എഴുത്തിനൊരു രാഷ്ട്രീയമുണ്ട്. മറച്ചുവയ്ക്കാൻ ശ്രമിച്ചാലും വെളിപ്പെടുന്ന നിലപാടുകളുടെ സ്പഷ്ടത. വാക്കിലും വരിയിലും വരികൾക്കിടയിലും വാക്കുകൾക്കിടയിലെ ശൂന്യസ്ഥലികളിലും പ്രത്യക്ഷപ്പെടുന്ന സമരോൽസുകമായ രാഷ്ട്രീയം. എഴുത്തുകാരനെ ഇഷ്ടപ്പെടുമ്പോൾ സ്നേഹം പ്രഖ്യാപിക്കുന്നത് വ്യക്തിയോടു മാത്രമല്ല, നിലപാടുകളോടുമാണ്. പ്രണയം ഇരുഹൃദയങ്ങളുടെ വിശ്വാസദാർഡ്യത്തിന്റെ പ്രഖ്യാപനമാകുമ്പോൾത്തന്നെ വിപ്ലവം കൂടിയാകുന്നതുപോലെ, എഴുത്ത് ആത്മാവിന്റെ മന്ത്രണമായിരിക്കുമ്പോൾത്തന്നെ സാമൂഹിക ജീവിതത്തിൽ പൊളിച്ചെഴുത്തിന് ആഹ്വാനമാകുന്നുണ്ട്.
നിരാശപ്പെടുത്തുന്ന, നിറംകെട്ട വ്യവസ്ഥകൾക്കെതിരെ ആയുധമെടുക്കൽ. നിലനിൽപിന്റെ ഒത്തുതീർപ്പുകൾക്കെതിര തുറന്നെതിർപ്പ്. കെട്ട കാലത്തുനിന്നു മുക്തിമാർഗത്തിലേക്കു ചുവടുവയ്പ്. പകർപ്പുകളിൽനിന്നു യാഥ്യാർഥ്യത്തിലേക്കുള്ള പ്രയാണം. മലയാളത്തിലെ സമകാലിക കഥാകൃത്തുക്കളിൽ എഴുത്തിന്റെ രാഷ്ട്രീയം വിജയകരമായും കലാത്മകമായും ആവിഷ്കരിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന സുസ്മേഷ് ചന്ത്രോത്ത് പുതിയ നോവലിലൂടെ തന്റെ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും ജീവിതത്തിന്റെ സൗന്ദര്യദർശനവും രേഖപ്പെടുത്തുന്നു.
ആദ്യനോവലിൽ അദ്ദേഹം തുടങ്ങിവച്ച ജൻമനാടിന്റെ രാഷ്ട്രീയവും ജീവിതസമരങ്ങളും പിന്നീടുള്ള നോവലുകളിൽ വളർന്നുവികസിക്കുന്നതിനു മലയാളം സാക്ഷിയാണ്. കഥപറച്ചിലിന്റെ നൈസർഗികതയെ ബലികൊടുക്കാതെ കാലത്തിന്റെ കണ്ണീർ ഏറ്റുവാങ്ങി സർഗക്രിയയിലൂടെ സൗന്ദര്യദർശനം സാധ്യമാക്കിയ അദ്ദേഹത്തിന്റെ നോവലുകൾ ക്രമാനുഗതമായ വളർച്ചയുടെയും പക്വതയുടെയും സാക്ഷ്യങ്ങളാണ്. ഒരു ഗ്രാമമോ നഗരമോ ജന്മദേശം തന്നെയോ ഭൂമികയാകുമ്പോൾ സംഭവിക്കുന്ന പരിമിതികളെ അതിലംഘിച്ച്, ബഹുരാഷ്ട്രസംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായ നഗരങ്ങളിലേക്കു കഥയെ പറിച്ചുനട്ട്, കാഴ്ചപ്പാടിനെ വിശാലമാക്കിയ സുസ്മേഷ് ഭാരതത്തിന്റെ അനന്തവൈചിത്ര്യങ്ങളിലേക്കും ബഹുസ്വരതയിലേക്കും വാക്കുകളെ നയിക്കുന്നു പുതിയ നോവലിൽ. ധീരമായി, സാഹസികമായി, പ്രകോപനപരമായി ഭാവനയുടെ അശ്വമേധം സുസ്മേഷ് നടത്തുമ്പോൾ സംഭവിച്ച രചനയാകുന്നു ആത്മഛായ.
