Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നോവൈറ്റും ഏഴു ചെറിയ മനുഷ്യരും

snow-white വര: മാർട്ടിൻ പി.സി.

പുറത്തു മഞ്ഞു പെയ്യുകയാണ്. തോരണം പോലെ മഞ്ഞു കണങ്ങൾ വൃക്ഷക്കൊമ്പുകളിൽ നിറഞ്ഞു നിൽക്കുന്നു. ശീതക്കാറ്റിൽ അവ ചെറുതായി ഇളകി ആടുകയാണെന്ന് തോന്നും. രാജ്ഞി ജനലരികിൽ ഇരുന്നു കമ്പിളി തുന്നുകയാണ്. ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ അവരുടെ കയ്യിൽ സൂചിമുന തറഞ്ഞു കയറി. ‘അയ്യോ’ േവദനയോടെയുള്ള രാജ്ഞിയുടെ ശബ്ദം. പൊടിഞ്ഞു വന്ന ചോരത്തുള്ളികൾ മഞ്ഞിലേയ്ക്ക് കുടഞ്ഞ അവർ ഒരു മനോഹര കാഴ്ച കണ്ടു. മഞ്ഞിൽ ചോരത്തുള്ളികൾ എത്ര സുന്ദരം. 

രാജ്ഞി ഓർത്തു ‘മഞ്ഞിന്റെ നിറവും ചുണ്ടുകൾക്ക് ചോര വർണ്ണവുമുള്ള ഒരു കുട്ടി എനിക്കു പിറന്നിരുന്നുവെങ്കിൽ. നാളുകൾ കടന്നു പോയി. അവർ പറഞ്ഞ വാക്കുകൾ സഫലമായിത്തീർന്നു. മഞ്ഞിന്റെ വെണ്മയും ചെന്താമരയുടെ ചുണ്ടുകളും ഉള്ള ഒരു പെൺകുഞ്ഞ് രാജ്ഞിക്ക് പിറന്നു. അവർ അവൾക്ക് ഒരു പേരിട്ടു ‘സ്നോവൈറ്റ്’. എല്ലാവർക്കും ഓമനയായി അവൾ വളർന്നു. 

രാജ്ഞിക്ക് കുഞ്ഞിനെ അധികം ലാളിക്കുവാൻ കഴിഞ്ഞില്ല. പെട്ടെന്നുള്ള രോഗത്താൽ രാജ്ഞി മരിച്ചു. 

അധികം വൈകാതെ രാജാവ് മറ്റൊരു വിവാഹം കഴിച്ചു. അതിസുന്ദരിയാണവർ. തന്റെ സൗന്ദര്യത്തിൽ മതിമറന്ന് അമിതമായി അവർ അഹങ്കരിച്ചു. 

രാജ്ഞിക്ക് ഒരു അദ്ഭുത കണ്ണാടിയുണ്ട്. എന്തു ചോദിച്ചാലും കൃത്യമായി മറുപടി പറയാൻ കഴിയുന്ന കണ്ണാടി. ഒരു ദിവസം അവർ ചോദിച്ചു ‘പറയൂ കണ്ണാടി ഞാൻ അല്ലേ ലോകത്തിലെ ഏറ്റവും സുന്ദരി’.

അപ്പോൾ കണ്ണാടി പറഞ്ഞു ‘സ്നോവൈറ്റ് കഴിഞ്ഞാൽ ’ കണ്ണാടിയുടെ ഈ മറുപടി രാജ്ഞിയുടെ സ്വസ്ഥത കെടുത്തി’ സ്നോവൈറ്റ്, അവളിനി ജീവിക്കേണ്ട’ അവർ തീരുമാനിച്ചു. 

രാജ്ഞി തന്റെ വിശ്വസ്ത വേട്ടക്കാരനെ വിളിച്ചിട്ട് പറഞ്ഞു. ‘സ്നോവൈറ്റിനെ കാട്ടിൽ കൊണ്ടുപോയി കൊല്ലുക.’

പരിചാരകൻ കുട്ടിയുമായി വനത്തിലേയ്ക്കു പോയി. അയാൾ കത്തി ഊരി. എന്നാൽ കുട്ടിയുടെ നിഷ്കളങ്ക മുഖത്തേയ്ക്ക് നോക്കിയപ്പോൾ അയാൾക്ക് കുഞ്ഞിനെ കൊല്ലാൻ കഴിഞ്ഞില്ല. ‘വേഗം പൊയ്ക്കോ’ ഇതു പറഞ്ഞിട്ട് അയാൾ കൊട്ടാരത്തിലേക്ക് മടങ്ങി. 

