യുദ്ധകാലത്തെക്കുറിച്ച് തിത്തിമിക്ക് വിവരിച്ചു കൊടുക്കുന്ന മുത്തശ്ശി

അധ്യായം: പതിനാറ് തിത്തിമിയെ എടുത്തോണ്ട് നടക്കുന്ന പ്രായത്തിൽ അവൾ ആഹാരം കഴിക്കുന്നത് നാട്ടുകാര്‍ മൊത്തം അറിയുമായിരുന്നു എന്ന് അമ്മ അവളോട് പറയാറുണ്ട്. കുറുക്കു കഴിപ്പിക്കാൻ നേരം അവള്‍ തന്റെ തോളിലിരുന്ന് പിടലി ബലം പിടിച്ച് തിരിക്കുന്ന കാര്യം അമ്മ പറയും. പിന്നെ തിത്തിമി എന്തു പറഞ്ഞാലും പിടലി നേരെ
അധ്യായം: പതിനാറ് തിത്തിമിയെ എടുത്തോണ്ട് നടക്കുന്ന പ്രായത്തിൽ അവൾ ആഹാരം കഴിക്കുന്നത് നാട്ടുകാര്‍ മൊത്തം അറിയുമായിരുന്നു എന്ന് അമ്മ അവളോട് പറയാറുണ്ട്. കുറുക്കു കഴിപ്പിക്കാൻ നേരം അവള്‍ തന്റെ തോളിലിരുന്ന് പിടലി ബലം പിടിച്ച് തിരിക്കുന്ന കാര്യം അമ്മ പറയും. പിന്നെ തിത്തിമി എന്തു പറഞ്ഞാലും പിടലി നേരെ
അധ്യായം: പതിനാറ് തിത്തിമിയെ എടുത്തോണ്ട് നടക്കുന്ന പ്രായത്തിൽ അവൾ ആഹാരം കഴിക്കുന്നത് നാട്ടുകാര്‍ മൊത്തം അറിയുമായിരുന്നു എന്ന് അമ്മ അവളോട് പറയാറുണ്ട്. കുറുക്കു കഴിപ്പിക്കാൻ നേരം അവള്‍ തന്റെ തോളിലിരുന്ന് പിടലി ബലം പിടിച്ച് തിരിക്കുന്ന കാര്യം അമ്മ പറയും. പിന്നെ തിത്തിമി എന്തു പറഞ്ഞാലും പിടലി നേരെ
അധ്യായം: പതിനാറ്
തിത്തിമിയെ എടുത്തോണ്ട് നടക്കുന്ന പ്രായത്തിൽ അവൾ ആഹാരം കഴിക്കുന്നത് നാട്ടുകാര്‍ മൊത്തം അറിയുമായിരുന്നു എന്ന് അമ്മ അവളോട് പറയാറുണ്ട്. കുറുക്കു കഴിപ്പിക്കാൻ നേരം അവള്‍ തന്റെ തോളിലിരുന്ന് പിടലി ബലം പിടിച്ച് തിരിക്കുന്ന കാര്യം അമ്മ പറയും. പിന്നെ തിത്തിമി എന്തു പറഞ്ഞാലും പിടലി നേരെ പിടിക്കത്തില്ല. അമ്മയുടെയും മോളുടെയും ബഹളം കേട്ട് തിത്തിമിയുടെ സർക്കസ് കാണാൻ അടുത്ത വീട്ടിലെ റസിയ എന്നും വീടിന്റെ അതിരിൽ വന്നു നിൽക്കും. മോൾക്ക് കുറുക്ക് കൊടുക്കുന്നതിന്റെ ബഹളമാണോ എന്നു ചോദിക്കും. റസിയയും തിത്തിമിയുടെ ബലം പിടിത്തം കണ്ട് ചിരിക്കുമ്പം അമ്മ, ദാ നാട്ടുകാര്‍ മൊത്തം അറിഞ്ഞ് കുഞ്ഞിനെ കുറുക്ക് കഴിപ്പിക്കുന്ന കാര്യം, കഴിച്ചേ കഴിച്ചേ എന്നു പറയും. കൊച്ച് ഇങ്ങനെ ഞെളിഞ്ഞും പിരിഞ്ഞും കഴിച്ചാ ദേഹത്ത് പിടിക്കത്തില്ല എന്നു പറഞ്ഞ് മുത്തശ്ശി അവിടെയൊക്കെ മുറ്റം തൂത്തുകൊണ്ട് നടപ്പുണ്ടാവും.