ഭൂമിശാസ്ത്രത്തെക്കുറിച്ചു ക്ലാസിക് ഗ്രന്ഥങ്ങൾ എഴുതിയ ഇമ്മാനുവൽ കാന്റ് ജീവിതത്തിൽ വളരെക്കുറച്ചുമാത്രം സഞ്ചരിച്ചയാളാണ്. കടലിന്റെ തീരത്തുപോലും പോകാതെ തിരകളുടെ തീവ്രത കഥകളിലേക്കു പകർന്ന എഴുത്തുകാരുമുണ്ട്. ആത്മഛായയുടെ ആമുഖത്തിൽ ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത സമ്പൂർണ ഭാരതയാത്രയെക്കുറിച്ചു പറയുന്നുണ്ട് സുസ്മേഷ്. പക്ഷേ, ആത്മഛായയിലൂടെ കടന്നുപോകുമ്പോൾ സുസ്മേഷ് പൂർത്തിയാക്കിയിട്ടില്ലാത്ത യാത്ര വായനക്കാർ ഭാവനയിലൂടെ പൂർത്തീകരിക്കുന്നു. കലയുടെ കരുത്ത്. അക്ഷരങ്ങളുടെ അതീന്ദ്രിയശക്തിയുടെ വിളംബരം. യാഥാർഥ്യങ്ങളുടെ അപൂർണതകൾ ഭാവനയിലൂടെ പൂർണതയിലെത്തിക്കുന്ന സാഹിത്യത്തിന്റെ രാസവിദ്യ അതിന്റെ പൂർണതയിൽ ആത്മഛായയെ ആസ്വാദ്യകരമായ വായനാനുഭവമാക്കുന്നു. എഴുതിയാലും പറഞ്ഞാലും എളുപ്പം തീരുന്നതല്ല ഇന്ത്യൻ ദേശീയതയുടെ തീരാത്ത കഥകൾ. അതുകൊണ്ടുതന്നെ ഇന്ത്യൻ മനസ്സിലേക്കു സുസ്മേഷ് ഇനിയും വാക്കുകളുടെ വലയെറിയാം. മൗലിക നിരീക്ഷണങ്ങളും സ്നേഹാതുരമായ കഥകളും ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളുമായി മലയാളത്തിന്റെ അതിരുകളെ അദ്ദേഹം ഇനിയും വിപുലപ്പെടുത്തിയേക്കാം. ആത്മഛായ ചെറുതല്ലാത്ത, വലിയ തുടക്കം മാത്രം.
ഘടനയിൽ, കഥാപാത്രങ്ങളുടെ അവതരണത്തിൽ ആനന്ദിന്റെ ആൾക്കൂട്ടത്തെ ഓർമിപ്പിക്കുന്നുണ്ട് സുസ്മേഷിന്റെ നോവൽ. ഇന്ത്യൻ ദേശീയതയെ വൈവിധ്യത്തിലും സമഗ്രതയിലും ഉൾക്കൊള്ളാൻ ആനന്ദ് ശ്രമിച്ചപ്പോൾ ആൾക്കൂട്ടം സൃഷ്ടിക്കപ്പെട്ടു. അരനൂറ്റാണ്ടിനുശേഷം പുതിയതലമുറയിലെ ഒരു എഴുത്തുകാരൻ ഭാരതത്തിന്റെ നാനാത്വത്തിലെ ഏകത്വത്തിലൂടെ, മാറിയ കാലത്തിലൂടെ സഞ്ചരിക്കുന്നു. ആൾക്കൂട്ടത്തിൽനിന്നു വ്യത്യസ്തമായ ഭാവുകത്വം ആവിഷ്കരിക്കാൻ ശ്രമിക്കുന്നു. ആത്മഛായ തുടങ്ങുന്നതു ‘വിരലിന്റെ നീളത്തിൽ ഒരു പച്ചക്കടലാസ് ഭംഗിയില്ലാതെ കീറിവച്ചതുപോലെയിരിക്കുന്ന’ കേരളത്തിൽനിന്നല്ല; കൊൽക്കത്തയിൽനിന്ന്. കുറേക്കൂടി വ്യക്തമാക്കിയാൽ ഹൂഗ്ളി നദിയിലെ വൃഷ്ടിയിൽനിന്ന്.
