ വ്യക്തിപരമായ നേട്ടങ്ങളോ വിജയങ്ങളോ വീരകൃത്യങ്ങളോ പറയുന്നില്ല. മറ്റുള്ളവരുടെ നന്മകളെക്കുറിച്ചും സ്നേഹവായ്പിനെക്കുറിച്ചുമാണ് അദ്ദേഹം എഴുതുന്നത്. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ഒരു കാര്യം വ്യക്തമാകും, സ്വന്തം ജീവിതംകൊണ്ട് മധു വാസുദേവൻ ചില മൂല്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. എത്ര ചെറിയവരാകട്ടെ, വലിയവരാകട്ടെ സകല മനുഷ്യരെയും തുല്യമായി കാണാനുള്ള ഹൃദയവിശാലത 'എന്നെ പുണരും നിലാവേ'യിലെ നാനൂറു പേജുകളിലായി പ്രകാശിച്ചു നിൽക്കുന്നു. അതിൽക്കൂടുതൽ കഥാപാത്രങ്ങളും ഇതിലുണ്ട്. ചില കുറിപ്പുകൾ നമ്മുടെ കണ്ണുകൾ നിറയ്ക്കും. ചിലത് നമ്മുടെ മനസ്സിനെ കലുഷിതമാക്കും. ചില കുറിപ്പുകൾ നമ്മളെ പൊട്ടിച്ചിരിപ്പിക്കും. അത്രയും മനോഹര ഭാഷയിലാണ് മധു വാസുദേവൻ 'എന്നെ പുണരും നിലാവേ' എഴുതിയിട്ടുള്ളത്. ഓർമക്കുറിപ്പുകളുടെ ശ്രേണിയിൽ ഈ പുസ്തകം പുലർത്തുന്ന വ്യത്യസ്തത ഏറെ ശ്രദ്ധേയമാണ്. ചുട്ടുപൊള്ളുന്ന വെയിലിൽനിന്ന് കുളിർമ നൽകുന്ന നിലാവിൽ ചെന്നു നിൽക്കുന്ന അനുഭവം തരുന്ന 'എന്നെ പുണരും നിലാവേ' ഒട്ടും മനോഭാരമില്ലാതെ വായിച്ചു പോകാവുന്ന അസാധാരണ രചനയാണ്. ഗ്രീൻഫ്ലവേഴ്സ് ബുക്സ് ആണ് പ്രസാധകർ.( വാട്ട്സാപ് - 8891717252) ആമസോണിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്.