കാർത്തികയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വൈദ്യരുടെ മകൻ; തറവാടിനെ കാത്തിരിക്കുന്നത് അപകടങ്ങളോ?
അധ്യായം: ഇരുപത്തിയൊന്ന് കൂരിരുട്ടിൽ ഇടവഴിയും കടന്ന് പടിപ്പുരയോട് ചേർന്നുള്ള നടവഴിയിൽ ഓടി കിതച്ചെത്തുമ്പോഴെക്കും കാർത്തികേയന്റെ കൈയിലെ ചൂട്ട് മുക്കാൽ പങ്കും കത്തി തീർന്നിരുന്നു. വിഷ്ണു കീർത്തിയുടെ കൈയിലെ ചൂട്ടാകട്ടെ, പാതിവഴിയിലെവിടെയോ തെറിച്ചും പോയിരുന്നു. അച്ഛനെ കൊന്ന ഘാതകസംഘത്തിൽ പെട്ടവർ
അധ്യായം: ഇരുപത്തിയൊന്ന് കൂരിരുട്ടിൽ ഇടവഴിയും കടന്ന് പടിപ്പുരയോട് ചേർന്നുള്ള നടവഴിയിൽ ഓടി കിതച്ചെത്തുമ്പോഴെക്കും കാർത്തികേയന്റെ കൈയിലെ ചൂട്ട് മുക്കാൽ പങ്കും കത്തി തീർന്നിരുന്നു. വിഷ്ണു കീർത്തിയുടെ കൈയിലെ ചൂട്ടാകട്ടെ, പാതിവഴിയിലെവിടെയോ തെറിച്ചും പോയിരുന്നു. അച്ഛനെ കൊന്ന ഘാതകസംഘത്തിൽ പെട്ടവർ
അധ്യായം: ഇരുപത്തിയൊന്ന് കൂരിരുട്ടിൽ ഇടവഴിയും കടന്ന് പടിപ്പുരയോട് ചേർന്നുള്ള നടവഴിയിൽ ഓടി കിതച്ചെത്തുമ്പോഴെക്കും കാർത്തികേയന്റെ കൈയിലെ ചൂട്ട് മുക്കാൽ പങ്കും കത്തി തീർന്നിരുന്നു. വിഷ്ണു കീർത്തിയുടെ കൈയിലെ ചൂട്ടാകട്ടെ, പാതിവഴിയിലെവിടെയോ തെറിച്ചും പോയിരുന്നു. അച്ഛനെ കൊന്ന ഘാതകസംഘത്തിൽ പെട്ടവർ
അധ്യായം: ഇരുപത്തിയൊന്ന്
കൂരിരുട്ടിൽ ഇടവഴിയും കടന്ന് പടിപ്പുരയോട് ചേർന്നുള്ള നടവഴിയിൽ ഓടി കിതച്ചെത്തുമ്പോഴെക്കും കാർത്തികേയന്റെ കൈയിലെ ചൂട്ട് മുക്കാൽ പങ്കും കത്തി തീർന്നിരുന്നു. വിഷ്ണു കീർത്തിയുടെ കൈയിലെ ചൂട്ടാകട്ടെ, പാതിവഴിയിലെവിടെയോ തെറിച്ചും പോയിരുന്നു.
അച്ഛനെ കൊന്ന ഘാതകസംഘത്തിൽ പെട്ടവർ തന്നെയാകണം തറവാട്ടിലേക്ക് കയറിച്ചെന്നത്. പക്ഷേ പടിപ്പുരവാതിലിനടുത്ത് എത്തിയപ്പോഴെക്കും തറവാട്ടിൽ നിന്ന് നേരത്തെ കേട്ട ബഹളമൊന്നും കേൾക്കാനുണ്ടായിരുന്നില്ല. പടിപ്പുര മതിലിനോടുച്ചേർന്നുളള വടക്ക് വശത്തെ കുതിരാലയത്തിൽ തറവാട്ടിലെ കുതിരവണ്ടി കൂടാതെ പുതിയതായി ഒരു വണ്ടി കൂടി നിലയുറപ്പിച്ചിരിക്കുന്നത് കാർത്തികേയൻ്റെ ശ്രദ്ധയിൽപ്പെട്ടു. രാജകീയ കൊടിക്കീറയും ചിഹ്നങ്ങളും തൂക്കുവിളക്കിന്റെ വെളിച്ചത്തിൽ മിന്നിതിളങ്ങുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് കാർത്തികേയന് രാജകുടുബത്തിൽ നിന്നും ചികിത്സയ്ക്ക് വരുമെന്നറിയിച്ചവരെ കുറിച്ച് ഓർമ്മ വന്നത്.