ജീവന്റെ ഉൽഭവം ജലത്തിലായിരുന്നല്ലോ. സുസ്മേഷിന്റെ ഛായയുടെ തുടക്കവും ജലത്തിൽനിന്നുതന്നെ. അകതലങ്ങളിൽനിന്ന് ഓരോന്നായി ഓർത്തോർത്തു പറയുന്ന അച്ഛനിൽനിന്നു മൃണാൾ ഭാട്ടാചാര്യ കഥ തുടങ്ങുന്നു. രണ്ടാമത്തെ അധ്യായത്തിൽ ഭുവനത്തെ സൃഷ്ടിക്കുന്ന എഴുത്തുകാരൻ മനുജന്റെ രൂപം വാർത്തെടുക്കാൻ വായനക്കാരെ ക്ഷണിക്കുന്നു. മൂന്നാം അധ്യായത്തിൽ ആത്മഛായയുടെ ആത്മചൈതന്യമായി ശിരസ്സിൽ ഒരു വീടും മനസ്സിൽ ഭാവിയും ചുമന്നുനടക്കുന്ന അമു എത്തുന്നു. ശ്രീല, യാമി, പിംഗള, ചിൻമൊയി, വസന്തൻ, നീലിമ, ശ്രാബൊന്ദി ഭക്ത, സുധ..ഭാരതപ്രദർശനശാലയുടെ വേദിയിലേക്കു കഥാപാത്രങ്ങളുടെ വരവായി. ആനന്ദിന്റെ ആൾക്കൂട്ടം ചർച്ച ചെയ്ത വിഷയങ്ങളിലൊന്നു ജോലിയും ജീവിതവും തേടി മലയാളികൾ ബംഗാൾ ഉൾപ്പെടെയുള്ള സംസാഥാനങ്ങളിലേക്കു നടത്തിയ കുടിയേറ്റമായിരുന്നെങ്കിൽ സുസ്മേഷിനു നേരിടേണ്ടിവരുന്നത് ആസ്സാം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു പ്രവഹിക്കുന്ന പേരില്ലാത്ത തൊഴിലാളികളെ. ഒപ്പം മാറിയ ഭാരതത്തിന്റെ പ്രശ്നങ്ങളെ.
നിർഭയയരായി സ്ത്രീകൾക്കു പുറത്തിറങ്ങിനടക്കാൻ സ്വാതന്ത്ര്യം ലഭിച്ച ഒരു രാജ്യത്തു ഭയം കൊണ്ടു വിറച്ചുനടക്കേണ്ടിവരുന്ന പുതിയ തലമുറ. അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോൾ ആയുധമെടുക്കുന്ന, കയ്യിൽ കിട്ടുന്നവരെയൊക്കെ ബന്ദിയാക്കുന്ന തീവ്രരാഷ്ട്രീയത്തിന്റെ പ്രയോക്താക്കൾ. വിദർഭ. ഗുജറാത്ത്, കേരളം, പഞ്ചാബ്, ലക്നൗ...അമു നിശ്ശബ്ദസാക്ഷിയായി ആത്മഛായയെ മുന്നോട്ടുകൊണ്ടുപോകുന്നു. പ്രത്യക്ഷപ്പെടുന്നത്ര ദുരൂഹമായി അവൾ അപ്രത്യക്ഷയാകുന്നുണ്ട്. വീണ്ടും മനസ്സിലെ തീവ്രവേദനയുണർത്തുന്ന മുറിവിൽ ഔഷധമായി അവൾ തിരിച്ചെത്തുന്നു. അമുവിന്റെ സാമീപ്യങ്ങളുടെയും തിരോധാനങ്ങളുടെയും അധ്യായങ്ങളിലൂടെ ബംഗാളിൽനിന്ന്, മഹാനഗരങ്ങളിലൂടെ, അന്തരാളഗ്രാമങ്ങളിലൂടെ, തെരുവുകളിലൂടെ, തീവണ്ടിപ്പാതകളിലൂടെ, ആൾക്കൂട്ടങ്ങളിലൂടെ, വിജനതകളിലൂടെ കേരളത്തിലെ ഭുവനത്തിലേക്കും തിരിച്ചു കൊൽക്കത്തയിലേക്കും പതച്ചൊഴുകുന്ന കഥാപ്രവാഹമാകുന്നു സുസ്മേഷിന്റെ നോവൽ.
