ലക്ഷണമൊത്ത പുരുഷശില്പം, തനിക്ക് വേണ്ടി ജീവിത ലക്ഷ്യം വേണ്ടെന്നു വെച്ചവൻ; ചെമ്പനും ചിരുതയും ഒന്നിക്കുന്നു
അധ്യായം: മുപ്പത്തിയൊന്ന് സിന്ദൂരചാർത്തു പോലെ പാലോറ മലയുടെ കിഴക്കനാകാശത്തെ കടുംമഞ്ഞ് ചുവന്ന് തുടുത്തപ്പോഴാണ് തങ്ങളുടെ കരിമ്പുതപ്പിനുള്ളിൽ നിന്നും ചെമ്പനും ചിരുതയും പതുക്കെ എഴുന്നേറ്റത്. പുതപ്പിനുള്ളിൽ അഴിഞ്ഞുലഞ്ഞു വീണ നീണ്ട തലമുടി ചിരുത വാരി ചുറ്റി കെട്ടിവെച്ചു. ഏറുമാടത്തിന് ചുറ്റും നീട്ടി കെട്ടി
അധ്യായം: മുപ്പത്തിയൊന്ന് സിന്ദൂരചാർത്തു പോലെ പാലോറ മലയുടെ കിഴക്കനാകാശത്തെ കടുംമഞ്ഞ് ചുവന്ന് തുടുത്തപ്പോഴാണ് തങ്ങളുടെ കരിമ്പുതപ്പിനുള്ളിൽ നിന്നും ചെമ്പനും ചിരുതയും പതുക്കെ എഴുന്നേറ്റത്. പുതപ്പിനുള്ളിൽ അഴിഞ്ഞുലഞ്ഞു വീണ നീണ്ട തലമുടി ചിരുത വാരി ചുറ്റി കെട്ടിവെച്ചു. ഏറുമാടത്തിന് ചുറ്റും നീട്ടി കെട്ടി
അധ്യായം: മുപ്പത്തിയൊന്ന് സിന്ദൂരചാർത്തു പോലെ പാലോറ മലയുടെ കിഴക്കനാകാശത്തെ കടുംമഞ്ഞ് ചുവന്ന് തുടുത്തപ്പോഴാണ് തങ്ങളുടെ കരിമ്പുതപ്പിനുള്ളിൽ നിന്നും ചെമ്പനും ചിരുതയും പതുക്കെ എഴുന്നേറ്റത്. പുതപ്പിനുള്ളിൽ അഴിഞ്ഞുലഞ്ഞു വീണ നീണ്ട തലമുടി ചിരുത വാരി ചുറ്റി കെട്ടിവെച്ചു. ഏറുമാടത്തിന് ചുറ്റും നീട്ടി കെട്ടി
അധ്യായം: മുപ്പത്തിയൊന്ന്
സിന്ദൂരചാർത്തു പോലെ പാലോറ മലയുടെ കിഴക്കനാകാശത്തെ കടുംമഞ്ഞ് ചുവന്ന് തുടുത്തപ്പോഴാണ് തങ്ങളുടെ കരിമ്പുതപ്പിനുള്ളിൽ നിന്നും ചെമ്പനും ചിരുതയും പതുക്കെ എഴുന്നേറ്റത്. പുതപ്പിനുള്ളിൽ അഴിഞ്ഞുലഞ്ഞു വീണ നീണ്ട തലമുടി ചിരുത വാരി ചുറ്റി കെട്ടിവെച്ചു. ഏറുമാടത്തിന് ചുറ്റും നീട്ടി കെട്ടി കത്തിച്ചുവെച്ച വലിയ പന്തങ്ങളും മരത്തിന് താഴെ ഒരുക്കിയ തീകുണ്ഡവും എപ്പോഴോ കെട്ടു പോയിരുന്നു.
തണുപ്പ് ചെന്നായ് കൂട്ടങ്ങളെ പോലെ ഏറുമാടത്തിന് ചുറ്റും അലഞ്ഞു നടന്നിരുന്നതിനാൽ പകലുകനക്കുന്നതുവരെ ചെമ്പനും ചിരുതയ്ക്കും ഏറുമാടത്തിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ല. ചന്ദ്രവിമുഖി തിരിച്ചറിയാൻ കഴിയുന്ന കറുത്തവാവിന് ഇനിയുമുണ്ട് മൂന്ന് ദിനങ്ങൾ. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ ചെമ്പനെ പോലെ ചിരുതയ്ക്കും മന:പാഠമായിരുന്നു. വാവിന് മുമ്പ് കൊടുങ്കാടൊന്നു പരിചയപ്പെടണം.
