Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമന്തികൾ സുഗന്ധികൾ

ഓർമ്മക്കുറിപ്പുകൾ എഴുതുക എന്നത് ഒരു കുന്നിടിക്കുന്നതുപോലെയാണെന്നാണു ആമുഖത്തിൽ തന്നെ സന്തോഷ് ഏച്ചിക്കാനം പറയുന്നത്. ജമന്തികൾ സുഗന്ധികൾ എന്ന പുസ്തകത്തിലെ ഓർമ്മക്കുറിപ്പുകളെല്ലാം സന്തോഷിന്റെ കഥകൾ വായിക്കുന്നതുപോലെ ലളിതവും സൗമ്യവുമാണ്.

ആദ്യ അധ്യായമായ ‘മാംഗല്യം തന്തു നാൻ ദേന’ യിൽ ജൽസ മേനോൻ എന്ന തൃശൂർക്കാരി തന്റെ ജീവിതസഖിയായി എത്തിയതെങ്ങനെയെന്ന് അദ്ദേഹം വിവരിക്കുന്നത് കഥപറച്ചിലിന്റെ സുഖത്തോടെയാണ്.

.. അവൾ മുന്നിലെത്തിക്കഴിഞ്ഞു. ഹലോ പറഞ്ഞു. തൊണ്ട വരളുന്നു. ചുള്ളിക്കാടിന്റെ കവിത സിറിഞ്ചിൽ നിറച്ച് ആരോ ഞരമ്പിലേക്കു കുത്തിക്കയറ്റുന്നു.

‘മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും

നിറയെ സംഗീതവുമുള്ള നിശ്വാസവും’

തെല്ലുനേരത്തെ മൗനം. പിന്നെ പരസ്പരം പേരുപറഞ്ഞുകൊണ്ടുള്ള തികച്ചും ഔപചാരികമായ പരിചയപ്പെടൽ. ശരീരമാകെ ഒരു വിറയൽ പടരുന്നനു. അപ്പോഴതാ, മധുരപ്പത്തൊൻപതുകാരനായ ആ പൂർവ്വകാമുകൻ പ്രണയാകാശം വീണുകിടക്കുന്ന എന്റെയുള്ളിലെ നീലത്തടാകത്തിലേക്കുസാവകാശം ഇറങ്ങുന്നു.

ഒരു മഷിത്തുള്ളിപ്പോലെ അവനതിലലിയുന്നു. ‘എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് സംസാരിക്കുന്നതിൽ വിരോധമുണ്ടോ?’ ഞാൻ ചോദിച്ചു. അവളുടെ അംബാസഡർ കാർ ഹോട്ടൽ ലൂസിയയുടെ മുന്നിൽ ബ്രേക്കിട്ടു. ‘അയ്യോ.. വടക്കുംനാഥ ചതിച്ചോ..’ ഞാൻ കീശ തപ്പി. തലേന്നു രാത്രിയിലെ വോഡ്ക എന്നെ ദരിദ്രസോഷ്യലിസ്റ്റാക്കി മാറ്റിയിരുന്നു. ഇനി വണ്ടിക്കാശും കുറച്ചു ചില്ലറയും കാണും.

‘വരൂ’, വണ്ടിയുടെ ചാവി എറിഞ്ഞുപിടിച്ച് അവൾ ക്ഷണിച്ചു. തണുത്ത മെറൂൺ കാർപ്പെറ്റിലൂടെ അകത്തേക്ക്. നേരിയ ഗസൽ. അപ്പോഴേക്കും വലിയ കണ്ണുകളുള്ള ആ പെൺകുട്ടിയെ ഞാനിഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

ഒരു സീരിയൽ തിരക്കഥാകൃത്തിന്റെ ആത്മസംഘർഷങ്ങൾ

കേരളത്തിലല്ലാതെ ലോകത്ത് മറ്റൊരിടത്തും ഒരെഴുത്തുകാരനെ അവൻറെ ജോലിയുമായി ബന്ധപ്പെടുത്തി വിമർശിക്കാറില്ല. ഇന്ന് ഒരു സാഹിത്യക്യാംപിനു പോകുമ്പോൾ ആദ്യം വരുന്ന ചോദ്യം.