ഘോരവനം സ്നോവൈറ്റ് കാട്ടിലൂടെ വളരെയധികം സഞ്ചരിച്ചു. വിശപ്പും ദാഹവും ക്ഷീണവും അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി. അപ്പോൾ അതാ ദൂരെ ഒരു കുടിൽ കാണുവാൻ ഇടയായി. അവൾ അവിടേക്കു ചെന്നു. കതക് അടച്ചിരിക്കുകയാണ്. പതുക്കെ ഒന്നു തള്ളിനോക്കിയപ്പോൾ കതകു തുറന്നു. അവിടെ ഒരു ചെറിയ മേശ വിരിച്ചൊരുക്കിയിരുന്നു. അതിനു ചുറ്റുമായി ഏഴു കസേരകൾ. മേശയിൽ ഭക്ഷണസാധനങ്ങൾ നിരത്തി വെച്ചിട്ടുണ്ട്. ഏഴു പാത്രങ്ങളിലായി വീഞ്ഞും നിറച്ചിരിക്കുന്നു. അവൾ അവയിൽ നിന്ന് അൽപാൽപ്പം എടുത്തു കഴിക്കുവാൻ തുടങ്ങി. വീഞ്ഞു എല്ലാ പാത്രങ്ങളിൽ നിന്നും എടുത്തു കുടിച്ചു. അവിടെ ഏഴു കട്ടിലുകൾ വിരിച്ച് ഇട്ടിരുന്നു. ഏഴാമത്തെ കട്ടിലിൽ കയറി അവൾ കിടന്നു. ക്ഷീണം കൊണ്ട് ഉറങ്ങുകയും ചെയ്തു. 

സന്ധ്യയായപ്പോൾ ആ കൊച്ചു വീട്ടിലേക്ക് ഏഴുപേർ എത്തി. അവരുടെ തലയിൽ കൂന്തൻ തൊപ്പിയുണ്ട്. പകൽ മുഴുവൻ ജോലി ചെയ്ത് തളർന്നാണ് അവർ എത്തിയത്. അവർ ഭക്ഷണത്തിന് ഇരുന്നു. 

ഒന്നാമൻ ‘എന്റെ ഭക്ഷണത്തിൽ നിന്ന് ആരോ കുറച്ചെടുത്തിട്ടുണ്ട്.' രണ്ടാമൻ ‘എന്റെ വീഞ്ഞ് ആരോ കുടിച്ചു’ . അവർ ഏഴുപേർക്കും ഇതു തന്നെയാണ് പറയാനുള്ളത്. അപ്പോൾ ഏഴാമൻ തന്റെ കട്ടിലിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് എല്ലാവരെയും വിളിച്ചു. അവർ വന്നു നോക്കിയപ്പോൾ അതിസുന്ദരിയായ പെൺകുട്ടി കട്ടിലിൽ സുഖമായി ഉറങ്ങുന്നു. കൂന്തൽ തൊപ്പിക്കാർ കട്ടിലിനു ചുറ്റും പകച്ചു നിൽക്കുകയാണ്. കുറേ സമയം അവർ അവിടെ നിന്നു. ഒടുവിൽ സ്നോവൈറ്റ് ഉണർന്നു. പെൺകുട്ടി ആദ്യം ഭയന്നു പോയി. എന്നാൽ ഇവർ ഉപദ്രവകാരികളല്ലെന്നു മനസ്സിലായപ്പോൾ അവൾ വേഗം തന്നെ അവരുടെ സ്നേഹിതയായി മാറി. സ്നോവൈറ്റ് അവർക്കു ഭക്ഷണം പാകം ചെയ്തു വെയ്ക്കും. ഏഴു പേരും ജോലി കഴിഞ്ഞു വരുമ്പോൾ അവൾ അവർക്ക് ഭക്ഷണം വിളമ്പും. 