"വിഷ്ണു... ശത്രുക്കളല്ല. രാജകുടുംബത്തിൽ നിന്നും ചികിത്സയ്ക്ക് വന്നവരാണ്. അവരെ കൂട്ടികൊണ്ടുവരാൻ പയ്യോളിക്കവലയിലേക്ക് ആളെ വിടണമെന്ന് അച്ഛൻ പറഞ്ഞേൽപ്പിച്ചിരുന്നു. അക്കാര്യം മരിച്ച പോലെ മറന്നല്ലോ അനുജാ."
ജ്യേഷ്ഠൻ്റെ വാക്കുകളിൽ കുറ്റബോധത്തിൻ്റെ ഇടർച്ചയുള്ളതായി വിഷ്ണു കീർത്തിക്ക് തോന്നി. "ചേട്ടൻ വിഷമിക്കേണ്ടതില്ല. അവരിങ്ങ് എത്തിയല്ലോ. അച്ഛൻ മരിച്ച വ്യഥയിൽ അത്തരം കാര്യങ്ങൾ മറന്നു പോകുന്നത് സ്വഭാവികമല്ലേ?"
വിഷ്ണു കീർത്തിയുടെ ആശ്വാസവാക്കുകൾ കാർത്തികേയന്റെ ഉള്ളിൽ ചെറിയൊരു കുളിര് നിറച്ചു. പൂമുഖ വാതിൽ കടന്ന് വലിയ മുറിയിലേക്ക് കടന്നു ചെന്നപ്പോൾ അച്ഛന്റെ ചിത്രത്തിലേക്ക് മിഴി നട്ടിരിക്കുന്ന ഒരപരിചിതനെയാണ് അവർ കണ്ടത്. അയാളുടെ ശ്രദ്ധ കിട്ടാനായി കാർത്തികേയൻ മുരടനക്കി. ശബ്ദം കേട്ട് മൂത്തേടം ചിത്രത്തിൽ നിന്നും കണ്ണെടുത്ത് വാതിൽക്കലേക്ക് നോക്കി .
ശ്രീരാമലക്ഷ്മണന്മാരെ പോലെ രണ്ടു പേർ .കാർത്തികേയനും വിഷ്ണു കീർത്തിയും . മൂത്തേടം സ്വയം പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ തന്നെ കാർത്തികേയൻ വിലക്കി. "അങ്ങയെ കുറിച്ച് അച്ഛൻ വിശദമായി പറഞ്ഞിട്ടുണ്ട്. നേരിട്ട് കാണാനുള്ള ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷവും പങ്കുവെച്ചിരുന്നു. പക്ഷേ...
കാർത്തികേയന്റെ ശബ്ദമൊന്നു ഇടറി. "അച്ഛന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ പയ്യോളി കവലയിലേക്ക് ആളെ അയക്കാൻ വിട്ടു പോയി. അതിന് ആദ്യമെ ക്ഷമ ചോദിക്കട്ടെ?" കാർത്തികേയൻ കൈകൾ കൂപ്പി.
