Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലിബാബയും 40 കള്ളന്മാരും

children-2

വളരെ വര്‍ഷങ്ങൾക്കു മുൻപ് പേർഷ്യയിൽ ധനികനായ ഒരു വ്യാപാരി ജീവിച്ചിരുന്നു. കാസിമും ആലിബാബയുമായിരുന്നു അയാളുടെ പുത്രന്മാർ പിതാവിന്റെ മരണശേഷം മൂത്ത പുത്രൻ കാസിം സ്വത്തെല്ലാം കൈക്കലാക്കി. ഒരു ധനിക ഭവനത്തിൽ നിന്ന് അയാൾ വിവാഹവും കഴിച്ചു. അനുജനാകട്ടെ കാട്ടിൽ പോയി വിറകുവെട്ടി വിറ്റാണ് ജീവിതം കഴിച്ചത്. ഒരു പാവപ്പെട്ട പെൺകുട്ടിയാണ് ഭാര്യ.

രാവിലെ തന്നെ ആലിബാബ ജോലിക്കു പോകും. ഒരു നാൾ കുറച്ചധികം ആളുകൾ തങ്ങളുടെ കഴുതപ്പുറത്ത് വനത്തിലൂടെ വരുന്നത് അയാൾ കണ്ടു. താൻ നിൽക്കുന്ന സ്ഥലത്തേക്കാണ് അവർ വരുന്നതെന്നു കണ്ട് ഒരു വലിയ വൃക്ഷത്തിൽ കയറി ഇലകൾക്കിടയിൽ അയാൾ മറഞ്ഞു. വലിയ ഒരു പാറക്കൂട്ടം വൃക്ഷത്തിന്റെ സമീപത്തുണ്ട്. അവർ വന്ന് അവിടെ നിന്നു. സംഘത്തലവൻ എന്നു തോന്നിക്കുന്നയാൾ ‘ഓപ്പൺ സിസൈം’ എന്നു പറയുകയും പാറയുടെ മുകൾഭാഗം ഇരുവശത്തേക്കും കതകു തുറക്കും പോലെ തുറക്കപ്പെടുകയും ചെയ്തു. അവർ ഉള്ളിലേക്കു പ്രവേശിച്ചു. നാൽപതു പേരുണ്ടായിരുന്നു. കുറച്ചു സമയത്തിനുശേഷം അവർ പുറത്തു വന്നു. ‘ഷട്ട് സിസൈം’ എന്നു സംഘത്തലവൻ പറഞ്ഞതോടെ പാറ പഴയ രീതിയിലായി.

അവർ പോയി മറഞ്ഞു എന്ന് ഉറപ്പായപ്പോൾ ആലിബാബ വൃക്ഷത്തിൽ നിന്ന് ഇറങ്ങി. താൻ കേട്ട വാക്കുകൾ ഒന്നു പറഞ്ഞു നോക്കാമെന്ന് കരുതി അയാൾ പാറയുടെ സമീപത്ത് ചെന്ന് ‘ഓപ്പൺ സിസൈം’ എന്നു ഉച്ചത്തിൽ പറഞ്ഞു. അദ്ഭുതമെന്നു പറയട്ടെ പാറ പിളരുന്നു. അയാൾ അതിലൂടെ അകത്തു പ്രവേശിച്ചു. അയാൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അനവധി സ്വർണ്ണവും രത്നങ്ങളും കൂട്ടിയിട്ടിരിക്കുന്നു. തിടുക്കത്തിൽ ഒരു ചാക്കു നിറയെ സ്വർണ്ണ നാണയങ്ങൾ നിറച്ച് അയാൾ പുറത്തിറങ്ങി ‘ഷട്ട് സിസൈം’ എന്നു പറയുകയും പാറ പഴയ സ്ഥിതിയിലാകുകയും ചെയ്തു. ഇവർ കൊള്ളക്കാർ തന്നെ എന്നു ചിന്തിച്ചു കൊണ്ട് അതിവേഗം തന്റെ കഴുതപ്പുറത്തു കയറി വീട്ടിലെത്തി. ഭാര്യോട് ‘വേഗം സഹോദര ഭവനത്തിൽ ചെന്ന് ഒരു ത്രാസ് വങ്ങുവാൻ ’ പറഞ്ഞു. അവർ ത്രാസ് വാങ്ങുവാൻ പോയി. 

