ചന്ദ്രവിമുഖി എന്നു പേരുള്ള രഹസ്യ ഗ്രന്ഥമോ? ചികിത്സ തേടിയുള്ള യാത്ര അപകടങ്ങളിലേക്കോ?
അധ്യായം: പത്തൊമ്പത് "ചിരുതമാനസം എന്ന ഗ്രന്ഥത്തിലല്ലാതെ അക്കാലത്ത് എഴുതപ്പെട്ട മറ്റ് കൃതികളിലൊന്നും ചെമ്പനേഴിയുടെ ഉൽപത്തിയെ കുറിച്ച് പ്രതിപാദിക്കുന്നതായി അറിയില്ലെന്നാണ് രാജഗുരുവായ കൃഷ്ണനാചാര്യയുടെ പക്ഷം. പക്ഷേ ചെമ്പനേഴി എന്ന ആയുർവേദ തറവാടിനെ കുറിച്ച് ഭാസ്കരന്റെ 'ലീലാവിനോദിനി'യിലും പട്ടത്ത് അപ്പു
അധ്യായം: പത്തൊമ്പത് "ചിരുതമാനസം എന്ന ഗ്രന്ഥത്തിലല്ലാതെ അക്കാലത്ത് എഴുതപ്പെട്ട മറ്റ് കൃതികളിലൊന്നും ചെമ്പനേഴിയുടെ ഉൽപത്തിയെ കുറിച്ച് പ്രതിപാദിക്കുന്നതായി അറിയില്ലെന്നാണ് രാജഗുരുവായ കൃഷ്ണനാചാര്യയുടെ പക്ഷം. പക്ഷേ ചെമ്പനേഴി എന്ന ആയുർവേദ തറവാടിനെ കുറിച്ച് ഭാസ്കരന്റെ 'ലീലാവിനോദിനി'യിലും പട്ടത്ത് അപ്പു
അധ്യായം: പത്തൊമ്പത് "ചിരുതമാനസം എന്ന ഗ്രന്ഥത്തിലല്ലാതെ അക്കാലത്ത് എഴുതപ്പെട്ട മറ്റ് കൃതികളിലൊന്നും ചെമ്പനേഴിയുടെ ഉൽപത്തിയെ കുറിച്ച് പ്രതിപാദിക്കുന്നതായി അറിയില്ലെന്നാണ് രാജഗുരുവായ കൃഷ്ണനാചാര്യയുടെ പക്ഷം. പക്ഷേ ചെമ്പനേഴി എന്ന ആയുർവേദ തറവാടിനെ കുറിച്ച് ഭാസ്കരന്റെ 'ലീലാവിനോദിനി'യിലും പട്ടത്ത് അപ്പു
അധ്യായം: പത്തൊമ്പത്
"ചിരുതമാനസം എന്ന ഗ്രന്ഥത്തിലല്ലാതെ അക്കാലത്ത് എഴുതപ്പെട്ട മറ്റ് കൃതികളിലൊന്നും ചെമ്പനേഴിയുടെ ഉൽപത്തിയെ കുറിച്ച് പ്രതിപാദിക്കുന്നതായി അറിയില്ലെന്നാണ് രാജഗുരുവായ കൃഷ്ണനാചാര്യയുടെ പക്ഷം. പക്ഷേ ചെമ്പനേഴി എന്ന ആയുർവേദ തറവാടിനെ കുറിച്ച് ഭാസ്കരന്റെ 'ലീലാവിനോദിനി'യിലും പട്ടത്ത് അപ്പു ഭട്ടിന്റെ 'കുലശേഖരപുരത്തെ വൈദ്യ പെരുമ' എന്ന ഗ്രന്ഥത്തിലും പരാമർശിക്കുന്നുണ്ട്. ചെമ്പനൊരു കാട്ടുവാസിയായതുകൊണ്ടായിരിക്കാം ചിരുതയ്ക്കാണ് അപ്പു ഭട്ട് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. ശ്രീകണ്ഠനും ഗ്രന്ഥത്തിന് കൊടുത്ത പേര് മറിച്ചല്ലല്ലോ..." അങ്ങകലെ, നാൽക്കവലയുടെ അറ്റത്ത് കുതിരവണ്ടിക്കാരന്റെ കൈയ്യിലെ തൂക്കുവിളക്ക് കാറ്റത്തെ കിളിക്കൂട് പോലെ ആടിക്കൊണ്ടിരുന്നു. അതിൽ നിന്നും കണ്ണെടുത്ത് മൂത്തേടം വീണ്ടും പറഞ്ഞു തുടങ്ങി. "സത്യമെന്തായാലും ചെമ്പനേഴി തറവാടും ഇന്നാട്ടിലെ ജനങ്ങളും ചിരുത മാനസത്തെ പൂർണ്ണമായും വിശ്വസിക്കുന്നു. കാട്ടുവാസിയായ ചെമ്പനും നഗരവാസിയായ ചിരുതയുമാണ് ചെമ്പനേഴി തറവാടിന്റെ സൃഷ്ടാക്കൾ എന്നതിൽ അവര്‍ അഭിമാനം കൊള്ളുന്നു."
"പക്ഷേ ചിരുതമാനസം ഒരു ഭാവന സൃഷ്ടി മാത്രമാകാനാണ് സാധ്യത. നായകനും നായികയ്ക്കും വീരപരിവേഷം നൽകുന്നത് സ്വാഭാവികമാണെങ്കിലും തിരുത്താനാകാത്ത ധാരാളം പൊരുത്തകേടുകൾ അതിൽ വന്നു ചേർന്നിട്ടുണ്ട്. രസംകൊല്ലിയായി അവ മുഴച്ചു നിൽക്കുന്നത് മൂത്തേടത്തിന് തോന്നുന്നില്ലേ?" കാർത്തിക ചോദിച്ചു. മൂത്തേടം ഒന്നു പുഞ്ചിരിച്ചു. കുതിരവണ്ടിയിൽ തൂക്കിയിട്ട വിളക്കിനു ചുറ്റും തടിച്ചു കൂടിയ പ്രാണികളിൽ ചിലത് കുതിരയുടെ തുടകളിൽ പാറി വീണു. അവ ചോരയൂറ്റി കുടിക്കാൻ തുടങ്ങിയപ്പോൾ കുതിര തന്റെ വാലിനെയൊരു ചൂലാക്കി മാറ്റി. "മോള്‍ ഉദ്ദേശിച്ചതെനിക്ക് മനസ്സിലായി. ഏതൊരു വായനക്കാരനിലും സ്വാഭാവികമായി ഉടലെടുക്കുന്ന സംശയങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കൃതി എന്നതിൽ കവിഞ്ഞ് ചിരുത മാനസത്തിന് വലിയ പ്രസക്തിയൊന്നുമില്ല. അക്കാലത്തെ ഭൂമി ശാസ്ത്രവും സാമൂഹിക ക്രമവുമൊക്കെ ശ്രദ്ധിച്ച് വീക്ഷിച്ചാൽ അൽപം മനസ്സിലാക്കാൻ സാധിക്കുമെന്നല്ലാതെ. പക്ഷേ.." മൂത്തേടം ഒന്നു നിർത്തി. "മോളറിയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്." കാർത്തിക ആകാംക്ഷയോടെ മൂത്തേടത്തിനെ നോക്കി.
