കൗതുകത്തിനു ശമനമില്ല, നൂറു ചോദ്യങ്ങളുമായി തിത്തിമിക്കുട്ടി; ഉത്തരം പറഞ്ഞ് മുത്തശ്ശിയും

അധ്യായം: പതിനേഴ് തിത്തിമി ഒരു ദിവസം മുറ്റത്തിറങ്ങി നിന്നപ്പോഴുണ്ട് കോഴിക്കൂട്ടിനു അടുത്തുള്ള വലിയ കറിവേപ്പ് മരത്തിലെ കറിവേപ്പിലയെല്ലാം രണ്ടുപേര് വലിയ തോട്ടിയുമായി നിന്ന് ഒടിച്ചെടുക്കുന്നു. തിത്തിമി ഓടിച്ചെന്ന് മുത്തശ്ശിയോട് വിവരം പറഞ്ഞു. ‘‘ഓ, അതാ മിച്ചറ് സോമന്റെ വീട്ടീന്ന് സോമൻ പറഞ്ഞുവിട്ടവരാ.
അധ്യായം: പതിനേഴ് തിത്തിമി ഒരു ദിവസം മുറ്റത്തിറങ്ങി നിന്നപ്പോഴുണ്ട് കോഴിക്കൂട്ടിനു അടുത്തുള്ള വലിയ കറിവേപ്പ് മരത്തിലെ കറിവേപ്പിലയെല്ലാം രണ്ടുപേര് വലിയ തോട്ടിയുമായി നിന്ന് ഒടിച്ചെടുക്കുന്നു. തിത്തിമി ഓടിച്ചെന്ന് മുത്തശ്ശിയോട് വിവരം പറഞ്ഞു. ‘‘ഓ, അതാ മിച്ചറ് സോമന്റെ വീട്ടീന്ന് സോമൻ പറഞ്ഞുവിട്ടവരാ.
അധ്യായം: പതിനേഴ് തിത്തിമി ഒരു ദിവസം മുറ്റത്തിറങ്ങി നിന്നപ്പോഴുണ്ട് കോഴിക്കൂട്ടിനു അടുത്തുള്ള വലിയ കറിവേപ്പ് മരത്തിലെ കറിവേപ്പിലയെല്ലാം രണ്ടുപേര് വലിയ തോട്ടിയുമായി നിന്ന് ഒടിച്ചെടുക്കുന്നു. തിത്തിമി ഓടിച്ചെന്ന് മുത്തശ്ശിയോട് വിവരം പറഞ്ഞു. ‘‘ഓ, അതാ മിച്ചറ് സോമന്റെ വീട്ടീന്ന് സോമൻ പറഞ്ഞുവിട്ടവരാ.
അധ്യായം: പതിനേഴ്
തിത്തിമി ഒരു ദിവസം മുറ്റത്തിറങ്ങി നിന്നപ്പോഴുണ്ട് കോഴിക്കൂട്ടിനു അടുത്തുള്ള വലിയ കറിവേപ്പ് മരത്തിലെ കറിവേപ്പിലയെല്ലാം രണ്ടുപേര് വലിയ തോട്ടിയുമായി നിന്ന് ഒടിച്ചെടുക്കുന്നു. തിത്തിമി ഓടിച്ചെന്ന് മുത്തശ്ശിയോട് വിവരം പറഞ്ഞു. ‘‘ഓ, അതാ മിച്ചറ് സോമന്റെ വീട്ടീന്ന് സോമൻ പറഞ്ഞുവിട്ടവരാ. കറിവേപ്പില ഒടിച്ചോണ്ട് പൊയ്ക്കോട്ടെ. അതിനിയും കിളിർത്തുവരുമല്ലോ.’’
തിത്തിമി ചോദിച്ചു: ‘‘മിച്ചറ് സോമനോ, അതാരാ?’’ ഇവിടെ അടുത്തുള്ള ഒരാളാ. അയാൾക്ക് നാട്ടിലുള്ള ബേക്കറികളിലൊക്കെ മിച്ചറ് ഉണ്ടാക്കിക്കൊടുക്കുന്ന കച്ചവടമുണ്ട്. മിച്ചറുണ്ടാക്കുമ്പോൾ അതിനകത്ത് ഇടാൻ കറിവേപ്പില വേണ്ടായോ. അതിനു കൊണ്ടുപോവുന്നതാ.’’