പച്ചപ്പുൽമേടുകൾക്ക് മുകളിൽ മഞ്ഞ് വിരിച്ച തൂവെള്ളവിരി ഉരുകിയൊലിക്കാൻ തുടങ്ങിയതോടെ ചെമ്പനും ചിരുതയും കാട്ടിനുള്ളിലേക്ക് നടന്നു കയറി. നെയ്യ് പുരട്ടിയ ചകിരി കയറിലെ തീക്കനലും എപ്പോൾ വേണമെങ്കിലും കത്തിക്കാൻ തയ്യാറാക്കിയ പന്തങ്ങളും മറ്റ് ആയുധങ്ങളും വന്യജീവികളിൽ നിന്നുള്ള രക്ഷയ്ക്കായി അവർ കരുതിയിരുന്നു. കുഞ്ചനെ വെട്ടിയ വാൾ ചിരുത ഉടവാളെന്ന പോലെ അരയിൽ കെട്ടിവെച്ചു!
ഉൾക്കാട്ടിനുള്ളിൽ കുറ്റിക്കാടുകൾ നന്നെ കുറവായിരുന്നു. അടുത്തടുത്ത തൂണുകളിൽ കെട്ടിയുണ്ടാക്കിയ വൻ പന്തലു പോലെ പാലോറമല കാട് ഭൂമിക്ക് കുട പിടിച്ചു നിന്നു. ആരോ വലിച്ചു കെട്ടിയ വെള്ളി നൂലൂകൾ കണക്കെ ഇല പടർപ്പുകൾക്കിടയിലൂടെ പ്രകാശകിരണങ്ങൾ കാട്ടിനുള്ളിലേക്ക് ഇടയ്ക്കിടെ എത്തി നോക്കി. കരിമൂർഖന്മാരും രാജവെമ്പാലകളും ഇര തേടി പതുങ്ങിയിരിക്കുന്ന, കരിയിലകൾ മെത്ത വിരിച്ച നിലത്തു കൂടി മുമ്പിൽ ചെമ്പനും പിന്നിലായി ചിരുതയും ശ്രദ്ധയോടെ നടന്നു. വൃക്ഷക്കൊമ്പുകളിൽ ചാടിക്കളിച്ചിരുന്ന വാനരക്കൂട്ടങ്ങൾ അവരെ കണ്ട് ഒച്ചവെച്ചു. മലയണ്ണാനും മരപ്പട്ടിയും കൊത്തിവെച്ച ശില്പം പോലെ പതുങ്ങിയിരുന്ന് സൂക്ഷിച്ച് നോക്കി.പല തരം പക്ഷികൾ,ഷഡ്പദങ്ങൾ, ചെറുജീവികൾ അവർക്കു മുന്നിലൂടെ പറന്നും ഓടിച്ചാടിയും കടന്നു പോയി. ചിരുതയ്ക്ക് ആശങ്ക പുലി, കടുവ, ആന തുടങ്ങിയ വന്യമൃഗങ്ങളെയായിരുന്നു.അവൾ ജാഗ്രതയോടെ ചുറ്റുമുള്ള ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടാണ് നടന്നത്. പക്ഷേ അത്തരം ജന്തുക്കളെയൊന്നും അവൾക്ക് കാണാൻ കഴിഞ്ഞില്ല. ഇരകൾ ഏറെയുള്ള പുൽമേടുകളിലായിരിക്കും അവയുടെ വാസസ്ഥലങ്ങൾ എന്ന ചെമ്പന്റെ നിരീക്ഷണം ശരിയാണെന്ന് ചിരുതയ്ക്ക് തോന്നി. കാടും കാട്ടിലെ ജീവികളും ചെമ്പന് കുടുംബം പോലെയാണല്ലോ!