ആദ്യ അധ്യായം മുതൽ ആത്മഛായ കൈകാര്യം ചെയ്യുന്ന ഒരു വിഷയം സൃഷ്ടിയുടെ വേദനയും സ്രഷ്ടാവിനേക്കാൾ വളരുന്ന സൃഷ്ടിയുടെ ബാഹുല്യവുമാണ്. 82 ശിൽപങ്ങൾ ഉടച്ചുകളയേണ്ടിവന്നു മൃണാളിനു പിതാവിന്റെ രൂപം ശാശ്വതമാക്കാൻ. അച്ഛനെ ഏറ്റവും കുടുതൽ അടുത്തറിഞ്ഞ അമ്മ നീലിമ അടുത്തിരുന്നു മൃണാളിന്റെ രൂപത്തെ പൂർണതയിലേക്കു നയിച്ചു. ഒരോ ശിൽപവും പൂർത്തിയായപ്പോൾ ബന്ധുക്കൾ സാമ്യത പറഞ്ഞ് അത്ഭുതപ്പെട്ടെങ്കിലും നീലിമ അസംതൃപ്തയായി തന്റെ പ്രിയതമന്റെ യഥാർതഥ രൂപത്തിനുവേണ്ടി മൃണാളിന്റെ കരവിരുതിനെ വെല്ലുവിളിച്ചു. 83–ാമത്തെ ശിൽപത്തിൽ നീലിമ തനിക്കു നഷ്ടപ്പെട്ടയാളെ തിരിച്ചെടുത്തു. അതോടെ അമ്മ മൃണാളിനു നഷ്ടമായി; നീലിമ ബന്ധുക്കൾക്കും.
പൂർത്തിയാക്കിയ ശിൽപം തന്നിൽ തീവ്രവേദനയുണർത്തുന്ന ഓർമ്മയായും അനുഭവമായും നിറഞ്ഞപ്പോൾ എങ്ങോട്ടെന്നില്ലാതെ മൃണാൾ ഓടിയകന്നു. പക്ഷേ, അമുവിൽനിന്നു രക്ഷപ്പെടാൻ അയാൾക്കായില്ല; ശ്രാബൊന്ദിയിൽനിന്നും. പരിപൂർണമെന്നു നിനച്ച ശിൽപം അസ്വസ്ഥതകളുടെ അലയൊലികൾ ഉയർത്തിയെങ്കിലും പ്രതിഭയുടെ വിളംബരമായ സൃഷ്ടി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. സവിശേഷതകളേറെയുള്ള ഭുവനത്തിന്റെ ശാന്തത തകർക്കുമെന്നു ചിലരെങ്കിലും പേടിച്ചെങ്കിലും ആശങ്കകളെ അസ്ഥാനത്താക്കി മൃണാൾ ശിൽപിയുടെ വിജയത്തിലേക്കു മുന്നേറുന്നു. ഹൂഗ്ലിയിലെ വെള്ളപ്പൊക്കം പോലെ ഭുവനത്തെയും മഴ നക്കിത്തുടയ്ക്കുന്നുണ്ടെങ്കിലും പ്രതിബന്ധങ്ങളുടെ ആഴങ്ങളിൽനിന്നു ശിൽപി മുങ്ങിനിവരുന്നു. സൃഷ്ടിയുടെ ഉദാത്തതയും സ്രഷ്ടാവിന്റെ വിജയവും.