തിത്തിമിക്ക് മിച്ചറ് സോമന്റെ വീട്ടിൽ വരെ ഒന്നു പോവണം എന്നൊക്കെ ആശയുദിച്ചു. വേറൊന്നുമല്ല, മിച്ചർ ഉണ്ടാക്കുന്നത് എങ്ങനെയാണെന്നൊക്കെ ഒന്ന് അടുത്തിരുന്ന് കാണണമെന്ന് ആഗ്രഹം. മുത്തശ്ശി വീണ്ടും പറഞ്ഞു, ‘‘ഞാൻ തെക്കേവഴിക്ക് പോവുമ്പം അവന്റെ വീടിന് മുന്നിലൂടെയാ പോവുന്നെ. ആ റോഡിലൂടെ പോവുന്നവർക്കെല്ലാം മിച്ചറിന്റെ നല്ല മണമടിക്കും’’. മുത്തശ്ശി ഇടയ്ക്ക് സ്വന്തം വീട്ടിൽ പോവും, അതിനാണ് തെക്കേവഴിക്ക് പോവുന്നു എന്നു പറയുന്നത്. ഏതായാലും മിച്ചറിന്റെ മണം എന്നു കേട്ടതും തിത്തിമിക്ക് വായിൽ വെള്ളമൂറി.
മിച്ചറ് തിന്നാൻ കൊടുത്താല് മുത്തശ്ശി അതിനകത്തുള്ള കപ്പലണ്ടി മാറ്റി വച്ചിട്ട് ബാക്കിയുള്ളതേ കഴിക്കൂ. കപ്പലണ്ടി പെറുക്കിക്കൂട്ടി കയ്യിൽ വച്ചിട്ട് തിത്തിമിയെ വിളിച്ച് പറയും ‘‘ഇന്നാ മോള് കഴിച്ചോ. മുത്തശ്ശിക്ക് പല്ല് ആവത്തില്ല.’’ കഴിച്ചോ മുത്തശ്ശീ എന്ന് തിത്തിമി നിർബന്ധിച്ചാലും മുത്തശ്ശി മോണ കാട്ടിച്ചിരിച്ചിട്ട് പറയും, ‘‘പല്ലില്ലാത്ത ഞാൻ എങ്ങനെ കഴിക്കാനാ? ഇതുതന്നെ എത്ര നേരം വായിലിട്ടാലാ അലിഞ്ഞിറങ്ങുന്നത് എന്നറിയാമോ?’’
മുത്തശ്ശി വീടിന്റെ തളത്തിലെ തിണ്ണയിലിരുന്നാണ് ഇതൊക്കെ കൊറിക്കുന്നത്. തളത്തിലെ ഭിത്തിയിൽ മുത്തച്ഛൻ കുറേ ഫോട്ടോകൾ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. സുബാഷ്ചന്ദ്രബോസ്, ഭഗത്‌സിങ്, ലെനിൻ തുടങ്ങിയവരുടെ ഫോട്ടോകൾ ഒരു വശത്ത്. ഭഗവാൻ ശ്രീകൃഷ്ണൻ, മഹാലക്ഷ്മി തുടങ്ങിയ ദൈവങ്ങളുടെ ചിത്രങ്ങൾ വേറൊരു വശത്ത്. തിത്തിമി ഇടയ്ക്കിടയ്ക്ക് ആ ഫോട്ടോകളുടെ അടുത്തൊക്കെചെന്ന് ഒരു സൂക്ഷ്മപരിശോധന നടത്തും. സുബാഷ്ചന്ദ്രബോസ് തലയിൽ പ്രത്യേക തരത്തിലുള്ള കരിംപച്ചത്തൊപ്പിയും അടപ്പുള്ള വലിയ പോക്കറ്റുകൾ ഉള്ള ഷർട്ടും ഇട്ടിരിക്കുന്നു. പോക്കറ്റിൽ പേന. വലിയ പൊലീസുകാരുടേതു പോലെ പോക്കറ്റിനു മുകളിൽ ചില നക്ഷത്രചിഹ്നങ്ങൾ ഉണ്ട്.
തിത്തിമി ഇവരെക്കുറിച്ചൊക്കെ മുത്തച്ഛനോട് ചോദിക്കും. ഉടനെ മുത്തച്ഛൻ പറയും ‘‘അതോ, സുബാഷ്ചന്ദ്രബോസാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ഐഎൻഎ രൂപീകരിച്ചത്. ഐഎൻഎ എന്നു പറഞ്ഞാൽ ഇന്ത്യൻ നാഷനൽ ആർമി’’ പിന്നെ മുത്തച്ഛൻ സംസാരം വേറെ ഓരോരുത്തരെക്കുറിച്ചാക്കും. ‘‘ബോസിന്റെ കൂടെ ഒത്തിരി മലയാളികൾ ഐഎൻഎയിൽ ഉണ്ടായിരുന്നു. ക്യാപ്റ്റൻ ലക്ഷ്മി മലയാളിയാ. ആനക്കര വടക്കത്ത് എന്നാ അവരുടെ വീട്ടുപേര്.’’
