സഹ്യപർവതത്തിന്റെ ധവളശൃംഗങ്ങളിലൊന്ന്. പ്രഭാതത്തിന്റെ ചുവന്നപ്രകാശം വന്നുതുടങ്ങുന്നു. പർവതശൃംഗത്തിന്റെ തുഞ്ചാണിക്കൊമ്പത്തൊരിടത്തൊരു കാട്ടുമൂലികമരം. ഇലയും തളിരും ഒന്നുമില്ലാതെ ചുവന്നുതുടുത്ത പൂക്കൾമാത്രം നിറഞ്ഞുനിന്ന ആ മരത്തിന്റെ കൊമ്പിലൊന്നിൽ രണ്ടു പക്ഷികൾ വന്നിരിക്കുന്നു. കാലത്തിന്റെ ഭാരവും വിധിയുടെ വേദനയും ചിറകുകളിലേന്തി തളർന്നെത്തിയ കാലനേമിപ്പക്ഷികൾ. മേഘമാലകളുടെ കുളിരണിപ്പന്തലിൽ, കാട്ടുമൂലികപ്പൂക്കളുടെ രക്തതാരുണ്യത്തിൽ തൊട്ടുരുമ്മി അങ്ങനെ ഇരിക്കവേ ആൺകിളി ഇണയോടു പറഞ്ഞു:
ഈ സഹ്യപർവതമായിക്കിടക്കുന്നതാണ് വരരുചി. വരരുചിയുടെ മടിത്തടത്തിലെന്നപോലെ ചേർന്നുകിടക്കുന്ന കേരസമൃദ്ധമായ ആ ഹരിതഭൂമിയില്ലേ, അതാണു കേരളഭൂമി എന്ന പഞ്ചമി. ഘനീഭവിച്ച പശ്ഛാത്താപവും സ്നേഹവുമായി അവർ ഇവിടെ കിടക്കുന്നു. അവരുടെ ഉൾത്താപത്തിന്റെ കണ്ണീർത്തടാകങ്ങളിൽനിന്ന് പൊട്ടിയൊഴുകുന്ന നദികളാണ് അതാ, ആ താഴ്‌വരയിലാകെ. ഇനി ആ നദീതടങ്ങളിലേക്കു നോക്കൂ.
പെൺപക്ഷി നോക്കി,കേരവൃക്ഷങ്ങളും നെൽപാടങ്ങളും നിറഞ്ഞ താഴ്‌വര. അവിടെ ഹോമധൂമങ്ങൾ ഉയരുന്ന യാഗഭൂമികളിൽ ക്രിയാനിരതരായിരിക്കുന്ന വേദപണ്ഡിതൻമാർ, അലക്കുജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, കല്ലും തടിയും ലോഹവും കൊണ്ടു ജോലിചെയ്യുന്നവർ, കൃഷിപ്പണിക്കാർ, പടയാളികൾ, കച്ചവടക്കാർ, നർത്തകിമാർ, ഗായികമാർ, വൈദ്യൻമാർ, മന്ത്രവാദികൾ, പായും പനമ്പും നെയ്യുന്നവർ, കവികൾ, ഗായകർ, ഭ്രാന്തുണ്ടെന്നു നടിച്ചു നടക്കുന്ന ഭ്രാന്തില്ലാത്തവർ...അവരുടെ ജീവിതവൃത്തികളുടെ താളവും മേളവും എമ്പാടും മുഴങ്ങുന്നു.
