Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചേക്കുട്ടിപ്പാവ കഥാപാത്രമാവുന്നു, ഇനി മലയാളത്തിന്റെ സ്വന്തം ഹീറോ

chekutty

പ്രളയാനന്തര കേരളത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവയെ കഥാപാത്രമാക്കി മലയാളത്തിലെ എഴുത്തുകാര്‍ കുട്ടികള്‍ക്കായി പുസ്തകമെഴുതുന്നു. ആദ്യപുസ്തകം കവി  വീരാന്‍കുട്ടി എഴുതിയ പറന്ന് പറന്ന് ചേക്കുട്ടിപ്പാവ ശിശുദിനമായ നവംബര്‍ 14 ന് പുറത്തിറങ്ങും. നോവലിസ്റ്റ് സേതു, കവി എം.ആര്‍. രേണുകുമാര്‍ തുടങ്ങി നിരവധി എഴുത്തുകാര്‍ കുട്ടികള്‍ക്കായി ചേക്കുട്ടി കഥകള്‍ എഴുതും.  ഡിസി ബുക്സാണ് പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്.

എന്‍ ഐ ഡി യില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ചിത്രകാരനായ റോണിദേവസ്യയാണ് ചേക്കുട്ടിയ്ക്ക് രൂപഭാവങ്ങള്‍ നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് അവര്‍ കാണാത്ത ചുറ്റുപാടുകളിലേക്ക് നയിക്കുന്ന കുട്ടുകാരനായാണ് ചേക്കുട്ടിപ്പാവയെ വീരാന്‍കുട്ടി ആവിഷ്‌കരിച്ചിച്ചിരിക്കുന്നത്. അമാനുഷശക്തിയും പറക്കാനുള്ള കഴിവുമുണ്ട് ചേക്കുട്ടിയ്ക്ക്. പ്രസിദ്ധീകരണ ചരിത്രത്തിലാദ്യമായാണ് ജനങ്ങള്‍ രൂപപ്പെടുത്തിയ കഥാപാത്രത്തെ ആസ്പദമാക്കി നോവലുകളെഴുതപ്പെടുന്നത്. 

ആഗസ്റ്റിലെ പ്രളയത്തില്‍ ഉപയോഗശൂന്യമായ ചേന്ദമംഗലം കൈത്തറി തുണികള്‍ കൊണ്ട് നിര്‍മ്മിച്ച ചേക്കുട്ടിപ്പാവ പിന്നീട് കേരളം പ്രളയത്തെ അതിജീവിച്ചതിന്റെ അടയാളമായി മാറുകയായിരുന്നു. സ്‌കൂള്‍ കുട്ടികളും  വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളും  മുന്നിട്ടിറങ്ങി നിര്‍മ്മിച്ച ലക്ഷക്കണക്കിനു പാവകളാണ് കേരളത്തിലുടനീളം വിറ്റുപോയത്. ഫാഷന്‍ഡിസൈനറായ ലക്ഷ്മി എന്‍ മേനോന്റെയും  ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗോപിനാഥ് പാറയിലിന്റെയും ആശയമായിരുന്നു ചേക്കുട്ടിപ്പാവ.