നട്ടുച്ച കഴിഞ്ഞതോടെ മരങ്ങൾ കുറഞ്ഞ കാട്ടു പുൽച്ചെടികൾ പടർന്നു പിടിച്ച കാടിനോരത്ത് അവർ എത്തിച്ചേർന്നു. പകൽ വെളിച്ചത്തിന്റെ തെളിമ കണ്ടതോടെ ചിരുതയ്ക്ക് അല്പം ആശ്വാസമായി. കാടുമൂടിയ പാറക്കെട്ടിനിടയിലൂടെ ഒരു തെളിനീരുറവ തുള്ളി തുളുമ്പി താഴോട്ട് ഒഴുകി പോകുന്നുണ്ട്. ചെമ്പനും ചിരുതയും ആ അരുവിയിൽ നിന്ന് വെള്ളമെടുത്ത് ദാഹമകറ്റി. അരുവിക്കരയിലൂടെ അല്പദൂരം താഴോട്ടിറങ്ങിയപ്പോൾ പല നിറങ്ങളിൽ മുട്ടോളം പൊന്തിയ കാട്ടുപ്പുൽച്ചെടിക്കൂട്ടം കണ്ട് ചെമ്പൻ നിന്നു.
"ഇടതൂർന്ന ഇത്തരം പുൽച്ചെടിക്കൂട്ടങ്ങൾക്കിടയിലാണ് അപൂർവമായി ചന്ദ്രവിമുഖി കാണാറ്."
വ്യത്യസ്ത പുൽച്ചെടികളെ പരിശോധിക്കുന്നതിനിടയിൽ ചെമ്പൻ ചിരുതയെ നോക്കി പറഞ്ഞു. ചന്ദ്രവിമുഖി എന്ന് കേട്ടതും ചിരുതയുടെ മുഖം കാട്ടുപൂവു പോലെ തുടുത്തു. അവൾ ആകാംക്ഷയോടെ പുൽച്ചെടിക്കൂട്ടങ്ങളിലേക്ക് ഇറങ്ങി ചെന്നു. കാട്ടുച്ചെടികളുടെ ഉള്ളുലഞ്ഞപ്പോൾ പൂക്കളിൽ തേൻ നുകർന്നുക്കൊണ്ടിരുന്ന ശലഭക്കൂട്ടങ്ങൾ കാറ്റത്ത് പെയ്ത പൂമഴ പോലെ പാറിപറന്നു.
"പക്ഷേ തിരിച്ചറിയണമെങ്കിൽ കറുത്ത വാവുവരെ കാത്തിരിക്കണം."
ചെമ്പന്റെ ഓരോ വാക്കും അവളെ കുളിരണിയിച്ചു. ഇതുവരെ കാണാത്ത പലതരം ചെടികളും പൂക്കളും അവളെ വിസ്മയപ്പെടുത്തി. പല വർണ്ണങ്ങളിലുള്ള ചെടികളെ തഴുകിയും മണത്തും നോക്കുന്നതിനിടയിൽ അവൾ സംശയത്തോടെ മനസ്സിൽ ചോദിക്കും; ഇതായിരിക്കുമോ ചന്ദ്രവിമുഖി? അല്ലെങ്കിൽ ഇതോ? കറുത്തവാവിന് ചന്ദ്ര വിമുഖിയെ എങ്ങനെയായിരിക്കും തിരിച്ചറിയുക? ജിജ്ഞാസ പാൽനുരപോലെ അവളിൽ തിളച്ചു പൊന്തും. ചെമ്പനോട് ചോദിച്ചാല്ലോ?
വേണ്ട. മൂന്നു ദിനം കൊണ്ട് നേരിൽ കാണാൻ പോകുന്ന കാഴ്ചയുടെ അത്ഭുതം ഇപ്പോഴേ നഷ്ടപ്പെടുത്തേണ്ട. അതുമാത്രമല്ല; പണ്ടത്തെ പോലെ ദേഷ്യം പിടിച്ച് ചെമ്പൻ കടന്നു കളഞ്ഞാലോ? അങ്ങനെ ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് അവൾക്കുറപ്പുണ്ട്. എന്നാലും കുസൃതിയോടെ അവളങ്ങനെയും ചിന്തിച്ചു!
