Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്ക് വായിച്ച് രസിക്കാൻ അമ്മക്കുട്ടിയുടെ ലോകം

മാതാപിതാക്കള്‍ യന്ത്രങ്ങളെക്കാള്‍ വേഗത്തില്‍ ചിന്തിക്കുകയും തിരക്കിലാകുകയും ചെയ്യുന്ന ആധുനിക ലോകത്ത് ഒറ്റപ്പെടല്‍ അനുഭവിക്കുന്നത് അണുകുടുംബത്തിലെ കുട്ടികളാണ്. പില്‍ക്കാലത്ത് അവരുടെ വ്യക്തിത്വങ്ങളെത്തന്നെ ബാധിക്കുന്ന നിലയിലേക്ക് ഈ ഏകാന്തത അവരെ മാറ്റിമറിച്ചേക്കാമെന്ന് മനശാസ്ത്ര വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നു.

എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ കെ.എ.ബീന തന്റെ അപ്പു എന്ന മകന്റെ ഒറ്റപ്പെടല്‍ വേദന മനസ്സിലാക്കി അവനെ സന്തോഷിപ്പിക്കാന്‍ ഒരു വഴി കണ്ടെത്തി. അമ്മയുടെ കുട്ടിക്കാലത്തേയ്ക്ക് അപ്പുവിനെ കൊണ്ടുപോകാന്‍ അവര്‍ അമ്മക്കുട്ടിയായി മാറി. അവനായി ആരും പറഞ്ഞിട്ടില്ലാത്ത കഥകള്‍ എഴുതിവെച്ചു. അതൊക്കെ വായിച്ച് അപ്പു മിടുക്കനായി മാറി.

സ്വന്തം മകന് പറഞ്ഞുകൊടുത്ത ആ കഥകള്‍ ബീന പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായിക്കാന്‍ ഒരുപാട് മക്കളും വായിപ്പിക്കാന്‍ ഒരുപാട് മാതാപിതാക്കളും മുന്നോട്ടുവന്നു. 'അമ്മക്കുട്ടിയുടെ ലോകം', 'അമ്മക്കുട്ടിയുടെ സ്‌കൂള്‍', 'അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍' തുടങ്ങിയ പുസ്തകങ്ങള്‍ വായനക്കാര്‍ പ്രായഭേദമന്യേ ഹൃദയത്തോട് ചേര്‍ത്ത് വച്ചു.. അവയില്‍ അമ്മക്കുട്ടിയുടെ ലോകം, അമ്മക്കുട്ടിയുടെ സ്‌കൂള്‍ എന്നിവ ഒരുമിച്ചാക്കി അമ്മക്കുട്ടിയുടെ ലോകം എന്ന പേരില്‍ ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

കുട്ടികളെ സ്‌നേഹിക്കുന്ന മാതാപിതാക്കള്‍ കുരുന്നുകള്‍ക്ക് തീര്‍ച്ചയായും വാങ്ങിക്കൊടുക്കേണ്ട പുസ്തകമാണ് അമ്മക്കുട്ടിയുടെ ലോകം. ഇനിയൊരിക്കലും തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത ഒരു മനോഹരലോകത്തെയാണ് ചിത്രങ്ങളിലൂടെ പുസ്തകം വരച്ചുകാണിക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ നടത്തിയ റഷ്യന്‍ പര്യടനത്തെ ആസ്പദമാക്കി രചിച്ച ബീന കണ്ട റഷ്യയാണ് കെ.എ.ബീനയുടെ ആദ്യപുസ്തകം. 25 വര്‍ഷങ്ങള്‍ക്കുശേഷം 2007ലും 2010ലും ഈ പുസ്തകം പുന:പ്രസിദ്ധീകരിച്ചു. ബ്രഹ്മപുത്രയിലെ വീട്, പെരുമഴയത്ത്, ചരിത്രത്തെ ചിറകിലേറ്റിയവര്‍ തുടങ്ങിയവ അടക്കം നിരവധി പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. 

Your Rating: