'ഇതാണ് മഹാപണ്ഡിതന്മാർ അന്വേഷിച്ചു നടന്ന ദിവ്യ ഔഷധം, ചന്ദ്രവിമുഖി...!'
അധ്യായം: മുപ്പത്തിരണ്ട് കറുത്ത വാവ്. മഞ്ഞൊരു മഴ പോലെ പെയ്തിറങ്ങിയ കൂരിരുട്ടിൽ പാലോറ മലയിലെ കൊടുങ്കാട് കുളിർന്ന് വിറങ്ങലിച്ചു കിടന്നപ്പോൾ, ചെമ്പനും ചിരുതയും അരുവിക്കരയിലെ ഞാവൽ മരത്തിന് മുകളിൽ പുതിയതായി കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ നിന്നും ആളിക്കത്തുന്ന ചൂട്ടും ആയുധങ്ങളുമായി പതുക്കെ
അധ്യായം: മുപ്പത്തിരണ്ട് കറുത്ത വാവ്. മഞ്ഞൊരു മഴ പോലെ പെയ്തിറങ്ങിയ കൂരിരുട്ടിൽ പാലോറ മലയിലെ കൊടുങ്കാട് കുളിർന്ന് വിറങ്ങലിച്ചു കിടന്നപ്പോൾ, ചെമ്പനും ചിരുതയും അരുവിക്കരയിലെ ഞാവൽ മരത്തിന് മുകളിൽ പുതിയതായി കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ നിന്നും ആളിക്കത്തുന്ന ചൂട്ടും ആയുധങ്ങളുമായി പതുക്കെ
അധ്യായം: മുപ്പത്തിരണ്ട് കറുത്ത വാവ്. മഞ്ഞൊരു മഴ പോലെ പെയ്തിറങ്ങിയ കൂരിരുട്ടിൽ പാലോറ മലയിലെ കൊടുങ്കാട് കുളിർന്ന് വിറങ്ങലിച്ചു കിടന്നപ്പോൾ, ചെമ്പനും ചിരുതയും അരുവിക്കരയിലെ ഞാവൽ മരത്തിന് മുകളിൽ പുതിയതായി കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ നിന്നും ആളിക്കത്തുന്ന ചൂട്ടും ആയുധങ്ങളുമായി പതുക്കെ
അധ്യായം: മുപ്പത്തിരണ്ട്
കറുത്ത വാവ്.
മഞ്ഞൊരു മഴ പോലെ പെയ്തിറങ്ങിയ കൂരിരുട്ടിൽ പാലോറ മലയിലെ കൊടുങ്കാട് കുളിർന്ന് വിറങ്ങലിച്ചു കിടന്നപ്പോൾ, ചെമ്പനും ചിരുതയും അരുവിക്കരയിലെ ഞാവൽ മരത്തിന് മുകളിൽ പുതിയതായി കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ നിന്നും ആളിക്കത്തുന്ന ചൂട്ടും ആയുധങ്ങളുമായി പതുക്കെ പുറത്തേക്കിറങ്ങി. എവിടെ നിന്നോ പതുക്കെ ഓടി വന്ന കള്ളൻ ശീതക്കാറ്റ് ചെമ്പനറിയാതെ ചിരുതയെ തഴുകി കടന്നു കളഞ്ഞു.പക്ഷെ ഇല പടർപ്പുകളെ പോലും കുളിരു കോരിച്ച ആ കാറ്റേറ്റ് ചിരുതയ്ക്ക് വിറച്ചില്ല. അവളുടെ മനസ്സുനിറയെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാണാൻ പോകുന്ന കാഴ്ചയുടെ കത്തുന്ന ആകാംക്ഷയായിരുന്നു .ആ ചൂടിൽ ചെമ്പന് പിന്നാലെ പാലരുവിക്കരയിലെ ഉരുളൻ കല്ലുകളെ ചവിട്ടിമെതിച്ച് ചിരുത താഴോട്ടിറങ്ങി. വിശാലമായ കാട്ടുപ്പുൽച്ചെടി കൂട്ടങ്ങളിൽ തൂങ്ങിയാടി നിന്നിരുന്ന അനേകായിരം മഞ്ഞുതുള്ളികളിൽ ചെമ്പൻ്റെയും ചിരുതയുടെയും കൈയിലുള്ള ചൂട്ടു വെളിച്ചം മാനത്തെ പൂത്തിരി പോലെ മിന്നിത്തെളിഞ്ഞു.