താനിതാ ചന്ദ്രവിമുഖിയുടെ കൈയ്യെത്തും അകലത്തിലെത്തിച്ചേർന്നിരിക്കുന്നു! ഇരുകൈകളും വശങ്ങളിലേക്ക് നീട്ടി പിടിച്ച്, ചക്രവാളത്തിലേക്ക് മിഴിനട്ട് ഉറക്കെ വിളിച്ചു പറയണമെന്നവൾ ആഗ്രഹിച്ചു. മഹാമനീഷികൾ ഇപ്പോഴും അന്വേഷിച്ച് നടക്കുന്ന, തന്റെ അച്ഛന്റെ ജീവന്റെ വിലയുള്ള മഹാഔഷധച്ചെടിക്കരികിൽ...! പ്രകൃതി പാലോറ മലയുടെ നിഗൂഡവനികളിൽ ഒളിപ്പിച്ചു വെച്ച ദിവ്യാമൃതത്തിന് മുന്നിൽ...! ഇത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ ചിരുത ഒരു നിമിഷം നിന്നുപോയി. അവൾ ചെമ്പനെ നോക്കി. അവനൊരു ചുവന്ന കാട്ടുപൂവ് പറിച്ച് പരിശോധിക്കുകയായിരുന്നു.
ചെമ്പൻ. തന്റെ ചെമ്പൻ. പെരുമാൾക്കാവിലെ ലക്ഷണമൊത്ത പുരുഷശില്പം പോലെ കാരിരുമ്പിന്റെ കരുത്തുള്ളവൻ..! തനിക്ക് വേണ്ടി ജീവിത ലക്ഷ്യമായ യോഗാചാര്യ പട്ടം വേണ്ടെന്നു വെച്ചവൻ!
ചിരുതയ്ക്ക് ചെമ്പനെ കെട്ടിപ്പിടിക്കണമെന്ന് തോന്നി. ആ തോന്നലിൽ, പുൽച്ചെടികളെ വകഞ്ഞു മാറ്റി അവളോടിച്ചെന്ന് അവന്റെ നിറഞ്ഞ മാറിൽ മുഖം ചേർത്തു പുണർന്നു.
ചെമ്പൻ ഞെട്ടിപ്പോയി. ചിരുതയ്ക്കിതെന്തു പറ്റി? ഏറുമാടത്തിനുള്ളിലെ കുളിരു കോരുന്ന തണുപ്പിൽ, ഇത്തിരി സ്ഥലത്ത് ഒതുങ്ങി കിടക്കുമ്പോൾ പോലും പരസ്പരം തൊടാതിരിക്കാൻ ശ്രദ്ധിച്ചിരുന്ന ചിരുതയാണോ ഇത്?
ചെമ്പനവളെ മാറിൽ നിന്നും അടർത്തിമാറ്റാൻ ശ്രമിച്ചു. പക്ഷേ ചിരുത വിട്ടുകൊടുത്തില്ല. കാട്ടുപുല്ലുകൾക്ക് മീതെ പല വർണ്ണങ്ങളിൽ വിടർന്നു നിന്ന പൂക്കളെ നൃത്തമാടിച്ച് വന്ന കാറ്റ് ചിരുതയുടെ കെട്ടിവെച്ച മുടിക്കെട്ടഴിച്ചു. പനങ്കുലപോലെ താഴേക്ക് ഒഴുകി പരന്ന നീണ്ട കാർകൂന്തൽ വാരിയെടുത്ത് ചിരുത ചെമ്പനെ തന്നോട് മുറുകെ കെട്ടിവെച്ചു. പാലരുവിയിലെ കുഞ്ഞോളങ്ങൾ അത് കണ്ട് നാണത്തോടെ കുലുങ്ങിച്ചിരിച്ച് താഴോട്ട് ഒഴുകി പോയി. ഇളം ചില്ലയിലിരുന്ന് ഊഞ്ഞാലാടിയ കാട്ടു പക്ഷി ഉള്ളിലൊതുക്കിയ പുഞ്ചിരിയോടെ ചിലച്ചു കൊണ്ട് പറന്നു പോയി. പാലരുവിക്കരയിൽ കാട്ടുപൂക്കൾ പൊഴിഞ്ഞടർന്ന് അവർക്കു വേണ്ടി പൂമെത്ത വിരിച്ചു. ഉരുളൻ കല്ലുകളിൽ ചവിട്ടി തെന്നി പോയ ചിരുതയോടൊപ്പം ചെമ്പനും താഴെ പൂമെത്തയിലേക്ക് വീണു.
(തുടരും)