കാസിമിന്റെ ഭാര്യയ്ക്കു അപ്പോൾ സംശയമായി എന്തിനാവാം ഇവർക്ക് ത്രാസ് അവർ ത്രാസിൽ അൽപ്പം പശ േതച്ച് ത്രാസ് കൊടുത്തയച്ചു. ത്രാസിന്റെ ആവശ്യം കഴിഞ്ഞ് ഉടനെ മടക്കി കൊടുക്കുകയും ചെയ്തു. ത്രാസ് സസൂക്ഷ്മം പരിശോധിച്ചപ്പോൾ അവർ അദ്ഭുതപ്പെട്ടു പോയി. അതാ ഒരു സ്വർണ്ണ നാണയം. അപ്പോൾ അളന്നത് സ്വർണ്ണം തന്നെ. വൈകുന്നേരം വീട്ടിൽ എത്തിയ കാസിമിനോട് ഭാര്യ എല്ലാം വിശദമായി പറഞ്ഞു. സഹോദരൻ വലിയ സമ്പന്നനായി. നിങ്ങളും പോയി നിധി കൊണ്ടു വരിക കാസിം സഹോദരൻ ആലിബാബയെ കണ്ടു വിവരങ്ങൾ മനസ്സിലാക്കി. നിധിപ്പുര തുറക്കാനും അടയ്ക്കാനുമുള്ള വാക്കുകളും മനസ്സിലാക്കി പുറപ്പെട്ട് വന ത്തിൽ ചെന്ന് പാറക്കൂട്ടം കണ്ടു പിടിച്ച് ആലിബാബ പറഞ്ഞു കൊടുത്ത വാക്ക് ഉപയോഗിച്ച് പാറ തുറന്നു. അദ്ഭുതകരമായ കാഴ്ച കണ്ട് ആകെ സംഭ്രമം പിടിച്ച അയാൾ അവയെല്ലാം പല ചാക്കുകളിൽ നിറച്ചു. സമയം പോകുന്നതറിയാതെ. പിന്നീട് അവയെല്ലാം ചുമന്ന് പുറത്തിറങ്ങാൻ വന്നപ്പോൾ പാറ തുറക്കാനുള്ള വാക്ക് മറന്നു കഴിഞ്ഞു. പരിഭ്രാന്തനായ അയാൾ ഗുഹയ്ക്കുള്ളിൽ പരക്കം പാഞ്ഞു. അപ്പോൾ തന്നെ കള്ളന്മാർ എത്തിക്കഴിഞ്ഞു. അയാളെ പിടിച്ചു. പല തുണ്ടമാക്കി നുറുക്കി കഴിഞ്ഞു. 

കാസിം മടങ്ങിവരാഞ്ഞത് എന്തുകൊണ്ടെന്നറിയാൻ ആലിബാബ പുറപ്പെട്ടു. പലദിക്കിലും അന്വേഷിച്ചു. ഒടുവിൽ നിധിയറയിൽ എത്തിയപ്പോൾ കാസിമിന്റെ ശരീരം കണ്ടു. അയാൾ അവയെല്ലാം എടുത്ത് തന്റെ കഴുതപ്പുറത്തു കയറ്റി വീട്ടിൽ കൊണ്ടു വന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ബുദ്ധിമതിയായ ഒരു അടിമപെൺകുട്ടിയുണ്ട്. മോർജിയാന. അവളെ വിളിച്ചിട്ടു പറഞ്ഞു മോർജിയാന ഈ ശരീരം തുന്നി ഒന്നാക്കുക ആർക്കും ഒരു സംശയവും തോന്നരുത്. 