"അത് സാരമില്ല കുട്ടി. വഴി കാണിച്ചു തരാൻ ഒരു ചെറുമൻ" പെട്ടെന്ന് മൂത്തേടം പാതിയിൽ നിർത്തി. തനിക്കുണ്ടായ അനുഭവം ഇവരോട് പറയണോ എന്ന സന്ദേഹം മൂത്തേടത്തിനുണ്ടായി. ആകെ വിഷമിച്ചിരിക്കുന്ന ഈ അവസരത്തിൽ അക്കാര്യം പറയാതിരിക്കുന്നതാണ് നല്ലതെന്ന് മൂത്തേടത്തിന് തോന്നി. "ഒരു ചെറുമനെ കിട്ടി. ആ ചെറുമനാണ് മഹാവൈദ്യരുടെ അത്യന്തം ദുഃഖകരമായ വിയോഗ വാർത്ത അറിയിച്ചത്." അതും പറഞ്ഞ് മൂത്തേടം ഒരു നിമിഷം നിശബ്ദനായി.
അപ്പോഴേക്കും സുരക്ഷ ഭടന്മാരും കുതിരക്കാരനും ചേർന്ന് വലിയൊരു പെട്ടി അവരുടെ മുമ്പിൽ കൊണ്ടുവന്നു വെച്ചു. മൂത്തേടം അരയിൽ കെട്ടിവെച്ച താക്കോൽ കൂട്ടങ്ങളിൽ ഒന്നെടുത്ത് ഭടനു നേരെ നീട്ടി. ഭടൻ പെട്ടി തുറന്നപ്പോൾ അതിനുള്ളിലെ സ്വർണാഭരണങ്ങൾ ചുമരിൽ ചേർത്തുവെച്ച ചില്ലുവിളക്കിന്റെ പ്രഭയിൽ വെട്ടിതിളങ്ങി. അവിടെ എത്തിച്ചേർന്ന രാജശേഖരൻ സ്വർണാഭരണങ്ങൾ കണ്ട് അദ്ഭുതസ്തംഭനായി നിന്നു പോയി.
"അയ്യോ തിരുമേനി, ചികിത്സയ്ക്ക് പ്രതിഫലമായി ഇത്രയും വിലപിടിപ്പുള്ള പാരിതോഷികങ്ങളൊന്നും ചെമ്പനേഴിക്കാർ പണ്ട് മുതലെ വാങ്ങാറില്ലയെന്ന കാര്യം അങ്ങ് മറന്നു പോയിരിക്കുന്നു. അതോർമ്മിപ്പിക്കേണ്ടതിൽ വന്നതിൽ ക്ഷമിക്കണം." കാർത്തികേയൻ പതുക്കെ പറഞ്ഞു. മൂത്തേടം പുഞ്ചിരിച്ചു. "അതോർമ്മയില്ലാഞ്ഞിട്ടല്ല .ഇത് ചികിത്സയ്ക്കുള്ള പ്രതിഫലവുമല്ല. നാടുവാഴി തമ്പ്രാന്റെ ഒരു സന്തോഷം മാത്രം. ഇതെന്നെ ഏൽപ്പിക്കുമ്പോൾ മഹാവൈദ്യൻ മിത്രൻ വാങ്ങാതിരിക്കാൻ പല ഒഴിവുകഴിവുകൾ പറയുമെന്നും അതൊന്നും സമ്മതിക്കാതെ നിർബന്ധമായും കൊടുക്കണമെന്നും നാടുവാഴി തിരുമനസ്സ് പ്രത്യേകം പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതേറ്റുവാങ്ങേണ്ട വൈദ്യര്..." മൂത്തേടം പാതിയിൽ നിർത്തി.
ഒരു നിമിഷം ശോകമൂകമായിപോയ അന്തരീക്ഷത്തെ ഉണർത്തിയത് രാജശേഖരനായിരുന്നു. "നാടുവാഴി തമ്പ്രാൻ്റെ അപ്രീതിക്ക് കാരണമാകുന്നതൊന്നും ചെയ്യാൻ പാടില്ല. അതെത്ര വലിയ തറവാട്ടുകാരായാലും." അതും പറഞ്ഞ് രാജശേഖരൻ പെട്ടിയുമെടുത്ത് അകത്തേക്ക് പോയി. കാർത്തികേയനും വിഷ്ണു കീർത്തിയും മുഷിച്ചിലോടെ അത് നോക്കി നിന്നു.