ഇന്ദിരാഗാന്ധിയെക്കുറിച്ചു ചോദിച്ചാലും മുത്തച്ഛൻ തിത്തിമിക്ക് അറിയാത്ത കുറേ കാര്യങ്ങൾ പറയും. ‘‘ഫിറോസ് ഗാന്ധിയായിരുന്നു അവരുടെ ഭർത്താവ്.’’ വേറൊരു ദിവസം എന്തോ പറയുന്ന കൂട്ടത്തിൽ അപ്പൂപ്പൻ തിത്തിമിയോട് ജവാഹർലാൽ നെഹ്റുവിനെക്കുറിച്ച് പറഞ്ഞുകൊടുത്തു. ‘‘നെഹ്റുവിന് ഒരു സഹോദരിയുണ്ടായിരുന്നു. വിജയലക്ഷ്മി പണ്ഡിറ്റ് എന്നായിരുന്നു അവരുടെ പേര്.’’ മൊത്തത്തിൽ എന്തൊക്കെയോ വലിയ സംഭവവികാസങ്ങളിലൂടെയാണ് തന്റെ മനസ്സ് കടന്നുപോവുന്നതെന്ന് തിത്തിമിക്ക് തോന്നി. വിജയലക്ഷ്മി പണ്ഡിറ്റിനെയും ക്യാപ്റ്റൻ ലക്ഷ്മിയെയുമൊക്കെ താൻ കണ്ടിട്ടില്ലെങ്കിലും വലിയ ഗാംഭീര്യമുള്ള രൂപങ്ങളായി തന്റെ തലയുടെ ഇരുവശങ്ങളിലും ഇരിക്കുന്നതായി തിത്തിമിക്ക് തോന്നി.
ഇതിനിടെ അമ്മ വന്ന് തിത്തിമിയെ കുളിക്കാൻ വിളിച്ചോണ്ട് പോയി. വേറൊരു ദിവസം തിത്തിമി വന്ന് ആ ഫോട്ടോകളിലൂടെ കണ്ണോടിച്ചപ്പോഴാണ് ഒരു ഫോട്ടോയുടെ താഴെ വി.ഐ.ലെനിൻ എന്ന് എഴുതിയിരിക്കുന്നത് തിത്തിമി കണ്ടത്. ഉടനെ അതാരാണെന്ന് മുത്തശ്ശി പറഞ്ഞുകൊടുക്കണമെന്നായി തിത്തിമിക്ക്. മുത്തച്ഛൻ അന്നേരം പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. മുത്തശ്ശി പറഞ്ഞു, ‘‘എനിക്കെല്ലാമൊന്നും അറിഞ്ഞുകൂടാ. എന്നാലും അറിയാവുന്നിടത്തോളം പറയാം. ലെനിൻ റഷ്യയിലെ തൊഴിലാളികളുടെ നേതാവായിരുന്നു. നമ്മള്‍ മെയ്ദിനം എന്നു പറയില്ലേ. അന്ന് തിത്തിമിക്ക് സ്കൂളൊക്കെ അവധിയാ. ലോകമെമ്പാടുമുള്ള തൊഴിലാളികൾ ആരാധിക്കുന്ന ലെനിന്റെ ജന്മദിനമാണ് അന്ന്.’’ എല്ലാം കേട്ടിരിക്കുന്നതിനിടെ തിത്തിമീടെ സംശയം‘‘ അപ്പോ ലെനിന്റെ പടം എന്തിനാ ഇവിടെ വച്ചിരിക്കുന്നത് മുത്തശ്ശീ?’’ അമ്മൂമ്മ പറഞ്ഞു, ‘‘നിങ്ങടെ മുത്തച്ഛൻ മണ്ണുകമ്പനിത്തൊളിലാളിയായിരുന്നു. അപ്പോ ലെനിന്റെ ഫോട്ടോ വേണമെന്നു പറഞ്ഞ് വാങ്ങിക്കൊണ്ടുവന്നത് ഫ്രെയിം ചെയ്ത് ഭിത്തിയിൽ തൂക്കിയതാ.’’ മുത്തശ്ശി പറഞ്ഞു.
