മനുഷ്യമനസ്സാകുന്ന ഭൂപ്രദേശത്തിന്റെ അതിവിചിത്രവും അത്ഭുതവുമായ പല കാഴ്ചപ്പുറങ്ങളും പെട്ടെന്നു വെളിവാക്കുന്ന വിധത്തിൽ വളവുകളും തിരിവുകളും കടന്ന് എം പി നാരായണപിള്ള കഥയുടെ കാറോടിച്ചു പോകുമ്പോൾ അതിനകത്തിരിക്കുന്നത് വല്ലാത്തൊരനുഭവമാണ്. പരിണാമഗുപ്തി പുതിയൊരു രൂപത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. തൊണ്ണൂറ്റെട്ടാം അദ്ധ്യായത്തിൽ പി.ഡബ്ലൂ.ഡി.ക്കാരുടെ റോഡ്‌റോളറിന് മുകളിൽ കയറി നിന്നുകൊണ്ടുള്ള പോലീസ് സ്‌റ്റേഷൻ വീക്ഷണം മഹാഭാരതത്തിലെ കൃഷ്ണാർജ്ജുനൻമാരുടെ കുരുക്ഷേത്ര വീക്ഷണത്തെയാണ് ഓർമ്മിപ്പിക്കുന്നത്. സ്വാമി - സെക്രട്ടറി സംവാദമാകട്ടെ, ഗീതോപദേശത്തെയും. പാർട്ടി സെക്രട്ടറിയുടെ വിശ്വരൂപപ്രദർശനവും അതിലടങ്ങിയിരിക്കുന്നു.
മന്ത്രിമാരും പാർട്ടി നേതാക്കന്മാരും വിപ്ലവകാരികളും പോലീസുദ്യോഗസ്ഥന്മാരും അധോലോക നായികാ നായകന്മാരും തമ്മിൽ എക്കാലത്തും ഉണ്ടായിരുന്നിട്ടുള്ള കെട്ടു പിണഞ്ഞ ബന്ധങ്ങളുടെ ചുരുളഴിച്ചു കാണിക്കുന്ന ആ ഭാഗം ചുറുചുറുക്കുള്ള വാചകങ്ങളിലൂടെ കസറിയിട്ടുണ്ട്. 'എനിക്കെല്ലാ പട്ടികളും ഒരുപോലെയാണ്, സുഹൃത്തേ' മുതലായ തത്ത്വോപദേശങ്ങൾ ആധുനിക സമൂഹഗീതയിലെ അടിസ്ഥാന സത്യപ്രഖ്യാപനങ്ങളാണ്.
'പരിവർത്തനങ്ങളുടെ ചരിത്രം പഠിക്കണം, സ്വാമീ ' എന്നുതുടങ്ങി 'ദൂരെ ഏതോ അമ്പലത്തിലെ മൈക്കിൽനിന്നു നാട്ടുകാരുടെ ഉറക്കം കലയുന്ന ' അഗ്രേ പശ്യാമി ' ആരംഭിച്ചു'. എന്നവസാനിക്കുന്ന പാരഗ്രാഫുകളാണ് ഗീതസാരമുൾക്കൊള്ളുന്നത്. പാതിമൃഗവും പാതി മനുഷ്യനും ആയ നേതാക്കന്മാരുടെ ദൈവവത്കരണത്തെപ്പറ്റിയും സമൂഹം നന്നാക്കുക എന്ന ഒരു വികാരത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച നിത്യകാമുകന്മാരെപ്പറ്റിയും ഒക്കെയുള്ള ഉജ്ജ്വലദർശനങ്ങൾ അവിടെയാണല്ലോ കാണപ്പെടുന്നത്. നേതൃത്ത്വത്തിനുവേണ്ടിയുള്ള മുഖ്യയോഗ്യത എന്താണെന്ന് എടുത്തുകാണിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.
മത്തായമാരുടേതുപോലുള്ള ഒരു പ്രസ്ഥാനത്തെ നയിക്കാൻ വേണ്ട മൃഗീയത മത്തായിമാർക്കില്ല, ബുദ്ധിമാനായ ഒരു മത്തായിയുടെ ജീവന്റെ പുറത്തെ ആദ്യത്തെ ഭീഷണി പോലീസല്ല; സ്വന്തം നേതാവാണ്. - ഇത്യാദി തങ്കവാക്യങ്ങൾ കേരളത്തിലെ യുവലോകം ഹൃദിസ്ഥമാക്കുമെന്ന് ആശിക്കാമോ? അവർ ഈ വിപ്ലവരഹസ്യം കണ്ടെത്തിയാൽ ഒരു പുതിയ ജനാധിപത്യസമൂഹം ഇവിടെ പുലർന്നുകൂടെന്നില്ല.
( പുസ്തകത്തിന്റെ അവതാരികയിൽനിന്നും)