അപൂർവ താളിയോല കെട്ടുകളുമായി നാട്ടുവിട്ട് ചെമ്പനും ചിരുതയും; 'ഒരു വർഷം എവിടെയായിരുന്നുവെന്ന് ആർക്കുമറിയില്ല...'
അധ്യായം: പതിനെട്ട് രാജകീയ വാഹനം പയ്യോളിക്കവലയ്ക്കടുത്തുള്ള തൃക്കോട്ടൂരെത്തുമ്പോഴെക്കും ചക്രവാളം പെരുമാൾ കാവിലെ കുരുതി കഴിഞ്ഞ കളം പോലെ ചുവന്നു തുടുത്തിരുന്നു. ഇനിയൊരു അര നാഴിക ദൂരം മാത്രമെ പയ്യോളി കവലയിലേക്കുള്ളു. ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ചെമ്പനേഴി തറവാട്ടില്‍ നിന്നും കാര്യസ്ഥൻ വന്നു കാത്തു
അധ്യായം: പതിനെട്ട് രാജകീയ വാഹനം പയ്യോളിക്കവലയ്ക്കടുത്തുള്ള തൃക്കോട്ടൂരെത്തുമ്പോഴെക്കും ചക്രവാളം പെരുമാൾ കാവിലെ കുരുതി കഴിഞ്ഞ കളം പോലെ ചുവന്നു തുടുത്തിരുന്നു. ഇനിയൊരു അര നാഴിക ദൂരം മാത്രമെ പയ്യോളി കവലയിലേക്കുള്ളു. ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ചെമ്പനേഴി തറവാട്ടില്‍ നിന്നും കാര്യസ്ഥൻ വന്നു കാത്തു
അധ്യായം: പതിനെട്ട് രാജകീയ വാഹനം പയ്യോളിക്കവലയ്ക്കടുത്തുള്ള തൃക്കോട്ടൂരെത്തുമ്പോഴെക്കും ചക്രവാളം പെരുമാൾ കാവിലെ കുരുതി കഴിഞ്ഞ കളം പോലെ ചുവന്നു തുടുത്തിരുന്നു. ഇനിയൊരു അര നാഴിക ദൂരം മാത്രമെ പയ്യോളി കവലയിലേക്കുള്ളു. ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ചെമ്പനേഴി തറവാട്ടില്‍ നിന്നും കാര്യസ്ഥൻ വന്നു കാത്തു
അധ്യായം: പതിനെട്ട്
രാജകീയ വാഹനം പയ്യോളിക്കവലയ്ക്കടുത്തുള്ള തൃക്കോട്ടൂരെത്തുമ്പോഴെക്കും ചക്രവാളം പെരുമാൾ കാവിലെ കുരുതി കഴിഞ്ഞ കളം പോലെ ചുവന്നു തുടുത്തിരുന്നു. ഇനിയൊരു അര നാഴിക ദൂരം മാത്രമെ പയ്യോളി കവലയിലേക്കുള്ളു. ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ചെമ്പനേഴി തറവാട്ടില്‍ നിന്നും കാര്യസ്ഥൻ വന്നു കാത്തു നിൽപ്പുണ്ടാകും അവിടെ.സന്ധ്യയ്ക്ക് മുമ്പ് ചെമ്പനേഴിയിലെത്താമെന്ന മൂത്തേടത്തിന്റെ പ്രതീക്ഷ അസ്ഥാനത്തായി. ബ്രാഹ്മണ അധിവാസ കേന്ദ്രമായ തൃക്കോട്ടൂരിലെ പ്രധാന നാട്ടുവഴിയിലൂടെ കുതിരവണ്ടി പതുക്കെ മുന്നോട്ട് കുതിച്ചു. അരയൻ കാവിൽ വെച്ച് പിന്നിലായിപ്പോയ സുരക്ഷ ഭടന്മാർ എവിടെ? മൂത്തേടം തല നീട്ടി വണ്ടിയുടെ പാർശ്വഭാഗത്തു കൂടെ പിന്നിലേക്ക് നോക്കി. അങ്ങകലെ നാട്ടുവഴിയുടെ വളവ് തിരിഞ്ഞു വരുന്ന കുതിരകളെ മങ്ങിയ വെളിച്ചത്തിൽ ഒരു നിഴലുപോലെ മൂത്തേടം കണ്ടു.