ഒരിക്കൽ രാജ്ഞി നന്നായി ഒരുങ്ങി കണ്ണാടിയുടെ മുൻപിൽ നിന്നു ചോദിച്ചു ‘കണ്ണാടി പറയൂ ഞാൻ അല്ലേ ലോകസുന്ദരി’ അപ്പോൾ കണ്ണാടി പറഞ്ഞു ‘അല്ല സ്നോവൈറ്റ് ആണ്’ അവൾ ജീവിച്ചിരിക്കുന്നുവോ എവിടെയാണ് അവൾ? രാജ്ഞി ചോദിച്ചു. ‘ഏഴു മലകൾക്കപ്പുറം ഏഴു കുള്ളന്മാരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു’ കണ്ണാടി പറഞ്ഞു. 

രാജ്ഞി സ്നോവൈറ്റിനെ കണ്ടെത്താൻ പുറപ്പെട്ടു. നല്ല ഒരു വസ്ത്രവ്യാപാരിയെപ്പോലെ വേഷം മാറിയാണ് പോകുന്നത്. വളരെ യാത്ര ചെയ്ത് സ്നോവൈറ്റിന്റെ  താമസസ്ഥലം അവൾ കണ്ടു പിടിച്ചു. ‘തുണികൾ വേണോ തുണികൾ നല്ല പളുങ്കു പോലെയുള്ള തുണികൾ.’ സ്നോവൈറ്റ് പുറത്തേക്കു നോക്കിയതും അവർ കതക് തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചു. സ്നോവൈറ്റിന്റെ ശരീരത്തിൽ ഉടുപ്പുകൾ ചേർത്ത് വച്ച് അവർ ഓരോ തുണിയും കാണിച്ചു കൊടുത്തു. ഒടുവിൽ മനോഹരമായ ഒരു ലെയ്സ് എടുത്ത് അവളുടെ കഴുത്തിൽ അണിയിച്ചു. നിമിഷങ്ങൾക്കുള്ളിൽ അവർ സ്നോവൈറ്റിന്റെ കഴുത്തിൽ അവ ചുറ്റി മുറുക്കി സ്നോവൈറ്റ് പെട്ടെന്നു തന്നെ ബോധരഹിതയായി നിലംപതിച്ചു. ഈ സമയത്തിനുള്ളിൽ രാജ്ഞി അവിടെ നിന്നു കടന്നു കളഞ്ഞു. 

വൈകുന്നേരം കുള്ളന്മാർ ജോലി കഴിഞ്ഞു മടങ്ങി വന്നപ്പോൾ ചേതനയറ്റു കിടക്കുന്ന സ്നോവൈറ്റിനെ കണ്ടു പരിഭ്രമിച്ചു. ഒരാൾ ഓടിവന്ന് ഒരു കത്തിയെടുത്ത് ലെയ്സ് മുറിച്ചു. മറ്റൊരാൾ അവളുടെ മുഖത്ത് വെള്ളം തളിച്ചു. ബോധം വീണ്ടു കിട്ടിയപ്പോൾ സ്നോവൈറ്റ് നടന്നതെല്ലാം അവരോട് വിവരിച്ചു പറഞ്ഞു. പിറ്റെദിവസം ജോലിക്കായി പുറപ്പെട്ടപ്പോൾ ‘സ്നോവൈറ്റ്, ആരുവന്നാലും വാതിൽ തുറക്കരുത്’ എന്നു പറഞ്ഞിട്ടാണ് അവർ പോയത്. 

സ്നോവൈറ്റിന്റെ കഥ അവസാനിച്ചു എന്നു കരുതി രാജ്ഞി അണിഞ്ഞൊരുങ്ങി കണ്ണാടിയുടെ മുൻപിലെത്തി. ‘കണ്ണാടി പറയൂ ആരാണ് വിശ്വസുന്ദരി’ കണ്ണാടി ഉടനെ മറുപടിയും പറഞ്ഞു ‘സ്നോവൈറ്റു തന്നെ’. അവൾ മരിച്ചില്ല അല്ലേ? രാജ്ഞി ഒരു കച്ചവടക്കാരിയുടെ വേഷം ധരിച്ചു. സ്നോവൈറ്റിന്റെ വീട്ടുമുറ്റത്തെത്തി. ഉറക്കെ വിളിച്ചു പറഞ്ഞു ‘ചീപ്പ് ചീപ്പേ ! മനോഹരമായ ചീപ്പുകൾ’ സ്നോവൈറ്റ് അകത്തു നിന്നു പറഞ്ഞു വേണ്ട ആരു വന്നാലും ‘വാതിൽ തുറക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്’. ‘വാതിൽ തുറക്കണ്ട ജനൽ മാത്രം തുറന്നാൽ മതി! രാജ്ഞി പറഞ്ഞു. അങ്ങനെ സ്നോവൈറ്റ് ജനാലയുടെ ഒരു വശം തുറന്നു. ‘ഹാ എത്ര നല്ല മുടി, മോളേ ഞാൻ ചീകിത്തരാം എന്നു പറഞ്ഞുകൊണ്ടു അവർ സ്നോവൈറ്റിന്റെ മുടി ചീകാൻ തുടങ്ങി. എന്നാൽ ഉഗ്രവിഷം പുരട്ടിയിരുന്ന ചീപ്പായിരുന്നു അത്. പെട്ടെന്നു തന്നെ സ്നോവൈറ്റ് മയങ്ങി വീണു. കച്ചവടക്കാരിയുടെ വേഷം ധരിച്ച രാജ്ഞി അതിവേഗം അവിടെ നിന്ന് ഓടി അകന്നു. 