നിങ്ങൾ സീരിയൽ എഴുതുന്നത് എന്തിനുവേണ്ടിയാണ്? ഉത്തരം, സീരിയൽ എഴുതുന്നത് ജീവിക്കാൻ. കഥയെഴുതുന്നത്, ജീവിക്കുന്നു എന്നു സ്വയം വിശ്വസിക്കാൻ. ഒരെഴുത്തുകരൻ പത്രപ്രവർത്തകനോഅധ്യാപകനോ ബാങ്ക് ഓഫിസറോ ആകുന്നതിൽ കേരളത്തിലെ ജനങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. പക്ഷേ, മെഗാ എഴുത്തുകാരനെ മാത്രം സഹിക്കാൻ പറ്റില്ല. മേൽപ്പറഞ്ഞ എല്ലായിടത്തും കച്ചവടമുണ്ട്.

ഇന്ന് ജേണസിലത്തോളം ചീഞ്ഞുപോയ ഒരു സ്ഥാപനം മറ്റേതുണ്ട്? കർഷകരെ കടക്കെണിയിൽപ്പെടുത്തി ആത്മഹത്യ ചെയ്യിക്കുന്ന ബാങ്കുകൾക്ക് എന്തു നന്മയാണു അവകാശപ്പെടാൻ പറ്റുന്നത്? ലക്ഷങ്ങൾ കോഴ കൊടുത്ത് ജീവിതം സുരക്ഷിതമാക്കുന്ന പരിപാടിയായി അധ്യാപനവും മാറിയിരിക്കുന്നു. പക്ഷേ, ഇതിലെല്ലാം ചെറിയ ശതമാനം സത്യസന്ധതയുണ്ട്. ആ ചെറിയ ശതമാനം മൗലികത മെഗാസീരിയലുകളിലുമുണ്ട്.

മെഗാസീരിയൽ ഒരു ഫാക്ടറിയാണ്. കോടികളുടെ ക്രയവിക്രയം നടക്കുന്നുണ്ടിവിടെ. ആയിരക്കണക്കിനു കുടുംബങ്ങൾ കേരളത്തിലെ മെഗാസീരിയൽ വഴി ജീവിക്കുന്നു. എന്നെപ്പോലുള്ള ചില എഴുത്തുകാർ കഞ്ഞിക്കുടിച്ചുപോകുന്നത് മെഗാസീരിയലുകൾ കൊണ്ടാണ്. അതുകൊണ്ട് ഈ ഫാക്ടറി പൊല്യൂഷൻ ഉണ്ടാക്കുന്നില്ല എന്നല്ല.

ഏതൊരു കച്ചവട സ്ഥാപനവും ഉണ്ടാക്കുന്നതുപോലെ സമൂഹത്തിൽ തുമ്മലും ചീറ്റലും തലവേദനയുമൊക്കെ പരമ്പരകളും ഉണ്ടാക്കുന്നുണ്ട്. മെഗാ സീരിയലുകളെ ഡെയ്‍‌ലി സോപ്പ് എന്നു വിളിക്കാറുണ്ട്.

ചാനലുകൾ തകർത്തോടി നിർമാതാവിന്റെ കീശ നിറയ്ക്കുന്നഈ സോപ്പുനിർമാണത്തിനു പിന്നിൽ ഒരു സ്ഥിരം ഫോർമുലയുണ്ട്. അവിഹിത ബന്ധം, അമ്മായിമ്മ പോര്, ജാരസന്തതി, സ്വത്തുതർക്കം, കമിതാക്കൾക്കടിയിലെ മതപരവും ജാതീയവുമായ അന്തരങ്ങൾ.. ഇങ്ങനെ ജീവിതത്തെ സംഘർഷഭരിതമാക്കുന്ന ഇത്തരം മനുഷ്യബന്ധങ്ങളുടെ രാസപ്രവർത്തനം നടന്നാലെ ഈ സോപ്പ് ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിച്ച് വിറ്റഴിക്കാൻ സാധിക്കുകയുള്ളൂ

മുന്നൂറു പേജിൽ കവിയാത്ത ഒരു നാടകം

പത്മരാജൻ പുരസ്കാരം കിട്ടിയപ്പോൾ ഇന്ത്യാവിഷനിൽ നിന്ന് സഹദേവേട്ടൻ വിളിച്ചു. ഒരിൻറർവ്യൂ വേണം, സൺഡേ സ്പൈസിൽ. ആ മാസം മൂന്നു പുരസ്കാരങ്ങൾ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.

