വിവാദങ്ങളുടെ പഴുത്തിലകളായിരുന്നു 2018-ലെ ചില്ലകളിൽ നിന്നു പൊഴിഞ്ഞു വീണത്. നല്ല പൂക്കളോ കായ്കളോ ഇല്ലാതെ പോയ വർഷം. മുൻനിര സാഹിത്യകാരന്മാരെല്ലാം പ്രളയപ്പെയ്ത്തിൽ ഒലിച്ചുപോയെന്നു തോന്നിച്ചുകൊണ്ട് ഈ വർഷം അവസാനിപ്പിക്കുകയാണ്. ചർച്ച ചെയ്യപ്പെടാൻ പറ്റിയ ഒറ്റ നല്ല പുസ്തകം പോലും 2018 സമ്മാനിച്ചില്ലെന്നതാണു ദുഃഖകരം.
എസ്. ഹരീഷിന്റെ മീശയിൽ തുടങ്ങിയ വിവാദം ദീപാ നിശാന്തിന്റെ കവിതാ മോഷണത്തിൽ വരെ സജീവ ചർച്ചയായി നിന്നു. ആഴ്ചപതിപ്പിൽ ഖണ്ഡശ്ശയായി തുടങ്ങിയ മീശ നോവൽ മൂന്നാം ലക്കമായപ്പോഴേക്കും ഒരുവിഭാഗം വിശ്വാസികളുടെ വിശ്വാസത്തെ ഹനിച്ചെന്ന ആക്ഷേപം ഉയർന്നതോടെ പ്രസിദ്ധീകരണം നിർത്തേണ്ടിവന്നു. ഇതിനെതിരെ മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യസാംസ്കാരിക നായകന്മാരും ഹരീഷിനു പിന്തുണയുമായി വന്നെങ്കിലും പ്രസിദ്ധീകരണം തുടരേണ്ടെന്ന ഉറച്ചനിലപാടിലായിരുന്നു ഹരീഷ്. എഴുത്തുകാരന്റെ കുടുംബത്തെ വരെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് മീശയുടെ മൂന്നാംഭാഗത്തിൽ ആഴ്ചപ്പതിപ്പിലെ പ്രസിദ്ധീകരണം നിർത്തിയത്. പൊതുസമൂഹത്തിന്റെ സംവദനക്ഷമതയിൽ മാറ്റമുണ്ടാകുന്ന കാലത്ത് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഹരീഷ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പൊതുസമൂഹം നോവലിസ്റ്റിനു ധൈര്യം പകർന്നു കൂടെ നിന്നതോടെ നോവൽ പ്രസിദ്ധീകരികാൻ തീരുമാനിച്ചു. ഡിസി ബുക്സ് ആയിരുന്നു മീശയുടെ പ്രസാധനം ഏറ്റെടുത്തത്. പക്ഷേ, നോവലിനെ ചൊല്ലിയുള്ള ചർച്ച അധികനാൾ നീണ്ടുനിന്നില്ല എന്നു മാത്രമല്ല പുസ്തകവും കാര്യമായ ചർച്ചയായില്ല.
വായനാസമൂഹമായിരുന്നില്ല മീശ ഏറ്റുപിടിച്ചത്. വിവാദമായിരുന്നു. ഒരു പുസ്തകം നല്ലതാണെന്ന അഭിപ്രായമുണ്ടായാലാണ് വായനാസമൂഹം അതേറ്റെടുത്ത് ആഘോഷിക്കാറുള്ളത്. എന്നാൽ മീശയിൽ അതായിരുന്നില്ല ഉണ്ടായിരുന്നത്. ഒരു നിരൂപണബുദ്ധിയോടെ മീശയെ ആരും സമീപിച്ചില്ല എന്നതായിരുന്നു വാസ്തവം.
കവിതാ മോഷണം
എസ്. കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ, നീ ’ എന്ന കവിത എഴുത്തുകാരിയായ ദീപ നിശാന്ത് കോപ്പിയടിച്ച് സ്വന്തം പേരിൽ ഒരു മാഗസിനിൽ ‘അങ്ങനെയിരിക്കെ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചതോടെയാണ് ചർച്ചയായ കവിതാ മോഷണ വിവാദത്തിന്റെ തുടക്കം.