ഇതെല്ലാം നോക്കിക്കൊണ്ട് മുറ്റത്തെ നെല്ലിമരക്കൊമ്പിൽ ഒരു കാക്ക വന്നിരിപ്പുണ്ടാവും. ഉടനെ തിത്തിമീടമ്മ, എന്താ കാക്കേ നോക്കുന്നേ. പാപ്പം ഞങ്ങടെ കുഞ്ഞിനുള്ളതാ. തര്ത്തില്ല എന്നു പറയും. കുഞ്ഞ് വേഗം കഴിച്ചേ, ഈ കാക്കേടെ നോട്ടം കണ്ടോ. കള്ളക്കാക്കയ്ക്ക് കൊടുക്കരുത് നമ്മൾ എന്നൊക്കെപ്പറഞ്ഞ് പല സൂത്രങ്ങളും പ്രയോഗിക്കുമ്പം തിത്തിമി ഇത്തിരി കുറുക്ക് കഴിച്ചെന്നിരിക്കും.
സ്കൂളിൽ പോവാൻ തുടങ്ങിയപ്പോഴും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ തിത്തിമിക്ക് വലിയ ബുദ്ധിമുട്ടാണ്. അമ്മ തിത്തിമിക്കു വേണ്ടി നല്ല പൂവു പോലത്തെ ഇഡ്ഡലിയുണ്ടാക്കി വയ്ക്കും. നല്ല മയമുള്ള ഇഡ്ഡലി. വായിലിട്ടാൽ തനിയെ അലിഞ്ഞുപോവുന്നത്. ഒരു ദിവസം യൂണിഫോമൊക്കെയിട്ട് തിത്തിമി പ്ലേറ്റെടുത്ത് വച്ചിട്ട് പറയുവാ, 'ഇതെന്തുവാ പെണ്ണിഡ്ഡലിയാണല്ലോ. എനിക്കു വേണ്ട. അമ്മയ്ക്കീ പെണ്ണിഡ്ഡലിയുണ്ടാക്കാനേ പറ്റുള്ളോ?' അമ്മ ചോദിച്ചു, നീയെന്തുവാ ഈ പറഞ്ഞേ. പെണ്ണിഡ്ഡലീന്നോ. ഉടനെ തിത്തിമി, 'ങാ, ഇത്രേം സോഫ്റ്റായ ഇഡ്ഡലി പെണ്ണിഡ്ഡലിയാ. പെൺപിള്ളേരെപ്പോലെ സോഫ്റ്റായ ഇഡ്ഡലി. എനിക്കിഷ്ടമല്ല അത്.'
മുത്തശ്ശി പറഞ്ഞു, 'സാധാരണ എല്ലാവരും പറയുന്നത് ഇഡ്ഡലിക്ക് നല്ല മയം വേണമെന്നാ. ഇപ്പം പെണ്ണെന്തുവാ പറയുന്നത് ഇഡ്ഡലി നല്ല കല്ലു പോലിരിക്കണമെന്നോ. പെണ്ണിഡ്ഡലി പോലും. ഓരോന്ന് പറഞ്ഞോണ്ട് വച്ചോണ്ടിരിക്കാതെ എളുപ്പമെളുപ്പമങ്ങോട്ട് കഴിക്കെടി പെണ്ണേ.'
തിത്തിമി ഇഡ്ഡലി മുന്നിൽ വച്ച് കാര്യമായി എന്തോ ആലോചിക്കുന്നു. അത് കണ്ടാലറിയാം ഇനി അടുത്തത് എന്തോ കുറ്റം പറയും ഇഡ്ഡലിക്ക് എന്നാണ് ആലോചിക്കുന്നത് എന്ന്. 'അപ്പോ ആണിഡ്ഡലി എന്നു വച്ചാൽ എന്തുവാ മോളേ?' അമ്മ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു. 'ഇത്തിരൂടെ കട്ടിയുള്ള ഇഡ്ഡലി അതാ എനിക്കിഷ്ടം.' തിത്തിമി ഓരോ ന്യായം പറഞ്ഞ് തടിതപ്പുകയാണ്.