മുഖാമുഖത്തിനൊടുവിൽ കുക്കു പരമേശ്വരൻ ചോദിച്ചു, പത്മരാജൻ പുരസ്കാരം കിട്ടിയപ്പോൾ എന്തുതോന്നി? സന്തോഷം തോന്നി. പിന്നെ ഒരു തമാശയ്ക്ക് ഞാനിത്രയും കൂടി പറഞ്ഞു– ഫുട്ബോളിലും ക്രിക്കറ്റിലുമൊക്കെ ഹാട്രിക് ഉണ്ട്. ശക്തി അവാർഡ്, ആസാൻ പ്രൈസ്, പത്മരാജൻ പുസ്കാരം. മൂന്നവാർഡുകൾ ഒറ്റയടിക്കാണു എനിക്കു കിട്ടിയത്. സാഹിത്യത്തിലെ ആദ്യത്തെ ഹാട്രിക്ക്. ഗിന്നസ് ബുക്കിൽ കൊടുക്കാം.

പക്ഷേ, എന്റെ ഈ നേരമ്പോക്ക് ഇന്റർവ്യൂ കണ്ട ചിലർ തെറ്റിദ്ധരിച്ചു. എന്റെ മേനിപ്പറച്ചിലായിരുന്നു അനവസരത്തിലുള്ള ഈ ഹാട്രിക് പ്രയോഗമെന്നവർ കുറ്റപ്പെടുത്തി. ഒരുകാലത്ത് കോളജ് ഫീസ്, ഭക്ഷണം, പോക്കറ്റ്മണി ഇതെല്ലാം കഥയുടെ വരുമാനം കൊണ്ട് അഡ്ജസ്റ്റ് ചെയ്തുപോന്നവനായിരുന്നു ഞാൻ.

പത്രങ്ങളിലെ തൊഴിൽപംക്തിയിൽ നിന്ന് അവസരങ്ങൾ എഴുതി കവറിലാക്കി ലാസ്റ്റ് ഡേറ്റിനു മുൻപേ അയയ്ക്കുന്ന ഒരുദ്യോഗാർഥിയെപ്പോലെ ഞാൻ കഥയെഴുതി അവാർഡുകൾക്കു വിട്ടുകൊണ്ടിരുന്നു.

ഇലക്ട്രിക് ബിൽ, ഫോൺ ബില്ല്, ബാലേട്ടന്റെ പീടികയിലെ പറ്റെഴുതിയ കടലാസ്, മരുന്നുച്ചീട്ട് തുടങ്ങി ഒരു കൂട്ടം വേവലാതികളുമായി അവാർഡ് പ്രഖ്യാപനവും പ്രതീക്ഷിച്ച് ഞാൻ പോസ്റ്റോഫിസിനടുത്തുള്ള ഇഎംഎസ് വായനശാലയിലിരിക്കും.

ഒരുപാട് പുസ്തകങ്ങൾ അതിനകത്തുണ്ട്. ഇതൊന്നും പക്ഷേ, മനുഷ്യന് ഭക്ഷണം തരുന്നില്ലല്ലോ എന്നു ‍ഞാൻ ചിന്തിച്ചു.എന്റെ കാത്തിരിപ്പ് വെറുതെയായില്ല. ഉഭയജീവിതം എന്ന ഒറ്റക്കഥകൊണ്ട് ഞാൻ ഇരുപ്പത്തേഴായിരം രൂപ സമ്പാദിച്ചു. അങ്ങനെ ആ വർഷം എന്റെ കുടുംബം രക്ഷപ്പെട്ടു.

ഒടുവിൽ ഗത്യന്തരമില്ലാതെ മലയാള മനോരമയിലെ എന്റെ സുഹൃത്ത് അനീസ് മുഹമ്മദ് സ്നേഹപൂർവം താക്കീതു ചെയ്തു. ഇനി നീ ആ കഥ വല്ല അവാർഡിനും വിട്ടാൽ ഉഭയജീവിതം ഉപജീവനമാകുന്നു എന്നു ഞാൻ വാർത്തയെഴുതും, പറഞ്ഞേക്കാം.

അവാർഡുകൾ എനിക്കൊരു കാലത്ത് അംഗീകാരം എന്നതിനപ്പുറം മുങ്ങിപ്പോകുന്ന ജീവിതത്തിനു നേർക്ക് എവിടെ നിന്നോ ഒഴുകിവരുന്ന പ്രതീക്ഷകളായിരുന്നു. ജീവിതമാണോ ഭാവനയാണോ എന്നു വേർതിരിച്ചറിയാൻ പറ്റാത്ത വിധമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ആവിഷ്ക്കാരം. തീർച്ചയായും സുഗന്ധികൾ തന്നെയാണ് ഈ ജമന്തികൾ.

Your Rating:

Overall Rating 0, Based on 0 votes

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.