ഒരാൾ പൊക്കം ഉയരമുള്ള മുളവടിയിൽ കെട്ടിവെച്ച പന്തങ്ങളിൽ തീ പടർത്തി പാലരുവിക്കരയിലും കാട്ടു പുൽച്ചെടിക്കൂട്ടങ്ങൾക്കിടയിലും ചെമ്പൻ കുത്തി നിർത്തി. "ചിരുതേ... കരിമൂർഖന്മാരും രാജവെമ്പാലയും വെള്ളികെട്ടന്മാരും ഉൾപ്പെടെ കൊടും വിഷപാമ്പുകളുടെ വാസസ്ഥലമാണിത്. ഓരോ കാൽവെപ്പും വളരെ ശ്രദ്ധയോടെ വേണം. പ്രത്യേകിച്ച് ഇന്ന് കറുത്ത വാവ്. വിഷപാമ്പുകളുടെ വീര്യം കൂടുന്ന ദിവസം."
ചെമ്പൻ കാട്ടുച്ചെടികളെ പതുക്കെ വകഞ്ഞു മാറ്റി പുൽ പടർപ്പുകളിലേക്ക് കയറുന്നതിനിടയിൽ പറഞ്ഞു.അഥവാ കടിയേറ്റാലും ചികിത്സക്കായി ചന്ദ്രവിമുഖി ഉണ്ടല്ലോ എന്ന് ചിരുത മനസ്സിലോർത്തു. "ചന്ദ്രവിമുഖി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം ഇവിടെ തീരും", ചിരുതയുടെ മാനസ മറിഞ്ഞതുപോലെ ചെമ്പൻ വീണ്ടും പറഞ്ഞു.
അത് കേട്ടപ്പോൾ ചിരുതയുടെ ഉള്ളൊന്നു കാളി. ചെമ്പന് പിന്നാലെ വളരെ ശ്രദ്ധയോടെ ചിരുതയും പുൽപ്പടർപ്പിനുള്ളിലേക്ക് കയറി. അപ്പോൾ രാത്രിയുടെ മൂന്നാം യാമമായ ഭദ്രകാളിയാമം തുടങ്ങാൻ അരനാഴികനേരം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ. അല്പദൂരം മുന്നാട്ടു നടന്ന ചെമ്പൻ പെട്ടെന്ന് നിന്നു. ചൂട്ടിന്റെ ചുവന്ന വെളിച്ചത്തിൽ തിളങ്ങുന്ന രണ്ട് മഞ്ഞക്കണ്ണുകൾ..! ചെമ്പൻ ചൂട്ടൊന്നു താഴ്ത്തി പിടിച്ചു. വായിൽ കടിച്ചു പിടിച്ചൊരു ചെമ്പോത്തുമായി കൂറ്റൻ കാട്ടുപൂച്ച.കരിമൂർഖനെ പോലെ പുളയുന്ന വാലുമായി ചെമ്പനെ നോക്കി ക്രൗര്യത്തോടെ അതൊന്നു മുരണ്ടു. പിന്നെ കാട്ടുചെടിക്കൂട്ടങ്ങളിലേക്ക് ഓടിപ്പോയി. ചെമ്പനും ചിരുതയും കാട്ടുച്ചെടികളെ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു.
ഓരോ കാട്ടുച്ചെടിയെയും ചെമ്പൻ പരിശോധിക്കുമ്പോൾ ദിവ്യാമൃതച്ചെടിയാകും എന്ന പ്രതീക്ഷയിൽ ചിരുത ചെമ്പനെ ഇടയ്ക്കിടെ നോക്കിക്കൊണ്ടേയിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. കാട്ടുപുൽക്കൂട്ടങ്ങൾക്കിടയിൽ അവർ ഏറെയലഞ്ഞു തിരഞ്ഞു. പന്തങ്ങൾ പലതും കെട്ടു .പന്തചൂടേറ്റ് വാടിയ കാട്ടുപൂവുപോലെ ചിരുതയുടെ മുഖം വാടി. അവൾ തണുത്തു വിറയ്ക്കാൻ തുടങ്ങി. ഇന്ന് ചന്ദ്രവിമുഖി കണ്ടെത്താൻ പറ്റിയില്ലെങ്കിൽ അടുത്ത കറുത്ത വാവുവരെ കാത്തിരിക്കേണ്ടി വരും. അതോർത്തപ്പോൾ ചിരുതയുടെ ദുഃഖമിരട്ടിച്ചു.