"അങ്ങ് വളരെ തെക്ക് സഹ്യസാനുവിനോട് ചേർന്നുള്ള പാലോറ മലയും കൈതപ്പുഴയും തുരുത്തി പറമ്പും ഉപേക്ഷിച്ച് ഒരു വർഷത്തെ അജ്ഞാതവാസത്തിന് ശേഷമാണ് ചെമ്പനും ചിരുതയും നമ്മുടെ നാട്ടിൽ എത്തിച്ചേർന്നത്. അക്കാലത്തെ അവരുടെ ജീവിതവും ചന്ദ്രവിമുഖി എങ്ങനെ ചെമ്പനേഴി കാവിൽ വളർത്തിയെടുത്തുയെന്നതുൾപ്പെടെ വിവരിക്കുന്ന നിഗൂഢമായൊരു ഗ്രന്ഥം ചെമ്പനേഴി തറവാട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചെമ്പനും ചിരുതയും ഒരുമിച്ചിരുന്നെഴുതിയ ഗ്രന്ഥം ചന്ദ്രവിമുഖി എന്നു പേരുള്ള ഗ്രന്ഥം. യഥാർഥത്തിൽ ചന്ദ്രവിമുഖി എന്ന ദിവ്യ ഔഷധം എങ്ങനെയെന്നും അതുപയോഗിച്ചുണ്ടാക്കിയ നൂറ്റൊന്ന് ഔഷധ കൂട്ടുകളെ കുറിച്ചും പ്രതിപാദിക്കുന്നത് ആ മഹത്തായ ഗ്രന്ഥത്തിലാണ് അല്ലാതെ ശ്രീകണ്ഠൻ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ." "ചന്ദ്രവിമുഖി!?" കാർത്തികയുടെ പുരികം പെരുമാൾ കാവിലെ ഭദ്രകാളിയുടെ കൈയ്യിലെ വാളുപോലെ വളഞ്ഞു. "വിഷ സർപ്പങ്ങളും ഭൂതഗണങ്ങളും കാവൽ നിൽക്കുന്ന ആ ഗ്രന്ഥം ചെമ്പനേഴിക്കാർക്കു മാത്രമേ വായിച്ചെടുക്കാൻ കഴിയൂ എന്നാണ് നാട്ടു വിശ്വാസം. കാരണം പ്രത്യേക തരം ലിപിയിലാണ് അതെഴുതിയിരിക്കുന്നത്. മറ്റാരും ഇതുവരെ വായിക്കാത്തതിനാൽ ഇതിലെ ശരികേടുകള്‍ എത്രത്തോളമുണ്ടെന്ന് ആർക്കറിയാം. പിന്നെ പാണന്മാർ പഴന്തുണി കിട്ടിയാലും പട്ടുവസ്ത്രമാക്കി പുകഴ്ത്തി പാടുമല്ലോ?" മൂത്തേടം പറഞ്ഞു നിൽത്തി.
"നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും ചെമ്പനേഴിയിൽ നിന്നും ഇതുവരെ ആ രഹസ്യം പുറത്തു പോയില്ല എന്നത് വളരെ ആശ്ചര്യകരം തന്നെ. അങ്ങനെ നോക്കുമ്പോൾ നാട്ടുകാരുടെ വിശ്വാസം തള്ളിക്കളയേണ്ടതില്ല?" കാർത്തിക മൂത്തേടത്തിനെ നോക്കി. "ഉം.." മൂത്തേടം ഒന്നു ഇരുത്തി മൂളി. "പല കാലങ്ങളിലും പല രീതിയിലും ചന്ദ്രവിമുഖി പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. വിദേശികളും സ്വദേശികളുമായ രാജാക്കന്മാർ മുതൽ നാട്ടുപ്രമാണിമാർ വരെ അക്കൂട്ടത്തിലുണ്ട്. പടയായും അപ്സരസുകളെ തോൽപ്പിക്കുന്ന സുന്ദരികളായും രാത്രിഞ്ചരന്മാരായും അത്ഭുതം കാട്ടുന്ന സന്യാസിമാരായും തുടങ്ങി പല രീതിയിൽ പല തരക്കാർ ആസൂത്രണം ചെയ്ത പദ്ധതികളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല എന്നത്; മോള് പറഞ്ഞതുപോലെ ആശ്ചര്യം തന്നെ." ഒന്നു നിർത്തി മൂത്തേടം തുടർന്നു."എന്തോ ഒരു നിഗൂഢത ഒളിഞ്ഞു കിടക്കുന്നു എന്നത് എനിക്കും തോന്നാറുണ്ട്." ആ നിഗൂഢത എന്താണെന്നറിയാനുള്ള ഒരാകാംക്ഷ കാർത്തികയിൽ തലപൊക്കി. "പക്ഷെ; ജാതിമത ഭേദമന്യേ ചെമ്പനേഴിയിൽ എത്തുന്ന ഒരു രോഗിയും ചികിത്സ കിട്ടാതെ ഇതുവരെ മടങ്ങേണ്ടി വന്നിട്ടില്ല. അതുതന്നെയാണ് ആ തറവാടിന്റെ മാഹാത്മ്യവും പുണ്യവും. പിന്നെ കുന്നത്തു കാവിലമ്മയുടെ അനുഗ്രഹവും." മൂത്തേടം പറഞ്ഞു നിർത്തുമ്പോഴെക്കും കുതിരക്കാരൻ വീശുവിളക്കുമായി മടങ്ങി വന്നു. അയാളോടൊപ്പം എത്തിയ ഒരു മിശിറൻ കാറ്റ് അവരെ തഴുകി കടന്നുപോയി.