വൈകുന്നേരം ജോലി കഴിഞ്ഞു മടങ്ങി എത്തിയ ചെറിയ മനുഷ്യർ ബോധരഹിതയായി മരവിച്ചു കിടക്കുന്ന സ്നോവൈറ്റിനെ കണ്ടു. വേഗം തന്നെ അവളുടെ തലയിൽ തറഞ്ഞു കയറിയ ചീപ്പ് അവർ വലിച്ചൂരിയെടുത്തു. പതുക്കെ അവൾ കണ്ണു തുറന്നു. അവൾ നടന്നതെല്ലാം അവരോടു പറഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. 

സ്നോവൈറ്റ് ഇനിയും ഭൂമുഖത്ത് കാണുകയില്ല എന്നു രാജ്ഞി കരുതി. മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം അവള്‍ കണ്ണാടിയുടെ മുൻപിൽ നിന്നു. ഇപ്പോൾ പറയൂ കണ്ണാടി ആരാണ് ലോകത്തിലേക്കും സുന്ദരി? ‘സംശയിക്കേണ്ട സ്നോവൈറ്റ്’ കണ്ണാടി പറഞ്ഞു. പരവശയായ രാജ്ഞി കോപം കൊണ്ടു ജ്വലിച്ചു. രാജ്ഞി പടുവൃദ്ധയായ ഒരു പഴക്കച്ചവടക്കാരിയുടെ വേഷം ധരിച്ചു. ഇപ്പോൾ രാജ്ഞിയെ ആർക്കും തിരിച്ചറിയാൻ പോലും കഴിയുകയില്ല. ഏഴു മലകളും കടന്ന് അവർ സ്നോവൈറ്റിന്റെ വാസസ്ഥലത്ത് എത്തി. ‘പഴം വേണോ പഴങ്ങൾ. കൊതിയൂറുന്ന പഴങ്ങൾ’ അവർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. 

അപ്പോൾ സ്നോവൈറ്റ് ‘വേണ്ട ഇവിടെ ഒന്നും വേണ്ട. വേഗം പൊയ്ക്കൊൾക’ എന്നു വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞു. അപ്പോൾ രാജ്ഞി ‘കുഞ്ഞേ നിന്നെ ഇതിനു മുൻപ് ആരോ ചതിച്ചിട്ടുണ്ടാവും. ഞാൻ അത്തരക്കാരിയല്ല. വാതിൽ തുറക്കേണ്ട ജനൽ തുറന്നാൽ മതി’ സ്നോവൈറ്റ് ജനൽ തുറന്നു. ‘വിശ്വാസം ഇല്ലെങ്കിൽ ഞാൻ കഴിച്ചു കാണിക്കാം’. അവർ മനോഹരമായ ഒരു ആപ്പിൾ എടുത്തു. അതിൽ നിന്നും ഒരു കഷണം കഴിച്ചു കാണിച്ചു. മറുവശത്തു നിന്ന് ഒരു കഷണം സ്നോവൈറ്റിനും കൊടുത്തു. അതിൽ കൊടുംവിഷം പുരട്ടിയിരുന്നു. പഴം കഴിച്ച ഉടനെ സ്നോവൈറ്റിന്റെ കണ്ണുകൾ മറിഞ്ഞു ശ്വാസം നിലച്ചു. കുള്ളന്മാർ പതിവുപോലെ എത്തിയപ്പോൾ ജീവനില്ലാത്ത സ്നോവൈറ്റിന്റെ ശരീരം കണ്ടു. അവർക്ക് ദുഃഖം സഹിക്കാതായി.