"ചിരുതേ... ദാ അവിടെ..."
പെട്ടെന്ന് ചെമ്പന്റെ വാക്കുകൾ ഇമ്പമാർന്ന പാണപ്പാട്ട് പോലെ ചിരുതയുടെ കർണ്ണപുടത്തിൽ അലിഞ്ഞുച്ചേർന്നു. ചിരുത ജിജ്ഞാസയോടെ ചെമ്പൻ കൈ ചൂണ്ടിയ സ്ഥലത്തേക്ക് മിഴി പായിച്ചു. മങ്ങിയ ചൂട്ടുവെളിച്ചത്തിൽ, കുറച്ചകലെയായി നാലഞ്ച് മിന്നാമിനുങ്ങുകൾ പുൽച്ചെടി കാടിനുമേൽ മിന്നിത്തെളിയുന്നതാണ് ചിരുത കണ്ടത്. ചെമ്പൻ ശ്രദ്ധയോടെ അങ്ങോട്ട് കുതിച്ചു. പിന്നാലെ ചിരുതയും.
അടുത്തെത്തിയപ്പോഴാണ് ആ തെളിച്ചം മിന്നാമിനുങ്ങിന്റെതെല്ലെന്ന് ചിരുതയ്ക്ക് മനസ്സിലായത്. നീലപ്രകാശം പരത്തുന്ന ഇലകൾ...!!! അതും ഒരു ചെടിയിലെ രണ്ടോ മൂന്നോ ഇലകൾക്ക് മാത്രമാണ് ആ പ്രത്യേകതയുള്ളതെന്നതും ചിരുതയെ അദ്ഭുതപ്പെടുത്തി.ചെമ്പൻ ആഹ്ളാദത്തോടെ ചിരുതയെ നോക്കി.
"പ്രകാശിതമായ ഈ ഇലയാണ് നീയും നിന്റെ അച്ഛനുൾപ്പെടെ മഹാപണ്ഡിതന്മാർ അന്വേഷിച്ചു നടന്ന ദിവ്യ ഔഷധം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഞങ്ങളുടെ മാത്രം ജ്ഞാനസമ്പത്ത്. ചന്ദ്രവിമുഖി!!! നിനക്കു വേണ്ടി, എന്റെ പ്രതിജ്ഞ മറന്ന് ഞാനിത് വെളിപ്പെടുത്തുന്നു."
അതു പറയുമ്പോൾ ചെമ്പനൊന്നു കിതച്ചു. ചെമ്പന്റെ ശബ്ദത്തിലെ ചെറുവിറയൽ തിരിച്ചറിഞ്ഞപ്പോൾ ചിരുതയുടെ ഉള്ള് നീറി. അവൾ ചെമ്പന്റെ ഇടതു കൈ തന്റെ മാറോട് ചേർത്തു പിടിച്ചു. "പക്ഷേ എനിക്കതിൽ കുറ്റബോധമൊന്നുമില്ല. ലക്ഷ്യബോധത്തിനും നിശ്ചയദാർഡ്യത്തിനും ജീവനെക്കാൾ വില കൽപ്പിക്കുന്ന നീയെന്ന മഹാവൈദികയ്ക്ക് മുന്നിലാണല്ലോ അത് വെളിപ്പെടുത്തിയത് എന്നതുക്കൊണ്ട് മാത്രമല്ല."