തിത്തിമി പല ദിവസവും ഇങ്ങനെ ഭക്ഷണം കഴിക്കാത്തതു കണ്ട് മുത്തശ്ശി അവളോട് പറഞ്ഞു, 'ഭക്ഷണത്തിന്റെ വില മോൾക്കറിഞ്ഞൂട. ലോകത്ത് എത്രയോ കുട്ടികള് ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ വിശന്നു വലയുന്നുണ്ടെന്ന് മോൾക്കറിയാമോ? അതു കേട്ടപ്പോ തിത്തിമിക്ക് മുത്തശ്ശി പറയുന്നത് ശരിയാണെന്നു തോന്നി. യുദ്ധകാലത്തെ കാര്യങ്ങള് വല്ലതും മോൾക്കറിയാമോ? ഞങ്ങളൊക്കെ എന്തു പാടുപെട്ടിട്ടുണ്ടെന്നോ ആഹാരത്തിന്?' മുത്തശ്ശി പറയുന്നതു കേട്ട് തിത്തിമി ചോദിച്ചു. 'ഏതു യുദ്ധം? മുത്തശ്ശി യുദ്ധം കണ്ടിട്ടൊണ്ടോ?'
അക്കാലം ഓർത്തപ്പോൾ തന്നെ മുത്തശ്ശിയുടെ മുഖത്തെ സന്തോഷമൊക്കെപ്പോയി വല്ലാതായി. മുത്തശ്ശി പറഞ്ഞു. 'ഞാൻ യുദ്ധം കണ്ടിട്ടില്ല. പക്ഷേ രണ്ടാം ലോകമഹായുദ്ധം നടന്നപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്ന് ഒരു സാധനവും ഇങ്ങോട്ട് വരാതായി. അരിയൊന്നും കിട്ടാനേയില്ലായിരുന്നു. അന്നു ഞാൻ തീരെ കുട്ടിയാ. ആഹാരസാധനങ്ങൾക്ക് ഭയങ്കര ക്ഷാമമായിരുന്നു. അന്ന് റേഷൻകടയിൽ നിന്ന് ബജ്റ എന്ന ഒരു സാധനം കിട്ടുമായിരുന്നു. പുല്ലു പോലിരിക്കും കണ്ടാൽ. അതിട്ട് വെള്ളം തിളപ്പിച്ച് കുടിക്കും. സ്വന്തമായി ധാരാളം വസ്തുക്കൾ ഉള്ളവര് പച്ചച്ചക്കയിട്ട് വേവിച്ച് തിന്നുമായിരുന്നു. കൂടെചേർക്കാൻ മുളകും മഞ്ഞളും പോലും ഇല്ലായിരുന്നു.'
തിത്തിമി ചോദിച്ചു, 'അയ്യേ, മനം പുരട്ടത്തില്യോ പച്ചച്ചക്ക വേവിച്ച് ഒന്നുമിടാതെ തിന്നാല്.' മുത്തശ്ശി പറഞ്ഞു,'കൊള്ളാം, അതു തന്നെ കിട്ടുന്ന വീട്ടുകാര് ഭാഗ്യവാന്മാര്. എല്ലാ ദിവസവും ഇങ്ങനെ ചക്ക വേവിച്ച് തിന്നാൻ അതിനും മാത്രം ചക്ക എല്ലാ വീട്ടുകാർക്കുമുണ്ടോ. തന്നെയുമല്ല, അന്ന് ഓരോ വീട്ടിലും ഇന്നത്തെപ്പോലെ രണ്ടും മൂന്നും ആള് വല്ലതുമാണോ. പത്തും പന്ത്രണ്ടും പേരാ ഓരോ വീട്ടിലും. അപ്പോ മാസങ്ങളോളം പത്തു പന്ത്രണ്ടാളുള്ള വീട്ടിലെ ആളുകൾക്ക് വല്ലതും കഴിക്കണേൽ എന്തോ എടുത്തുതിന്നും. യുദ്ധകാലമായോണ്ട് ആർക്കും എങ്ങും ജോലിയില്ല. മൂന്നു നാലു ദിവസം കഴിയുമ്പം എല്ലാ വീടുകളിലെയും ചക്ക തീരും. പിന്നെ ചീനിക്കൃഷിയുള്ളത് അങ്ങ് ചാമ്പക്കട വിളയിലാ. അവിടെ കുറച്ചു വീട്ടുകാർക്ക് ധാരാളമായി ചീനിക്കൃഷി ഉണ്ടായിരുന്നു. അവരുടെ വീട്ടിൽ ചെന്നാൽ വല്ലപ്പോഴും ഇത്തിരി ചീനി കിട്ടും. അതു കിട്ടിയാലും പത്തു പന്ത്രണ്ടാളുള്ള വീടുകളില് ഭക്ഷണത്തിന് തമ്മിലടിയാ. അന്നു തന്നെ ഞങ്ങടമ്മ എന്റെ അനിയനെ ഗർഭം ധരിച്ചിരിക്കുവാരുന്ന്. അമ്മയ്ക്കു പോലും ആവശ്യത്തിന് ആഹാരമില്ലാരുന്ന്.'