ചിരുതമാനസത്തിലെ അവസാന അധ്യായങ്ങളും ഓർത്തെടുത്തപ്പോൾ കാർത്തികയുടെ ഉള്ളിൽ ധാരാളം സംശയങ്ങൾ തലപൊക്കി. താൻ ചികിത്സയ്ക്കായി പോകുന്ന ചെമ്പനേഴി തറവാടിന്റെ ഉത്പത്തിയെ കുറിച്ചാണല്ലോ ചിരുത മാനസ കർത്താവ് അവസാന അധ്യായങ്ങളില്‍ പ്രധാനമായും ഊന്നല്‍ നൽകിയത്. അന്നത്തെ സംഭവത്തിനു ശേഷം ചിരുതയും ചെമ്പനും തുരുത്തി പറമ്പ് ഉപേക്ഷിച്ച് നാടു വിടുകയാണുണ്ടായത്. വീടും ഔഷധപുരയും കത്തിയമർന്നു എന്നത് മാത്രമായിരുന്നില്ല കാരണം. കാട്ടുവാസിയായ ചെമ്പനോടൊപ്പമുള്ള ചിരുതയുടെ വാസം നാട്ടുകാരിൽ പലരിലും അതൃപ്തി സൃഷ്ടിച്ചിരുന്നു. മഹാനായ ചെക്കോട്ടി വൈദ്യരുടെ മകളെന്ന പരിഗണനയിലാണ് അതൊരു പ്രതിഷേധത്തിന് കാരണമാകാതെ പോയത്. കോലോത്തെ തറവാട്ടിലെ ശ്രീധരന് അടി കിട്ടിയത് ഒരു തരത്തിൽ നല്ലതാണെന്ന ചിന്ത തറവാട്ടിലെ അംഗങ്ങൾക്കിടയിൽ ഉണ്ടെങ്കിലും തറവാട്ടിനത് മാനക്കേടുണ്ടാക്കി എന്ന കാര്യത്തിൽ എതിരഭിപ്രായമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചിരുതയോടുള്ള അവരുടെ ബന്ധത്തിൽ വിള്ളലുകൾ വീണു. കുഞ്ചനെയും സംഘത്തെയും പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും പാലോറ മലയിൽ നിന്നും അതിശക്തമായ ഒരാക്രമണം ഏത് നിമിഷവും ഉണ്ടാകുമെന്ന് ചെമ്പനും ഭയപ്പെട്ടു.
ഇത്തരത്തിലുള്ള നിരവധി കാരണങ്ങളാൽ തുരുത്തി പറമ്പിൽ ഇനിയൊരു സ്വസ്ഥമായ ജീവിതം സാധ്യമല്ലെന്ന് ചെമ്പനും ചിരുതയ്ക്കും ഒരുപോലെ തോന്നി. തീ ആളിപടരുന്നതിന് മുമ്പ് വീട്ടിൽ നിന്നും ചിരുത എടുത്തു മാറ്റിയ അപൂർവ താളിയോല കെട്ടുകളുമായി നേരം പുലരാൻ നേരത്ത് അവർ തുരുത്തി പറമ്പിനോട് വിട ചൊല്ലി. നാടുവിട്ടതിനു ശേഷമുള്ള അഞ്ചു പത്ത് മാസത്തെ ചെമ്പന്റെയും ചിരുതയുടെയും ജീവിതത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് ശ്രീകണ്ഠൻ മൗനം പാലിക്കുകയാണ് ചെയ്തത്. അതല്ല ആ കാലത്തെ അവരുടെ ജീവിതത്തെ കുറിച്ച് വിവരിക്കുന്ന ചിരുതമാനസത്തിലെ അധ്യായങ്ങൾ തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു പോയതാണെന്നും ചിലർ വിശ്വസിക്കുന്നു. ഒടുവിൽ ഒരു വർഷക്കാലത്തെ അലച്ചിലിനു ശേഷം തുരുത്തി പറമ്പിൽ നിന്നും വളരെ വടക്ക് പയ്യോളിക്കടുത്ത് അയനി മരക്കാടുകൾ പന്തലുവിരിച്ച അകലാ പുഴയുടെ തീരത്ത് അവർ സ്ഥിരതാമസമാക്കി. പടിഞ്ഞാറു ഭാഗത്ത് നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കൊക്കർണി പാടത്തിനും കിഴക്ക് അകലാപുഴയ്ക്കും ഇടയിലുള്ള, നാട്ടുമാവും പ്ലാവും അയനിമരങ്ങളും ഇടചേർന്ന് വളരുന്ന ഭംഗിയാർന്ന ഭൂപ്രദേശത്ത് ചെമ്പനേഴി എന്ന തറവാട് സ്ഥാപിച്ചു.