ചെമ്പൻ ചൂട്ടുവെളിച്ചത്തിൽ തിളങ്ങുന്ന ചിരുതയുടെ മിഴിവുറ്റ മിഴികളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് തുടർന്നു. "അറിവാണ് ആയുധം. കാലത്തിനനുസരിച്ച് ആയുധത്തിന് മൂർച്ച കൂട്ടേണ്ടതുണ്ട്. ഇല്ലെങ്കിലത് കാലഹരണപ്പെട്ടു പോകും. ചന്ദ്രവിമുഖിയും നാട്ടുവൈദ്യരസക്കൂട്ടുകളും കൂടി ചേർന്നാൽ അദ്ഭുതങ്ങൾ സംഭവിച്ചേക്കാം..."
ചിരുത അദ്ഭുതത്തോടെ ചെമ്പനെ നോക്കി നിന്നു. "ഈ ചെടിയിലെ മറ്റ് ഇലകൾക്കൊന്നും ഒരു ഔഷധ ഗുണവുമില്ല. രണ്ട് നാഴികനേരം കഴിയുമ്പോഴെക്കും ഈ പ്രകാശമെല്ലാം കെട്ടടങ്ങും .ഔഷധ സത്ത് ഇലകളിൽ നിന്ന് ഭൂമിയിലേക്ക് തന്നെ ഇറങ്ങി പോകും." ചെമ്പന്റെ വാക്കുകളോരോന്നും ഏതോ മാന്ത്രികലോകത്തു നിന്നും ഒഴുകി വരുന്നതുപോലെയാണ് ചിരുതയ്ക്ക് തോന്നിയത്.
"നമുക്കറിയാത്ത എന്തെല്ലാം രഹസ്യങ്ങളാണ് ഈ പ്രകൃതിയിലുള്ളത്. കണ്ടെത്തുന്തോറും കൂടി കൂടി വരുന്ന രഹസ്യങ്ങൾ..."
മഞ്ഞിൽ നീരാടി വന്ന ചെറുതെന്നൽ പന്തങ്ങളിലെ തീനാമ്പുകളെ ഉലച്ചു കൊണ്ട് കടന്നു പോയി. അപ്പോഴാണ് ചെമ്പന്റെയും ചിരുതയുടെയും മിഴികൾ ആ വിസ്മയക്കാഴ്ചയിലേക്ക് നീണ്ടത്. കാട്ടുച്ചെടിക്കൂട്ടങ്ങളിൽ പലയിടത്തും നൂറുകണക്കിന് മിന്നാമിനുങ്ങളെ വാരിയെറിഞ്ഞപോലെ നീലപ്രകാശം പൂത്തിരിക്കുന്നു!!! ആ അഭൗമമായ കാഴ്ചയിൽ ചിരുതയെ പോലെ ചെമ്പനും ഒരു നിമിഷം അദ്ഭുതപരതന്ത്രനായി മാറി. പൂത്തുലഞ്ഞ ആകാശം നിലത്തുവീണതുപോലെ...!
നേരം കഴിയുന്നതിനു മുന്നേ നൂറ്റൊന്ന് ഇലകളെങ്കിലും ശേഖരിക്കണം. ചെമ്പൻ ഇടതുകൈയ്യിലെ ചൂട്ടു ഉയർത്തി പിടിച്ച് വലംകൈ കൊണ്ട് ചന്ദ്രവിമുഖി പറിക്കാനായി കൈ നീട്ടി. പെട്ടെന്നാണ് കാട്ടിലകൾക്കിടയിൽ നിന്നൊരു കരിമൂർഖൻ സീൽക്കാരശബ്ദത്തോടെ ഫണം വിടർത്തി ചെമ്പനു നേരെ തിരിഞ്ഞത്.