തനിക്ക് സങ്കൽപിക്കാനാവാത്ത ഒരു കാലത്തെക്കുറിച്ചും അന്നത്തെ ഇല്ലായ്മകളെക്കുറിച്ചുമാണ് മുത്തശ്ശി സങ്കടപ്പെട്ടതെന്ന് തിത്തിമിക്ക് മനസ്സിലായി. ക്ഷാമകാലം – അതാണ് യുദ്ധകാലത്തെക്കുറിച്ച് മുത്തശ്ശി ഇടയ്ക്കിടെ ഉപയോഗിക്കാറുള്ള വാക്ക്. ഇന്ത്യയും ചൈനയുമായിട്ടായിരുന്നു യുദ്ധം എന്നാണ് മുത്തശ്ശിയുടെ ഓർമ. ലോകരാഷ്ട്രങ്ങളൊക്കെ അതിന് പല ചേരികളിലായിരുന്നു. മുത്തശ്ശി അക്കാലം ഓർത്തെടുത്തു.
'പിന്നെ വല്ല കപ്പയ്ക്കായോ ഒക്കെ തിളപ്പിച്ച് വെള്ളമൂറ്റിക്കളഞ്ഞ് ചവച്ചുതിന്നും. രുചിയൊന്നും നോക്കത്തില്ല. വെശപ്പ് മാറേണ്ടേ. പിന്നെ റേഷൻകടയിൽ നിന്ന് വല്ലപ്പോഴും ബാർലി കിട്ടുമാരുന്ന്. അതും വെള്ളം തിളപ്പിച്ച് കുടിക്കും. അങ്ങനെ ആ കാലം കഴിഞ്ഞുപോയി.' അതൊക്കെ ഓർത്തപ്പോഴേ തന്നെ മുത്തശ്ശിയുടെ മുഖത്തെ വിഷമം കാണേണ്ടതായിരുന്നു. മുത്തശ്ശിയുടെ നെറ്റിയിലെ ഞരമ്പുകൾ എഴുന്നു വന്നു. ഇതൊക്കെ കേട്ടപ്പോഴേ തനിക്ക് ഇത്രയ്ക്ക് വിഷമം തോന്നിയെങ്കിൽ അതൊക്കെ അനുഭവിച്ചവരുടെയുള്ളിൽ എന്തായിരിക്കും എന്നാണ് തിത്തിമി ചിന്തിച്ചത്.
'ചക്ക തന്നെ മടലോടെ വേവിച്ചാ തിന്നുന്നത്. ചക്ക മടലോടെയോ...' തിത്തിമിക്ക് വിശ്വസിക്കാനായില്ല. 'പിന്നേ ആകെക്കിട്ടുന്ന ചക്കേന്ന് അതെല്ലാം വെട്ടിക്കളഞ്ഞാപ്പിന്നെ ഏതാണ്ടോണ്ടോ.' തന്റെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ യുദ്ധകാലത്ത് സഹിച്ച ത്യാഗങ്ങൾ ഓർത്ത് തിത്തിമി അനങ്ങാതെ ഇരിപ്പായി. യുദ്ധം ആർക്കും നല്ലതല്ല എന്നു പറയുന്നത് അതുകൊണ്ടല്യോ. ലോകരാഷ്ട്രങ്ങൾ, യുദ്ധം, ക്ഷാമം എന്നാക്കെ ആദ്യമായി കേൾക്കുകയയിരുന്നു അവൾ. അമ്പരപ്പാണ് അവളുടെ മുഖത്ത് കണ്ടത്.
(തുടരും)