അമുവും ശ്രാബൊന്ദിയുമുൾപ്പെടെ ഏറെ കഥാപാത്രങ്ങൾ മനസ്സിലേക്കു കുടിയേറുന്നുണ്ടെങ്കിലും മറക്കാനാവാത്ത രണ്ടുപേരുണ്ട്; സുധയും വസന്തനും. യാമി എഴുതുന്ന നോവലിലെ കഥാപാത്രമാണ് സുധ. യാമി ആവിഷ്കരിച്ചതുപോലെ രാജ്യശരീരത്തിൽ മുറിവുണ്ടാകുകയും അതുണക്കാനെത്തുന്ന പ്രതീക്ഷയുടെ തിരിനാളമായി സുധയും എത്തുന്നു. അക്ഷരങ്ങളിലെ പ്രവചനം യാഥാർഥ്യമായപ്പോൾ യാമി നോവൽ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. പക്ഷേ, സുധ പിന്നെയും ജീവിക്കുന്നു. കലാപത്തിന്റെ നാൾവഴികളിൽ ശാന്തിദൂതുമായി, എതിർപ്പിന്റെ കൊടി ഉയർത്തിവീശി, സ്വയം ജ്വലിച്ചും രാജ്യമനസാക്ഷിയെ ജ്വലിപ്പിച്ചും മുന്നോട്ടുപോകുന്നു. വ്യക്തികളുടെ പോരാട്ടങ്ങൾ എന്നെന്നേക്കുമല്ല. നിയോഗം പൂർത്തിയാക്കി അടുത്ത തലമുറയിലേക്ക് അവർ ദൗത്യം കൈമാറുന്നു. സുധയും അപവാദമല്ലെങ്കിലും ക്ഷയിക്കാത്ത അക്ഷരങ്ങൾ പേറുന്ന ആത്മാവ് അനശ്വരതയിലേക്കു മുന്നേറുന്നു.
വസന്തനാകട്ടെ പുരുഷ ലൈംഗികതയുടെ മൃഗജ്വാലകൾ രൂപമെടുത്ത പുരുഷൻ. അയാളിലൂടെ സുസ്മേഷ് വരയ്ക്കാൻ ശ്രമിക്കുന്ന ചിത്രം മലയാളത്തിന് അപരിചിതം. രതിയുടെ അഗ്നിയുമായി വേട്ടക്കിറങ്ങുന്ന വസന്തൻ ഒറ്റപ്പെട്ട പ്രതിഭാസമല്ല. വസന്തന്റെ അതേ വികാരങ്ങൾ പേറുന്നവരല്ലേ രാജ്യതലസ്ഥാനത്ത് ഒരു പെൺകുട്ടിയുടെ ബലിക്കു കാരണക്കാരായത്. വെല്ലുവിളികൾ ഏറ്റെടുത്തു സുസ്മേഷ് പൂർത്തിയാക്കിയ വസന്തനിൽ ഇന്ത്യൻ പുരുഷ മനസ്സ് ആത്മഛായ കണ്ടെത്തുമെങ്കിൽ മാറ്റത്തിന്റെ തുടക്കമായിരിക്കും.
അപകടകരമായ കടലിൽ തോണിയിറക്കുന്ന മുക്കുവനു കൂട്ട് ആത്മധൈര്യം. ഇന്ത്യൻ സമകാലിക മനസ്സിലേക്കു വലയെറിയുന്ന സൂസ്മേഷ് അസാധാരണമായ ആത്മധൈര്യത്തോടെ ദൗത്യം പൂർത്തിയാക്കുന്നു. സൂക്ഷ്‌മ വായനയിൽ ചൂണ്ടിക്കാണിക്കാവുന്ന പ്രശ്നങ്ങൾ ആത്മഛായയിലുണ്ട്. അതിബൃഹത്തായ ക്യാൻവാസിൽ രൂപപ്പെടുത്തിയ നോവലിൽ സംഭവിക്കാവുന്ന സ്വാഭാവികമായ തിരിച്ചടികൾ. തീവ്രമായ അസ്വസ്ഥത സമ്മാനിക്കുന്ന കഥാസന്ദർഭങ്ങൾ ഏറെയുള്ള നോവൽ ശരാശരിയാകുന്ന സന്ദർഭങ്ങളുണ്ടെങ്കിലും ആത്മഛായ മലയാളം ഏറ്റെടുത്തു വായിക്കേണ്ട കൃതിയാണ്. ചർച്ച ചെയ്യപ്പെടേണ്ട നോവൽ. ഭാവി മലയാള സാഹിത്യം ശ്രദ്ധിക്കേണ്ട കാഴ്ചകളാലും കാഴ്ചപ്പാടുകളാലും സമ്പന്നം. ആത്മഛായയുടെ രാഷ്ട്രീയം വർത്തമാനത്തിന്റേതല്ല; ഭാവിയുടേത്. വരുംനാളുകളിൽ ഛായകൾ കൂടുതലായി തെളിയട്ടെ; ആത്മാവിന്റെ അനന്യമായ ഛായകൾ.