2
ചെമ്പനേഴിയുടെ വടക്കെ പറമ്പിലെ കാടുമൂടിയ പ്രദേശം വെട്ടിത്തെളിയിക്കുമ്പോഴാണ് കോരന് തുടയിൽ മുറിവേറ്റത്. ചാത്തന്റെ കൈയിലെ കൊടുവാൾ ഊരിത്തെറിച്ചുണ്ടായ അരയടി നീളമുള്ള മുറിവിൽ നിന്നും ചെഞ്ചോര പൂക്കുറ്റി പോലെ ചിതറി തെറിച്ചു. നിർദേശങ്ങളും കുശലങ്ങളുമായി അടുത്തു തന്നെയുണ്ടായിരുന്ന ഗോവിന്ദൻ പെട്ടെന്നു തന്നെ തലയിൽ കെട്ടിവെച്ച തോർത്തുമുണ്ടഴിച്ച് മുറിവ് കൂട്ടി കെട്ടിയെങ്കിലും ഉറവ കണക്കെ തോർത്തിനുള്ളിലൂടെ രക്തം കിനിഞ്ഞിറങ്ങി. ചാത്തൻ കോരനെയും താങ്ങി പിടിച്ച് ചെമ്പനേഴിയുടെ മുറ്റത്തെത്തുന്നതിന് മുന്നേ കുഞ്ഞു തമ്പ്രാ എന്ന നിലവിളിയുമായി ഗോവിന്ദൻ ഓടിയെത്തിയിരുന്നു. ജോലിക്കിടയിൽ കോരന് അപകടം പറ്റിയതാണെന്നറിഞ്ഞതോടെ മൂത്തേടത്തിന് ആശ്വാസമായി. പേടിച്ചതു പോലെ ശത്രുക്കളുടെ ആക്രമണമൊന്നുമല്ല.
മൂത്തേടം തിരിഞ്ഞ് മുറിയിലേക്ക് തന്നെ നടന്നു. വാതിലിൽ മുട്ടുകേട്ടപ്പോഴാണ് 'ഒളിവിലെ ഓർമ്മകൾ' മേശപ്പുറത്ത് വെച്ച് കാർത്തിക പതുക്കെ വാതിൽ തുറന്നത്. വൈകുന്നേരം കുടിക്കാനും തേച്ചു പിടിപ്പിക്കാനുമുള്ള ഔഷധക്കൂട്ടുമായി മീനാക്ഷിയും പല്ലവിയും മുറിയിലേക്ക് കയറി വന്നു. കുടിക്കാനുള്ള കഷായം ചീന കോപ്പയിൽ അളവനുസരിച്ച് ഒഴിക്കുമ്പോഴാണ് മേശയുടെ മുകളിലുള്ള 'ഒളിവിലെ ഓർമ്മകൾ' മീനാക്ഷിയുടെ ശ്രദ്ധയിൽപ്പെട്ടത്.
"കാർത്തിക ചിരുത മാനസം വായിച്ചിട്ടുണ്ടോ?" മീനാക്ഷിയുടെ ചോദ്യത്തിന് കാർത്തിക അതെയെന്ന് തലയാട്ടി. "ചിരുതമാനസം തന്നെ കെട്ടുകഥയാണ്. പിന്നെയാണ് അതിന്റെ ബാക്കിയെന്ന് പറഞ്ഞ് ഓരോ അമൂർത്തന്മാർ ഓരോന്ന് എഴുതി വെയ്ക്കുന്നത്." ഒളിവിലെ ഓർമ്മകളോട് മീനാക്ഷിക്കുള്ള അനിഷ്ടം അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.
ചിരുതമാനസത്തിനും ഒളിവിലെ ഓർമ്മകൾക്കും ചെമ്പനേഴി തറവാടിന്റെ ഉത്പത്തിയുമായി യാതൊരു ബന്ധവുമില്ലേ? അതോ തങ്ങളുടെ പാരമ്പര്യ രഹസ്യങ്ങൾ മറ്റുള്ളവർ അറിയുന്നതു കൊണ്ടുള്ള ജാള്യതയാണോ ഇത്തരത്തിലുള്ള പ്രതികരണത്തിനുള്ള കാരണം? കാർത്തികയ്ക്ക് ആകെ സംശയമായി. മീനാക്ഷിയും പല്ലവിയും മുറിവിട്ടിറങ്ങിയ ഉടനെ തന്നെ കാർത്തിക 'ഒളിവിലെ ഓർമ്മകൾ വീണ്ടും കൈയിലെടുത്തു. പാലോറ മലയുടെ തുഞ്ചത്ത് മാത്രം വളരുന്ന ചന്ദ്രവിമുഖിയെ എങ്ങനെയായിരിക്കും ചെമ്പനും ചിരുതയും ചെമ്പനേഴി കാവിൽ എത്തിച്ചെതെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവൾ ഓലകൾ മറിച്ചു.
(തുടരും)