കുതിരക്കാരൻ ഒറ്റയ്ക്കാണെന്നു കണ്ടപ്പോൾ മൂത്തേടം ഒന്നു പരിഭ്രമിച്ചു. "ചെമ്പനേഴിയിൽ നിന്ന് പറഞ്ഞയക്കാം എന്നു പറഞ്ഞ കാര്യക്കാരാരും എത്തീല്ലേ ഇതുവരെ?" മൂത്തേടത്തിന്റെ വാക്കുകളിൽ മുഷിച്ചിലിന്റെ നീരസം കടന്നു വന്നിരുന്നു. കുതിരക്കാരൻ എന്തു പറയണമെന്നറിയാതെ ഒരു നിമിഷം അന്ധാളിച്ചു നിന്നു. വീശുവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ കുതിരക്കാരന്റെ മുഖത്തെ ഭയപ്പാട് കണ്ട് മൂത്തേടത്തിന് ജിജ്ഞാസയായി. മൂത്തേടം ചോദ്യമാവർത്തിക്കാൻ തുടങ്ങുമ്പോഴെക്കും കുതിരക്കാരൻ പതിഞ്ഞ സ്വരത്തിൽ ഒരു സ്വകാര്യമെന്ന വണ്ണം പറഞ്ഞു തുടങ്ങി. അത് കേട്ട് മൂത്തേടം ഞെട്ടി. ഒരു ഇടിത്തീ പെരുവിരലിലൂടെ പുളഞ്ഞു കയറി തലച്ചോറില്‍ എത്തിയതുപോലെ മൂത്തേടം ഒന്നു വിറച്ചു. "ഇന്നലെ അർദ്ധരാത്രി ഔഷധച്ചെടിയും പറിച്ചു വരുന്ന വഴി ആരോ കുത്തി കൊന്നതാണെന്നാണ് ആ ചെറുമൻ പറഞ്ഞത്.." കേട്ടത് വിശ്വസിക്കാനാകാതെ മൂത്തേടം തളർന്നു പോയി. മിത്രൻ വൈദ്യർ. വൈദ്യത്തിൽ കോഴിക്കോടിന്റെ ഖ്യാതി കടൽ കടത്തിയ മഹാ മനീഷി. "അതുകൊണ്ടാണ് ഇന്ന് കവലയിലെ കടകളൊന്നും തുറക്കാത്തത്." ഒന്നു നിര്‍ത്തി കുതിരക്കാരൻ തുടർന്നു. "അങ്ങോട്ടുള്ള വഴി കാണിക്കാൻ ആ ചെറുമൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്." അപ്പോഴെക്കും ഇരുട്ടിൽ നിന്ന് തമ്പ്രാ എന്ന വിളി പതുങ്ങി വന്നു. കുതിരക്കാരൻ വീശുവിളക്കുയർത്തിയപ്പോൾ അതിന്റെ മങ്ങിയ വെളിച്ചത്തിൽ ഒറ്റതോർത്തു മുണ്ടിൽ നിഴലുപോലെ പത്തടിയകലെയായി ചെറുമൻ. ആ നിഴലിനു പിന്നാലെ കുതിരവണ്ടി പതുക്കെ മുന്നോട്ടു നീങ്ങി.
(തുടരും)