ഒരു പറയി പെറ്റ കുലങ്ങൾ. പന്ത്രണ്ടു കുലങ്ങൾ. പറയി പെറ്റ പന്തിരുകുലത്തിലെ സന്തതി പരമ്പരകളാണ് കേരളീയർ എന്ന ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിൽ എൻ.മോഹനൻ എഴുതിയ ‘ഇന്നലത്തെ മഴ’ ആവിഷ്കരിക്കുന്ന ദീപ്തമായ ചിത്രം. പക്വതയാർത്ത കാൽപനികതയുടെ കാവ്യഗോപുരങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന കഥകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടം നേടിയ എഴുത്തുകാരനാണ് മോഹനൻ. ‘ഇന്നലത്തെ മഴ’ പുസ്തകരൂപത്തിൽ എത്തുന്നത് 1996– ൽ. നോവലിന്റെ പുതിയ പതിപ്പ് മാതൃഭൂമി ബുക്സ് 2015 –ൽ പുറത്തിറക്കി. കാവ്യസുഗന്ധമുള്ള ഗദ്യസാഹിത്യത്തിന്റെ ശോഭ മങ്ങിയിട്ടില്ലെന്നു തെളിയിച്ചുകൊണ്ട് ഒരുവർഷത്തിനകം പുതിയ പതിപ്പ്. ചരിത്രപരമായി വലിയ പ്രാധാന്യമുള്ള വിഷയം കാവ്യത്തിന്റെ കാൽപനികഭംഗിയിൽ ഗൗരവം ചോർന്നുപോകാതെ അവതരിപ്പിച്ചിരിക്കുന്നു. മലയാളികൾക്കു സുപരിചിതമായ ഐതിഹ്യം നോവലാക്കിയപ്പോൾ ചില സ്വാതന്ത്ര്യങ്ങൾ എടുത്തിട്ടുണ്ടെന്നു നോവലിസ്റ്റ് പറയുന്നുണ്ടെങ്കിലും വസ്തുതകളോടു നീതിപുലർത്തിയും ചരിത്രത്തിന്റെ വാസ്തവികത നിലനിർത്തിയും അപൂർവമായ ആസ്വാദനക്ഷമയുള്ള പുസ്തകം സൃഷ്ടിക്കാൻ എൻ. മോഹനനു കഴിഞ്ഞിരിക്കുന്നു. തത്ത്വചിന്തയുടെ ഗൗരവം പുലർത്തുന്നതിലും ആഖ്യാനത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കുന്നതിലും കൂടി നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
പണ്ഡിതനാകാൻ മോഹിച്ച വരരുചിയാണു നോവലിലെ പ്രധാനകഥാപാത്രം. ശാസ്ത്രാന്വേഷകനാകാൻ വെമ്പിയ ആൾ. വിധിവിഹിതം അലംഘനീയമല്ലെന്നു തെളിയിച്ച് മനുഷ്യരാശിക്കു പുതിയ കർമമാർഗങ്ങൾ കാട്ടിക്കൊടുക്കാൻ മോഹിച്ച വ്യക്തി. വരരുചി കടന്നുപോകുന്ന അഗ്നിപരീക്ഷണങ്ങൾ, തെറ്റോ പാപമോ ചെയ്തിട്ടില്ലെങ്കിലും ഒരു അമ്മയ്ക്കും സഹിക്കാനാകാത്ത കഠിനപാതകളിലൂടെ കടന്നുപോകുന്ന പഞ്ചമി..ഇവരിലൂടെ ഉരുത്തിരിയുന്ന പന്ത്രണ്ടു മക്കളും പന്ത്രണ്ടു കുലങ്ങളും ചേർന്ന കേരളഭൂമി. പുഴകളാൽ സമൃദ്ധമായ നാട്. ജനനിബിഡമായ താഴ്‌വരകൾ. മുകളിലെ സഹ്യപർവതസീമയിൽ എവിടെയോ ഇന്നലെകളിൽ മഴ പെയ്തിട്ടുണ്ടാവണം. ഇന്നലത്തെ മഴ ആരുടെ കണ്ണുനീരാണ് ?
പഞ്ചമി എന്ന സർവംസഹയായ അമ്മയുടെ തോരാത്ത മിഴികളിൽനിന്നു പുറപ്പെട്ട ജലധാരയോ...
വിധിയെ ലംഘിച്ചു കർമശേഷി വിളംബരം ചെയ്യാൻ ഇറങ്ങിത്തിരിച്ചു പരാജയപ്പെട്ട അച്ഛന്റെ ചൊരിയാത്ത കണ്ണുനീരോ...
കഥാകൃത്ത് എന്ന നിലയിൽ മാത്രം അറിയപ്പെട്ട എൻ. മോഹനൻ തന്റെ സാഹിത്യജീവിതത്തിലെ രണ്ടു നോവലുകളും എഴുതിയത് അവസാനകാലത്ത്. ‘ഒരിക്കലും’ ഇന്നലത്തെ മഴയും. മലയാളത്തിലെ മികച്ച രണ്ടു സൃഷ്ടികൾ. ‘ഒരിക്കൽ’ പ്രണയത്തിന്റെ ആർദ്രഗംഭീരവും വിഷാദമധുരവുമായ കൃതിയാണെങ്കിൽ ഇന്നലത്തെ മഴ ചരിത്രത്തിന്റെ കാവ്യാഖ്യാനം . തീർച്ചയായും വായിച്ചിരിക്കേണ്ട രണ്ട് പുസ്തകങ്ങൾ.