ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗൺസിൽയോഗം ബഹിരാകാശത്തു നടന്നാൽ എന്തൊക്കെയാവാം സംഭവിക്കുന്നത്? അതെ, ബഹിരാകാശത്തെ മൈദൻ-എക്‌സ് ഓർബിറ്റൽ ഹോട്ടൽ ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികളുടെ സമ്മേളനസ്ഥലമാക്കിയിരിക്കുകയാണ് കഴിഞ്ഞ നാലുമാസമായി. ഭൂമിയിലെ ഒരു സ്ഥിരം സംവിധാനം തയ്യാറാകുന്നതുവരെ. അവിടെനിന്നു നോക്കിയാൽ താഴെ നിഴൽ വീണ ഭൂമിയുടെ ഒരു ഭാഗം കാണാം. ഇതാണ് പ്രശസ്തയുവ കഥാകൃത്ത് കനിഷ്‌ക് തരൂരിന്റെ ഐക്യരാഷ്ട്രസഭ ബഹിരാകാശത്ത് എന്ന കഥയുടെ പ്രമേയം. ശാസ്ത്രവും ചരിത്രവും സമകാലിക പാരിസ്ഥിതിക-രാഷ്ട്രീയ സാഹചര്യങ്ങളും സമഞ്ജസമായി സമ്മേളിക്കുന്നതാണ് ഈ കഥ. അതേപോലെ മനുഷ്യർ നേരിടുന്ന വെല്ലുവിളികൾ നാമൊരുമിച്ചുനിന്നുമാത്രമേ നേരിടാനാകൂ എന്നൊരു സന്ദേശവും ഈ കഥ മുന്നോട്ടു വയ്ക്കുന്നു.
കനിഷ്‌ക് തരൂരിന്റെ ആദ്യകഥാസമാഹാരമായ Swimmer Among the Stars-ലെ ശ്രദ്ധേയമായ ഒരു ഡസൻ കഥകളിലൊന്നാണ് ഐക്യരാഷ്ട്രസഭ ബഹിരാകാശത്ത്. കടലിൽ ആന എന്ന കഥ, നമ്മൾ മലയാളികൾക്ക് സവിശേഷമായൊരു വികാരം പകരുന്നതാവും. ആഫ്രിക്കയിലെ മൊറോക്കോയിൽ ഒരു രാജകുമാരി ഇന്ത്യൻ ആനയിൽ ആവേശപുളകിതയാകുന്നതായി മനസ്സിലാക്കിയ ഇന്ത്യൻ എം അവൾക്ക് കൊച്ചിയിൽനിന്നും ഒരു ആനയെ എത്തിക്കാൻ ഏർപ്പാടു ചെയ്തു. കപ്പൽമാർഗം ആഫ്രിക്കയിൽ എത്തിച്ചേർന്ന ആനയുടെയും ആ മൃഗത്തെ അവിടെ എത്തിച്ച് വഴിയിൽ അപ്രത്യക്ഷനാകുന്ന ആനപ്പാപ്പാന്റെയും മനോവിചാരവിക്ഷോഭങ്ങളെ രേഖപ്പെടുത്തുന്ന കഥയാണ് ഇത്.
ഇതിനകം ശ്രദ്ധേയനായിക്കഴിഞ്ഞ യുവമാധ്യമപ്രവർത്തകൻ കൂടിയായ കനിഷ്‌ക് തരൂരിന്റെ ആദ്യകഥാസമാഹാരം നക്ഷത്രങ്ങളിൽ നീന്തുന്നവൻ എന്ന പേരിലാണ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപൂർവ്വമായ ആഖ്യാനഭൂമികകളെ സ്വീകരിച്ച് ലളിതമായ ഭാഷയിലൂടെ, വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. ഭാവനയും സർഗാത്മകതയും ചേർത്ത് ഇന്നേവരെ ആരും കടന്നുപോകാത്ത പശ്ചാത്തലഭൂമികകളിൽക്കൂടി, അന്വേഷണാത്മകമായ മനസ്സോടെ സഞ്ചരിച്ച് രചിക്കപ്പെട്ടവയാണ് ഇവ. എഴുത്തുകാരനും രാഷ്ട്രീയപ്രവർത്തകനുമായ ശശി തരൂരിന്റെ മകനാണ് കനിഷ്‌ക് തരൂർ. നാഷണൽ മാഗസിൻ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്ന ഈ കഥാസമാഹാരം വിവർത്തനം ചെയ്തിരിക്കുന്നത് സുരേഷ് എം.ജി. ആണ്.