അവർ അവളെ പൂക്കൾ നിറച്ച മനോഹരമായ സ്ഫടികപ്പെട്ടിയിൽ അടച്ചു. ഏഴു മലകൾക്കപ്പുറം ഉള്ള സ്ഥലത്ത് ആക്കി. ഓരോ കുള്ളന്മാർ അവൾക്ക് മാറി മാറി കാവൽ നിന്നു.

ഒരുനാൾ ഒരു രാജകുമാരൻ ആ വഴി വന്നു. അദ്ദേഹം സ്നോവൈറ്റിന്റെ ശരീരം കാണുവാൻ ഇടയായി. അദ്ദേഹത്തിന് അവളോട് അതിയായ സ്നേഹം തോന്നി. ഈ ശരീരം തനിക്കു തരണമെന്ന് കാവൽ നിൽക്കുന്ന കുള്ളനോട് പറഞ്ഞു. ‘ഇല്ല! സ്നോവൈറ്റിനെ തരികയില്ല’ ഒടുവിൽ കരഞ്ഞപേക്ഷിച്ച രാജകുമാരനെ സ്നോവൈറ്റിന്റെ ശരീരം കൊണ്ടു പോകാൻ കുള്ളന്മാർ അനുവദിച്ചു. 

തന്റെ ദാസന്മാരെക്കൊണ്ട് ആ പേടകം എടുപ്പിച്ചു പോകുമ്പോൾ ഒരു ഭടന്റെ കാലിടറുകയും പേടകം പൊട്ടി നിലത്തു തെറിക്കുകയും ചെയ്തു. അദ്ഭുതം എന്നു പറയട്ടെ ഈ സമയത്ത് സ്നോവൈറ്റിന്റെ വായിൽ കടിച്ചു പിടിച്ചിരുന്ന പഴം തെറിച്ചു പോയി. സ്നോവൈറ്റ് ഉറക്കത്തിൽ നിന്നുണർന്നവളെപ്പോലെ കണ്ണുകൾ തുറന്നു. രാജകുമാരന്റെ സന്തോഷത്തിന് അതിരുണ്ടായില്ല. ‘‘ഞാൻ ഇപ്പോൾ എവിടെയാണ്’’ സ്നോവൈറ്റ് ചോദിച്ചു. 'കുമാരി നാം കൊട്ടാരത്തിലേക്ക് പോകുന്നു’ രാജകുമാരനോട് തന്റെ കഥകൾ എല്ലാം സ്നോവൈറ്റ് വിവരിച്ചു. അവ കേട്ട് രാജകുമാരൻ വിതുമ്പി കരഞ്ഞു. 

സ്നോവൈറ്റിന്റെ ചിറ്റമ്മ അണിഞ്ഞൊരുങ്ങി കണ്ണാടിയുടെ മുൻപിൽ നിന്നു. കണ്ണാടി പറയൂ ഇപ്പോൾ ഞാനല്ലേ ലോകസുന്ദരി’ അപ്പോൾ കണ്ണാടി ‘അല്ലേ അല്ല സ്നോവൈറ്റ് തന്നെ’ കോപാകുലയായ രാജ്ഞി കണ്ണാടി എറിഞ്ഞുടച്ചു.

താമസിയാതെ രാജകുമാരന്റെയും സ്നോവൈറ്റിന്റെയും വിവാഹം നിശ്ചയിച്ചു. രാജാവിനെയും ചിറ്റമ്മയേയും വിവാഹത്തിനു ക്ഷണിച്ചിരുന്നു. അവർ അവിടെ എത്തിയപ്പോൾ സ്നോവൈറ്റിന്റെ ചിറ്റമ്മ നൃത്തം ചെയ്യണമെന്ന് രാജകുമാരൻ ആജ്ഞാപിച്ചു. ചുട്ടു പൊള്ളുന്ന ഇരുമ്പു ചെരുപ്പിട്ടു വേണമായിരുന്നു അവർക്ക് നൃത്തം ചെയ്യേണ്ടിയിരുന്നത്. രാജകൽപ്പന അനുസരിക്കാതെ മറ്റു മാർഗമില്ലായിരുന്നു!