പിന്നെ, ആ കാണുന്ന ശ്രീകൃഷ്ണന്റെയും മഹാലക്ഷ്മിയുടെയും പടങ്ങളൊക്കെ എനിക്ക് നാമം ജപിക്കണമെന്നു പറഞ്ഞപ്പം നിങ്ങടെ മുത്തച്ഛൻ വാങ്ങിത്തന്നതാ.’’ തിത്തിമി ഇടയ്ക്കു കയറി ചോദിച്ചു, ‘‘അപ്പോ മുത്തച്ഛന് മുത്തശ്ശിയോട് സ്നേഹമുണ്ടാരുന്ന്.’’ തിത്തിമി കള്ളച്ചിരിയോടെ അർഥം വച്ച് മുത്തശ്ശിയെ നോക്കി. ‘‘പോ പെണ്ണേ. അതിനിടയ്ക്ക് കുരുത്തംകെട്ട ചോദ്യവും കൊണ്ട് വന്നിരിക്കുന്നു.’’ മുത്തശ്ശിക്ക് ശുണ്ഠി കയറി.
എന്നാലും തിത്തിമിക്ക് മനസ്സിലാവാത്ത വേറൊരു കാര്യമുണ്ട്. സുബാഷ്ചന്ദ്രബോസിന്റെയും ലെനിന്റെയുമൊക്കെ വലിയ ചിത്രങ്ങൾ ഒരു വശത്ത്, മഹാലക്ഷ്മിയുടെയും ഭഗവാൻ ശ്രീകൃഷ്ണന്റെയും ചിത്രങ്ങൾ മറുവശത്ത്. അത് മുത്തശ്ശിയുടെ സെക്ഷൻ. അതിന്റെ അപ്പുറത്തോട്ട് മാറി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കല്യാണ ഫോട്ടോകൾ വച്ചിരിക്കുന്നത് എന്തിനാ? മുത്തച്ഛനും മുത്തശ്ശിയും കല്യാണമണ്ഡപത്തിൽ ഇരിക്കുന്നു. മുത്തച്ഛൻ മുത്തശ്ശിയെ മാലയിടുന്നു. അതൊക്കെ. ‘‘ലെനിന്റെയും ബോസിന്റെയും അടുത്ത് ഞങ്ങടെ പടമോ’’ മുത്തശ്ശി പകുതി തമാശയായി പറഞ്ഞു, ‘‘അതും ഒരു ചരിത്രസംഭവമായിരുന്നു."
മുത്തശ്ശി പറഞ്ഞു, ‘‘മോളേ, അതൊന്നുമല്ല കാര്യം. പണ്ട് ഇന്നത്തെപ്പോലെ കല്യാണ ആൽബം ഒന്നുമില്ല. മൂന്നോ നാലോ ഫോട്ടോയെടുക്കുന്നതു തന്നെ വലിയ കാര്യം. പിന്നെ അതിവിടെ വയ്ക്കാൻ വേറെ എങ്ങാണ്ട് പ്രത്യേകമായി വല്ല സ്ഥലവും ഉണ്ടോ? അതുകൊണ്ട് ഉള്ള സ്ഥലത്ത് എല്ലാംകൂടിയങ്ങ് വച്ചു.
തിത്തിമി എന്നാലും എന്തോ ഉദ്ദേശിച്ചെന്ന പോലെ ആരോടെന്നില്ലാതെ പറഞ്ഞു,‘‘ എന്നാലും ആ കേശവപിള്ള ആളൊരു സംഭവമായിരുന്നു.’’ മുത്തശ്ശി എടുത്തു ചോദിച്ചു, ‘‘എന്തുവാ പറഞ്ഞേ?’’ ഉടനെ തിത്തിമി, ‘‘അല്ല, ആ കേശവപിള്ള ആളൊരു സംഭവമായിരുന്നു. ഇങ്ങനൊരു ചരിത്രസംഭവം നടത്തിയ ആളല്ലേ എന്നു പറയുകയായിരുന്നു’’. മുത്തശ്ശിക്ക് ദേഷ്യം വന്നു. ‘‘പെണ്ണിപ്പം അടി മേടിച്ചെങ്കിലോ." സംഭവം എന്താണെന്നു വച്ചാൽ മുത്തശ്ശിയോട് ലോഹ്യം കൂടി പലതും ചോദിച്ചറിയുന്ന കൂട്ടത്തിൽ എപ്പോഴോ മുത്തശ്ശിയോട് അറിയാതെ പറഞ്ഞുപോയി, കേശവപിള്ള എന്നൊരു ബ്രോക്കറാണ് മുത്തച്ഛന്റേം മുത്തശ്ശീടേം കല്യാണം നടത്തിയതെന്ന്. തിത്തിമി അത് ഓർത്തുവച്ച് ഇപ്പോ സമയം വന്നപ്പോൾ മുത്തശ്ശിയെ കളിയാക്കാനായി തിരിച്ച് പ്രയോഗിക്കുകയാണ്.
(തുടരും)