മോർജിയാന ഒരു മരുന്നു ഷോപ്പിൽ ചെന്ന് കാസിം അതീവ ഗുരുതരാവസ്ഥയിലാണ് അതിനാൽ മരുന്ന് ആവശ്യപ്പെട്ടു. പിന്നീട് വിദഗ്ധനായ തുന്നൽക്കാരൻ ബാബ മുസ്തഫയെ പോയി കണ്ടു. നല്ല തുക വാഗ്ദാനം ചെയ്ത് അദ്ദേഹവുമായി വീട്ടിലെത്തി. സ്ഥലം മനസ്സിലാകാതിരിക്കാൻ അയാളുടെ കണ്ണ് മൂടിക്കെട്ടിയാണ് കൊണ്ടു വന്നത്. കാസിമിന്റെ ശരീരം തുന്നിക്കെട്ടി. സ്വാഭാവിക മരണം എന്ന് വരുത്തിത്തീർത്തു. 

കൊള്ളക്കാർ മടങ്ങിവന്നപ്പോൾ കാസിമിന്റെ ശരീരം നഷ്ടപ്പെട്ടതറിഞ്ഞ് പരിഭ്രമിച്ചു. ഒരാൾ കൂടി നമ്മുടെ സങ്കേതം കണ്ടെത്തിയിരിക്കുന്നു. അയാളെ പിടികൂടുവാൻ ഒരു കള്ളനെ സംഘത്തലവൻ നിയോഗിച്ചു. അയാൾ അന്വേഷിച്ചു. ഒടുവിൽ തയ്യൽക്കാരൻ ബാബ മുസ്തഫയെ കണ്ടു പിടിച്ചു. ഒരു സ്വർണനാണയം കൊടുത്തപ്പോൾ ബാബമുസ്തഫ ആലിബാബയുടെ വീട് കാണിച്ചു കൊടുത്തു. അയാൾ വീടിന് ഒരു അടയാളവും ഇട്ടു. മോർജിയാന ഇത് കാണുന്നുണ്ടായിരുന്നു. അവൾ അതേ അടയാളം ആ വീഥിയിലെ എല്ലാ വീടിനും ഇട്ടു. 

രാത്രിയിൽ കൊള്ളക്കാർ വന്നു. പക്ഷേ, അവർക്ക് ആലിബാബയുടെ വീട് കണ്ടെത്താനായില്ല. കോപാകുലനായ നേതാവ് ഇയാളെ വധിച്ചു. മറ്റൊരാളെ നിയോഗിച്ചു. അയാളും ബാബ മുസ്തഫയിൽ നിന്ന് വിവരം ശേഖരിച്ച് ആലിബാബയുടെ വീട്ടിലെത്തി. ഒരു വിറകു കഷണം അടയാളം വെച്ച്  മടങ്ങി. മോർജിയാന ഇതേ രീതിയിലുള്ള വിറകു കഷണം തെരുവിലെ എല്ലാ വീടുകളിലും വെച്ചു. രാത്രിയിൽ  കൊള്ളക്കാർ എത്തിയപ്പോൾ അവർക്ക് വീട് കണ്ടെത്താനായില്ല. കൊളളത്തലവന്റെ വാളിന് അയാളും ഇരയായി. 