"കാർത്തിക കുഞ്ഞിന് കടിയേറ്റിട്ടിപ്പോൾ നേരത്തോട് നേരം കഴിഞ്ഞു. കടിച്ച നായ രണ്ട് മൂന്ന് മണിക്കൂറിനകം ചത്തു. ഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് നായ കുഞ്ഞിനെ കടിച്ചതെന്നും അതുകൊണ്ട് തന്നെ വളരെ സൂക്ഷിക്കണമെന്നും രാജവൈദ്യർ തിരുമുൽപ്പാട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ താല്പര്യപ്രകാരമാണ് ഇന്ന് കാലത്തു തന്നെ ചെമ്പനേഴിയിലേക്ക് പുറപ്പെട്ടത്. എന്റെ കുഞ്ഞ്..."
വിഷയം മാറ്റാനായിട്ടാണ് മൂത്തേടം പറഞ്ഞു തുടങ്ങിയതെങ്കിലും അവസാനമെത്തിയപ്പോഴെക്കും വിതുമ്പിപ്പോയി. നാടുവാഴി തിരുമനസ്സിന്റെ അനുജനും വടക്കുംകൂർ കൊട്ടാരത്തിന്റെ അധിപനുമായ രാജേന്ദ്രനാണ് കാർത്തികയുടെ പിതാവെങ്കിലും അവളെ പൊന്നുപോലെ നോക്കി വളർത്തിയത് മൂത്തേടമായിരുന്നു. ഉമിത്തീ പോലെ ഉളള് നീറിപുകഞ്ഞു കത്തിക്കൊണ്ടിരുന്നപ്പോഴും അത് പ്രകടിപ്പിക്കാനാവാതെ ഒരു പകൽ മുഴുവൻ സാധാരണ ഭാവത്തോടെ അഭിനയിക്കുകയായിരുന്നല്ലോ മൂത്തേടം.
കാർത്തികേയനും മൂത്തേടവും കാർത്തികയുടെ മുറിയിൽ എത്തുമ്പോൾ കുളി കഴിഞ്ഞ് മുട്ടോളമെത്തുന്ന ഈറൻ മുടി ചീകിയുണക്കുകയായിരുന്നു കാർത്തിക. അവരെ കണ്ടതും കാർത്തിക കട്ടിലിൽ നിന്നും എഴുന്നേറ്റു. സുഭദ്ര തമ്പുരാട്ടി കുളി കഴിഞ്ഞ് എത്തിയിരുന്നില്ല. അന്തിചോപ്പു മായുംനേരത്ത് കുന്നത്ത് കാവിലെ ചുറ്റുവിളക്കിൽ നിറഞ്ഞു കത്തുന്ന തൃക്കാർത്തിക വിളക്കുപോലെ തുടുത്തു നിൽക്കുന്ന കാർത്തികയെ കണ്ട് കാർത്തികേയന്റെ കരളിൽ ഒരു കുളിര് പൂത്തു വിടർന്നു. താളിയോല ഗ്രന്ഥങ്ങളിലും പഴം പാട്ടുകളിലും മാത്രം വായിച്ചും കേട്ടും പരിചയമുള്ള അപ്സരസിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണെന്ന് കാർത്തികേയന് തോന്നി.
സ്ഥലകാലബോധം വന്ന കാർത്തികേയൻ കാർത്തികയുടെ കാലിലെ മുറിവ് പരിശോധിക്കാനായി തിരിഞ്ഞു. കട്ടിലിൽ നീട്ടി വെച്ച കാലിലെ കസവുമുണ്ട് കാർത്തിക, പതുക്കെ മുട്ടോളം കയറ്റി വെച്ചു. മുട്ടിന് താഴെ കടിയേറ്റ ഭാഗം പരുത്തി തുണിക്കൊണ്ട് കെട്ടിവെച്ചിരിക്കുന്നു. മൂത്തേടം കെട്ടഴിക്കാൻ തുടങ്ങിയതോടെ അത്ര രസമില്ലാത്തൊരു ഗന്ധം ചുറ്റും പടർന്നു. സൗപാദ തൈലം.