കൂടാതെ തറവാടിന് കുറച്ച് തെക്ക് മാറി ചെറിയൊരു കുന്നിൻ താഴ്‌വാരത്ത് വലിയൊരു കാടിനോട് ചേർന്ന് ഒരു ഭഗവതി ക്ഷേത്രവും നിർമ്മിച്ചു. ക്ഷേത്രത്തിനോട് ചേർന്നുള്ള ഈ കാവിലാണ് ചന്ദ്രവിമുഖി എന്ന ദിവ്യഔഷധം ചെമ്പനും ചിരുതയും വെച്ചു പിടിപ്പിച്ചത്. നാട്ടുചികിത്സയും ഗോത്രചികിത്സയും സമന്വയിപ്പിച്ചു കൊണ്ട് പുതിയൊരു ചികിത്സാരീതി അവർ വളർത്തിയെടുത്തു. വളരെ പെട്ടെന്നു തന്നെ ചെമ്പനേഴിയുടെ പ്രശസ്തി പെരുമാൾ നാടും കടന്ന് അങ്ങ് കൊങ്ങുനാട്ടിലും ചോളനാട്ടിലും വരെയെത്തി.
ചന്ദ്രവിമുഖി ഉപയോഗിച്ചുള്ള വിഷ ചികിത്സക്കായിരുന്നു പ്രചുരപ്രചാരം ലഭിച്ചത്. വിദേശരാജ്യങ്ങളിൽ നിന്നു പോലും ചികിത്സയ്ക്കായി ആളുകൾ ചെമ്പനേഴിയിൽ എത്തിച്ചേർന്നു. ചെമ്പനേഴിയിൽ പോയാൽ ഒരു നായയെയും അല്ലെങ്കില്‍ ഒരു പാമ്പിനെയും പേടിക്കേണ്ടതില്ലെന്ന ചൊല്ല് വരെയുണ്ടായി. നാടോടി പാട്ടുകളിൽ ചെമ്പനേഴിയുടെ മാഹാത്മ്യം വർണ്ണിക്കപ്പെട്ടു. ചെമ്പന്റെയും ചിരുതയുടെയും വംശപരമ്പരകൾ ചെമ്പനേഴിയുടെ യശസ്സ് ഉയർത്തിക്കൊണ്ടേയിരുന്നു. ഏറ്റവുമൊടുവിലിതാ മിത്രന്‍ വൈദ്യരുടെ കാലത്തും ചെമ്പനേഴിയുടെ യശസ്സ് സൂര്യനെ പോലെ ജ്വലിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ കാർത്തികയുടെ സംശയം അതൊന്നുമായിരുന്നില്ല. പാലോറ മലയുടെ തുഞ്ചത്ത്, സമുദ്രനിരപ്പിൽ നിന്ന് ആയിരത്തിയെണ്ണൂറ് കോൽ ഉയരത്തിൽ മാത്രം വളരുന്ന ചന്ദ്രവിമുഖി എന്ന ദിവ്യഔഷധം എങ്ങനെ ചെമ്പനേഴി കാവിൽ വളർത്തിയെടുത്തു എന്നതായിരുന്നു. പാലോറ മലയിലെ യോഗാചാര്യന്മാർ കാലങ്ങളായി കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാതെ പോയ കാര്യം ഇവിടെയെങ്ങനെ സംഭവിച്ചു? ചിരുതമാനസം എന്ന കൃതിയും ചെമ്പനേഴി തറവാടും തമ്മിൽ യഥാർഥത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ? ശരിക്കും ചിരുത മാനസം ഒരു ഭാവന സൃഷ്ടി ആകാനാണ് സാധ്യത. എന്തായാലും സംശയം മൂത്തേടത്തിനോട് തന്നെ ചോദിച്ചു നോക്കാം. കാർത്തിക മൂത്തേടത്തിനെ വിളിക്കാനായി പുറത്തേക്ക് നോക്കി. അപ്പോഴവർ പയ്യോളി നാൽക്കവലയിൽ എത്തിയിരുന്നു.
കുതിരവണ്ടിക്കാരൻ വണ്ടിക്ക് മുന്നിലും പിന്നിലുമുണ്ടായിരുന്ന റാന്തൽ വിളക്കുകളുടെ തിരി നീട്ടി വെച്ചു. സന്ധ്യ മയങ്ങിയതു കാരണം നാൽക്കവലയില്‍ വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമെയുണ്ടായിരുന്നുള്ളു. നാട്ടുപാതയുടെ ഓരത്തെ കടകളെല്ലാം അടഞ്ഞു കിടക്കുന്നു. ചെമ്പനേഴിയിൽ നിന്നും പറഞ്ഞയക്കാമെന്നു പറഞ്ഞ കാര്യസ്ഥനെ അവിടെയെവിടെയും കണ്ടില്ല. പരിസരത്തെവിടെയെങ്കിലും കാര്യസ്ഥൻ നിൽക്കുന്നുണ്ടോ എന്നറിയാനായി കുതിരക്കാരനെ മൂത്തേടം പറഞ്ഞു വിട്ടു. വീശുവിളക്കുമായി കുതിരക്കാരൻ നാൽക്കവലയിലേക്ക് നടന്നു പോയ അവസരത്തിലാണ് കാർത്തിക തന്റെ സംശയം പതുക്കെ മൂത്തേടത്തിനോട് ചോദിച്ചത്.
(തുടരും)