വിവാദം കത്തിപ്പടർന്നതോടെ ദീപ നിശാന്ത് വിശദീകരണവുമായി എത്തിയതോടെ അത് കൂടുതൽ മോശം അവസ്ഥയിലേക്കു കാര്യങ്ങൾ നയിച്ചു. ‘ഒരു സർവീസ് മാഗസിനിൽ മോഷ്ടിച്ച കവിത കൊടുക്കാൻ മാത്രം വിഡ്ഢിയാണു ഞാനെന്നു കരുതുന്നുണ്ടോ’ എന്നായിരുന്നു എഴുത്തുകാരിയുടെ ആദ്യ പ്രതികരണം. എം.ജെ. ശ്രീചിത്രൻ തന്നെ വഴിതെറ്റിക്കുകയായിരുന്നുവെന്നു ദീപ മറ്റൊരു വിശദീകരണവുമായി വന്നതോടെ സാഹിത്യത്തിൽ നടക്കുന്ന അതുരായ്മകൾ ചർച്ചയായി. എൻ.എസ്.മാധവനും ടി.പി. രാജീവനുമെല്ലാം ദീപാ നിശാന്തിന്റെ ചെയ്തിയെ നിശിതമായി വിമർശിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദീപ നിശാന്ത് വിധികർത്താവായി എത്തിയതും മറ്റൊരു വിവാദത്തിനു തിരികൊളുത്തി.
ഒടുവിൽ സന്തോഷ് ഏച്ചിക്കാനത്തെക്കൊണ്ട് വീണ്ടും വിധിനിർണയം നടത്തിയാണ് സംഘാടകർ തലയൂരിയത്. സാഹിത്യമെന്നാൽ വെറും വിവാദമാത്രമാണെന്നൊരു ധാരണയായിരുന്നു ഇതെല്ലാം ഉണ്ടാക്കിയത്. മികച്ച നോവലുകളും ചെറുകഥകളുമായിരുന്നു 2017നെ സമ്പുഷ്ടമാക്കിയത്. 2018നെ വരവേറ്റത് മികച്ച മൂന്നു സാഹിത്യോത്സവങ്ങളായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും നടന്ന സാഹിത്യോത്സവത്തിൽ ആയിരക്കണക്കിനു സാഹിത്യ പ്രേമികളായിരുന്നു പങ്കെടുത്തിരുന്നത്. മലയാളത്തിലെ ഇതരഭാഷകളിലെയും മികച്ച എഴുത്തുകാരെ വരെ സംഘാടകർ കൊണ്ടുവന്നപ്പോൾ അക്ഷരാർഥത്തിൽ അക്ഷരോത്സവം ആകുകയായിരുന്നു. എന്നാൽ ഈയൊരു ആഘോഷമൊന്നും എഴുത്തിലൊന്നും കണ്ടില്ല.
മികച്ചൊരു നോവൽ എന്നുപറയാവുന്നതൊന്നും 2018ൽ ആരുടെയും കൈകളിൽ എത്തിയില്ല. ഓണപ്പതിപ്പുകളും ശൂന്യമായിരുന്നു. മലയാളത്തിലെ മുൻനിര എഴുത്തുകാരെല്ലാം നിരന്നുനിന്നിരുന്നെങ്കിലും ഹൃദയത്തെ തൊട്ട സൃഷ്ടികൾ അപൂർവമായിരുന്നു. യുവ കഥാകൃത്ത് ജി.ആർ. ഇന്ദുഗോപന്റെ കഥകളായിരുന്നു 2018ൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്.
പ്രതീക്ഷകളുടെ പുതുവർഷമെത്തുകയാണ്. 2018 പോലെ സാഹിത്യോത്സവങ്ങളിലൂടെയാണു തുടക്കം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കു പുറമെ കണ്ണൂരും സാഹിത്യോത്സവം അരങ്ങേറാൻ പോകുകയാണ്. ശ്രദ്ധേയമായ വിഷയങ്ങളാണ് എല്ലാ സാതിത്യോത്സവങ്ങളിലും ചർച്ച ചെയ്യപ്പെടാൻ പോകുന്നത്. ആ ചർച്ചകളുടെ ഫലം എഴുത്തുകളിലും പ്രതിഫലിക്കുമെന്നു പ്രതീക്ഷിക്കാം.