കാർത്തികേയൻ മനസ്സിൽ മന്ത്രിച്ചു. വിഷം പടരാതിരിക്കാനും നീരുവരാതിതിരിക്കാനുമുള്ള ഔഷധം. പൂവിതൾ പോലെ മൃദുവാർന്ന അവളുടെ കാലിലെ കടിയേറ്റ ഭാഗത്തെ മാംസം ചെറുതായി ഇളകി പോയിരിക്കുന്നു.
"ഭ്രാന്തിളകിയ ജീവികളിൽ നിന്നേൽക്കുന്ന പരുക്കിന് ഇരുപത്തിയെട്ട് ദിവസത്തെ പഥ്യത്തോടെയുള്ള ചികിത്സയാണ് വേണ്ടത്. കൂടാതെ പതിനാല് ദിവസം പഥ്യമില്ലാതെയുള്ള നിരീക്ഷണ കാലവും. ചുരുക്കത്തിൽ ഒന്നൊര മാസം ഇവിടെ കഴിയേണ്ടി വരും." സൂക്ഷ്മപരിശോധനയ്ക്കുശേഷം മുറിക്ക് പുറത്തിറങ്ങിയ കാർത്തികേയൻ മൂത്തേടത്തിനോട് പറഞ്ഞു.
"അത് കുഴപ്പമില്ല. എന്റെ കുഞ്ഞിന് ഒരാപത്തും വരാതിരുന്നാൽ മതി", ഒരു പ്രാർത്ഥന പോലെ മൂത്തേടം പ്രതികരിച്ചു.
"പുരട്ടാനും കഴിക്കാനുമുള്ള ഔഷധങ്ങൾ മീനാക്ഷിയുടെ കൈയ്യിൽ കൊടുത്തയക്കാം. ഇനി എല്ലാ കാര്യത്തിലും മീനാക്ഷിയുണ്ടാകും കൂടെ."
ആരാണ് മീനാക്ഷി എന്നറിയാനുള്ള ആകാംക്ഷയോടെ മൂത്തേടം കാർത്തികേയനെ നോക്കി. "രാജശേഖരന്റെ സഹോദരിയാണ്. അച്ഛന്റെ മൂത്ത സഹോദരി ലളിതാംബികയുടെ മകൾ".
മൂത്തേടത്തെ വിരുന്നുമുറിയിലാക്കിയതിനു ശേഷം കാർത്തികേയൻ സ്വന്തം മുറിയിലെ ചാരുമരകസേരയിൽ ചാഞ്ഞിരുന്നു. ശരീരം മുഴുവൻ തളർച്ച അനുഭവപ്പെട്ടപ്പോഴാണ് താനിന്ന് ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലെന്ന് കാർത്തികേയന് ഓർമ്മ വന്നത്. പക്ഷേ വിശപ്പ് അനുഭവപ്പെടാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല കാർത്തികേയൻ. ഉറക്കം കൺപോളകളെ കൂട്ടിക്കെട്ടാനുള്ള ശ്രമം തുടങ്ങി. മയക്കത്തിലേക്ക് മറിഞ്ഞു വീണ കാർത്തികേയനു മുന്നിൽ അച്ഛൻ തെളിഞ്ഞു വന്നു.
"കാർത്തീ... നമ്മുടെ കുലമഹിമ വല്ലാതെ വെല്ലുവിളി നേരിടുന്ന കാലമാണ്. സൂക്ഷിക്കണം നീ..."
പെട്ടെന്ന് ചെമ്പനേഴിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു നിലവിളി ഉയർന്നു പൊങ്ങി. ഞെട്ടിയെഴുന്നേറ്റ കാർത്തികേയൻ വാതിൽ തുറന്ന് ഇടനാഴിയിലേക്ക് ഇറങ്ങി. മാറ്റൊലി പോലെ വീണ്ടും ഉയർന്ന ആ നിലവിളി കാർത്തികയുടെ മുറിയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞ കാർത്തികേയൻ അങ്ങോട്ട് കുതിച്ചു.
(തുടരും)