കൊള്ളത്തലവൻ തന്നെ ആലിബാബയുടെ വീട് തേടി ഇറങ്ങി. അയാൾ അടയാളങ്ങളെല്ലാം മനസ്സിൽ കുറിച്ചിട്ടു. സന്ധ്യയായപ്പോൾ വേഷം മാറി ഒരു എണ്ണ വ്യാപാരിയുടെ രൂപത്തിൽ എത്തി. ‘എന്റെ  പക്കൽ കുറച്ച് എണ്ണയുണ്ട്. ഒരു രാത്രിയിൽ ഇവിടെ ഒന്നു ഇറക്കി വയ്ക്കട്ടെ. ആലിബാബ സസന്തോഷം സമ്മതിച്ചു. 38 വീപ്പകൾ ഒരു വീപ്പയിൽ നിറയെ എണ്ണയും. മോർജിയാന വീപ്പകൾക്കരികിലൂടെ നടന്നപ്പോൾ അവയ്ക്കുള്ളിൽ നിന്നു ചില ശബ്ദങ്ങൾ കേൾക്കുന്നു. ബുദ്ധിമതിയായ മോർജിയാന കുറച്ചു തിളപ്പിച്ച എണ്ണ കൊണ്ടു വന്ന് ഓരോ വീപ്പയിലും ഒഴിച്ചു. രാത്രിയിൽ കൊള്ളത്തലവൻ ഉണർന്ന് വീപ്പയിലുള്ളവരെ വിളിച്ചപ്പോൾ ശബ്ദം ഒന്നും കേൾക്കുന്നില്ല. തുറന്നു നോക്കിയപ്പോൾ എല്ലാവരും കൊല്ലപ്പെട്ടതായി അറിഞ്ഞ് അയാൾ അവിടെ നിന്ന് വേഗം കടന്നു കളഞ്ഞു. 

പ്രഭാതമായപ്പോൾ മോർജിയാന ഭവനത്തിലുള്ളവരെ വിളിച്ചുണർത്തി. മോർജിയാന വീണ്ടും അവരുടെ ജീവൻ രക്ഷിച്ചതിന് എല്ലാവരും അവളെ ആവോളം അഭിനന്ദിച്ചു. കൊള്ളക്കാരുടെ മൃതദേഹം മറവു ചെയ്തു. ആലിബാബ മോർജിയാനയെ വിളിച്ചു ‘മകളെ നീ ഞങ്ങളുടെ ജീവൻ രക്ഷിച്ചു. നീ ഇനിയും അടിമയല്ല. നിന്നെ ഞാൻ സ്വതന്ത്രയാക്കുന്നു’ എന്നാൽ അവൾ വിനയപൂർവ്വം പറഞ്ഞു ഞാൻ ഈ വീട്ടിൽ തന്നെ പാർത്തു കൊള്ളാം’.

പല മാസങ്ങൾ കടന്നു പോയി. കൊള്ളത്തലവൻ വലിയ ഒരു വ്യാപാരിയുടെ രൂപത്തിൽ വന്നു. നാട്ടിലെ എല്ലാ പ്രമുഖ വ്യക്തികളെയും ഒരു വിരുന്നിന് ക്ഷണിച്ചു. ആലിബാബയേയും മകനെയും മറ്റു കുടുംബാംഗങ്ങളെയും ക്ഷണിച്ചിരുന്നു. വിരുന്ന് വേളയിൽ മോർജിയാന ഒരു വാളുയർത്തിപ്പിടിച്ചു കൊണ്ട് നൃത്തം ചെയ്യുകയാണ്.  എല്ലാവരും സന്തോഷത്താൽ നിറഞ്ഞു നിൽക്കുമ്പോൾ അവൾ വ്യാപാരിയുടെ അടുക്കലേക്കു ചെന്നു. കയ്യിലുള്ള വാൾ അയാളുടെ നെഞ്ചിൽ കുത്തിയിറക്കി. 

ആലിബാബ മോർജിയാനയുടെ ഈ പ്രവർത്തിയിൽ വിഷമിച്ചു. അതിഥിയെ അപമാനിച്ചതിൽ ദുഃഖിച്ചു കൊണ്ട് മോർജിയാനയുടെ നേരെ കോപാകുലനായി പാഞ്ഞടുത്തു. എന്നാൽ അതിഥി പഴയ കൊള്ളത്തലവനാണെന്നും അയാൾ തങ്ങളെ വധിക്കാൻ വന്നതാണെന്നും മനസ്സിലാക്കി. മോർജിയാനയെ അഭിനന്ദിച്ച അയാൾ തന്റെ പുത്രന്  അവളെ വിവാഹം ചെയ്തു കൊടുത്തു. 

കൊള്ളക്കാരുടെ വൻപിച്ച സ്വത്തിനും അവൾ അവകാശിയായി. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം